അഴിമതി എന്ന അസംസ്‌കൃതവസ്തു

Sun, 12-04-2015 03:11:00 PM ;

p C Gergeഅഴിമതി അസംസ്‌കൃതവസ്തുവായിരിിക്കുന്നു. വിശേഷിച്ചും കേരളത്തില്‍. കാരണം അതിനിന്ന് ഏറ്റവും വിപണനമൂല്യം  കേരളത്തിലാണ്. രാഷ്ട്രീയം കൊണ്ടും മാധ്യമം കൊണ്ടും ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് അഴിമതിയെന്ന അസംസ്‌കൃതവസ്തു യഥേഷ്ടം ലഭ്യമാണ്. രാഷ്ട്രീയ നേതാക്കളും മുഖ്യധാരാ മാധ്യമങ്ങളും അലിഖിത നിയമത്തിന്റെ ബലത്തിലെന്നോണം അഴിമതിയെ അസംസ്‌കൃതവസ്തുവാക്കി കൂട്ടുകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാഴ്ചയാണ് പൊതുവേ കണ്ടുവരുന്നത്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ഏതെങ്കിലുമൊരു ചാനല്‍ സംപ്രേഷണം ആരംഭിച്ചാല്‍ ജനശ്രദ്ധയിലേക്ക് വരാനായി അവര്‍ ഒളിക്കാമറാ വെളിപ്പെടുത്തലും അതുപോലുള്ള ഞെട്ടല്‍ വാര്‍ത്തകളുമായി രംഗപ്രവേശം ചെയ്യുന്നത്. അത്തരത്തിലൊരു ഒളിക്കാമറാ പരിപാടിയോടെ ആ ചാനലിന്റെ ടാം റേറ്റ് ഉയരുന്നു. അതനുസരിച്ച് പരസ്യവും പരസ്യവരുമാന റേറ്റും കൂടുന്നു.

ഇതേ സംഗതി തന്നെയാണ് ചില നേതാക്കള്‍ തങ്ങളുടെ സ്വകാര്യ ലാഭത്തിനായി അഴിമതിയെ ഉപയോഗിക്കുന്നത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ചീഫ് വിപ്പ് പി സി ജോര്‍ജ്. അദ്ദേഹം വളരെ ആസൂത്രിതമായാണ് അഴിമതിയെ ഉപയോഗിക്കുന്നത്. കച്ചവടത്തിലെ അനാരോഗ്യപ്രവണതയായ പൂഴ്ത്തിവയ്പ്പും അദ്ദേഹം അഴിമതിയെന്ന അസംസ്‌കൃതവസ്തു ഉപയോഗിക്കുന്നതില്‍ കാണിക്കുന്നു. കാരണം നല്ല മാര്‍ക്കറ്റ് തനിക്ക് ഉണ്ടാവുമെന്നുറപ്പുള്ളപ്പോഴാണ് അദ്ദേഹം തന്റെ പൂഴ്ത്തിവയക്ക്‌പ്പെട്ട ശേഖരത്തില്‍ നിന്ന് അഴിമതി പുറത്തെടുക്കുകയുള്ളു. ഏറ്റവുമടുത്ത ആള്‍ക്കാരെക്കുറിച്ചുള്ള തൊട്ടാല്‍ പൊളളുന്ന അഴിമതിികളാണ് അദ്ദേഹം പൂഴ്ത്തി വയ്ക്കാന്‍ പ്രധാനമായും ഉപയോഗിക്കുക. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ പ്രതിദിന കമ്പോള നിലവാരമുള്ള അഴിമതികള്‍ അദ്ദേഹം ഉന്നയിച്ചുകൊണ്ടിരിക്കും. മാധ്യമങ്ങള്‍ അത് അന്നന്നത്തെ കമ്പോളനിലവാരമനുസരിച്ച് വിപണനം ചെയ്യുകയും ചെയ്യും. ഈ അസംസ്‌കൃതവസതുവിനെ ഏറ്റവും കൂടുതല്‍ അദ്ദേഹം വിപണനം ചെയ്തുതുടങ്ങിയത് കേരളാ കോണ്‍ഗ്രസ്സ് പിള്ള ഗ്രൂപ്പ് മന്ത്രി ഗണേശ് കുമാറിനെതിരെയായിരുന്നു. അന്ന് അദ്ദേഹം ഗണേശന്റെ അച്ഛന്‍ ആര്‍ .ബാലകൃഷ്ണപിള്ളയയുമായി പങ്ക് ചേര്‍ന്നുകൊണ്ടാണ് പൂഴ്ത്തിവച്ചിരുന്ന ഗണേശനെതിരെയുള്ള അഴിമതിയെ ഉപയോഗിച്ചത്.

              ഏറ്റവുമൊടുവില്‍ പി സി ജോര്‍ജ് ചീഫ് വിപ്പ് കസേരയില്‍ നിന്ന് തെറിക്കുന്ന അവസ്ഥയെത്തിയപ്പോള്‍ അദ്ദേഹം അഴിമതിയക്കെതിരെ സന്ധിയില്ലാ പോരാട്ടവുമായി രംഗത്തെത്തിയിരിക്കുന്നു. ധനമന്ത്രി കെ എം മാണിയെ പിന്തുണച്ചുകൊണ്ടും അദ്ദേഹം കോഴ വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞതിന്റെ തൊട്ടുപിന്നാലെ. അഴിമതിക്കാരെ അല്ലെങ്കില്‍ കോഴ വാങ്ങിയവരെ വെറുതേവിടണമെന്ന് പറയുന്നവരെയാണ് ആദ്യം കല്‍ത്തുറുങ്കിലടയ്‌ക്കേണ്ടതെന്നാണ് ഇപ്പോള്‍ പി സി ജോര്‍ജ് അഴിമതിയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി പറയുന്നത്. വാസ്തവത്തില്‍ ജോര്‍ജ്  പറയുന്ന ആ ന്യായം ആര്‍ക്കാണ് തള്ളിക്കളായന്‍ പറ്റുക. അഴിമതി നടത്തുന്നവരേക്കാള്‍ കുറ്റകരമായ പ്രവൃത്തിയാണ് അങ്ങിനെയുള്ളവരെ സംരക്ഷിക്കുന്നവര്‍ ചെയ്യുന്നത്. പി സി ജോര്‍ജിന്റെ പിതാവായിരുന്നു പൂഞ്ഞാര്‍ മേഖലയിലെ കള്ള് ഷാപ്പുകള്‍ പണ്ട് ലേലം കൊണ്ടിരുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ അദ്ദേഹം തന്നെയാണ് അഭിമാനപൂര്‍വ്വം ഇക്കാര്യം പറഞ്ഞത്. അതിനേക്കാള്‍ ലാഭകരമാണ് അഴിമതി വിപണനം എന്ന് മനസ്സിലാക്കിയതുകൊണ്ടാകണം അദ്ദേഹം അബ്ക്കാരി രംഗം ഉപേക്ഷിച്ച് ഇപ്പോഴത്തെ രംഗത്തെത്തിയത്. ഈ സാധ്യത മനസ്സിലാക്കിക്കൊണ്ടാകണം അബ്കാരിവ്യവസായിയായ ബിജുരമേശ് അഴിമതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നതെന്ന് അനുമാനിക്കാവുന്നതാണ്. ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുക എന്നതാണ് അബ്കാരി രംഗത്തു നില്‍ക്കുന്നവരുടെ കച്ചവടതാല്‍പ്പര്യം. അതുകൊണ്ടാണ് വന്‍ കോടികള്‍ ഉള്‍പ്പെട്ട കോഴപ്രശ്‌നവും ഉണ്ടാവുന്നത്. കാരണം അവര്‍ക്ക് ലഭിക്കുന്ന ലാഭത്തിന്റെ ചെറിയ ഒരംശം മാത്രമാണ് ഇത്തരം പരിപാടികള്‍ക്കായി അവര്‍  വിനിയോഗിക്കുക. അതിനേക്കാള്‍ ലാഭകരമാണ് അഴിമതി എന്ന അസംസ്‌കൃത വസ്തുവിനെ വിപണനം ചെയ്യുക എന്ന് ബിജു രമേശും മനസ്സിലാക്കിയിരിക്കുന്നു. കാരണം ഇന്ന് അദ്ദേഹവും കേരളത്തിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ വലിയ പ്രതീകമാണ്. കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വരുത്തുന്നതിന് കാരണമായേക്കാവുന്ന നിലപാടെടുത്തിട്ടുള്ള അഴിമതിക്കെതിരെ പോരാട്ടവുമായി രംഗത്തെത്തിയിട്ടുള്ള പ്രമുഖര്‍ ആര്‍ ബാലകൃഷ്ണപിള്ളയും  ഗണേഷ് കുമാറുമാണ്. ഇവരെല്ലാം മാധ്യമമെന്ന കമ്പോളത്തിലാണ് ഈ അസംസ്‌ക്ൃതവസ്തുവിനെ വിപണി കണ്ടെത്തിയിട്ടുള്ളത്. അവയുടെ അതിപ്രസരം കഴിയുമ്പോള്‍ സ്വാഭാവികമായും മാധ്യമങ്ങള്‍ സ്വന്തം നിലയില്‍ അഴിമതി അസംസ്‌കൃതവസ്തുക്കളെ ആശ്രയിച്ചുകൊണ്ടുള്ള ഉല്‍പ്പന്നങ്ങളുമായി രംഗപ്രവേശം ചെയ്യും.കേരളത്തില്‍ കരിമണലിനേക്കാളും, ക്വാറികളേക്കാളും റീയല്‍ എസ്‌റ്റേറ്റിനേക്കാളും വിപണനമൂല്യം അഴിമതിക്കാണ്.

Tags: