ചോഗം ഉച്ചകോടിയും ഇന്ത്യയുടെ വിദേശനയവും

Fri, 15-11-2013 12:50:00 PM ;

chogm srilankaകോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവരുടെ ഉച്ചകോടി ശ്രീലങ്കയുടെ തലസ്ഥാനമായ കൊളോമ്പോയില്‍ നവംബര്‍ 15-ന് ആരംഭിക്കുകയാണ്. ബ്രിട്ടിഷ് കോളണികളായിരുന്ന 53 രാഷ്ട്രങ്ങള്‍ അംഗമായ ഈ അന്താരാഷ്ട്ര സംഘടനയുടെ ആഗോള പ്രസക്തി പരിമിതമാണ്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന രാഷ്ട്രത്തലവരുടെ ഉച്ചകോടി (ചോഗം)യാണ് സംഘടനയുടെ നേര്‍ക്ക് ലോകശ്രദ്ധ തിരിയുന്ന പ്രധാന അവസരം. ദക്ഷിണാഫ്രിക്കയില്‍ നിലനിന്നിരുന്ന വര്‍ണ്ണവിവേചനം, പാകിസ്താന്‍, ഫിജി എന്നിവിടങ്ങളിലെ പട്ടാള അട്ടിമറികള്‍, സിംബാബ്‌വേയില്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ മേല്‍ ആരോപിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറികള്‍ എന്നിവയെല്ലാം വിവിധ ഉച്ചകോടികളില്‍ സജീവ ചര്‍ച്ചയായി മാറിയ വിഷയങ്ങളാണ്. അംഗരാഷ്ട്രമായ മാലിദ്വീപില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ചോഗം ഉച്ചകോടി നടക്കുന്നതെങ്കിലും ആതിഥേയരായ ശ്രീലങ്ക തന്നെയാണ് അത്ര സുഖകരമല്ലാത്ത കാരണങ്ങളാല്‍ ഉച്ചകോടിയ്ക്ക് മുന്നോടിയായി ചര്‍ച്ചകളില്‍ നിറയുന്നത്. തമിഴ് നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പ്രവാസി ശ്രീലങ്കന്‍ തമിഴര്‍ ഏറ്റവുമധികം അധിവസിക്കുന്ന കാനഡയുടെ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറും ഉച്ചകോടിയില്‍ നിന്ന്‍ വിട്ടുനില്‍ക്കുന്നു.

 

ശ്രീലങ്കയുടെ രാഷ്ട്രശരീരത്തെ ദീര്‍ഘകാലം മുറിവേല്‍പ്പിച്ച തമിഴ് പ്രശ്നമാണ് പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ മുന്നില്‍ വീണ്ടും വെല്ലുവിളി ഉയര്‍ത്തുന്നത്. എല്‍.ടി.ടി.ഇയുടെ സൈന്യത്തെ നിശ്ശേഷം ഇല്ലാതാക്കി 2009-ല്‍ ആഭ്യന്തരയുദ്ധത്തിന് അറുതിവരുത്തിയ രാജപക്സെ സിംഹള വംശീയതയുടെ നായകരൂപമായെങ്കിലും യുദ്ധത്തില്‍ സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും പുറത്തുവന്നതോടെ ആഗോള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിനായകനായി മാറി. ഐക്യരാഷ്ട്ര സഭയുടെ തന്നെ റിപ്പോര്‍ട്ട് രാജപക്സെയെ കുറ്റപ്പെടുത്തിയെങ്കിലും ശ്രീലങ്ക ഇതെല്ലാം തള്ളുകയാണ്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന ശൈലിയും, (അതില്‍ യുദ്ധം വിജയിച്ച സൈനികമേധാവിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഉള്‍പ്പെടും) സിംഹള-ബുദ്ധ ഭൂരിപക്ഷ അതിദേശീയത തമിഴ്-ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ക്കുള്ള പിന്തുണയും മാധ്യമസ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കാത്ത പ്രവര്‍ത്തനങ്ങളും രാജപക്സെയ്ക് സ്വേച്ഛാധിപതിയുടെ മേല്‍ക്കുപ്പായങ്ങളും നല്‍കുന്നതില്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ട്.

 

കോമണ്‍വെല്‍ത്ത് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയുടെ തമിഴ് പ്രശ്നം ഉയര്‍ന്നുവരുന്നതില്‍ ഒരു കാവ്യനീതിയുണ്ട്. കാരണം, ഈ പ്രശ്നത്തിന്റെ മൂലകാരണം ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലും മറ്റും അനുവര്‍ത്തിച്ച പോലെ നിയമനിര്‍മ്മാണ സഭകളില്‍ വര്‍ഗ്ഗീയ അടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ രൂപീകരിച്ചാണ് ബ്രിട്ടിഷ് സാമ്രാജ്യത്വം ഇതിന് തുടക്കമിട്ടത്. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി കൊളോണിയല്‍ ബ്യൂറോക്രസിയുടെ നട്ടെല്ലായി മാറിയ ശ്രീലങ്കന്‍ തമിഴ് വംശജര്‍ 1948-ല്‍ സ്വാതന്ത്ര്യത്തിന് ശേഷം സിംഹളര്‍ക്ക് ഭൂരിപക്ഷമുള്ള ഭരണകൂടത്തില്‍ നിന്ന്‍ വിവേചനം നേരിട്ട് തുടങ്ങി. ആദ്യം ഇന്ത്യയില്‍ നിന്ന്‍ കുടിയേറിയ തമിഴ് വംശജരെ തിരിച്ചയച്ചും 1956-ല്‍ സിംഹള ഔദ്യോഗിക ഭാഷയാക്കിയും സര്‍വകലാശാല പ്രവേശനങ്ങളില്‍ തമിഴ് വംശജര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതടക്കമുള്ള നടപടികളാണ് സായുധമായ ചെറുത്തുനില്‍പ്പിലേക്ക് തമിഴ് സംഘടനകളെ നയിച്ചത്. വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിലുള്ള എല്‍.ടി.ടി.ഇ മറ്റ് തമിഴ് സംഘടനകളെ തുടച്ചുനീക്കിയതോടെ 1983 മുതല്‍ ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.എയും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിന്റെ വേദിയായി ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ മാറി.  

 

ശ്രീലങ്കയിലെ തമിഴ് പ്രശ്നത്തില്‍ തങ്ങള്‍ക്കുള്ള ചരിത്രപരമായ ഉത്തരവാദിത്വം ബ്രിട്ടന്‍ രാഷ്ട്രീയമായി അംഗീകരിക്കുകയില്ല എന്നതുപോലെ കൊളോണിയല്‍ അടിച്ചമര്‍ത്തലിന്റെ ചരിത്രം ചൂണ്ടിക്കാട്ടി തങ്ങളുടെ ഭാഗത്ത് അനീതിയുണ്ടെന്ന് സിംഹള ദേശീയതയും സമ്മതിക്കില്ല. സങ്കുചിതവും സ്വാര്‍ത്ഥവുമായ താല്‍പ്പര്യങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തെ നയിക്കുന്നതിന്റെ ദുരന്തമാണ് ശ്രീലങ്കന്‍ സമൂഹം അനുഭവിക്കുന്നത്. എന്നാല്‍, ഇന്ത്യ ഈ പ്രശ്നം നേരിടുന്ന രീതി സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. മാനവികമായ വീക്ഷണമുള്ള നയത്തിന്റേയും നേതൃത്വത്തിന്റേയും അഭാവം അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളില്‍ നിഴലിക്കുന്നു. ചോഗം ഉച്ചകോടി അതിന്റെ പുതിയ ഉദാഹരണം മാത്രമാണ്.

 

അതിര്‍ത്തി രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ന്യൂഡല്‍ഹിയുടെ തീരുമാനങ്ങളോട് വിയോജിക്കുന്ന അവസ്ഥ പലപ്പോഴും വിദേശകാര്യ വൃത്തങ്ങള്‍ നേരിടുന്നു. ശ്രീലങ്കയുമായുള്ള ബന്ധങ്ങളില്‍ തമിഴ് നാടും ബംഗ്ലാദേശുമായുള്ള ബന്ധങ്ങളില്‍ പശ്ചിമ ബംഗാളും ഇക്കാര്യത്തില്‍ പ്രത്യേകിച്ചും ശക്തമായ നിലപാടെടുക്കുന്നു. എന്നാല്‍, വിദേശനയത്തില്‍ കേന്ദ്രമന്ത്രിസഭയ്ക്ക് പൊതുവേ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്നത്. പാര്‍ലിമെന്റിന്റെ നിയന്ത്രണങ്ങള്‍ പോലും ഇക്കാര്യത്തില്‍ പരിമിതമാണ്. ഭരണഘടനാ പരമായ നിയന്ത്രണങ്ങളുടെ അഭാവം തര്‍ക്ക വിഷയങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ രാഷ്ട്രീയ ബലപരീക്ഷണങ്ങള്‍ക്ക് വഴിതുറക്കുന്ന അനുഭവം ആവര്‍ത്തിക്കുകയാണ്. ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തിന് ഹാനികരവും അഖണ്ഡതയെ തന്നെ ചോദ്യം ചെയ്യാനുള്ള സാധ്യതകളും ഈ ബലപരീക്ഷണങ്ങളിലുണ്ട്. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കിടയിലെ സാംസ്കാരികമായ ബഹുസ്വരതയുടെ മറ്റൊരാവിഷ്കാരം ഇന്ത്യന്‍ സംസ്ഥാനങ്ങളും അതിര്‍ത്തി രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികമായ സമാനതകള്‍ കൂടിയാണ്. ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്ന ഈ സവിശേഷതയിലൂടെയാണ്, സാംസ്കാരിക സമന്വയത്തിന്റെ വേദിയെന്ന നിലയിലാണ് ദക്ഷിണേഷ്യയിലെ രാഷ്ട്രീയ ബന്ധങ്ങള്‍ ഇന്ത്യ നിര്‍വചിക്കേണ്ടത്.

 

കാല്‍ നൂറ്റാണ്ടോളം നീണ്ടുനിന്ന ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ അത്തരമൊരു പങ്ക് വഹിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ സൈന്യത്തിന്റെ പരാജയപ്പെട്ട ദൗത്യത്തിനും തുടര്‍ന്ന്‍ എല്‍.ടി.ടി.എ ചാവേറുകള്‍ 1991-ല്‍ രാജീവ് ഗാന്ധിയെ വധിച്ചതിനും ശേഷം സമാധാന ശ്രമങ്ങള്‍ക്ക് ന്യൂഡല്‍ഹി പ്രാധാന്യം നല്‍കിയിട്ടില്ല. 2009-ല്‍ യുദ്ധം അവസാന ഘട്ടത്തിലേക്ക് കടക്കുകയും സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന കഠിനമായ ദുരിതങ്ങള്‍ തമിഴ് നാട്ടില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്തപ്പോഴും ഇന്ത്യയുടെ നിലപാടുകള്‍ ദുര്‍ബ്ബലവും രാജപക്സെ പരോക്ഷമായി പിന്തുണയ്ക്കുന്നതുമായിരുന്നു. രാജ്യത്തിനകത്തെ വിഘടനവാദ പ്രവണതകളോട് ഇന്ത്യ സ്വീകരിച്ച/സ്വീകരിക്കുന്ന സമീപനവും രാജപക്സെയില്‍ നിന്ന്‍ വ്യത്യസ്തമല്ല എന്ന സാഹചര്യത്തില്‍ ഇതില്‍ അതിശയമില്ല.

 

എന്നാല്‍, സൈനികമായി വിജയിച്ചുവെന്ന് രാജപക്സെ അവകാശപ്പെടുമ്പോഴും ശ്രീലങ്കയിലെ തമിഴ് പ്രശ്നത്തിന് ഇനിയും പരിഹാരമായിട്ടില്ല. സൈനികമായ നടപടികള്‍ തുടരുന്ന ഇന്ത്യയിലെ തന്നെ വിവിധ പ്രശ്നങ്ങള്‍ക്ക്, കാശ്മീരും വടക്കുകിഴക്കും ഉള്‍പ്പെടെ, ഇത് ഒരു സൂചനയാണ്. ദക്ഷിണേഷ്യയിലെ ഓരോ പ്രശ്നം എടുത്ത് പരിശോധിച്ചാലും അതില്‍ സാംസ്കാരികമായ ബഹുസ്വരതയുടേയും സമന്വയത്തിന്റേയും ഇഴകള്‍ കാണാം. എന്നാല്‍, ഈ പ്രശ്നങ്ങളുടെ പരിഹാര ശ്രമങ്ങളില്‍ ഈ ഇഴകള്‍ അപ്രത്യക്ഷമാണ്. രാഷ്ട്രങ്ങളുടെ തുല്യത ഉറപ്പുവരുത്തിക്കൊണ്ടുതന്നെ ഉപഭൂഖണ്ഡത്തെ സാംസ്കാരികമായി ഒന്നായിക്കണ്ട് അതിര്‍ത്തിരാഷ്ട്രങ്ങളുമായുള്ള നയങ്ങള്‍ രൂപീകരിക്കേണ്ട നേതൃത്വപരമായ പങ്ക് ഇന്ത്യയ്ക്കുണ്ട്. അങ്ങനെയുള്ള വിദേശനയങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തരപ്രശ്നങ്ങളേയും സ്വാഭാവികമായും പരിഹരിക്കും.

Tags: