മുന്നണി രാഷ്ട്രീയത്തില്‍ നിന്ന് കേരളം പുറത്തുവരുന്നു

Glint Staff
Sun, 09-03-2014 01:24:00 PM ;

കേരളത്തില്‍ ഇരുമുന്നണികള്‍ എന്ന സമവാക്യം ഫലത്തില്‍ ഇല്ലാതാകുന്നു. ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്)യും ഐക്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും എന്ന ധ്രുവീകരണത്തിലേക്ക് കേരള രാഷ്ട്രീയം മാറുകയാണ്‌. ആര്‍.എസ്.പി. അംഗബലത്തില്‍ ചെറിയ പാര്‍ട്ടിയാണെങ്കിലും ആ കക്ഷിയുടെ ഇടതു ജനാധിപത്യ മുന്നണിയില്‍ നിന്നുളള പിന്‍വാങ്ങലോടെ കേരള രാഷ്ട്രീയം പുതിയ ചരിത്രത്തിലേക്കാണ് നീങ്ങുന്നത്. സി.പി.ഐ.എം ആശയപരമായും സംഘടനാപരമായും ഭദ്രവും അതിശക്തവുമായിരുന്ന കാലത്ത് രൂപം കൊണ്ടതാണ് ഇടതു ജനാധിപത്യ മുന്നണി. ഒരുപക്ഷേ ആ കാലഘട്ടത്തിലെ സി.പി.ഐ.എമ്മിന്റെ വിശ്വാസ്യതയുടെ പലിശയാണ് ഇന്ന് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്ന ശക്തി. പൊതുസമൂഹത്തിലുള്ള സ്വീകാര്യതയുടെ കുറവ്, ആശയപരമായി വന്നിട്ടുള്ള ശോഷണം, പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത എന്നീ ഘടകങ്ങള്‍ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമായി തുടരുമ്പോഴാണ് ഇടതു ജനാധിപത്യ മുന്നണി സംവിധാനം കേരളത്തില്‍ തകരുന്നത്. മുന്നണി എന്നത് മാറി സി.പി.ഐ.എമ്മും സി.പി.ഐയും തമ്മിലുള്ള ഐക്യമായി ആ സംവിധാനം മാറിയിരിക്കുന്നു. പിളര്‍ന്ന ജനതാദളിന്റെ ഒരു ഭാഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടൊപ്പം നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്റെ പേരില്‍ മുന്നണി എന്ന് കണക്കാക്കുന്നത് അനുചിതമായിരിക്കും.
 

എന്തുകൊണ്ട് ഇടതു ജനാധിപത്യ മുന്നണി ഇവ്വിധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രമായി? അതിന്റെ പിന്നില്‍ സമൂഹവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാടുകളോ ആശയഗതികളിലുള്ള മാറ്റമോ അതിന്റെ പേരിലുള്ള ധാരണകളോ ഒന്നും കാണാന്‍ കഴിയുന്നില്ല. ഇടതു ജനാധിപത്യ മുന്നണിയുടെ തുടക്കം മുതല്‍ ഇത്തരത്തിലുള്ള പരിഗണനകള്‍ അതിന്റെ പരിണാമ ഘട്ടങ്ങളില്‍ പ്രകടമായിരുന്നു. മതങ്ങളോടും വര്‍ഗ്ഗീയ കക്ഷികളോടുമുള്ള സമീപനമായിരുന്നു മുഖ്യമായും അതിലൊക്ക നിര്‍ണ്ണായകമായിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയിലേക്ക് ഇടതു ജനാധിപത്യ മുന്നണിയെ നയിച്ചത് സി.പി.ഐ.എമ്മിന്റെ ധാര്‍ഷ്ട്യവും ഒരു മുന്നണിയെ നയിച്ചുകൊണ്ടുപോകാനുള്ള കഴിവില്ലായ്മയുമാണ്. പുരോഗമന ആശയഗതിക്കാരെയും നയസമീപനങ്ങളില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരേയും കൂടെനിര്‍ത്തിക്കൊണ്ട് പോകേണ്ടതിന്റെ മുഖ്യചുമതല ആ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടേതാണ്. എന്നാല്‍, ആ നേതൃത്വപരമായ സ്വഭാവപ്രകടനത്തിന് ഘടകവിരുദ്ധമായി സി.പി.ഐ.എം നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് ഏറെ നാളായി പ്രകടമാകുന്നത്. ഇന്ദിരാഗാന്ധിയുടെ മരണശേഷം വന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നടന്ന പ്രചാരണസമ്മേളനത്തില്‍ അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇ.എം.എസ്സ് ചോദിച്ച ചോദ്യമാണ്- ഇന്ദിരയെ രക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയും? അതേ ചോദ്യം ഇന്ന് സി.പി.ഐ.എം. നേരിടുന്നു. ഒരു മുന്നണിയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ പാര്‍ലമെന്ററി ജനായത്ത സംവിധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും? ഒരു സര്‍ക്കാറിനെ നയിക്കാന്‍ കഴിയും? ഭരണത്തിലേറുമ്പോഴും ഇടതു മുന്നണിയേക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളും പ്രധാനമായും സി.പി.ഐ.എമ്മിന്റെ ധാര്‍ഷ്ട്യവും അസഹിഷ്ണുതയുമായി ബന്ധപ്പെട്ടതാണ്.

 

കേഡര്‍പാര്‍ട്ടി എന്ന നിലയില്‍ സി.പി.ഐ.എമ്മിന് അതിന്റെ യാന്ത്രിക ചട്ടക്കൂട് ഇപ്പോഴും ശക്തി നല്‍കുന്നുണ്ട്. ആ ചട്ടക്കൂടിന്റെ പല പ്രധാന സന്ധികളിലും നല്ലവണ്ണം തുരുമ്പെടുത്തിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ. ആ തുരുമ്പെടുത്ത ഭാഗം കാണാതെ തുരുമ്പെടുത്ത് വീര്‍ത്തിരിക്കുന്നത് സന്ധിശക്തിയാണെന്ന് അത് കാണേണ്ടവര്‍ തെറ്റിദ്ധരിക്കുന്നില്ലേ എന്നു തോന്നിപ്പോകുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്വാധീനം പൊതുസമൂഹത്തില്‍ സാംസ്കാരികമായി കഴിഞ്ഞ അരനൂറ്റാണ്ടായി അനുഭവപ്പെടുന്ന ഒന്നാണ്. ഏത് ശക്തനായ എതിരാളിപോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും ഉള്ളില്‍ ബഹുമാനം സൂക്ഷിച്ചിരുന്നു. ആ ബഹുമാനം സജീവപാര്‍ട്ടി പ്രവര്‍ത്തകരല്ലാത്തവരെപ്പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഹയാത്രികരും അനുഭാവികളുമൊക്കെയാക്കി മാറ്റിയിരുന്നു. ആ നിര്‍ണ്ണായക സമൂഹത്തിന്റെ നിലപാടുകളാണ് സി.പി.ഐ.എമ്മിനെയും ഇടതുമുന്നണിയേയും കേരളത്തില്‍ അധികാരത്തിലെത്തിക്കാന്‍ സഹായിച്ചിട്ടുള്ളത്. ആ പൊതുസമൂഹം സി.പി.ഐ.എമ്മില്‍ നിന്ന് അകന്നുപോകുന്ന ചിത്രമാണ് ദിനംപ്രതി പ്രകടമാകുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചുള്ള ഫ്ലെക്സ് പ്രചാരണ സംസ്കാരം കേരളത്തിന്റെ തെരുവീഥികളേയും പൊതുസ്ഥലങ്ങളേയും കീഴടക്കും വിധം സി.പി.ഐ.എം നടത്തുമ്പോള്‍ ആ പൊതുസമൂഹത്തിന് പാര്‍ട്ടിയുടെ ധാര്‍ഷ്ട്യത്തിനു പുറമേ ധൂര്‍ത്തും അറിയേണ്ടിവരുന്നു. ധൂര്‍ത്തിലും ധാര്‍ഷ്ട്യത്തിലും നടത്തപ്പെടുന്ന സംരഭങ്ങള്‍ വിജയിക്കുമ്പോള്‍ സി.പി.ഐ.എം അതിനെ ജനങ്ങളുടെ സ്വീകാര്യതയായി തെറ്റിദ്ധരിക്കുന്നതുപോലുണ്ട്. ധൂര്‍ത്തിലും ധാര്‍ഷ്ട്യത്തിലും ആകര്‍ഷണമല്ല, പേടിയാണ് പ്രവര്‍ത്തനനിരതമാകുന്നത്. ഇത് ആ പൊതുസമൂഹത്തെ സി.പി.ഐ.എമ്മില്‍ നിന്ന് അകറ്റാനേ സഹായിക്കുകയുള്ളു. അത്തരത്തിലൊരു സാഹചര്യത്തിലേക്ക് സി.പി.ഐ.എം വഴുതിവീഴുന്നത്, അതായത് പൊതുസമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നത്, അവര്‍ കാണുന്നില്ല.

 

NK Premechandranആന്തരികമായ വിഭാഗീയത മൂലം സി.പി.ഐ.എമ്മിന് പല സന്ദര്‍ഭങ്ങളിലും ശക്തി ചോര്‍ന്നുനിന്ന സന്ദര്‍ഭങ്ങളില്‍ അവരേക്കൂടി പ്രതിരോധിച്ചുകൊണ്ട് അതിശക്തമായി യു.ഡി.എഫിനെ കേരളത്തില്‍ തുറന്നുകാണിക്കുന്നതിനും ആക്രമണം അഴിച്ചുവിടുന്നതിലും മുഖ്യപങ്കു വഹിച്ചയാളാണ് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍. യു.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും ദുര്‍ബലവും അപമാനകരവുമായ ഘട്ടത്തിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ആശയപരമായും നയപരമായും ആര്‍.എസ്.പിക്ക് പ്രാദേശികതലത്തിലോ ദേശീയതലത്തിലോ യോജിപ്പ് കണ്ടെത്താനും പ്രയാസം. എന്നിട്ടും ആര്‍.എസ്.പി ഇടതു ജനാധിപത്യ മുന്നണി വിട്ട് യു.ഡി.എഫിലേക്ക് പോകുന്നു എന്നത് ആര്‍.എസ്.പിയുടെ ഗതികേടിനേക്കാള്‍ സി.പി.ഐ.എമ്മിന്റെ ധാര്‍ഷ്ട്യത്തിന്റെ മുഖം തന്നെയാണ് വെളിവാക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് കേട്ടാല്‍ പാര്‍ട്ടിക്കാരല്ലാത്തവരില്‍ പോലും മതിപ്പും ആത്മവിശ്വാസവും തോന്നിയിരുന്ന അവസ്ഥയില്‍ നിന്ന് അവമതിപ്പും പേടിയും വരാത്ത സാഹചര്യം നിലനിര്‍ത്തേണ്ടതിന്റെ ഉത്തരവാദിത്വം അതിന്റെ നേതൃത്വത്തിനുണ്ട്. അത് മുന്നണിരാഷ്ട്രീയത്തിന്റെ ആവശ്യകതയേക്കാള്‍ സാമൂഹ്യപരമായ അനിവാര്യത കൂടിയാണ്.

Tags: