ഓൺലൈൻ അങ്ങാടികളുടെ പരസ്യങ്ങളിലെ ചുവരെഴുത്ത്

Glint Staff
Tue, 30-09-2014 04:48:00 PM ;

 

സ്മാർട്ട്‌ഫോൺ വിപ്ലവത്തിന്റെ പുതിയ അധ്യായം തുടങ്ങിക്കഴിഞ്ഞു. ഫോർജിയുടെ വരവോടുകൂടി അത് ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധമുള്ള പുതിയ മറ്റൊരു അധ്യായത്തിനും തുടക്കമിടും. കാലം മാറുന്നതിന്റെ പ്രകടമായ നാഴികക്കല്ലുകൾ വന്നുതുടങ്ങി. ഓൺലൈൻ അങ്ങാടിക്കാരായ ആമസോണും ഫ്ലിപ്കാർട്ടുകാരും ചെന്നെയ്ക്കടുത്ത് ശ്രീപെരുംപുത്തൂരിൽ അഞ്ചുലക്ഷം ചതുരശ്ര അടി വീതം വിസ്തീർണ്ണമുള്ള ഗോഡൗൺ തുറക്കാൻ പോകുന്നു. ആ വാർത്തയുടെ തുടര്‍ച്ചയായി ഫ്ലിപ്കാര്‍ട്ട് ഏറ്റെടുത്ത മൈന്ത്രയും മുന്‍നിര ഓൺലൈൻ അങ്ങാടികളില്‍ പെടുന്ന സ്നാപ്പ്ഡീലും പത്രങ്ങളില്‍ രാജ്യവ്യാപകമായി ജാക്കറ്റ് പരസ്യങ്ങൾ അഥവാ ഒന്നാംപേജിന്റെ കുപ്പായപ്പേജ് പരസ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അതായത് ഓൺലൈൻ അങ്ങാടിക്കാർ മൊത്തമായും ചില്ലറയായും വ്യാപാരം നടത്തുന്നതിനുള്ള തുറന്ന പോരാട്ടത്തിന്റെ വീറിൽ. രണ്ടായിരത്തിന്റെ തുടക്കത്തിൽ ഉണ്ടായ ഓൺലൈൻ ചാകരക്കുമിള പൊട്ടിത്തകർന്നതുപോലെയല്ല ഓൺലൈൻ അങ്ങാടിക്കാരുടെ സാന്നിദ്ധ്യവും മത്സരക്കച്ചവടവും. ഇതിനകം തന്നെ ഓൺലൈനിലൂടെ കച്ചവടം നടത്തി അടിത്തറയും ലാഭവും ഉണ്ടാക്കിയതിനു ശേഷമാണ് അവർ വിപുലീകരണത്തിലേക്കും മത്സരത്തിലേക്കും പ്രവേശിച്ചിരിക്കുന്നത്. മൈന്ത്രയെ ഫ്ലിപ്കാർട്ട് ഏറ്റെടുത്തത് തന്നെ ഓൺലൈൻ അങ്ങാടിയുടെ ഞൊടിയിടയിലുള്ള വൻവളർച്ച സൂചിപ്പിക്കുന്നതാണ്. ഇപ്പോൾ മൈന്ത്രയിൽ വൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും അതുപോലുള്ളവയ്ക്കും അമ്പതു ശതമാനം കിഴിവ് പ്രഖ്യാപിച്ചുകൊണ്ട് ജാക്കറ്റ് പരസ്യം. ദീപാവലി ആഘോഷത്തിന്റെ മുന്നോടിയായിട്ടാണ് ഈ കിഴിവ് പ്രഖ്യാപനപ്പരസ്യം.

 

ഈ പരസ്യങ്ങളെ വെറും പരസ്യങ്ങളായി കാണുമ്പോൾ അതു നാഴികക്കല്ലുകളാവുന്നില്ല. എന്നാല്‍, സ്മാർട്ട്‌ഫോൺ രംഗം വരുത്താൻപോകുന്ന വിസ്മയകരമായ അവസരങ്ങളുടെ സൂചനയായി കണ്ടാല്‍ സംജാതമാകാൻ പോകുന്ന സാമൂഹിക മാറ്റങ്ങളുടെ കാഹളമാണ് ഈ പരസ്യങ്ങൾ. ഈ അങ്ങാടികളോടൊപ്പം ആർക്കും ഇന്റർനെറ്റിലെ വലിയങ്ങാടിയായ ഈബേയിൽ കട തുടങ്ങാമെന്നുള്ളത് ഓരോ വ്യക്തിക്കും തുറന്നുകിട്ടുന്ന അവസരമാണ്. ഈബേയിൽ വെറും അഞ്ഞൂറു രൂപയുണ്ടെങ്കിൽ ആർക്കും നല്ല കട തുടങ്ങാം. കരകൗശലവസ്തുക്കളും പൊട്ടുകളും അതുപോലുള്ള ആഭരണങ്ങളും ഉണ്ടാക്കാൻ അറിയാവുന്ന ഒരു സ്കൂള്‍ അധ്യാപിക വിരമിച്ചതിന് ശേഷം ഒഴിവുസമയങ്ങളിൽ അവയുണ്ടാക്കാൻ തുടങ്ങി. അതു കണ്ട കമ്പ്യൂട്ടർ വിദഗ്ധനായ അവരുടെ സഹോദരൻ ചേച്ചിക്കുവേണ്ടി ഈബേയിൽ ഒരു കട തുടങ്ങി. കൈവശമുള്ള വസ്തുക്കളുടെ പടമെടുത്ത് പ്രദർശിപ്പിച്ചുകൊണ്ടാണ് ഈബേയിലെ കച്ചവടം. പ്രദർശിപ്പിക്കപ്പെടുന്ന വസ്തു വിൽക്കപ്പെടുമ്പോൾ ആ വസ്തുവിന്റെ ചിത്രം  അപ്രത്യക്ഷമാവുകയും ചെയ്യുന്നു. കാശുകിട്ടുന്നതിലും കൃത്യത. ഈ അധ്യാപികയുടെ കട തുടങ്ങിയ അന്നു തന്നെ മൂന്നിലേറെ ആവശ്യക്കാരാണ് ഓർഡർ കൊടുത്തത്. അത് കൊറിയർ ചെയ്യാൻ ചെന്നപ്പോൾ തങ്ങളിലൂടെ സ്ഥിരമായി അയയ്ക്കുകയാണെങ്കിൽ ആകർഷകമായ കുറഞ്ഞ ചിലവിൽ ആ ദൗത്യം തങ്ങൾ ഏറ്റെടുത്തുകൊള്ളാമെന്ന് കൊറിയർകാർ പറഞ്ഞത് ഈ റിട്ടയേഡ് അധ്യാപികയ്ക്ക് കൂടുതൽ ആവേശമായി. ഇത് ഒരുദാഹരണം മാത്രം. ഇന്ത്യയിൽ വ്യക്തികളുടെ കഴിവുകളുടെ വിപണനത്തിന്റെ പ്രായോഗികതലത്തിന്റെ അനന്തസാധ്യത തുറക്കപ്പെട്ടു കഴിഞ്ഞുവെന്നതിന്റെ അനേകം ഉദാഹരണങ്ങളില്‍ ഒന്ന്‍.

 

ഇതെല്ലാം സൂചിപ്പിക്കുന്നത് പുത്തൻ യാഥാർഥ്യങ്ങളെയാണ്. ഈ പുത്തൻ യാഥാർഥ്യങ്ങളെ വിദ്യാഭ്യാസമുൾപ്പടെയുള്ള പൊതുസംവിധാനങ്ങളുമായി ജനോപകരപ്രദമായി വിന്യസിക്കാൻ കഴിയുമെന്ന് സംസ്ഥാന സർക്കാർ ആലോചിക്കേണ്ട സമയമാണ്. കേന്ദ്രസർക്കാർ ഈ മാറ്റങ്ങൾ മുന്നിൽക്കണ്ട് ആ ദിശയിലേക്ക് നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അങ്ങനെയുളള ചിന്തകൾപോലും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിത്തുടങ്ങിയതായി കാണുന്നില്ല. ഓൺലൈൻ അങ്ങാടികളുടെ ഈ ദീപാവലിക്കാലത്തു വന്നിട്ടുള്ള ജാക്കറ്റ് പരസ്യങ്ങൾ അതിശക്തമായ ചുവരെഴുത്താണ്. ഓൺലൈൻ അങ്ങാടികൾ ഇനി പരമ്പരാഗത അങ്ങാടികളെ നിയന്ത്രിക്കും.

Tags: