നവ ഉദാര സാമ്പത്തിക നയ വക്താക്കളും മോദിയും

Glint Staff
Sun, 17-08-2014 03:11:00 PM ;

 

ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പൊടിപടലങ്ങള്‍ അടങ്ങുകയാണ്. പതിവില്‍ നിന്ന്‍ വ്യത്യസ്തമായി എഴുതി തയ്യാറാക്കാതെ നടത്തിയ പ്രസംഗം രാഷ്ട്രീയ ആശയവിനിമയത്തില്‍ പുതിയ ശൈലി സൃഷ്ടിച്ചിരിക്കുന്നു എന്നത് പ്രധാനം തന്നെ. അതിലുപരി ഈ പ്രസംഗത്തിന്റെ ഉള്ളടക്കത്തില്‍ മോദി ഊന്നല്‍ നല്‍കിയ പ്രധാന വിഷയങ്ങള്‍ സര്‍ക്കാറിന്റെ മുന്‍ഗണനകള്‍ വ്യക്തമാക്കുന്നു. ഈ മുന്‍ഗണനകള്‍ ആദ്യമായല്ല മോദി അവതരിപ്പിക്കുന്നത്. എന്നാല്‍, അധികാരമേറ്റ് മൂന്ന്‍ മാസം തികയുന്നതിന് മുന്‍പേ തന്നെ ഈ സര്‍ക്കാറിന് നേരെ ഉയരുന്ന ചില വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പ്രസംഗം ശ്രദ്ധേയമാണ്. നവ ഉദാര സാമ്പത്തിക നയത്തിന്റെ വക്താക്കളും മോദി സര്‍ക്കാറും തമ്മില്‍ രൂപപ്പെടുന്ന സൂക്ഷ്മമായ അഭിപ്രായ വ്യത്യാസങ്ങളാണ് ഈ പ്രസംഗം വെളിപ്പെടുത്തുന്നത്.      

 

പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വിമര്‍ശനങ്ങളേക്കാളേറെ, സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടുന്ന ചില വിമര്‍ശനങ്ങളാണ് സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി അന്തരീക്ഷത്തില്‍ ഉയര്‍ന്നത്. നവ ഉദാര സാമ്പത്തിക നയങ്ങളുടെ വക്താക്കളില്‍ നിന്നുള്ള ഈ വിമര്‍ശനങ്ങള്‍ പ്രധാനമായും തങ്ങള്‍ പ്രതീക്ഷിച്ച രീതിയിലും വേഗത്തിലും സാമ്പത്തിക പരിഷ്കരണ നടപടികള്‍ നടക്കുന്നില്ല എന്ന പരിഭവ രൂപത്തില്‍ ഉള്ളതായിരുന്നു. ന്യൂയോര്‍ക്ക് ടൈംസ്, വാര്‍ത്താ ഏജന്‍സിയായ റൂയിട്ടേഴ്സ് തുടങ്ങിയ സ്വാധീനമുള്ള പാശ്ചാത്യ മാദ്ധ്യമങ്ങളിലാണ് ഈ വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെട്ടത് എന്നതും നിര്‍ണ്ണായകമാണ്. മാറ്റത്തിന്റെ പ്രതീക്ഷകള്‍ മങ്ങുന്നു, നിരാശാജനകം തുടങ്ങിയ തലവാചകങ്ങള്‍ തന്നെ ഈ വിമര്‍ശനങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്നു. ചില കാര്യങ്ങളില്‍ മോദി ഒരു വട്ടപ്പൂജ്യമാണ് എന്നുവരെ ന്യൂയോര്‍ക്ക് ടൈംസ് ലേഖനം പറഞ്ഞുവെച്ചു.   

 

കഴിഞ്ഞ സര്‍ക്കാറില്‍ നിന്നും സാരമായ മാറ്റങ്ങള്‍ സാമ്പത്തിക രംഗത്ത് കൊണ്ടുവരുന്നില്ല എന്നതാണ് പരാതിയുടെ കാതല്‍. എന്നാല്‍, കുറച്ച് സൂക്ഷ്മമായി നോക്കിയാല്‍ പരാതിയുടെ കഴമ്പ് ഇതല്ലെന്ന് കാണാം. നവ ഉദാര നയങ്ങളെ പിന്തുടര്‍ന്ന്‍ റെയില്‍വേ, പ്രതിരോധം, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ പ്രത്യക്ഷ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഇതിനകം തന്നെ കൈക്കൊണ്ടിട്ടുണ്ട്. അതേസമയം, സാമ്പത്തിക പരിഷ്കരണ നടപടികളും സാമൂഹ്യക്ഷേമ നടപടികളും സന്തുലിതമായി സ്വീകരിക്കുന്ന സമീപനമായിരിക്കും സര്‍ക്കാറിന്റേത് എന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. സര്‍ക്കാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ യഥാര്‍ത്ഥ ഉന്നം സാമൂഹ്യക്ഷേമ നടപടികള്‍ക്ക് നല്‍കുന്ന ഈ തുല്യ പരിണനയാണ്. സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയില്‍ സാദ്ധ്യമാക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചാല്‍ മതിയെന്നും അതിലൂടെ സാമൂഹ്യക്ഷേമ നടപടികള്‍ക്കുള്ള ധനം സ്വാഭാവികമായി കണ്ടെത്താന്‍ കഴിയും എന്നാണ് പൊതുവെ നവ ഉദാര നയ വക്താക്കള്‍ വാദിക്കുന്നത്. മാത്രവുമല്ല, ഇത്തരം മേഖലകളില്‍ സര്‍ക്കാറിന്റെ ഇടപെടലുകള്‍ പരിമിതമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

 

സാമ്പത്തിക പരിഷ്കരണ നടപടികളും സാമൂഹ്യക്ഷേമ നടപടികളും തമ്മിലുള്ള സന്തുലനം കണ്ടെത്തുന്നതില്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ പരാജയമായിരുന്നു എന്നത് വസ്തുതയാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന്റെ മൂലകാരണവും മറ്റൊന്നല്ല. എന്നാല്‍, ഈ രണ്ട് നടപടികളും തമ്മിലുള്ള സന്തുലനമാണ് ഇന്ത്യയ്ക്കാവശ്യം എന്ന സുപ്രധാനമായ തിരിച്ചറിവ് മോദി പുലര്‍ത്തുന്നുണ്ട് എന്ന് കാണാം. യു.പി.എ സര്‍ക്കാറുമായുള്ള മോദിയുടെ തുടര്‍ച്ച ഇവിടെയാണ്‌. അത് തന്നെയാണ് നവ ഉദാര നയ വക്താക്കളുടെ വിമര്‍ശനത്തിന്റെ കാരണവും. ലോക വ്യാപാര സംഘടനയുടെ വ്യാപാര പരിഷ്കരണ കരാര്‍ വീറ്റോ ചെയ്യാനുള്ള തീരുമാനം ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച ആഭ്യന്തരമായും വിദേശനയത്തിലും ഒരുപോലെ ഏറ്റവും പ്രധാനമായ തീരുമാനമായിരുന്നു ഇത്. ലോകവ്യാപകമായി ഇറക്കുമതി ചട്ടങ്ങളില്‍ ഇളവ് വരുത്തുന്ന ഈ കരാറില്‍ ഭക്ഷ്യ സബ്സിഡികള്‍ക്കും ഭക്ഷ്യ സംഭരണത്തിനും വരുന്ന നിയന്ത്രണങ്ങളാണ് കരാറിനെ എതിര്‍ക്കാന്‍ മോദി സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് ഈ നിബന്ധന. കടുത്ത വിലപേശലുകള്‍ക്ക് ശേഷം അടുത്ത നാല് വര്‍ഷത്തേക്ക് ഈ നിബന്ധനകള്‍ നടപ്പില്ലാക്കില്ലെന്ന ഉറപ്പിനെ തുടര്‍ന്ന്‍ കരാര്‍ ഒപ്പിടാമെന്ന് കഴിഞ്ഞ ഡിസംബറില്‍ യു.പി.എ സര്‍ക്കാര്‍ സമ്മതിച്ചതായിരുന്നു. എന്നാല്‍, ഭക്ഷ്യസുരക്ഷ സംബന്ധിച്ച പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ കരാറില്‍ ഒപ്പിടില്ലെന്ന കര്‍ശന നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. നവ ഉദാര സാമ്പത്തിക നയവാദങ്ങളോടല്ല, ക്ഷേമരാഷ്ട്ര സങ്കല്‍പ്പങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു തീരുമാനമാണിത്. സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തിലും സാമ്പത്തിക ദാരിദ്ര്യം എന്ന ഇന്ത്യയുടെ അടിസ്ഥാന പ്രശ്നത്തെയാണ് മോദി പ്രധാനമായും അഭിസംബോധന ചെയ്തത്. പ്രസംഗത്തില്‍ മോദി പ്രഖ്യാപിച്ച മൂന്ന്‍ പദ്ധതികളും ദരിദ്ര വിഭാഗങ്ങളെ ലക്ഷ്യമിടുന്നതാണ്. ദരിദ്ര വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ബാങ്ക് അക്കൌണ്ടും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്ന പ്രധാനമന്ത്രി ജന ധന യോജന, മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന 2019-നകം രാജ്യത്തെ എല്ലാ വീടുകളിലും കക്കൂസ് സൗകര്യം ഉറപ്പ് വരുത്താന്‍ ലക്ഷ്യമിടുന്ന സ്വച്ഛ ഭാരതം എന്ന പരിപാടിയും 2016-നകം ഓരോ എം.പിയും മണ്ഡലത്തിലെ ഓരോ ഗ്രാമത്തെ മാതൃകാഗ്രാമമാക്കി വികസിപ്പിക്കുന്ന സംസദ് ആദര്‍ശ ഗ്രാമ യോജനയുമാണ് ഈ പദ്ധതികള്‍.

 

ആഭ്യന്തര നയത്തേയും വിദേശ നയത്തെയും വിളക്കിച്ചേര്‍ത്ത് കൊണ്ടുള്ള ഒരു നയരൂപീകരണത്തിനുള്ള മോദിയുടെ ശ്രമം സ്വാതന്ത്ര്യദിന പ്രസംഗത്തിലും വ്യക്തമായിരുന്നു. ഭൂട്ടാനിലും നേപ്പാളിലും ഈയിടെ നടത്തിയ സന്ദര്‍ശനങ്ങള്‍ പരാമര്‍ശിച്ച മോദി ഈ രാജ്യങ്ങളിലെ ദാരിദ്ര്യ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായവും പ്രഖ്യാപിച്ചു. സബ് സഹാറന്‍ ആഫ്രിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും ദരിദ്ര ജനസംഖ്യയുള്ള ദക്ഷിണേഷ്യയിലെ തന്റെ വിദേശനയത്തിന്റെ മുന്‍ഗണനയായി ദാരിദ്ര്യ ലഘൂകരണത്തെ മാറ്റാന്‍ മോദിയ്ക്ക് കഴിഞ്ഞാല്‍ അത് ചരിത്രപ്രധാനമായ സാമൂഹ്യമാറ്റങ്ങള്‍ക്ക് തന്നെ വഴിതെളിച്ചേക്കാം. എന്നാല്‍, മോദിയുടെ വിദേശനയ മുന്‍ഗണനകള്‍ യു.എസ് നേതൃത്വത്തിലുള്ള പാശ്ചാത്യ ചേരിയ്ക്ക് അഭിമതമാകുന്ന തരത്തിലുള്ളതല്ല. ലോകവ്യാപാര സംഘടനയിലെ വീറ്റോയ്ക്ക് പുറമെ, ബ്രിക്സ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലെ മോദിയുടെ സക്രിയ സാന്നിദ്ധ്യവും യുക്രൈന്‍ വിഷയത്തില്‍ റഷ്യയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ ശ്രമത്തില്‍ ചേരാതിരുന്നതും ഏതെങ്കിലും ചേരിയില്‍ ചേരാതെ സ്വതന്ത്രമായ വിദേശനയവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാറിന് കഴിയും എന്നതിന്റെ ആദ്യ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. ചൈനയുമായും സഹകരണാത്മകമായ ബന്ധങ്ങളുടെ സൂചനകളാണ് മോദി നല്‍കുന്നത്. സാമ്പത്തിക നയങ്ങളുടെ പേരില്‍ പാശ്ചാത്യ മാദ്ധ്യമങ്ങള്‍ പ്രത്യേകിച്ചും മോദിയെ വിമര്‍ശിക്കുന്നതിന് പിന്നില്‍ ഈ വിദേശനയത്തിലെ അതൃപ്തി കൂടി പ്രതിഫലിക്കുന്നുണ്ട്. ചുരുക്കത്തില്‍ നവ ഉദാര സാമ്പത്തിക നയ വക്താക്കളും പാശ്ചാത്യ ചേരിയും മോദിയില്‍ അതൃപ്തരായി തുടങ്ങിയിരിക്കുന്നു എന്ന്‍ വ്യക്തം. രാജ്യത്തെ അഭിപ്രായ രൂപീകരണത്തില്‍ ഈ വിഭാഗങ്ങള്‍ക്കുള്ള സ്വാധീനം ഏറ്റവും നന്നായി അറിയുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവരുടെ നിര്‍ലോഭമായ പിന്തുണ ലഭിച്ചിരുന്ന മോദിയ്ക്ക് തന്നെയാണ്. മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശം എഴുതിതയ്യാറാക്കിയ പ്രസംഗത്തിന്റേയും ബുള്ളറ്റ് പ്രൂഫ്‌ കവചത്തിന്റേയും തടസങ്ങള്‍ ഒഴിവാക്കി ജനങ്ങളുമായി നേരിട്ടുള്ള രാഷ്ട്രീയ ആശയവിനിമയമായി മാറിയതും അതുകൊണ്ട്‌ തന്നെ.          

Tags: