മോഡിപ്പേടിയും പൊതുതിരഞ്ഞെടുപ്പും

Sun, 22-09-2013 04:15:00 PM ;

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഓജസ് എന്നത് ഓരോ തവണയും അത് പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നതാണ്. ആ പരീക്ഷണങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കുന്നത് അതിന്റെ  ശക്തി തന്നെയാണ്. ആ ശക്തിയുടെ ബലത്തിലാണ് ജനാധിപത്യത്തിന് ചേരാത്തവിധമുള്ള അനഭിലഷണീയമായ അനേകം കാര്യങ്ങള്‍ അരങ്ങേറുന്നതും. വരുന്ന പൊതുതെരഞ്ഞെടുപ്പും ഒട്ടേറെ പുതിയ പരീക്ഷണങ്ങള്‍ കാഴ്ചവയ്ക്കുമെന്നതില്‍ സംശയമില്ല. നരേന്ദ്രമോഡി ബി.ജെ.പിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടു. അതിനുമുന്‍പ് തന്നെ മോഡി തെരഞ്ഞെടുപ്പു പ്രചരണവും ആരംഭിച്ചുകഴിഞ്ഞിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും രാജ്യം തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിലേക്ക് അമര്‍ന്നുകഴിഞ്ഞു. മോഡി ഉദ്ദേശിച്ചതുപോലെ മോഡി തന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ കേന്ദ്രബിന്ദുവായി മാറി.

 

ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ശക്തി തെളിയിക്കുന്നതുപോലെ ദൗര്‍ബല്യവും പ്രകടമാക്കുന്നുണ്ട്. മോഡിയെ തെരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റിയിട്ടുള്ളത്‌ ബി.ജെ.പിയല്ല. ഇന്ത്യയിലെ മാധ്യമ അന്തരീക്ഷമാണ് അത്തരമൊരു സ്ഥിതിക്ക് കാരണം. അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍പോലും ബി.ജെ.പി വിജയിക്കുമെന്നും മോഡി പ്രധാനമന്ത്രിയാകുമെന്നും  കരുതുന്നു. മോഡി ഏതാണ്ട് തിരഞ്ഞെടുക്കപ്പെട്ടതുപോലെയാണ് ചിലര്‍ മോഡിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. സാഹിത്യകാരന്‍ യു.ആര്‍.അനന്തമൂര്‍ത്തിയുടേതാണ് ഏറ്റവും കടുത്ത പ്രതികരണം. മോഡി പ്രധാനമന്ത്രിയാവുന്ന ഇന്ത്യയില്‍ താന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മോഡി ജനങ്ങളില്‍ ഭയം സൃഷ്ടിക്കുന്നുവെന്നാണ് അനന്തമൂര്‍ത്തി  അഭിപ്രായപ്പെട്ടത്.

 

സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ആദ്യമാണ് ഇത്രയധികം വ്യക്തികളുമായി സംവദിച്ചുകൊണ്ടും ബന്ധപ്പെട്ടുകൊണ്ടും രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനിറങ്ങുന്നത്. അത് കാലത്തിന്റെ മാറ്റം. ഇത്രയധികം സംവേദനസാധ്യതകളുടെ പശ്ചാത്തലത്തില്‍ വസ്തുതകളും വിലയിരുത്തലുകളും ജനങ്ങളുമായി പരസ്യമായും സ്വകാര്യമായും പങ്കുവയ്ക്കാന്‍ അവസരം ഉണ്ടെന്നിരിക്കെ മോഡിയെ ഓര്‍ത്ത് ഇപ്പോഴേ പനിപിടിക്കേണ്ട കാര്യം ഇല്ല. മോഡി ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട നേതാവും മുഖ്യമന്ത്രിയുമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുകയാണെങ്കില്‍ ആ മാര്‍ഗത്തിലൂടെ വരുന്നവരെ അംഗീകരിക്കുക എന്നതാണ് അഭിലഷണീയം. കാരണം ജനഹിതമാണ് ജനാധിപത്യത്തില്‍ പ്രധാനം.

 

ജനങ്ങളിലുള്ള അവിശ്വാസമാണ് മോഡിഭയമായി പലനേതാക്കളും ഇപ്പോള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. മോഡിയുടെ ശക്തിയും അതാണ്. മോഡിയെ അനുകൂലിക്കുന്നവര്‍ തന്റെ പാര്‍ട്ടിയില്‍ പോലും കുറവാണ്. മോഡിയുടെ രക്ഷകനും രക്ഷകര്‍ത്താവുമായിരുന്ന എല്‍.കെ.അദ്വാനി പോലും പരസ്യമായി അദ്ദേഹത്തിന്റെ എതിര്‍പ്പ് രേഖപ്പെടുത്തി. ഗുജറാത്ത് കലാപത്തിനുശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പ്രബലവിഭാഗമുള്‍പ്പടെ ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റുപ്രസ്ഥാനങ്ങളും അദ്ദേഹത്തെ എതിര്‍ക്കുകയുണ്ടായി. മോഡി ഒറ്റയ്ക്കായി. ഒറ്റയ്ക്ക് നിന്ന് അദ്ദേഹം തന്റെ തട്ടകത്തില്‍ പിടിച്ചുനിന്നു. മൂന്നാം തവണയും അധികാരത്തിലേറിക്കൊണ്ട്. ആ ധൈര്യമാണ് മോഡിയെ ദില്ലിയിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ചതും തിരഞ്ഞെടുപ്പു ഗോദയിലേക്കെത്തിച്ചതും. ലോകം മുഴുവന്‍ തന്നെ എതിര്‍ക്കുമ്പോഴാണ് തന്റെ ശക്തി പുറത്തുവരുന്നതെന്ന തിരിച്ചറിവാണ് ഈ കാലയളവില്‍ മോഡി വ്യക്തിയെന്ന നിലയില്‍ മനസ്സിലാക്കിയിട്ടുണ്ടാവുക. എതിര്‍ക്കുന്തോറും താന്‍ വളരുമെന്ന പ്രതിഭാസം. ആ നിലയിലേക്ക് തിരഞ്ഞെടുപ്പുരംഗത്തെ കൊണ്ടെത്തിക്കുക എന്നതുതന്നയാണ് മോഡിയും ഉദ്ദേശിച്ചത്. അതിലൂടെ അധികാരത്തിലേക്കെത്താമെന്ന് ബി.ജെ.പിയും. ഒരു പാര്‍ട്ടി ഒരു വ്യക്തിയിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്നു. ആ മോഡിപ്രഭാവത്തെ വര്‍ധിപ്പിക്കാനേ മോഡിയെ ഓര്‍ത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് പേടി പ്രകടിപ്പിക്കുന്നതിലൂടെയും പ്രചരിപ്പിക്കുന്നതിലൂടെയും സാധ്യമാവുകയുള്ളു.

 

ജനാധിപത്യം പങ്കാളിത്ത ജനാധിപത്യമാകുമ്പോള്‍ മാത്രമാണ് അതിന്റെ സര്‍ഗാത്മകത അനാവരണം ചെയ്യപ്പെടുകയുള്ളു. പങ്കാളിത്തവശം ഇന്ത്യന്‍ ജനാധിപത്യത്തില്‍ നേര്‍ത്ത് നേര്‍ത്തുവരുന്നതാണ് ഓരോ തെരഞ്ഞെടുപ്പെത്തുമ്പോഴും തെളിഞ്ഞുവരുന്ന വലിയ ദൗര്‍ബല്യം. ഈ ദൗര്‍ബല്യമാണ് ചിലപ്പോള്‍ ആക്ടിവിസ്റ്റുകള്‍ ഉദാത്തമെന്നു തോന്നിക്കുന്ന ആശയങ്ങളുയര്‍ത്തിക്കാട്ടി ജനവികാരത്തെ കൊള്ളയടിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ  ആ ദൗര്‍ബല്യത്തിന്റെ  മൂര്‍ത്തമായ രോഗലക്ഷണമാണ് അണ്ണാഹസ്സാരെയും കൂട്ടരും തുറന്നുവിട്ടത്. ഇന്ത്യയിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പരാജയമാണ് ആക്ടിവിസ്റ്റുകളുടെ വിജയം. അവര്‍ മാധ്യമ അന്തരീക്ഷത്തെ ബുദ്ധിപരമായി ഉപയോഗിക്കുന്നു. മാധ്യമങ്ങളും ചില മാധ്യമപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തനത്തെ  മാധ്യമസംസ്‌കാരത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ആക്ടിവിസ്റ്റ് സംസ്‌കാരമാക്കി മാറ്റി. ആ ആക്ടിവിസ്റ്റ് സംസ്‌കാരത്തിന്റെ പിന്നാലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും പോകാന്‍ നിര്‍ബന്ധിതമായ അവസ്ഥ സംജാതമായിരിക്കുന്നു. ആക്ടിവിസം പലപ്പോഴും പല അജണ്ടകളിലൂടെ പ്രവര്‍ത്തിക്കുകയും നിലനില്‍ക്കുന്നതുമാണെന്നുള്ളത് നാം മറന്നുപോകുകയും ചെയ്യുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയില്‍ നിന്ന് രാഷ്ട്രീയം ഓരോ തിരഞ്ഞെടുപ്പു കഴിയുന്തോറും അകന്ന് പോകുന്നു. പകരം ആക്ടിവിസ്റ്റ് അജണ്ടകള്‍ കീഴടക്കുന്നു. അതിനെ ബുദ്ധിപരമായി ഉപയോഗിക്കാന്‍ പറ്റുന്നവര്‍ നേടുന്നു. അതാണ് ശക്തിയോടൊപ്പം പ്രകടമാകുന്ന ദൗര്‍ബല്യം. സാധ്യമായ സംവേദനസാധ്യതകളുപയോഗിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ മോഡിയുടെ തന്ത്രത്തെ ക്രിയാത്മകമായി നേരിടുകയാണ് മോഡി പ്രധാനമന്ത്രിയാവുന്നതുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ ചെയ്യേണ്ടത്. അല്ലെങ്കില്‍ അവര്‍ നിശബ്ദത പാലിക്കുക. അല്ലാതെയുള്ള ജല്‍പ്പനങ്ങള്‍ മോഡിയെ സഹായിക്കും. അതോടൊപ്പം ജനാധിപത്യപ്രക്രിയയെ അംഗീകരിക്കാത്തതിനു തുല്യവുമാകും. അത് ആത്യന്തികമായി ജനാധിപത്യത്തിന് ഗുണകരമാവില്ല. ജനാധിപത്യത്തിന്റെ നിലനില്‍പ്പും വിജയവും ജനങ്ങള്‍ ആരെ തിരഞ്ഞെടുക്കുന്നുവോ അവര്‍ ഭരിക്കുക എന്നുള്ളതാണ്.

Tags: