സോളാര്‍ ചര്‍ച്ചയ്ക്ക് വിരാമമിടാം; സര്‍ക്കാര്‍ ഭരിക്കട്ടെ

Sat, 12-10-2013 03:00:00 PM ;

സോളാര്‍ കേസ് തുടങ്ങിയിട്ട് നാല് മാസമായി. നാല് മാസത്തിനുള്ളില്‍ രണ്ടുമാസം പൂര്‍ണ്ണമായും ഈ വിഷയം കത്തിനിന്നു. കേരളം കണ്ട ഏറ്റവും വലിയ ഉപരോധമാണ് മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി പ്രതിപക്ഷം സംഘടിപ്പിച്ചത്. അതിനെ നേരിടാന്‍ കേന്ദ്രസേനയെ ഇറക്കി സര്‍ക്കാരും ചരിത്രം സൃഷ്ടിച്ചു. അനിശ്ചിതകാല ഉപരോധസമരം 30 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പിന്‍വലിച്ചു. സമരം കഴിഞ്ഞതോടെ അതുവരെ ദുര്‍ബലനായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അതിശക്തിമാനായി പരിണമിച്ചു. അദ്ദേഹവും സഹപ്രവര്‍ത്തകരും വീണ്ടും സജീവമായി. അങ്ങിനെ ഇപ്പോള്‍ വീണ്ടും രണ്ടുമാസം കഴിഞ്ഞു. സോളാര്‍ കേസ്സുമായി ബന്ധപ്പെട്ട ആരോപണങ്ങളൊന്നും സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കില്ല എന്നുറപ്പായി. എന്നാല്‍ മാധ്യമങ്ങളില്‍  ഉപ്പോഴും ഈ വിഷയം ഒമ്പതുമണിചര്‍ച്ചയ്ക്കുള്ള ഇനംപോലെ തുടരുന്നു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് ഇടയ്ക്കിടയ്ക്ക് ഒരോ വിഷയങ്ങള് ഉയര്‍ത്തി മാധ്യമശ്രദ്ധ ആകര്‍ഷിച്ച് വിവാദങ്ങള്‍ കൊഴുപ്പിച്ചുകൊണ്ടിരിക്കുന്നു.

 

സോളാര്‍ കേസ് കത്തിനിന്ന സമയത്ത് ദിനംപ്രതിയെന്നോണം കേരള ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാറിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ വന്നുകൊണ്ടിരുന്നു. ഒക്‌ടോബര്‍ 11-ന് ഹൈക്കോടതി തന്നെ പറയുന്നു, മുഖ്യമന്ത്രിക്കെതിരെ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല എന്നൊക്കെ. വ്യക്തികളും സര്‍ക്കാരും ഇതില്‍പ്പരം  മാധ്യമങ്ങളിലൂടെ ആക്ഷേപിതമാകാന്‍ സാധ്യമല്ല. നാല് ശക്തികള്‍ ഇവിടെ പരീക്ഷിക്കപ്പെട്ടു. ഒന്ന് മൂല്യങ്ങളുടെ ശക്തി. രണ്ട് സത്യാവസ്ഥയുടെ ശക്തി. മൂന്ന് അധികാരത്തിന്റെ ശക്തി. നാല് മാധ്യമങ്ങളുടെ ശക്തി. ഈ നാല് ശക്തികളിലും കാര്യമായ മാറ്റങ്ങള്‍ സോളാര്‍കേസ്സനന്തരകാലം ഉണ്ടാക്കിയിട്ടുണ്ട്. അത് നാലും ക്രമേണ സാമൂഹ്യജീവിതത്തിന്റെ സമസ്തതലങ്ങളേയും വ്യക്തിമനസ്സിനേയും ബാധിക്കുന്നതാണ്. ഈ നാല് ശക്തികളില്‍ ഏതു ശക്തിയാണ് വിജയിച്ചതെന്ന് നോക്കിയാല്‍ ഒറ്റനോട്ടത്തില്‍ കിട്ടുന്ന ഉത്തരം അധികാരത്തിന്റെ ശക്തിയാണ്. പ്രകടമായി പരാജയപ്പെട്ടതായി കാണുന്നത് മാധ്യമശക്തിയാണ്. അതിന്നര്‍ഥം ഇക്കാലയളവിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വാധീനം കുറവായിരുന്നുവെന്നല്ല. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും മൂല്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുള്ളതാണ് സാംസ്‌കാരികമായി സോളാര്‍ക്കേസ്സും അതിന്റെ മാധ്യമകൈകാര്യം ചെയ്യലിലും കൂടി തെളിഞ്ഞിരിക്കുന്നത്. ഈ വിഷയത്തിന്റെ ആമുഖമെന്നോണം  കെ.ബി.ഗണേഷ്‌ കുമാര്‍ - യാമിനി വിഷയവും തുടര്‍ന്നുണ്ടായ അദ്ദേഹത്തിന്റെ രാജിയും കൂട്ടിവായിക്കേണ്ടതുമാണ്.

 

മാധ്യമങ്ങളുടെ ധനശക്തിയെ സോളാര്‍ കേസ്സും ഗണേഷ്‌കുമാര്‍-യാമിനി പ്രശ്നവുമൊക്കെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ഗണേഷ്‌കുമാര്‍ മന്ത്രിയായേക്കാവുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. കഴിഞ്ഞ നാല് മാസമായി സംസ്ഥാനത്തെ ഭരണം സോളാര്‍ വിഷയത്തില്‍ തട്ടി സ്തംഭനാവസ്ഥയിലാണ്. 34 ശതമാനം നികുതി വരുമാനം പ്രതീക്ഷിച്ചിരുന്നിടത്ത് അത് 12 ശതമാനമായി കുറഞ്ഞു.മ ദ്യവില്‍പ്പനയില്‍ സര്‍ക്കാര്‍ കണക്കുപ്രകാരം 9 ശതമാനം കുറവുവരുന്ന വിധത്തില്‍ കേരളത്തില്‍ ഈ കാലയളവില്‍ വന്‍തോതില്‍ വ്യാജമദ്യം വിറ്റഴിക്കപ്പെട്ടു. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നു.

 

ഇനി എന്തു വലിയ ആരോപണമുണ്ടായാലും പ്രക്ഷോഭമുണ്ടായാലും ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയില്ലെന്ന് ബോധ്യമായി. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ്. ഇപ്പോള്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം  അടിസ്ഥാനരഹിതമെന്ന് കോടതികൂടെ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഇതുവരെ പറഞ്ഞതോ കാണിച്ചതിലോ കൂടുതലായൊന്നും ഇനി മാധ്യമങ്ങള്‍ക്കും ചെയ്യാനില്ല. ആ സാഹചര്യത്തില്‍ സോളാര്‍ കേസ് സംബന്ധമായ ചൂടുപിടിച്ച ചര്‍ച്ചകളും വെളിപ്പെടുത്തലുകളും ഇനി പ്രത്യേകിച്ചു ഗുണം ചെയ്യില്ല. മറിച്ച് സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ക്ക് അങ്ങേയറ്റം ദോഷകരമായി മാറുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. അതാണ് കഴിഞ്ഞ നാലുമാസത്തെ അനുഭവം വ്യക്തമാക്കുന്നത്. ഈ ഭരണസ്തംഭനസമാനമായ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് വ്യാജമദ്യക്കടത്തുകാരും നികുതിവെട്ടിപ്പുകാരുമാണ്. ഇത്തരത്തില്‍ മാധ്യമങ്ങളിലൂടെ അണയാതെ നില്‍ക്കുന്ന സോളാര്‍ വിവാദം അവര്‍ക്ക് ചാകരയാണ്. വിവാദങ്ങള്‍ അണഞ്ഞ് സ്ഥിതിഗതികള്‍ സാധാരണനിലയിലാകാതെയിരിക്കുക എന്നത് ഇവരുടെ താല്‍പ്പര്യത്തിന് അനിവാര്യമായ സാഹചര്യമാണ്. ഇത് കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. ആ സാഹചര്യത്തില്‍ സോളാര്‍ കേസ് അനുബന്ധവാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ വിരാമമിടുന്നത് ഗൃഹാന്തരീക്ഷവും സാമൂഹ്യാന്തരീക്ഷവും മലീമസമാകാതിരിക്കാന്‍ ഉതകും എന്നതിനപ്പുറം സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലകപ്പെടാതിരിക്കാനും ആവശ്യമാണ്. ഒന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. ഈ കേസ് സംബന്ധിച്ചിനി  വാര്‍ത്താപ്രധാന്യമുള്ള വസ്തുതകള്‍ ഒന്നുമില്ലതാനും. ആ നിലയ്ക്ക് അധികാരത്തിലുള്ള സര്‍ക്കാര്‍ ഭരണത്തിലേര്‍പ്പെടട്ടെ.

Tags: