ധാർമ്മികത അപ്രത്യക്ഷമായ തെരഞ്ഞെടുപ്പ് പ്രചാരണം

Glint Staff
Mon, 07-04-2014 12:41:00 PM ;

vs achuthanandan and oommen chandy

 

ഐക്യകേരളം രൂപം കൊണ്ടതിനു ശേഷം കേരളത്തിൽ നടക്കുന്ന ഏറ്റവും സവിശേഷമായ പൊതുതെരഞ്ഞെടുപ്പാണിത്. ഇക്കുറി കേരളത്തിലെ വോട്ടർമാർ നേരിടുന്ന മുഖ്യപ്രശ്നം ധാർമ്മികതയുടേതാണ്. പൊതുസമൂഹം ശരാശരി യുക്തിക്ക് നിരക്കുന്നത് എന്ന്‍ കരുതുന്ന കാര്യങ്ങളുമായി മുന്നണികൾ എങ്ങിനെ ചേർന്നു നിൽക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ധാർമ്മികതയെ ഇവിടെ അടയാളപ്പെടുത്തുന്നത്.

 

ഈ പൊതുസമൂഹ മനസ്സാക്ഷിയെ ഉണർത്തിയതിന്റെ പേരിലാണ് കഴിഞ്ഞ പതിനഞ്ച് വർഷമായി അതുവരെ സ്വരം പോലും അരോചകമായി അനുഭവപ്പെട്ടിരുന്ന വി.എസ് അച്യുതാനന്ദൻ കേരളത്തിന് പ്രിയപ്പെട്ടവനായത്. അദ്ദേഹത്തിന്റെ നീട്ടിയും കുറുക്കിയുമുള്ള സംഭാഷണവും അതനുസരിച്ചുള്ള മുഖഭാവങ്ങളും അതുവരെ സാധാരണക്കാരിൽ അരോചകത്വമായിരുന്നു സൃഷ്ടിച്ചിരുന്നതെങ്കിൽ പിന്നീടിങ്ങോട്ട് അതൊക്കെ ആസ്വാദ്യമായി മാറുകയായിരുന്നു. മിമിക്രിയിൽ പോലും ജനം അതിനെ ആസ്വദിച്ചു. കാരണം കേരളത്തിലെ ഏറ്റവും വലിയ സംഘടിത രാഷ്ട്രീയ കക്ഷിയായ സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക നേതൃത്വം അവഗണിക്കുന്നുവെന്നു തോന്നിയിരുന്ന പൊതുവിഷയങ്ങളെല്ലാം ഉയർത്തി നിലവിലുള്ള സർക്കാറുകളേയും സ്വന്തം പാർട്ടിയേയും പ്രതിക്കൂട്ടിലാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ഇരുമുന്നണികളിലും പ്രതീക്ഷ നശിച്ച പൊതുസമൂഹം വി.എസ്സിൽ പ്രതീക്ഷ അർപ്പിക്കുന്ന കാഴ്ച. വി.എസ് ഉയർത്തിയ വിഷയങ്ങളെല്ലാം ധാർമ്മികതയുമായി നേരിട്ട് ബന്ധമുള്ളതായിരുന്നു. സവിശേഷമായി പെൺവാണിഭ കേസുകളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍. തന്റെ പാർട്ടി നേതൃത്വത്തെപ്പോലും വെട്ടിലാക്കുന്ന വിധമായിരുന്നു അക്കാര്യങ്ങൾ അദ്ദേഹം ഉയർത്തി മാധ്യമങ്ങളിലൂടെ സജീവമാക്കി നിന്നത്. മാധ്യമങ്ങളുടെ പ്രേക്ഷക ലഭ്യതയ്ക്കും അത് പ്രയോജനമായി. പീഡനവാർത്തകൾ അങ്ങിനെ കേരളത്തിലെ അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ സ്ഥിരം വാർത്തപോലെ ആവുകയും ചെയ്തു.

 

ഇത്തരം വിഷയങ്ങളിലൂടെ നേടിയെടുത്ത ജനപ്രീതിയാണ് വി.എസ്സിലൂടെ കഴിഞ്ഞ രണ്ടു തവണയായി കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ മുന്നണിയുടെ നില നിശ്ചയിച്ചത്. ആ വിഷയങ്ങളൊക്കെ ഉയർത്തി താൻ നിലനിർത്തിപ്പോന്ന താരമൂല്യമാണ് ഇപ്പോൾ, അദ്ദേഹം ഇതുവരെ എടുത്തിരുന്ന നിലപാടുകൾക്ക് വിരുദ്ധമായി, തെരഞ്ഞെടുപ്പ് വിജയത്തിനായി മാറ്റപ്പെട്ടിരിക്കുന്നത്.

 

അതുപോലെ ഭരണമുന്നണിയുടെ കാര്യം. കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ ഇത്തരം ഒരു ഘട്ടത്തിൽ ഒരു സർക്കാർ നിലനിൽക്കുന്നത് പുത്തൻ കീഴ്വഴക്കമാണ്. ഒരു വർഷമായി എല്ലാവിധ ശരാശരി ധാർമ്മികതകളേയും വെല്ലുവിളിക്കുന്ന സംഗതികളാണ് സോളാർ തട്ടിപ്പു കേസ്സുകളിലൂടെയും സരിത നായരിലൂടെയും കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പലപ്പോഴും ഇരുമുന്നണികളും പൊതുസമൂഹത്തെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ ഒത്തുതീർപ്പിന്റെ പാതയിലൂടെ നീങ്ങുന്നതായി സംശയിക്കേണ്ടി വന്ന സന്ദർഭങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പൊതുസമൂഹത്തിന്റെ ശബ്ദവും പോരാളിയുമായി രംഗത്തുവന്നുകൊണ്ടിരുന്നത് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനായിരുന്നു. അദ്ദേഹവും കൂടി ഇപ്പോൾ പാര്‍ട്ടിയിലെ ഔദ്യോഗിക നേതൃത്വത്തിന്റെ മുന്നണിപ്പടയാളിയായി, താൻ പറയുന്നതും തന്നെയും അംഗീകരിച്ചു കൊള്ളണം എന്ന ധാർഷ്ട്യത്തോടെ രംഗപ്രവേശം ചെയ്തതോടെയാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽ നിന്ന് ധാർമ്മികത പൂർണ്ണമായും അപ്രത്യക്ഷമാകുന്നത്.

 

എല്ലാ വിഷയങ്ങളും, പെൺവാണിഭവും അഴിമതിയും മറ്റുള്ളവയും, തങ്ങളുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കു വേണ്ടി വിനിയോഗിക്കപ്പെടുന്നുവെന്നുള്ളത് ഈ വിഷയങ്ങൾ ഉയർത്തുന്ന സാമൂഹിക ഭീഷണിയേക്കാൾ വലുതാണ്. പെൺവാണിഭവും അഴിമതിയുമുൾപ്പടെയുള്ള കാര്യങ്ങളിലേക്ക് വ്യക്തികൾ നീങ്ങുന്നത് തങ്ങളുടെ സ്വഭാവവൈകല്യങ്ങൾ മൂലമാണെന്ന് വിശാലമായി പറയാം. എന്നാല്‍, കാര്യലാഭത്തിന് സ്ത്രീകളെ ഉപയോഗിക്കുന്ന നടപടിയേക്കാൾ ഹീനമാണ് അങ്ങനെയുള്ള സ്ത്രീവിഷയങ്ങളെ ഉയർത്തി പൊതുസമൂഹത്തെ ഉപയോഗിച്ചുകൊണ്ട് സ്വകാര്യമായ നേട്ടങ്ങൾക്ക് പ്രസ്ഥാനങ്ങളും പ്രസ്ഥാനസമമായ നേതാക്കളും ശ്രമിക്കുന്നത്. അതിന്റെ പരമകാഷ്ഠയിലെത്തി നിൽക്കുന്ന സന്ദർഭത്തിലാണ് 2014 പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

 

ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വേള ജനായാത്ത സമൂഹത്തെ സംബന്ധിച്ചിടത്തോളും ആര്‍ക്കു വോട്ടു ചെയ്യണം എന്ന ചോദ്യത്തില്‍ ഒതുങ്ങുന്നില്ല. സമൂഹം, അതിനെ ബാധിക്കുന്ന പ്രശ്നങ്ങളിലെ ധാർമ്മികതയേയും തദനുസൃതമായ പ്രായോഗികതയേയുമൊക്കെപ്പറ്റി ഗഹനമായി, കൂട്ടായി ചർച്ചയിലേർപ്പെടുന്ന സമയമാണത്. അവിടെയാണ് ധാർമ്മികത ഇത്രയും അപ്രത്യക്ഷമായ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിന് കേരളം സാക്ഷ്യം വഹിക്കുന്നത്. ധാർമികതയും കാപട്യവും കുറവ് എവിടെയെന്ന് നോക്കുക മാത്രമേ വോട്ടർമാരായ പൊതുസമൂഹത്തിന്റെ മുന്നിൽ അവശേഷിക്കുന്നുള്ളു. അതു കണ്ടെത്തുക പ്രയാസകരം തന്നെ. അധാർമ്മികതകളിലേർപ്പെടുകയും ധാർമ്മികതയെക്കുറിച്ച് സംസാരിക്കാതെയും ഇരിക്കുന്നവരാണോ ഭേദം അതോ അധാർമ്മികതകളിലേർപ്പെടുകയും അതേസമയം ധാർമ്മികതയെക്കുറിച്ച് നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്നവരുമാണോ ഭേദം എന്ന് കണ്ടെത്തലാണ് ശരാശരി വോട്ടർമാരുടെ മുന്നിലുള്ള ശ്രമകരമായ വെല്ലുവിളി.

Tags: