തുഞ്ചൻ പറമ്പിലെ വിഡ്ഢിദിനാഘോഷം

Glint Staff
Thu, 03-04-2014 05:40:00 PM ;

swami sandeepananda giri

 

തുഞ്ചൻ പറമ്പിൽ ആധ്യാത്മിക പ്രഭാഷണം നടത്തുകയായിരുന്ന സ്വാമി സന്ദീപാനന്ദഗിരിയെ ഒരു സംഘം ആൾക്കാർ വേദിയിലെത്തി ആക്രമിച്ചു പരിക്കേൽപ്പിച്ചു. തുടർന്ന് അഞ്ച് പേർ അറസ്റ്റിലായി. ആക്രമിക്കാൻ കാരണമായി അവർ പറഞ്ഞത് സ്വാമി തന്റെ പ്രഭാഷണങ്ങളിലൂടെ തങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ്. ആക്രമണം നടന്നത് വിഡ്ഢിദിനത്തിലായിരുന്നുവെന്നത് യാദൃശ്ചികം. കേരളവും ഭാരതവും എവിടെ നിൽക്കുന്നുവെന്ന് ആ ആക്രമണം നടന്ന വേദിയിലേക്ക് ഒന്നു നോക്കിയാൽ മതി. ആ വേദിയെ വേദിയാക്കിയ ഘടകങ്ങൾ പരിശോധിച്ചാൽ അത് കാണാം. സ്ഥലം തുഞ്ചൻ പറമ്പ്. പ്രഭാഷണം ഭഗവത് ഗീതയെക്കുറിച്ച്. പ്രഭാഷകൻ സന്യാസി. ആക്രമിച്ചവർ ഹിന്ദുമതത്തിന്റെ പേരിൽ പ്രവർത്തിക്കുന്നവർ. തുഞ്വത്തെഴുത്തച്ഛൻ രചിച്ച രാമായണം കാലാകാലങ്ങളായി പാരായണം ചെയ്യുപ്പെടുന്ന കേരളം. രാമായണമാസം ആചരിക്കുന്ന കേരളം. തത്വചിന്തയില്ലാത്ത മതാചാരം അന്ധവിശ്വാസത്തിലേക്കും മതാചാരമില്ലാത്ത തത്വചിന്ത നാസ്തിക്യത്തിലേക്കും സമൂഹത്തെ കൊണ്ടുപോകുമെന്ന് സ്വാമി വിവേകാനന്ദൻ പറയുകയുണ്ടായി. അദ്ദേഹം കേരളത്തിൽ വന്നപ്പോൾ ഇപ്പറഞ്ഞതിൽ ആദ്യത്തെ അവസ്ഥയിലായിരുന്നു കേരളം. അതു കണ്ടിട്ടാണ് അദ്ദേഹം കേരളം ഭ്രാന്താലയമെന്ന് പറഞ്ഞത്. ഇപ്പോൾ ആ അവസ്ഥയുടെ മൂർധന്യത്തിൽ രണ്ടാമത്തെ അവസ്ഥയും  രണ്ടവസ്ഥയുടെയും അവിഹിത ബാന്ധവത്തിലുണ്ടായ അനേക മറ്റവസ്ഥകളുടേയും സങ്കരാവസ്ഥയിലായിരിക്കുന്നു കേരളത്തിന്റെ പൊതു സാമൂഹ്യവ്യവസ്ഥ. ആ നിലയ്ക്ക് സ്വാമി സന്ദീപാനന്ദഗിരി ആക്രമിക്കപ്പെട്ട ദിനവും വേദിയും അന്വർഥമാകുന്നു.

 

അന്ധവിശ്വാസത്തിന്റേയും വികലമായ കാഴ്പപ്പാടുകളുടേയും പിടിയിലായിരുന്ന ഭഗവത് ഗീതയെ സാധാരണ മനുഷ്യന് അവന്റെ ദൈനംദിന ജീവതത്തിന് ഉതകുമാറ് ഉപയോഗിക്കാൻ പറ്റുന്ന വിധം വ്യാഖ്യനിച്ചതിനെ തുടർന്നാണ് സ്വാമി സന്ദീപാനന്ദഗിരി കേരളത്തിൽ ശ്രദ്ധേയമായത്. അദ്ദേഹത്തിന്റെ സ്വരം അന്ധവിശ്വാസങ്ങളിൽ സുഖം കണ്ട് സുഷുപ്തിയിൽ കഴിഞ്ഞവരേയും അതിന്റെ പേരിൽ സംഘാടക സ്ഥാപിത താൽപ്പര്യം നടത്തിയവരേയും ചൊടിപ്പിച്ചു. അതു സ്വാഭാവികം. കാരണം അന്ധവിശ്വാസത്തിന്റെ മരണമാണ് ഗീതയിലൂടെ ജനനം കൊള്ളുന്നത്. മരണഭയം ആരെയും അക്രമാസക്തരാക്കും. അതാണ് ആശയങ്ങളേയും വ്യാഖ്യാനങ്ങളേയും ആരോപണങ്ങളേയുമൊക്കെ കേട്ട് അക്ഷമരാവുകയും അക്രമത്തിലേക്കു തിരിയുകയും ചെയ്യുന്നവർ കാട്ടിക്കൂട്ടുന്നത്.

 

അത്തരക്കാരുടെ മുന്നിൽ മതം എന്ന ബിംബം മതതീവ്രവാദികൾ പ്രചരിപ്പിക്കുന്ന ബിംബകൽപ്പനയിലേക്ക് മാറുകയും അവരെ മാതൃകയാക്കുകയും ചെയ്യുന്നു എന്നുള്ളതാണ് കേരളത്തിൽ കണ്ടുവരുന്ന പ്രകടമായ മാറ്റം. അവിടെയാണ് മതവും വികാരവും കൂടിക്കലർന്ന് മതവികാരം ഉണ്ടാകുന്നത്. എല്ലാവിധ വികാരങ്ങളേയും ജയിച്ച് മനുഷ്യന്റെ യഥാർഥ അവസ്ഥ അറിയുവാനുള്ള വഴിയാണ് ഭാരത സംസ്കാരവും അതിന്റെ സത്തയായ ഗീതയും ഉദ്ഘോഷിക്കുന്നത്. അപ്പോൾ തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയതിന്റെ പേരിലാണ് തങ്ങൾ സ്വാമി സന്ദീപാനന്ദഗിരിയെ ആക്രമിച്ചതെന്ന് അറസ്റ്റിലായവർ പറഞ്ഞതെങ്കിൽ അജ്ഞതയുടെ കയത്തിന്റെ ഏതറ്റത്താണവർ എന്ന് ആലോചിച്ചുനോക്കേണ്ടതാണ്. അവരെ അവിടെ നിന്ന് കരകയറ്റേണ്ടതിനാണ് വേദങ്ങളും ഉപനിഷത്തുക്കളും ഗീതയുമെല്ലാം. അതിനാൽ എക്കാലത്തേക്കാളും ഈ ഗ്രന്ഥങ്ങളുടെ പൊരുൾ വെളിപ്പെടുത്തേണ്ട സാഹചര്യമാണ് ഇന്ന് പ്രത്യേകിച്ചും കേരളത്തിലുള്ളത്. കാരണം തത്വചിന്തയില്ലാത്ത മതാചാരവും മതാചാരമില്ലാത്ത തത്വചിന്തയും ഒന്നിച്ചു സമ്മേളിച്ചിരിക്കുന്ന അവസ്ഥ. ഈ അവസ്ഥയെക്കണ്ടാൽ സ്വാമി വിവേകാനന്ദൻ ഒന്നു പരുങ്ങിപ്പോകും. കാരണം ഭ്രാന്തിന്റെ അവസ്ഥയും കഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ മണ്ണുറച്ച് പാറയാകുന്നതുപോലെയുള്ള അവസ്ഥയാകാം വിഡ്ഢിത്തത്തിന്റേത്. ദുർബലരായ വിഡ്ഢികൾ അർഹിക്കുന്നത് ദയയാണ്. അതിനാൽ ദയാപൂർവ്വമായ സമീപനത്തോടെ സ്വാമി സന്ദീപാനന്ദഗിരി തന്റെ വ്യാഖ്യാനപാതയിലൂടെ നീങ്ങേണ്ടതിന്റെ അത്യാവശ്യം ഒന്നുകൂടി പ്രസക്തമാകുന്നു.

Tags: