മെത്രാൻ കായൽ നികത്താൻ തീരുമാനിച്ചവർ പിറക്കാനിരിക്കുന്നവർക്കും ഭീഷണി

Glint Staff
Wed, 09-03-2016 11:42:00 AM ;

methran kayal

 

ബലാൽസംഗം ഒരു കുറ്റകൃത്യമാണ്. എന്നാൽ അത് ഒരു മാനസികാവസ്ഥയുടെ ഫലവുമാണ്. സുന്ദരിയായ ഒരു യുവതിയെ കാണുമ്പോൾ ഉണ്ടാവുന്ന അപകർഷതാബോധത്തിൽ നിന്നു ഉയിർകൊളളുന്നതാണ് തനിക്ക് അർഹതയില്ലാത്തതും തന്നെ കൊതിപ്പിക്കുന്നതുമായതിനെ തട്ടിയെടുക്കുക എന്നത്. അത് നൈമിഷികമായി അത്തരം മാനസികാവസ്ഥയുള്ളവരിൽ സംഭവിക്കുന്നതാണ്. എന്നാൽ മെത്രാൻ കായൽ ചാനലുകളിൽ കാണുമ്പോൾ അത് കണ്ണിനും കരളിനും നൽകുന്ന കുളിർമ എത്ര സൗന്ദര്യ വിരോധിക്കും അനുഭവപ്പെടും. ആ കായൽ നികത്താൻ തീരുമാനമെടുക്കുന്ന മനസ്സുള്ളവർ ഭരണതലത്തിൽ ഉണ്ടാവുന്നു എന്നുള്ളത് ജനായത്തത്തിന്റെ ദുരവസ്ഥയാണ്.

 

ജാതിയും മതവും ഒന്നുമല്ല ഗുരുതരമായ പ്രശ്നം. അതിനേക്കാൾ ഗുരുതരവും ഭീതിജനകവുമാണ് ജനായത്ത സംവിധാനത്തിൽ മെത്രാൻ കായൽ പോലെയുള്ള ഭൂപ്രദേശം ഈ കാലഘട്ടത്തിലും നികത്താൻ തീരുമാനമെടുക്കുന്ന മനസ്സ്. അവരുടെ മുൻപിൽ ബലാൽസംഗം ചെയ്യുന്നവന്റെ മനസ്സ് മാപ്പർഹിക്കുന്നു. കാരണം നൈമിഷികമായ വൈകാരികതയുടെയും അപകർഷതാബോധത്തിന്റെയും തള്ളലിൽ ചെയ്തുപോകുന്നതാണെന്നു വേണമെങ്കിൽ കരുതാം. അതും പോകട്ടെ, ഒരു വ്യക്തിയുടെ കുറ്റവാസനയായും കണ്ട് ആ വ്യക്തിയെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്താനും തക്കതായ ശീക്ഷ വാങ്ങിക്കൊടുക്കാനും കഴിയും.

 

എന്നാൽ വൈകാരികതയുടെ പേരിലല്ല മെത്രാൻ കായൽ നികത്താൻ തീരുമാനമെടുത്തത്. അത് ഒരു വ്യക്തിയുമല്ല. കേരളത്തിന്റെ മന്ത്രിസഭയാണ് അതിന് അനുമതി നൽകിയത്. രാഷ്ട്രീയപ്രവർത്തകർ തങ്ങൾക്ക് തോന്നും വിധം ജനായത്ത സംവിധാനത്തെ സ്വന്തം താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനു വേണ്ടി ബോധപൂർവ്വം മതേതരത്വവും ജാതീയതയും ഒക്കെ ഉയർത്തി ജനശ്രദ്ധ തിരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇത് വ്യക്തമാക്കുന്നു. ഏറ്റവും ഭയാനകം ഇരുമുന്നണികളും ഈ മാനസികാവസ്ഥയിൽ നിലകൊള്ളുന്നു എന്നതിലാണ്.

 

പ്രകൃതിദുരന്തങ്ങളും മഹാരോഗങ്ങളും മുടിയെരിഞ്ഞു പോകുന്ന ചൂടും ഒക്കെ അനുഭവിച്ചിട്ടും വിഷഭക്ഷണം കഴിക്കേണ്ടി വന്നിട്ടുമൊക്കെ കൃഷിഭൂമിയായ ആ കുളിർ കായൽ 378 ഏക്കർ നികത്താൻ തീരുമാനമെടുത്തവർ മനുഷ്യ സമൂഹത്തിനു തന്നെ ഭീഷണിയാണ്. രാജ്യസ്നേഹമെന്നു പറയുന്നത് വെറും ഭ്രാന്തൻ വൈകാരികതയല്ല. ജീവിക്കുന്ന ഭൂമിയെ ജീവനോടെ തുടരാൻ അനുവദിക്കുകയാണ് രാജ്യസ്നേഹം. അതിനു വിപരീതമായതെന്തെല്ലാമാണോ അതൊക്കെ രാജ്യദ്രോഹം തന്നെ.

 

കേരളത്തിലെ ജനങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ധാരണയേയും ഈ തീരുമാനം വെളിപ്പെടുത്തുന്നു. 378 ഏക്കർ കൃഷിഭൂമിക്കായൽ ഏതാനും ദിവസത്തെ ചാനൽ ബഹളങ്ങൾക്കു ശേഷം ധനക്കരുത്തുകൊണ്ട് മൂടിയെടുക്കാൻ കഴിയും എന്ന വിശ്വാസമാണ് ആ തീരുമാനം പ്രകടമാക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉണ്ടായ നാണം മരവിക്കലിന്റെ പശ്ചാത്തലമായിരിക്കാം സർക്കാരിനെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിൽ നിന്ന് പി.കെ.കുഞ്ഞാലിക്കുട്ടി രാജിവെയ്ക്കാനിടയുണ്ടായ സംഭവത്തിൽ നിന്നു തുടങ്ങി സരിതയിൽ എത്തി നിന്ന സംഭവങ്ങൾ മലയാളി മനസ്സിൽ വരുത്തിയ മരവിപ്പിക്കൽ. ആ സാംസ്കാരിക മരവിപ്പിനെ വളരെ എളുപ്പത്തിൽ കാണാം. യു.ഡി.എഫ് സർക്കാർ കാലാവധി തികയ്ക്കുകയും സരിത താരപദവിയിലേക്ക് ഉയരുകയും ചെയ്ത പ്രതിഭാസം.

 

മെത്രാൻ കായൽ നികത്താൻ അനുമതി നൽകിയ മനസ്സുകൾ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും മാത്രമല്ല ഭീഷണി. പിറക്കാനിരിക്കുന്ന തലമുറകൾക്കു കൂടി ഭീഷണി തന്നെ. സംശയമില്ല.

Tags: