പിള്ളേരുകളി മാദ്ധ്യമപ്രവർത്തനവും പി.സി ജോർജും

Glint Staff
Sat, 12-04-2014 06:07:00 PM ;

 

ഏതു തൊഴിലും കളിയുടെ രസത്തോടെ ചെയ്യണം. കളിക്കുള്ള രസം പിള്ളേരും മുതിർന്നവരും അനുഭവിക്കുന്നത് ഒരുപോലെയാണ്. എന്നാൽ മുതിർന്നവർ പിള്ളേരു കളിക്കുന്ന കളി കളിക്കുന്നത് ഉചിതമല്ല. എന്തോ കുഴപ്പമുണ്ടങ്കിലേ അങ്ങിനെ സംഭവിക്കുകയുള്ളു. ഉദാഹരണത്തിന് പിള്ളേർ മണ്ണുകൊണ്ട് പുട്ട് (തൃശ്ശൂര്‍-പൂട്ട്‌, കോഴിക്കോട്-പിട്ട്) ഉണ്ടാക്കി കളിച്ചു രസിക്കാറുണ്ട്. അത് മുതിർന്നിട്ടും  ചെയ്താൽ! അത്തരത്തിൽ മുതിർന്നവർ ജോലി ചെയ്യുന്നതു കാണുമ്പോഴാണ് പിള്ളേരുകളി പരാമർശം ക്ഷണിച്ചുവരുത്തുന്നത്. അത്തരത്തിലുള്ള മാദ്ധ്യമപ്രവർത്തനമായിപ്പോയി 2014 പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് കേരളത്തിലെ മാധ്യമങ്ങൾ ചെയ്തത്.

 

കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിന്റെ പൊതു സാംസ്കാരിക മണ്ഡലം വളരെയധികം ആഘാതങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. അതിൽ വ്യക്തിപരമായി ചീഫ് വിപ്പ് പി.സി ജോർജ് വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ സ്വഭാവപരമായ സാംസ്കാരിക പോരായ്മകൾ  വാർത്തകളാകുന്ന അവസ്ഥ കേരളത്തിൽ സംജാതമായി. എന്തും ആരേക്കുറിച്ചും, കേട്ടാൽ അറപ്പുളവാക്കുന്ന ഭാഷയിൽ പറഞ്ഞിട്ട്, താൻ സത്യം പറയുന്നവനാണെന്ന് പ്രഖ്യാപിച്ച് അദ്ദേഹം മാദ്ധ്യമങ്ങളെ ഉപയോഗിച്ച് കേരളത്തിന്റെ അജണ്ടയെ തന്നെ നിയന്ത്രിക്കുന്ന നിലയിലെത്തി. മനുഷ്യൻ അടിസ്ഥാനമായി മൃഗവിഭാഗത്തിൽ പെട്ടവരാണ്. വിവേചനബുദ്ധി ഉണ്ട് എന്നതിന്റെ പേരിലാണ് മൃഗലോകത്തിൽ നിന്ന് മനുഷ്യൻ വ്യത്യസ്തനാകുന്നത്. വിവേചനം കുറയുന്നതനുസരിച്ച് നാം മൃഗസ്വഭാവപക്ഷത്തേക്ക് ചേർന്നുകൊണ്ടിരിക്കും. ആ അംശത്തെ സംസ്കരിച്ച് സ്ഫുടം ചെയ്തു വരുത്തുന്നതിനേയും വരുന്നതിനേയുമാണ് സംസ്കാരം എന്നു പറയുന്നത്. എന്തിനെയും സംസ്കരിക്കുമ്പോഴാണ് സത്ത ലഭ്യമാവുക. ആ സത്തയെ പ്രകടമാക്കുന്ന ഭാവങ്ങൾ ഒരു വ്യക്തി സ്വായത്തമാക്കുമ്പോഴാണ് ആ വ്യക്തിയുടെ സ്വ-ഭാവം സാംസ്കാരിക സ്പർശമുള്ളതായി മാറുന്നത്. ഈ മാനുഷിക അംശത്തിന് വിരുദ്ധമായ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അലർച്ചകളിലൂടെയുമാണ് ജോർജ് വാർത്ത  സൃഷ്ടിക്കുന്നത്. കൗതുകം ജനിപ്പിക്കുക, സന്തോഷിപ്പിക്കുക എന്നീ ഗുണങ്ങളുള്ളവയാണ് കൂടുതൽ പ്രേക്ഷകരെ സംഘടിപ്പിക്കുന്ന വാർത്തയെന്ന  കീഴ്വഴക്കം സ്ഥാപിതമായിക്കഴിഞ്ഞതിനാൽ സഭ്യമല്ലാത്തതെന്തും ആരു പറഞ്ഞാലും വാർത്തയാകുന്നു. തെരഞ്ഞെടുപ്പു വരെ കേരളത്തിൽ മാദ്ധ്യമങ്ങളിലൂടെ കോലാഹലം സൃഷ്ടിച്ചിരുന്ന ജോർജ് തെരഞ്ഞെടുപ്പു കാലത്ത് മുന്നണി തീരുമാനപ്രകാരം നിശ്ശബ്ദനായി. സ്വഭാവികമായും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഒഴിവായി.  പോളിംഗ് വരെ തെരഞ്ഞെടുപ്പ് വാർത്തകൾക്ക് നല്ല മാർക്കറ്റായിരുന്നു. പോളിംഗിന്റെ പിറ്റേന്ന് തന്നെ മാദ്ധ്യമങ്ങൾ ജോർജിനെ തേടിയെത്തി. ചാനലുകളുടെ പ്രതീക്ഷ തെറ്റിക്കാതെ  ജോർജ് പലിശ തീർത്ത് പറഞ്ഞു.

 

പോളിംഗിന്റെ പിറ്റേന്ന് അദ്ദേഹം ആക്രമിച്ചത് യു.ഡി.എഫ്  സ്ഥാനാർഥികളെ. പത്തനംതിട്ടയിലെ ആന്റോ ആന്റണി, വയനാട്ടെ എം.ഐ ഷാനവാസ്, മലപ്പുറത്തെ  ഇ. അഹമ്മദ്, തിരുവനന്തപുരത്തെ ശശി തരൂർ. താൻ ഇടതു ജനാധിപത്യ മുന്നണിക്ക് അനുകൂലമായി  വോട്ട് മറിച്ചുവെന്ന് ആരോപണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് അക്ഷരത്തെ ബഹുമാനിക്കുന്നവര്‍ക്ക് ഉദ്ധരിക്കാൻ പറ്റുന്നതല്ല. അതിനാൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇവിടെ കുറിക്കുന്നില്ല. എന്നും എവിടേയും തല്ലും കുത്തും കൊലയുമുണ്ടാക്കിയിട്ടുള്ള പരാമർശമാണത്. അതു കേൾക്കുന്ന ഉടന്‍ എതിരാളി ആക്രമണം നടത്തുകയാണെങ്കിൽ ആ ആക്രമണം പോലും ന്യായീകരിക്കപ്പെടുന്ന സാമൂഹ്യവ്യവസ്ഥയും എവിടെയും നിലനില്‍ക്കുന്നു. തെരുവുകളുടെ ഇരുണ്ട ഇടങ്ങളിൽ കേട്ടിരുന്ന ഈ പ്രയോഗങ്ങൾ മാദ്ധ്യമങ്ങളിലൂടെ വീടുകളിലെ സ്വീകരണമുറിയിൽ നമുക്ക് കേൾക്കേണ്ടി വരുന്നു. ഇതു കേൾക്കുന്ന അദ്ദേഹത്തിന്റെ അണികളുടെ  അവസ്ഥ ആലോചിച്ചുനോക്കാവുന്നതാണ്. കൊച്ചുകുട്ടികൾ കേട്ടാൽ അവരിലുണ്ടാവുന്ന സാംസ്കാരികമായ പിന്നോട്ടടി എത്ര വിനാശകരമായിരിക്കും. ചാനലുകൾ ഇത് ആവർത്തിച്ച് കാണിച്ച് ആഘോഷിക്കുന്നു. കൂടുതൽ പ്രേക്ഷകരെ ഉറപ്പാക്കി റേറ്റിംഗ് കൂട്ടാവുന്ന ഈ വാർത്ത സൃഷ്ടിക്കലിന് ഒന്നും ആവശ്യമില്ല. അജ്ഞതയും അതിനോടു ചേർന്നുനിൽക്കുന്ന അധമവികാരങ്ങളും മതി. സ്വയം കേമമാണെന്ന് ആവർത്തിക്കുകകൂടി ചെയ്യുമ്പോൾ പൂർത്തിയായി. കൂട്ടത്തിൽ അഡ്വ. ജയശങ്കറെ വിളിച്ച് പി.സി.ജോർജിന്റെ പ്രസക്തി ചോദിക്കുന്നു. അദ്ദേഹം വിളംബരം ചെയ്യുന്നു, തനിക്ക് ജോർജിനെ ഇഷ്ടമാണ്. കാരണം അദ്ദേഹം സത്യം പറയുന്നു. സത്യത്തിന് അങ്ങനെ പുതിയ മാനവും കൈവന്നു. ജയശങ്കർ അംഗീകരിച്ചു കഴിഞ്ഞാൽ പൊതു അംഗീകാരമായെന്ന് ജയശങ്കറും ചാനലുകാരും ഒരേപോലെ വിശ്വസിക്കുന്നു.

 

മാദ്ധ്യമപ്രവർത്തനം അൽപ്പം വൃത്തിയോടെ ചെയ്യണമെങ്കിൽ ഇത്തിരി പഠനവും ഇത്തിരി നിരീക്ഷണവും ഇത്തിരി കാഴ്ചപ്പാടും ആവശ്യമാണ്. അതുണ്ടെങ്കിൽ വൈകൃതങ്ങൾ വിളമ്പി  ഉണ്ടാക്കുന്ന വാർത്തകളേക്കാൾ പ്രേക്ഷകരെ ആകർഷിക്കുന്ന വാർത്തകളുണ്ടാക്കാം. പക്ഷേ, അതിന് അജ്ഞതയ്ക്ക് പകരം അറിവ് ആവശ്യമാണ്. എന്താണ് ചാനലുകള്‍ ജോർജിൽ കാണുന്ന ഗുണം? പൊതുസമൂഹത്തിൽ ഉപയോഗിക്കേണ്ട ചുരുങ്ങിയ മര്യാദ പോലും പാലിക്കാൻ അറിയാത്ത ജോർജിന്റെ വാക്കുകൾക്കും അദ്ദേഹത്തിന്റെ വിലയിരുത്തലുകൾക്കും കേരളീയ സമൂഹത്തിൽ എന്താണ് പ്രസക്തി? സ്വയം ബഹുമാനം മാദ്ധ്യമപ്രവർത്തകർക്ക് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഇവിടെയാണ് പ്രസക്തമാകുന്നത്. സംസ്കാരശൂന്യമായി സംസാരിക്കുന്ന വ്യക്തിയെ ലൈവായുള്ള ചർച്ചയിൽ പങ്കെടുപ്പിക്കാതിരിക്കാനുള്ള ഔചിത്യം മാദ്ധ്യമങ്ങൾ കാണിക്കേണ്ടതാണ്. ഈ പ്രസ്താവന വന്നതോടെ യൂത്ത് കോണ്‍ഗ്രസ്സുകാർ അദ്ദേഹത്തെ പിക്കറ്റ് ചെയ്തതോടുകൂടി വീണ്ടും ജോർജ് വാർത്താകേന്ദ്രമായി.

 

ഇവിടെ ജോർജിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, അദ്ദേഹത്തിന്റെ സ്വ-ഭാവം അതാണ്. ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം ഏതാനും നാൾ മുൻപ് അഭിമാനത്തോടെ പറയുകയുണ്ടായി, മുൻപ് പൂഞ്ഞാർ റേഞ്ചിലെ അബ്കാരി ലേലം കൊണ്ടിരുന്നത് തന്റെ പിതാവായിരുന്നുവെന്ന്. അതിൽ അഭിമാനം കൊള്ളുന്ന രാഷ്ട്രീയപ്രവർത്തകന്റെ കാഴ്ചപ്പാടും സമീപനങ്ങളും വാക്കും പ്രവൃത്തിയും ഊഹിക്കാവുന്നതേ ഉള്ളു. അദ്ദേഹം അദ്ദേഹത്തിനറിയാവുന്ന രീതിയിൽ സംസാരിക്കുന്നു, പ്രവർത്തിക്കുന്നു. അതിൽ വാർത്ത കാണുകയും പിന്നീട് അതിന്റെ പേരിൽ ഗൗരവമായ ചർച്ച നടത്തുകയും ചെയ്യുന്ന മാദ്ധ്യമസംസ്കാരം അപകടം നിറഞ്ഞതാണ്. ജോർജിനെ വച്ചുകൊണ്ടുള്ള വാർത്തസൃഷ്ടിക്കൽ കേരളത്തിലെ സാംസ്കാരിക അസ്വസ്ഥതയായി മാറിയിരിക്കുന്നു. ഈ മാദ്ധ്യമപ്രവർത്തനം പിള്ളേരുകളിയെയാണ് ഓർമ്മിപ്പിക്കുന്നത്.

Tags: