മാധ്യമ വെളിപ്പെടുത്തലും ഭരണസ്തംഭനവും തനിയാവര്‍ത്തനമാകുമ്പോള്‍

Wed, 01-01-2014 06:07:00 PM ;

antony cennithala chandy with soniaകഴിഞ്ഞ ഒരു വർഷത്തോളമായി  കേരളത്തിൽ സംസ്ഥാന സർക്കാർ സ്തംഭനാവസ്ഥയിലായിരുന്നു.  അതിന് കാരണമായ സംഭവവികാസങ്ങളും അതിനോടുണ്ടായ പ്രതികരണങ്ങളും സാമൂഹികവും സാംസ്കാരികവുമായി  സൃഷ്ടിച്ച മാറ്റങ്ങൾ വളരെ വലുതാണ്. മാറ്റങ്ങൾ നല്ലതും അനിവാര്യവുമാണ്. മനുഷ്യന്റെ കാര്യത്തിൽ ആ മാറ്റം പുരോഗമനപരമായിരിക്കണം. എന്നാൽ കഴിഞ്ഞ ഏഴെട്ടു മാസങ്ങൾക്കകമുണ്ടായ മാറ്റങ്ങൾ അതുവരെയുണ്ടായിരുന്ന സമൂഹത്തെ മുന്നോട്ടു നയിക്കുന്ന അംശങ്ങളെ അർബുദാവസ്ഥയിലേക്ക് നയിക്കുന്നവയാണ്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ തുല്യ പങ്കാണ്.

 

ഇപ്പോൾ കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ ആഭ്യന്തരമ ന്ത്രിയാക്കിക്കൊണ്ട് കോൺഗ്രസ്സ് ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരിക്കുന്നു. ഇതുവരെ മൗനം പാലിക്കുകയും കേരളത്തിലെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യില്ലെന്ന് പറയുകയും ചെയ്തിരുന്ന കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി ഇടപെട്ടതിനെ തുടര്‍ന്നാണ് ഇപ്പോൾ രമേശ് മന്ത്രിസഭയിലേക്കെത്തിയിരിക്കുന്നത്. ഈ പരിഹാരം വളരെ മുന്നേ ആകാമായിരുന്നതേ ഉള്ളു. ആന്റണി പാലിച്ച മൗനത്തിന് വളരെ വലിയ വിലയാണ് കേരളത്തിന് കൊടുക്കേണ്ടി വന്നത്. ഇപ്പോഴും സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന്റെ പേരിലല്ല, പാർട്ടിയുടെ വരുന്ന തെരഞ്ഞെടുപ്പിലെ  പ്രകടനത്തെ മുന്നിൽ കണ്ടുകൊണ്ടാണ് അദ്ദേഹം മൗനം വെടിഞ്ഞിരിക്കുന്നത് എന്നറിയുമ്പോൾ  തെളിഞ്ഞുവരുന്ന ചിത്രം ആരോഗ്യകരമല്ല.  ഇവിടെയാണ്  ജനായത്ത സംവിധാനത്തിൽ അരാഷ്ട്രീയ വാദവും മറ്റ് വിപരീതാത്മക പ്രവണതകളുമെല്ലാം ചുവടുറപ്പിക്കുന്നത്.

 

ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ ഉത്തരവാദിത്വ രാഹിത്യം കാട്ടുകയും ഇരുകൂട്ടരും ഒത്തുകളിച്ചുവെന്ന് ജനങ്ങളിൽ സംശയം ജനിപ്പിക്കുന്ന നടപടികളിലേർപ്പെട്ടതും  വളരെ ഗുരുതരമായ അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പുതിയൊരു രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുന്നത് വരെയെങ്കിലും നിലവിലുള്ള സംവിധാനത്തിനപ്പുറമുള്ള ഒന്നിനെ തൽക്കാലം പ്രതീക്ഷിച്ചിട്ട് കാര്യമില്ല. അതേസമയം, നിലവിലുള്ളത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ്.  ആ സർക്കാരിനെ ഭരിക്കാൻ അനുവദിക്കുക എന്നത് ചുരുങ്ങിയ മര്യാദയാണ്. എന്നാൽ മാധ്യമ നിയന്ത്രിതമായ പശ്ചാത്തലത്തിൽ അത് അസാധ്യമാകുന്ന കാഴ്ചയാണ് കാണുന്നത്. ഇവിടെ മാധ്യമങ്ങൾ, വിശേഷിച്ചും ടെലിവിഷൻ ചാനലുകൾ, മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ ചാനലുകളിലൂടെ പുറത്തുവിട്ടതിനപ്പുറം  ഇനി ഒന്നും അവശേഷിക്കുന്നില്ല. അതിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസഭ മിനുക്കുപണികളിലൂടെ മുന്നോട്ടു നീങ്ങുന്നു. മാധ്യമങ്ങൾ സ്വയം ദുർബലമാകുന്ന അവസ്ഥ. അതേ സമയം സർക്കാരിനെ പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങാനാകാതെ മരവിപ്പിച്ചു നിർത്താൻ മാധ്യമങ്ങൾക്കു കഴിയുന്നു. രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞയുടെ തലേന്ന്  സോളാർ കേസ്സിൽ ജയിലിൽ കഴിയുന്ന സരിത എസ്. നായരുടെ അമ്മയുടെ വെളിപ്പെടുത്തൽ ഭീഷണിയുമായി ചാനലുകൾ രംഗപ്രവേശനം ചെയ്തു. ഇതു സൂചിപ്പിക്കുന്നത് തനിയാവർത്തനങ്ങളാണ്. വെള്ളത്തിൽ മുങ്ങി ഉയരുന്ന വ്യക്തിയുടെ മേൽ ചെറിയ പാത്രത്തിൽ വെള്ളമൊഴിച്ചാൽ എത്രമാത്രം കുളിരുമെന്ന് ആലോചിച്ചുനോക്കിയാൽ മനസ്സിലാകും. ഇനിയും കേരളത്തിലെ ഭരണസ്തംഭനം തുടർന്നാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വിനാശകരമാകും.  ആ അവസ്ഥയിലേക്ക് സംസ്ഥാനം വഴുതിവീഴാതിരിക്കാൻ മാധ്യമങ്ങളുൾപ്പടെ എല്ലാവർക്കും ബാധ്യതയുണ്ട്.

Tags: