അഴിമതിയും ആം ആദ്മിയുടെ ഗൂഢലക്ഷ്യങ്ങളും

Glint Views Service
Tue, 21-01-2014 03:11:00 PM ;

 

അഴിമതിയുടെ അടിസ്ഥാനകാരണം പലപ്പോഴും കാര്യങ്ങൾ എളുപ്പം നടത്തുക എന്നതാണ്. യഥാർഥത്തിൽ ചെയ്യാനുള്ളത് ചെയ്തുകൊണ്ട് നേടാനുള്ളത് നേടുന്നതിനു പകരമായി. അതിൽ ഒരു വഴിയാണ് കോഴ അഥവാ കൈക്കൂലി. മറ്റ് എളുപ്പ-കുറുക്ക് വഴികളെല്ലാം അഴിമതി തന്നെ. ആ വഴികളെയെല്ലാം വേണമെങ്കിൽ രൂപയുടെ മൂല്യത്തിലേക്ക് മാറ്റിയാൽ അണ പൈസാ തോതിൽ എളുപ്പ-കുറുക്കുവഴി അഴിമതികളേയും നിശ്ചയിക്കാവുന്നതാണ്. ചില രാഷ്ട്രീയ കക്ഷികൾ ധനം സമ്പാദിച്ച് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിച്ച് തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരം കൈക്കലാക്കാൻ ശ്രമിക്കുന്നു. മറ്റ് ചിലർ ചെലവില്ലാതെ അതിസമർഥമായി നിലവിലുള്ള സാഹചര്യങ്ങളെ ഉപയോഗിക്കുന്നു. ഒരു തെരഞ്ഞെടുപ്പ്‌ ഗോദയിൽ ഇറങ്ങുമ്പോൾ ഇത്തരം അവസരങ്ങളെ ഉപയോഗിക്കുന്നത് ഒരു പരിധി വരെ ന്യായീകരിക്കപ്പെടുന്നു. എന്നാൽ രാഷ്ട്രീയമായി ഇത്തരം കുറുക്കുവഴികളിലൂടെ തെരഞ്ഞെടുപ്പിലേക്കെത്തിച്ചേർന്ന് തെരഞ്ഞെടുപ്പിൽ വിജയം നേടുക എന്നത് രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയും അരാജകത്വ വിന്യാസവുമാണ്. ആം ആദ്മി പാർട്ടിയും അതിന്റെ നേതാവും ഏർപ്പെട്ടിരിക്കുന്നത് പ്രായോഗിക അഴിമതിയേക്കാൾ വിനാശകരമായ രാഷ്ട്രീയ അഴിമതിയിലാണ്. അഴിമതിക്കെതിരെ ചൂലുമായി എല്ലാവരേയും അടിച്ചു പുറത്താക്കാനിറങ്ങിയിട്ടുള്ള പാർട്ടി ദില്ലിയിൽ അധികാരത്തിലേറിയതും അധികാരം ഇപ്പോൾ ഉപയോഗിക്കുന്നതും എല്ലാം തന്നെ ആം ആദ്മി പാർട്ടിയുടെ പ്രചാരം വർധിപ്പിച്ച് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ എങ്ങിനെ നേട്ടമുണ്ടാക്കാമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ്. എന്നാൽ ദില്ലിയിലെ ജനങ്ങൾ ആം ആദ്മി പാർട്ടിക്ക് വോട്ട് നൽകിയത് ദില്ലി സംസ്ഥാനം ഭരിക്കാനാണ്. ആ സമ്മതിദാനത്തെ ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ നിഗൂഢമായ ലക്ഷ്യം നിറവേറ്റാൻ ഉപയോഗിക്കുതിനെ അഴിമതി എന്നു മാത്രം വിശേഷിപ്പിച്ചാൽ പോരാ. ഒരു ജനതയോട് കാണിക്കുന്ന വിശ്വാസവഞ്ചനയും ചതിയുമാണത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ദില്ലിയിൽ അരവിന്ദ് കേജ്രിവാളും കൂട്ടരും  കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന ധർണ്ണ.

 

അരവിന്ദ് കേജ്രിവാൾ ധർണ്ണയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. റിപ്പബ്ലിക് ദിനാഘോഷത്തിന് ഏതാനും ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അതിനാല്‍, ഈ ധർണ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് മാധ്യമങ്ങൾ എത്തിച്ചുകൊള്ളും. അതുവഴി  ഇന്ത്യയും അഴിമതിയും അതിനെതിരെയുള്ള  അറബ് വസന്തം പോലെയുള്ള കേജ്രിവാളിന്റെ പോരാട്ടവും ലോകശ്രദ്ധയിലേക്ക് വരും. കോൺഗ്രസ്സിനെക്കൊണ്ട് തങ്ങളുടെ സർക്കാരിന് ലഭ്യമാക്കിയിട്ടുള്ള പിന്തുണ പിൻവലിപ്പിക്കുക എന്ന പ്രായോഗിക കൗശലവും  ഈ ധർണ്ണയിൽ പ്രകടമാകുന്നുണ്ട്. അങ്ങനെയെങ്കിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് ചിലവില്ലാതെ പ്രചാരവും ലഭിക്കും. കൂട്ടത്തിൽ ദില്ലി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പും നടത്തിക്കാം. ആ തിരഞ്ഞെടുപ്പിൽ വിജയിച്ചുവരാനുള്ള മൂലധനവും ഈ ധർണ്ണയിലൂടെയും മറ്റ് വിപരീതാത്മക പരിപാടികളിലൂടെയും സംഘടിപ്പിക്കാം. അങ്ങനെ വിവിധോദ്ദേശ്യ പദ്ധതികളുമായാണ് കേജരിവാളും  കൂട്ടരും നിരോധന നിയമം ലംഘിച്ചുകൊണ്ട് ധർണ്ണയിലേർപ്പെട്ടിരിക്കുന്നത്.

 

ഒരു ജനായത്ത വ്യവസ്ഥയിൽ അരാഷ്ട്രീയവും അരാജകത്വവും പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക അഴിമതിയേക്കാൾ കുറ്റകരം തന്നെ. അധികാരത്തിലിക്കുന്നവർ തന്നെ അധികാരം വിനിയോഗിക്കുന്നതിന് പകരം നിസ്സാര സംഭവങ്ങൾ ഉയർത്തിക്കൊണ്ട് ഇത്തരം പ്രവണതകളിലേക്ക് നീങ്ങുന്നത് അപകടകരമാണ്. വ്യവസ്ഥയുള്ള സമൂഹത്തിലാണ് അഴിമതി  സാമൂഹ്യ പ്രശ്നമാവുക. എന്നാൽ അരാജകത്വത്തിലേക്ക് നീങ്ങുന്നത് വ്യവസ്ഥയില്ലായ്മയാണ്. അവിടെ അഴിമതിയല്ല ഉണ്ടാവുക. നിലവിലുളള എല്ലാ സംവിധാനങ്ങളുടേയും തകർച്ചയാകും. രക്ഷാസംവിധാനങ്ങളും രക്ഷകരുമില്ലാത്ത അവസ്ഥ. അപ്പോൾ അഴിമതിക്കെതിരെയുള്ള പോരാട്ടം ഉയർത്തിപ്പിടിച്ചുകൊണ്ട് കേജ്രിവാളും കൂട്ടരും നടത്തുന്ന ഈ തന്ത്രങ്ങളെ രാജ്യത്തിനും  ജനതയ്ക്കും അപകടകരമായ സാഹചര്യമുണ്ടാക്കുന്ന പ്രവൃത്തികളുടെ പട്ടികയിലേ പെടുത്താനാകൂ. സാമൂഹികമായ പ്രവർത്തനത്തിനിറങ്ങുന്ന ഒരു വ്യക്തിയിൽ ഉണ്ടാവേണ്ട ഏറ്റവും കുറഞ്ഞ ലക്ഷണം അൽപ്പം ഉത്തരവാദിത്തമാണ്. തികഞ്ഞ ഉത്തരവാദിത്വമില്ലായ്മയാണ് അധികാരത്തിലേറിയപ്പോൾ പോലും കേജ്രിവാളിലും കൂട്ടരിലും കാണുന്നത്.

 

കേന്ദ്രത്തിനെതിരെ ധർണ്ണയ്ക്കുള്ള സാഹചര്യമുണ്ടാക്കാൻ വേണ്ടിയാവണം വ്യഭിചാരത്തിന്റെയും മയക്കുമരുന്നുപയോഗത്തിന്റേയും പേരിൽ ആഫ്രിക്കൻ വനിതകളെ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുകയും മനുഷ്യത്വരഹിതമായ പരിശോധനകൾക്ക്  ഇരയാക്കിയതും. അതും മന്ത്രി നേരിട്ട് റെയ്ഡിനിറങ്ങിക്കൊണ്ട്. ഈ കീഴ് വഴക്കം പിന്തുടർന്നാൽ ശസ്ത്രക്രിയാ മുറിയിൽ ആം ആദ്മിയുടെ ആരോഗ്യ വകുപ്പു മന്ത്രി പ്രവേശിച്ച് ഡോക്ടർക്ക് ശസ്ത്രക്രിയ സംബന്ധിച്ച് നിർദ്ദേശം നൽകിയാൽ അത്ഭുതപ്പെടാനില്ല. കേന്ദ്ര മന്ത്രിസഭയ്‌ക്കെതിരെ ധർണ്ണ നടത്തുന്നതിനുവേണ്ടി  ദില്ലി സർക്കാർ ഒരുക്കിയ തന്ത്രം വളരെ ദുർബലമായിപ്പോയെന്നുള്ളതും ഓർക്കേണ്ടതാണ്. ആം ആദ്മി പാർട്ടി കോൺഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി (ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും) യായി ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധിക്കെതിരെ മത്സരിപ്പിക്കുന്നത് അവരുടെ പ്രമുഖ നേതാവ് കുമാർ വിശ്വാസിനെയാണ്. അദ്ദേഹം കേരളത്തിൽ നിന്നുള്ള നഴ്‌സുമാരെ ഹിന്ദി മേഖലയിലുള്ള നഴ്‌സുമായി താരതമ്യം ചെയ്ത് നടത്തിയ പരാമർശങ്ങൾ ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്. മനുഷ്യനെ മനുഷ്യനായി കാണുക എന്നതാണ് മനുഷ്യന്റെ പ്രാഥമിക ലക്ഷണം. അതുപോലും ആം ആദ്മി പാർട്ടിയുടെ തലപ്പത്തെ നേതാക്കന്മാരുടെ ചിന്തയിൽ അപ്രത്യക്ഷമാകുന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ത്യൻ ജനായത്ത സംവിധാനം അഴിമതിയെന്ന രോഗത്താൽ വിറങ്ങലിക്കുന്നുണ്ട്. അതിന് ചികിത്സയും ആരോഗ്യപുഷ്ടിക്കുള്ള നടപടികളും അനിവാര്യമാണ്. രോഗത്തിന്റെ പേരിൽ രോഗിയെ രോഗിയറിയാതെ കൊന്നുകളയുന്നത് എന്തിന്റെ പേരിലായാലും ന്യായീകരിക്കപ്പെടാവുന്നതല്ല.

Tags: