ലോകസമാധാനത്തെ അവതാളത്തിലാക്കിയ മൂവർസംഘയാത്ര

Glint Staff
Thu, 31-07-2014 02:50:00 PM ;

lal jose and team in bangalore

 

ലോകം ചുറ്റിക്കറങ്ങിക്കാണുക ഇന്നത്തെ ലോകത്ത് വലിയ കാര്യമല്ല. കാരണം മനസ്സും ധനവും ഉണ്ടായാൽ മതി. അതിനപ്പുറം വലിയ വെല്ലുവിളികളൊന്നുമില്ല. തൃപ്പൂണിത്തുറ സ്വദേശിയായ ചെറുപ്പക്കാരനായ നാവികൻ അഭിലാഷ് ടോമി ഒറ്റയ്ക്ക് കടലിലൂടെ 151 ദിവസം കൊണ്ട് ഭൂമിയെ ചുറ്റിയത് അത്യാവശ്യം വെല്ലുവിളിയെ നേരിട്ടുതന്നെയാണ്. പക്ഷേ, ആ വെല്ലുവിളിയും അത്ര വലിയ വെല്ലുവിളിയാണെന്ന് അഭിലാഷിന്റെ സംഭാഷണം കേട്ടാൽ തോന്നില്ല. അതുകൊണ്ടു തന്നെയാവണം മുപ്പത്തിമൂന്നാം വയസ്സിൽ അഭിലാഷിന് ആ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞത്. ലോകം ചുറ്റലും ഭൂമി ചുറ്റലും ഒന്നും അത്ര വലിയ കാര്യമല്ല. എന്നാൽ ഒന്നിച്ച് രണ്ടോ മൂന്നോ പേർ കുറച്ചുദിവസത്തേക്ക് യാത്ര ചെയ്യുക എന്നുവെച്ചാൽ അത് വെല്ലുവിളി തന്നെയാണ്. അതിന്റെ ഉദാഹരണമാണ് ചലച്ചിത്ര സംവിധായകൻ ലാൽജോസ്, സുരേഷ് ജോസഫ്, ബൈജൂ എൻ. നായർ എന്നിവർ വാഹനത്തിൽ ലോകം ചുറ്റാനിറങ്ങിയത്. ഈ മൂന്ന് പേർ പക്ഷേ കിഴക്കന്‍ യൂറോപ്പില്‍ എത്തിയപ്പോള്‍ ഒന്നിച്ചുള്ള യാത്ര അവസാനിച്ചു. ബൈജു എൻ. നായർ കൂട്ടം തെറ്റി. അദ്ദേഹം അവിടുന്നങ്ങോട്ട് ഒറ്റയ്ക്കായി യാത്ര. യാത്രാത്തലവൻ സുരേഷ് ജോസഫുമായുള്ള അഭിപ്രായവ്യത്യാസം കാരണമാണത്രെ ബൈജൂ ഒന്നിച്ചുള്ള യാത്ര അവസാനിപ്പിച്ചത്. ഐ.ആർ.എസ് ഉദ്യോഗസ്ഥനായിരുന്ന സുരേഷ് ഐ.ആർ.എസ് ഓഫീസറെപ്പോലെ യാത്രയ്ക്കിടയിൽ പെരുമാറുന്നു എന്നതിനാലാണ് സംഘം വിടാൻ കാരണമായതെന്നും ബൈജു വ്യക്തമാക്കിയിരിക്കുന്നു.

 

ഇതൊരു മുന്നറിയിപ്പാണ്. യാത്രാവിവരണം ആവോളം മനുഷ്യൻ വായിച്ചുകഴിഞ്ഞു. ഇപ്പോൾ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ഒരു പ്രത്യേക ടെലിവിഷന്‍ ചാനൽ തന്നെ യാത്രാവിവരണത്തിനായി മലയാളത്തിലുണ്ട്. അതുപോലെ എല്ലാ ചാനലുകളിലും ചെറുതും വലുതുമായ യാത്രാധിഷ്ഠിത പരിപാടികളും ഉണ്ട്. എല്ലാത്തിലും കാഴ്ചകൾക്കാണ് പ്രാധാന്യം. കാരണം യാത്രികര്‍ ക്യാമറയിലൂടെയാണ് രാജ്യങ്ങളേയും മനുഷ്യരേയും കാണുന്നത്. എല്ലാ യാത്രാവിവരണങ്ങളുടേയും മൂല്യം വർധിപ്പിക്കുന്നത് യാത്രയ്ക്കിടയിൽ ഉണ്ടായ അപ്രതീക്ഷിത വെല്ലുവിളികളെ അതിജീവിച്ചതിന്റെ കഥയാണ്. എന്നാൽ ഈ മൂവർസംഘം വെല്ലുവിളിയെ നേരിടുന്നതിൽ പരാജയപ്പെട്ടു. ഈ പരാജയത്തിന് ആധാരമായ കാരണം അല്ലെങ്കിൽ അവർ നേരിട്ട ബർമുഡാ ട്രയാങ്കിൾ എന്താണ്? അതിന്റെ രൂപഭാവങ്ങൾ എന്ത്? എന്താണ് സംഘയാത്രയെ തകർത്തെറിഞ്ഞ ഘടകം? ഇത് യാത്ര മൂലമുണ്ടായതാണോ? യാത്രയിൽ മാത്രം പ്രകടമാകുന്ന വെല്ലുവിളിയാണോ? എന്തുകൊണ്ട് യാത്രയ്ക്ക് മുൻപ് ഈ ബർമുഡാ ട്രയാങ്കിളിന്റെ സാധ്യതയെക്കുറിച്ച് അറിവുണ്ടായില്ല, എല്ലാവരും അവരുടേതായ മേഖലകളിൽ വളരെയധികം പരിചയമുള്ളവരായിട്ടും. നാല് ദശാബ്ദത്തിലേറെ ജീവിതാനുഭവമുണ്ടായിട്ടും. ഇന്ന് ലോകം നേരിടുന്ന ഏറ്റുവും വലിയ വെല്ലുവിളി ഇതല്ലേ. ലോകം എന്നു പറയുന്നത് ഭൂമിയും അതിലെ രാജ്യങ്ങളുമല്ല. ലോകം ഓരോ മനുഷ്യന്റേയും അനുഭവതലങ്ങളാണ്. വീട് ഒരു ലോകം, ഓഫീസ് മറ്റൊന്ന്, പൊതുസ്ഥലങ്ങൾ ഇനിയൊന്ന് അങ്ങിനെ പോകുന്നു ഒരു വ്യക്തിയുടെ ലോകങ്ങൾ. അവിടെയെല്ലാം തന്റെ ലോകം ചേരുന്നു. ചിലയിടങ്ങളിൽ പെട്ടന്നു ചേരുന്നു. ചിലയിടങ്ങളിൽ ചേരുന്നില്ല, മറ്റു ചിലയിടങ്ങളിൽ ചേർന്നിട്ട് ഭിന്നിക്കുന്നു. അങ്ങനെ സംഘം അസംഖ്യമാകുന്നു. ആ ലോകത്തിലൂടെയുള്ള യാത്രയാണ് യഥാർഥ യാത്ര. ആ യാത്രയിലെ വിവരണമാണ് യഥാർഥ യാത്രാവിവരണമെന്നു പറയുന്നത്. അവിടെ ഓരോ ലോകവും വ്യത്യസ്തമാകുന്നു. ആ വ്യത്യസ്തതയാണ് ലോകത്തിന്റെ സൗന്ദര്യം. ആ സൗന്ദര്യമാണ് ലോകത്തിന്റെ മുരടിപ്പും മുഷിപ്പും ഇല്ലാതാക്കുന്നത്. അത് കാണാനും കാണിക്കാനുമുള്ള വ്യഗ്രതയാണ് ഏത് യാത്രികനേയും യാത്രയ്ക്ക് പ്രേരിപ്പിക്കുന്നത്.

 

ഇരുപത്തിയേഴ് രാഷ്ട്രങ്ങൾ സന്ദർശിക്കാനായിരുന്നു മൂവർസംഘത്തിന്റെ തീരുമാനം. ലോകസമാധാനം, ഇന്ത്യൻസിനിമയുടെ നൂറ് വർഷങ്ങൾ, കേരളാ ടൂറിസം എന്നിവയായിരുന്നു ഈ സംഘത്തിന്റെ യാത്രാസന്ദേശസംഗ്രഹം.  ഈ മൂന്നുപേർക്കും പരസ്പരം മൂന്നു ലോകങ്ങളുടെ പ്രത്യേകത കാണാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അതിന്റെ സൗന്ദര്യവും. അതുകൊണ്ടുതന്നെ സമാധാനവും. ലോകസമാധാനത്തിനായി ഇറങ്ങിത്തിരിച്ചവർക്ക് പാതിവഴിപോലും ഒന്നിച്ച് യാത്ര ചെയ്യാൻ കഴിഞ്ഞില്ലെന്നുവെച്ചാൽ! ലോകസമാധാനത്തിന്റെ കാര്യം പോകട്ടെ, ഫേസ്ബുക്ക് സമാധാനം പോലും അവർക്ക് ഉറപ്പാക്കാനായില്ല. ഓരോരുത്തരും അവരവരുടെ ലോകത്തിലേക്ക് മറ്റുള്ളവരെ കൊണ്ടുവരാൻ ശ്രമം നടത്തിയിട്ടുണ്ടാവും. അതാണ് ശരിയെന്ന ധാരണയിൽ. ഇതാണ് ശരി-മൗലികവാദത്തിന്റെ വിപത്ത്. ലോകത്ത് നടക്കുന്ന യുദ്ധങ്ങളുടേയും എല്ലാ സംഘട്ടനങ്ങളുടേയും തീവ്രവാദ പ്രവർത്തനങ്ങളുടേയും അടിസ്ഥാന കാരണം ഇതു തന്നെയാണ്. തോത് കൂടിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം. സ്വന്തം ലോകത്തിലേക്ക് യാത്ര ചെയ്ത്, അവിടുത്തെ കാഴ്ചകൾ കണ്ട്, അതാസ്വദിക്കുന്നവർക്കുമാത്രമേ മറ്റുള്ള ലോകങ്ങളിലേക്ക് നോക്കാൻ കഴിയുകയുള്ളു. അപ്പോഴാണ് തന്റെ ലോകം കണ്ടതിന്റെ അറിവിലും ഔത്സുക്യത്തിലും മറ്റൊരാളുടെ ലോകത്തേയും കാണാനും ആസ്വദിക്കാനും കഴിയൂ. ലോകസമാധാനമുണ്ടാക്കാനുള്ള എളുപ്പവഴിയും ഏകവഴിയും അതുമാത്രമാണ്. ഈ മൂന്നുപേരും അത് മലയാളിയെ ഓർമ്മിപ്പിക്കുന്നു. അതിനാൽ അവരോട് നാം കടപ്പെട്ടിരിക്കുന്നു. യാത്ര തീരും മുൻപേ ഇവർ രചിക്കാത്ത യാത്രാവിവരണം വായിച്ചാലും തീരാത്ത അധ്യായങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, പ്രശസ്തി, ധനം, സ്ഥാനം ഇവയൊന്നും ഒരു മനുഷ്യനെ ശരാശരിയിൽ നിന്ന് ഉയർത്താൻ പോന്നതല്ല. അതിനാൽ ആദ്യ അധ്യായം മനസ്സിലാക്കേണ്ടത് ശരാശരിക്കാരായ മൂന്നു പേർ ഒരുദ്യമത്തിനും ഒന്നിച്ചിറങ്ങരുത്. ശരാശരിയല്ലെങ്കിൽ പഴമൊഴിക്ക് സ്ഥാനമില്ല. പഴമൊഴികൾ ശരാശരിയെ ഉദ്ദേശിച്ചുള്ളതാണ്. ശരാശരിയല്ലെങ്കിൽ ഒറ്റയ്ക്ക് പോയാലും സംഘമായിപ്പോയാലും വിജയം തന്നെയായിരിക്കും. കാരണം വിജയത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. അതാണ് അയാളെ ശരാശരിക്ക് പുറത്തുകൊണ്ടുവരുന്നത്.

 

ഈ മൂന്നുപേരും വിചാരണ ചെയ്യപ്പെടാനോ വിമർശിക്കപ്പെടാനോ പാടുള്ളവരല്ല. കാരണം അവർ അന്യരല്ല. മുഖ്യധാരയിൽ നിൽക്കുന്ന, എത്ര ഉന്നത പദവി അലങ്കരിക്കുന്ന വ്യക്തിയാണെങ്കിലും അവർ ഈ മൂവരിൽ നിന്നും ഭിന്നരല്ല. ഈ മൂവർ ഓരോ മലയാളിയോടും ആവശ്യപ്പെടുന്നു, യാത്രയ്ക്ക് പുറപ്പെടാൻ. അതിന് ധനവും വാഹനവും പാസ്‌പോർട്ടും വിസയുമൊന്നുമാവശ്യമില്ല. ആ യാത്രയ്ക്കുള്ള വിസിലടിയാണ് നമ്മുടെ മൂന്നു പ്രിയപ്പെട്ടവർ അടിച്ചിരിക്കുന്നത്.

Tags: