ആദർശ നേതാക്കളും ഡോ. എം.ടി സുലേഖയും

Glint Staff
Wed, 25-03-2015 02:01:00 PM ;

g karthikeyan and sulekha

 

സംസ്കാരം സ്വാധീനമാണ്. ഏതു സാമൂഹിക ചലനവും സംസ്കാര പ്രേരിതമാണ്. അത് ഒന്നുകിൽ സമൂഹത്തിന്റെ ഗതിയെ ഊർജ്ജസ്വലമാക്കി മുന്നോട്ട് നയിക്കുന്നതായിരിക്കും. മറ്റ് ചിലപ്പോൾ പിന്നോട്ടടിക്കുന്നതായിരിക്കും. അങ്ങനെ സംഭവിക്കുമ്പോൾ അധോഗതി ഫലം. കോൺഗ്രസ്സ് സംസ്കാരത്തിന്റ സ്വാധീനഫലമാണ് അന്തരിച്ച സ്പീക്കർ ജി. കാർത്തികേയൻ പ്രതിനിധീകരിച്ച അരുവിക്കര മണ്ഡലത്തിൽ അദ്ദേഹത്തിന്റെ വിധവ ഡോ. എം.ടി സുലേഖയെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ആദർശത്തിന്റെ പേരിൽ അറിയപ്പെടുന്ന കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ, ആദർശത്തിന്റെ പേരിൽ കേന്ദ്രസർക്കാരിൽ രണ്ടാം സ്ഥാനക്കാരൻ വരെയെത്തിയ കോൺഗ്രസ്സ് ഹൈക്കമാൻഡിന്റെ ഭാഗമായ എ.കെ ആന്റണി, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെല്ലാമാണ് ഡോ.സുലേഖയെ മത്സരിപ്പിക്കാൻ മുൻകൈ എടുക്കുന്നതും അവരോട് അഭ്യർഥന നടത്തിയതും. എന്തായാലും ഡോ.സുലേഖ ഔചിത്യം കാട്ടി. അവർ പറഞ്ഞു, അതിനെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കാൻ പറ്റിയ മാനസിക അവസ്ഥയിലല്ല താനെന്ന്.

 

കോൺഗ്രസ്സ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോട് യോജിക്കുകയാണെന്ന് വെളിപ്പെടുത്തി. സ്വാഭാവികം. എ.കെ.ആന്റണി അനുകൂലിക്കുന്നുവെന്നാൽ ഹൈക്കമാൻഡ് അംഗീകിരിക്കുന്നതിനു തുല്യം. മാത്രവുമല്ല, കാർത്തികേയന്റെ വിധവയെ സ്ഥാനാർഥിത്വത്തിലേക്ക് നിർദ്ദേശിക്കുക വഴി ആന്റണിക്ക് പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മുന്നിൽ തന്റെ കൂറ് ഒരിക്കൽ കൂടി വ്യക്തമാക്കാൻ ഉതകുന്ന അവസരമാണ് ലഭിക്കുന്നത്. കാരണം, കോൺഗ്രസ്സ്  പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ ഒരുകാരണവശാലും വർത്തമാനകാല കോൺഗ്രസ്സിന്റെ സംസ്കാരത്തിന് വിരുദ്ധമായി താൻ പെരുമാറില്ലെന്ന് സോണിയാ ഗാന്ധിക്ക് മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് ഇത്. വിശ്വാസങ്ങളിൽ ഉറച്ചു നിൽക്കുന്നതും ആദർശത്തിന്റെ ഒരു മാനമാണല്ലോ. എന്നാൽ, തിരുവനന്തപുരം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അദ്ധ്യക്ഷൻ കെ. മോഹൻകുമാറിന് കാർത്തികേയന്റെ ഭാര്യയെ സ്ഥാനാർഥിയാക്കുന്നതിനോട് യോജിപ്പില്ലെന്നറിയുന്നു. പാർട്ടിയുടെ താഴെ തട്ടിലേയോ പ്രവർത്തകരുടെ പൊതുവികാരമോ ഒന്നും ആദർശ രാഷ്ട്രീയപ്രയോഗത്തിൽ പരിഗണന അർഹിക്കാത്തതുകൊണ്ടാകാം അദ്ദേഹത്തിന്റെ അഭിപ്രയാത്തിന് വലിയ പ്രാധാന്യമോ പരിഗണനയോ നൽകിയതായി കണ്ടില്ല. ഡോ.സുലേഖയ്ക്ക് പറ്റില്ലെങ്കിൽ മകനെ നിർത്തണമെന്നും ആദർശ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.

 

സംസ്ഥാന കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ അൽപ്പം വ്യത്യസ്തനും അൽപ്പം രാഷ്ട്രീയ ശുദ്ധിയുമൊക്കെ പാലിച്ചിരുന്ന ഒരു നേതാവായിരുന്നു ജി.കാർത്തികേയൻ. അദ്ദേഹത്തോടു ചെയ്യുന്ന അനീതി കൂടിയാണ് അദ്ദേഹത്തിന്റെ വിധവയെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക എന്നത്. ഒരു സങ്കോചവുമില്ലാതെ ഇത്തരമൊരു തീരുമാനമെടുത്താൽ അത് എല്ലാ ഭാഗത്തുനിന്നും സ്വീകരിക്കപ്പെടും എന്നുള്ള പൊതു ധാരണയാണ് നേതാക്കളെ ഇങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. മാദ്ധ്യമങ്ങളാൽ പൈങ്കിളിവത്ക്കരിപ്പെട്ട സമൂഹത്തിൽ മരണം ഉഗ്രൻ മാദ്ധ്യമവിൽപ്പനച്ചരക്കായിരിക്കുന്നു. ചാക്കാലക്കരച്ചിലിൽ പണ്ടൊക്കെ കേട്ടിരുന്ന മാതിരിയുള്ള കരച്ചിലുകൾ വാർത്തകൾ അഥവാ സ്റ്റോറികളായി നിരത്തപ്പെടുന്നു. എന്നാൽ പണ്ടത്തെപ്പോലെ മരണവീടുകൾ ശോകമൂകല്ലാതെയും ആയിട്ടുണ്ട്. അതുപോലും മാദ്ധ്യമങ്ങൾ മനസ്സിലാക്കുന്നില്ല. മാദ്ധ്യമങ്ങളാൽ കവർ ചെയ്യപ്പെടുന്ന ചരമമാണ് നടന്നതെങ്കിൽ വീട്ടുകാർ എത്ര ഉറ്റവരാണെങ്കിൽ പോലും മാദ്ധ്യമ സാന്നിദ്ധ്യം മുന്നിൽ കണ്ടുകൊണ്ടുള്ള വേഷവിധാനങ്ങളിലായിരിക്കും മൃതദേഹത്തിന് സമീപമുണ്ടാവുക. അത് മരണം വിപണനമൂല്യമുള്ള സംഭവമായി മാറിയതിന്റെ ഫലമാണ്. ഇത്തരത്തിൽ വിപണനം ചെയ്യുന്ന മരണത്തിന്റെ പലിശ തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാമെന്നുള്ള വെറും കണക്കുകൂട്ടലും താൽക്കാലികമായുണ്ടാകുന്ന ചില സീറ്റ് മോഹപ്രശ്നങ്ങളും ഒഴിവാക്കുക മാത്രമാണ് ഇത്തരത്തിലുള്ള തീരുമാനത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഘടകങ്ങൾ. അന്തരിച്ച നേതാവിനോടോ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തോടോ ഉള്ള സ്നേഹം കൊണ്ടുപോലുമല്ല ആദർശ ആൾരൂപ നേതാക്കൾ ഇത്തരത്തിൽ തീരുമാനമെടുക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതിനുപരി സ്ഥാനാർഥിത്വത്തെ ചൊല്ലിയുണ്ടാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കുക എന്നതാണ് ഡോ.സുലേഖയെ സ്ഥാനാർഥിയാക്കാൻ നേതാക്കളെ പ്രേരിപ്പിച്ച് മുഖ്യഘടകങ്ങളിലൊന്ന്. സ്വന്തം പാർട്ടിയിലോ മുന്നണിയിലോ ഉണ്ടാവുന്ന ചെറിയ സംഘടനാ പ്രശ്നങ്ങളെപ്പോലും ഉചിതമായ രീതിയിലൂടെ തീരുമാനിക്കാൻ കഴിവില്ലാത്ത നേതാക്കൾക്ക് എങ്ങനെ രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ യുക്തമായ തീരുമാനമെടുക്കാൻ കഴിയുമെന്നുള്ള ലളിതചോദ്യമാണ് ഇതിൽ നിന്നുയർന്നുവരുന്നത്. പൈങ്കിളി സീരിയൽ കണ്ട് വിതുമ്പോൻ വെമ്പി നിൽക്കുന്ന മനസ്സോടെ ലോകത്തെ വീക്ഷിക്കുന്ന മാദ്ധ്യമ ലോകത്തിനുമുന്നിൽ ഈ തീരുമാനം ഒരുപക്ഷേ ആദർശ നേതാക്കളെ കൂടുതൽ ആദർശവാൻമാരാക്കി മാറ്റുന്നതിന് പര്യാപ്തമായെന്നിരിക്കും.

 

ഉചിതവും യുക്തിഭദ്രവുമായ തീരുമാനമെടുത്ത് ജീവിതത്തിൽ മുന്നോട്ടു നീങ്ങാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന വിഷാദത്തിൽ നിന്ന് കരകയറാൻ ഓരോരുത്തർ ഓരോ വഴി തേടുന്നു. അവരിൽ ചിലർ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നു. അതുകൊണ്ടാണ് മദ്യം നിരോധിച്ചതുകൊണ്ട് മാത്രം മദ്യപാനശീലം ഇല്ലാതാകുന്നില്ലെന്നു പറയുന്നത്. ഒരു ഭാഗത്ത് നേതാക്കൾ സമൂഹത്തെ കൂടുതൽ സംഘട്ടനത്തിലേക്കും ഇരുട്ടിലേക്കും നയിച്ചുകൊണ്ട് മദ്യത്തെ നിരോധിക്കണമെന്നു പറയുന്നത് അപകടകരമാണ്. കാരണം സംഘർഷാത്മകമായ വിഷാദമനസ്സുകൾ അസ്വസ്ഥമായാൽ അത് അക്രത്തിലേക്കും ഹിംസാത്മക പ്രവൃത്തികളിലേക്കും നീങ്ങും. അങ്ങനെയുള്ള മനസ്സുകളെ അത്തരം പ്രവൃത്തികളിലേർപ്പെടാതെ മയക്കിയിട്ട് സാമൂഹികമായി ക്രമസമാധാനപ്രശ്നങ്ങൾ ഒഴിവാക്കുന്നതിൽ മദ്യം അതിന്റേതായ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ ഡോ.സുലേഖയെ സ്ഥാനാർഥിയാക്കുന്നതിനെ പിന്തുണയ്ക്കുന്ന കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം. സുധീരൻ തന്റെ നിലപാടുകളെ ഈ വസ്തുതകളുടെ വെളിച്ചത്തിൽ കാണാൻ സ്വകാര്യമായെങ്കിലും ശ്രമം നടത്തേണ്ടതാണ്. കാരണം അത്രയ്ക്കും ആദർശ നിലപാടിനെ പരസ്യമായി കെട്ടിപ്പിടിക്കുന്ന വ്യക്തിയാണ് സുധീരൻ. കോൺഗ്രസ്സ് ദേശീയ പ്രതിസന്ധി നേരിടുമ്പോൾ ഏതു സംസ്കാരമാണ് അതിനു കാരണമായതെന്ന് എ.കെ.ആന്റണിയും ആലോചിക്കുന്നത് അമൃതകരമായിരിക്കും.

Tags: