പ്രതിപക്ഷ പ്രക്ഷോഭം: മുഖ്യമന്ത്രി ശക്തിയാർജിക്കുന്നു; ജനം വലയുന്നു

Wed, 13-11-2013 12:00:00 PM ;

ldf dharna

 

കേരളത്തിൽ പ്രതിപക്ഷം ഉത്തരവാദിത്വവും ഔചിത്യവും കാണിക്കേണ്ട സമയമാണിത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സമരവുമായിറങ്ങാനുള്ള ധാർമ്മികമായ എല്ലാ അവസരങ്ങളും പ്രതിപക്ഷത്തിനുണ്ടായിരുന്നു. എന്നാല്‍, സോളാർ കേസ്സ് എന്താണെന്ന് തന്നെ സാധാരണ ജനം മറന്ന അവസ്ഥയാണിന്ന്. ആ കേസ്സ് പുറത്തുവന്നപ്പോൾ വന്ന വാർത്തകളും മറ്റും ഏതൊരു സംവിധാനത്തിനും ഭൂഷണമാകുന്നതായിരുന്നില്ല. കേരളത്തിൽ ഇതുവരെയുണ്ടായിരുന്ന കീഴ്വഴക്കമനുസരിച്ച് ഉമ്മൻചാണ്ടി രാജിവയ്‌ക്കേണ്ടതായിരുന്നു. അതുപോല അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ചില അംഗങ്ങളും. ഗണേഷ്‌കുമാർ പോലും രാജിവച്ചത് ഔചിത്യങ്ങളുടെയും കീഴ്വഴക്കങ്ങളുടേയും പേരിലാണ്. അദ്ദേഹത്തിന്റെ രാജിക്ക് ശേഷം ഈ മന്ത്രിസഭയും മന്ത്രിമാരും അകപ്പെട്ടത് ഗണേഷ്‌കുമാർ രാജിവെയ്ക്കാനിടയായ സാഹചര്യത്തേക്കാൾ ഗുരുതരമായ അവസ്ഥയിലാണ്. ജനങ്ങളും പൊതുവേ  പ്രതിഛായ നഷ്ടപ്പെട്ട സർക്കാർ രാജിവയ്ക്കുന്നതാണ് നല്ലെതെന്ന് മാനസികാവസ്ഥയിലായിരുന്നു. അപ്പോഴാണ് അറബ് വസന്തത്തിന്റെ മാതൃകയിൽ കേരളം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സമരം പ്രഖ്യാപിച്ചത്. ഒരുലക്ഷം പേരേക്കൊണ്ട് സെക്രട്ടേറിയറ്റ് വളയുക. അത് പരാജയപ്പെട്ടു. അതുവരെ ദുർബലനായിരുന്ന ഉമ്മൻചാണ്ടി പ്രതിപക്ഷസമര പരാജയത്തിൽ നിന്ന് ഊർജ്ജം കൊണ്ട് ശക്തി തിരിച്ചു പിടിച്ചു. അദ്ദേഹം രാജിവയ്ക്കുന്ന പ്രശ്‌നമില്ല എന്ന നിലപാടിലാണ് ഉറച്ചു നിൽക്കുന്നത്.  ഇതുവരെയുള്ള അനുഭവത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെക്കൊണ്ട് പ്രതിപക്ഷത്തിന് രാജിവയ്പ്പിക്കുക സാധ്യമല്ല.

 

കഴിഞ്ഞ അഞ്ചുമാസമായി കേരളത്തിലെ ഭരണം ഭാഗികമായി സ്തംഭിച്ച രീതിയിലാണ്. ഇപ്പോൾ അവസ്ഥ കുറച്ചുമാറിയിട്ടുണ്ടെങ്കിലും. നികുതി വരുമാനം കുറഞ്ഞതും പെൻഷനും ശമ്പളവും പോലും കൊടുക്കാൻ ബുദ്ധിമുട്ടുണ്ടായ സാഹചര്യവുമൊക്കെ ഈ ഭാഗിക ഭരണസ്തംഭനംകൊണ്ടുണ്ടായതാണ്. ഇനി, പ്രതിപക്ഷം ഡിസമ്പർ 9 മുതൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വളഞ്ഞുകൊണ്ടുള്ള പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായുള്ള ജാഥകൾ സമാപിക്കുന്നു. ജാഥയുടെ പ്രാഥമികദൗത്യം എന്നത് ബഹുജനസമ്പർക്കവും അവരിലേക്ക് സന്ദേശം കൈമാറി ജനങ്ങളടെ കൂടെ അണിനിരത്തുക എന്നതാണ്. എന്നാൽ പ്രതിപക്ഷം തുടങ്ങിവച്ചിട്ടുള്ള ജാഥ ഒരുവിധ ചലനങ്ങളും സൃഷ്ടിച്ചിട്ടില്ല. അതിൽ നിന്നുതന്നെ വായിച്ചെടുക്കാവുന്നതാണ് തുടർന്നുള്ള പ്രക്ഷോഭത്തിന്റെ ഗതിയും. ഇത്തരം ലളിതമായ കാര്യങ്ങൾ മനസ്സിലാക്കി  പ്രവർത്തിക്കാൻ പോലും പക്വതകാണിക്കാത്ത അവസ്ഥയിലേക്ക് പ്രതിപക്ഷം പതിച്ചിരിക്കുന്നു.

 

ആറ് മാസത്തോളം ഒരു സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുക എന്നത് എല്ലാ അർഥത്തിലും ജനങ്ങളോടുള്ള വെല്ലുവിളിയായാണ് പരിണമിക്കുന്നത്. കാരണം പേരിനുവേണ്ടിയുള്ള പ്രക്ഷോഭമാണെങ്കിലും സർക്കാരിന് അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. സുരക്ഷാക്രമീകരണങ്ങൾ ചെയ്‌തേ മതിയാവു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി എറണാകുളത്ത് ജനസമ്പർക്ക പരിപാടിക്കുവന്നപ്പോൾ കാക്കനാട് നിവാസികളും അവിടെയെത്തി ജോലി ചെയ്യുന്നവരും അനുഭവിച്ച ദുരിതം പറഞ്ഞറിയിക്കാവുന്നതല്ല. പ്രക്ഷോഭത്തെ കണക്കിലെടുത്ത് തലേന്നു രാത്രി മുതൽ പോലീസ് കളക്ടറേറ്റിന് ഒരു കിലോമീറ്റർ ദൂരത്തുവച്ചു തന്നെ എല്ലാ റോഡുകളും അടച്ചു. കാക്കനാട് ഭാഗത്തെ പ്രത്യേകത പ്രധാനറോഡുകൾ കഴിഞ്ഞാൽ ഇടവഴികളാണ് മറ്റുള്ളവയൊക്കെ. കഷ്ടിച്ച് ഒരു നാലുചക്രവാഹനത്തിന് പോകാൻ പാകത്തിലുള്ളത്. അന്ന് അവിടേക്കും അവിടെനിന്ന് പോകുന്നതുമായ വാഹനങ്ങളെല്ലാം ഇടറോഡിലേക്ക് പ്രവേശിച്ച് ഏകദേശം അഞ്ചുമണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.  ഒട്ടേറെ സ്‌കൂളുകളിൽ അന്ന് അധ്യയനം നടക്കാതെ വന്നു. അതുപോലെ  ഇൻഫോപാർക്കുൾപ്പടെയുളള സ്ഥലങ്ങളിലെ ജീവനക്കാർക്ക് ജോലിക്ക് ഹാജരാകാൻ കഴിയാതെ വന്നു. ഈ അസൗകര്യമല്ലാതെ ഇടതുപക്ഷത്തിന്റെ സമരം ആരുടേയും ശ്രദ്ധയിൽ പെട്ടതുമില്ല മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ തവണത്തേക്കാൾ ഗംഭീരമായി നടക്കുകയും ചെയ്തു. ഇന്നിപ്പോൾ ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രക്ഷോഭം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിലൂടെയാണ് അനുഭവപ്പെടുന്നത്.

 

ഡിസമ്പർ 9-ന് തുടങ്ങാൻ പോകുന്ന പ്രക്ഷോഭവും ജനങ്ങൾക്കുള്ള വലച്ചിലിൽ കലാശിക്കുകയേ ഉള്ളു. എതിർപ്പുകളെ അതിജീവിക്കുന്ന മുഖ്യമന്ത്രി അങ്ങനെ ഓരോ പ്രക്ഷോഭവും കഴിയുമ്പോൾ കൂടുതൽ ശക്തിയാർജിച്ചുകൊണ്ടുമിരിക്കുന്നു. ഇത് പ്രതിപക്ഷത്തിനോടുള്ള ജനങ്ങളുടെ മതിപ്പിനെ കാര്യമായി ബാധിക്കുകയും ചെയ്യും. മുഖ്യമന്ത്രി ശക്തി പ്രാപിക്കുന്നതോടൊപ്പം ജനങ്ങളുടെ സിംപതിയും നേടിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയും പ്രതിപക്ഷം ഓർക്കേണ്ടതാണ്.

Tags: