ചാനൽ സാക്ഷ്യം തീറെഴുതപ്പെടുന്ന കേരളം

Glint Staff
Mon, 14-03-2016 03:38:00 PM ;

oommen chandy

 

ഏതാനും ദിവസങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ കേരളം എന്ന ചെറിയ ഭൂപ്രദേശത്തിന്റെ അവശേഷിക്കുന്ന ഭാഗത്തേയും ഇല്ലായ്മ ചെയ്യുന്നതിനുതകുന്ന വാർത്തകളാണ്. ഒരു ഭാഗത്ത് പാടങ്ങളും ജലസ്രോതസ്സുകളും നികത്താൻ അനുമതി കൊടുക്കുന്നു. ജാതി മത സംഘടനകൾക്ക് സ്ഥലം പതിച്ചുകൊടുക്കുന്നു. പശ്ചിമഘട്ടത്തെ ഇല്ലായ്മ ചെയ്യാനായി ഏക്കറുകണക്കിന് പശ്ചിമഘട്ട ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൊടുക്കുന്നു. അതും നിയമസഭാ തെരഞ്ഞെടുപ്പ് ഔദ്യോഗികമായിട്ടല്ലെങ്കിലും പ്രഖ്യാപിക്കപ്പെട്ടതിനു ശേഷവും.

 

ലോകത്തിലെവിടെയും അധികാരത്തെ തെറിപ്പിക്കുന്ന ഏറ്റവും വലിയ അപവാദത്തെ ആഘോഷപൂർവ്വം അതിജീവിച്ചതിൽ നിന്നും ആർജ്ജിതമായ ഊറ്റമായിരിക്കണം ഈ സർക്കാരിനെ ഇവ്വിധം കേരളത്തെ തങ്ങളുടെ ഇഷ്ടപ്രകാരം തീറെഴുതിക്കൊടുക്കാൻ പ്രേരിപ്പിക്കുന്നത്. മാദ്ധ്യമങ്ങളാൽ ചുഴറ്റിയടിക്കപ്പെടുകയും അവകളാൽ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന കേരളത്തിൽ മാദ്ധ്യമങ്ങൾക്ക് വിഷയങ്ങൾ എരിവുള്ളതായാൽ മാത്രം മതി. ഇക്കാര്യം ഏറ്റവും നല്ലവണ്ണം മനസ്സിലാക്കിയിട്ടുള്ള ഭരണാധികാരിയാണ് ഉമ്മൻ ചാണ്ടി. ഏറ്റവും കൂടുതൽ മാദ്ധ്യമ ആക്രമണം നേരിട്ടിട്ടുള്ള ഭരണാധികാരിയും ഉമ്മൻ ചാണ്ടിയാണ്. മാദ്ധ്യമങ്ങളെ വകവയ്‌ക്കേണ്ടതില്ല എന്നും രാഷ്ട്രീയക്കാർക്കും ഭാവി ഭരണാധികാരികൾക്കും കാട്ടിക്കൊടുത്തതും ഉമ്മൻ ചാണ്ടിയാണ്.

 

ഇപ്പോൾ അദ്ദേഹം പകിടകളി പോലെയാണ് മാധ്യമങ്ങളെ ഉപയോഗിക്കുന്നത്. പോബ്‌സൺ ഗ്രൂപ്പിന് തങ്ങളുടെ കൈവശമിരിക്കുന്ന എസ്റ്റേറ്റിന് നികുതിയടയക്കാൻ റവന്യൂ വകുപ്പ് അനുമതി നൽകിയതിന്റെ വാർത്ത പുറത്തു വരുന്നു. മെത്രാൻ കായൽ നികത്താനും മറ്റ് പതിച്ചു നൽകലിന്റെ വാർത്തളും വന്നതിനു തൊട്ടുപിന്നാലെയാണ് അത് വന്നത്. ആ ദിവസം അതാ, മുസ്ലീം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി തിരുവമ്പാടി സീറ്റിനെ സംബന്ധിച്ച് മുൻപ് ഉമ്മൻ ചാണ്ടിക്ക് സ്വകാര്യമായി എഴുതിക്കൊടുത്ത കത്ത് പുറത്തു വന്നിരിക്കുന്നു. ഒന്നുകിൽ കുഞ്ഞാലിക്കുട്ടി, അല്ലെങ്കിൽ ഉമ്മൻ ചാണ്ടി, ഇവരിൽ രണ്ടുപേരിലാരെങ്കിലും ഒരാൾ വിചാരിക്കാതെ കത്തു പുറം ലോകം കാണില്ല.

 

എല്ലാ ചാനലുകളിലും ബുദ്ധിജീവികളേയും ബുദ്ധി കുറവുള്ളവരേയും നേതാക്കളേയും അണിനിരത്തി അവതാരകർ തങ്ങളുടെ പ്രാമാണിത്തം വെളിവാക്കിക്കൊണ്ട് ചർച്ച നടത്തി. തിരുവമ്പാടിയിൽ ഉമ്മൻ ചാണ്ടി കത്തോലിക്കാ സഭയുടെ താൽപ്പര്യം സംരക്ഷിക്കാൻ ശ്രമിക്കുന്നു, ആ സീറ്റ് ലീഗിൽ നിന്ന് തിരിച്ച് ആവശ്യപ്പെടുന്നതിലൂടെ. അങ്ങനെ കത്തോലിക്കാ സഭയുടെ താൽപ്പര്യവും കസ്തൂരി രംഗൻ വിഷയവും കേരളാ കോൺഗ്രസ്സ് പിളർന്ന പശ്ചാത്തലത്തിൽ മലയോര കർഷകരുടെ രക്ഷിതാവുമൊക്കെയായി ഉമ്മൻ ചാണ്ടി മാറുന്നു. ജാതിയും മതവും പ്രകടമായി ഈ തെരഞ്ഞെടുപ്പിൽ മറയില്ലാതെ പുറത്തു വരുന്നു. സി.പി.ഐ.എം ഈ അവസ്ഥ മനസ്സിലാക്കി പാർലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ പരീക്ഷിച്ച് വിജയിച്ച അടവ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രയോഗിക്കാൻ ഒരുങ്ങുന്നു. ഇങ്ങനെ ബുദ്ധിജീവികളുടെ ബൗദ്ധിക വിലയിരുത്തൽ ചാനലുകളിൽ കൊഴുക്കുന്നു.

 

ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഇതു കണ്ട് ഊറിച്ചിരിക്കുന്നുണ്ടാവും. റവന്യൂ മന്ത്രി അടൂർ പ്രകാശ് ഈ നേതാക്കളുടെ അസാമാന്യ വൈഭവം കണ്ട് അത്ഭുതപ്പെട്ടിട്ടുമുണ്ടാകാം. പശ്ചിമഘട്ടം പതിച്ചു നൽകിയതും മറ്റ് പതിച്ചു നൽകലുമെല്ലാം വെറും സ്‌ക്രോളിംഗ് വാർത്തയാക്കി മാറ്റാൻ ഈ നേതാക്കൾക്ക് ഇരുപത്തിനാല് മണിക്കൂർ പോലും വേണ്ടി വന്നില്ല. അതിലൂടെ അത്യാവശ്യം തെരഞ്ഞെടുപ്പിൽ പത്ത് വോട്ട് അധികം നേടാനുള്ള മൂലധന നിക്ഷേപവും കൂടി നടത്തിയെന്നും ഓർക്കാവുന്നതാണ്. ഈ കത്ത് ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പരസ്പരം അറിഞ്ഞുകൊണ്ടേ പുറത്തുവിടാൻ ഇടയുള്ളു. അതുപോലെ ഉമ്മൻ ചാണ്ടിയുടെ അറിവോടു കൂടിത്തന്നെയായിരിക്കും മുസ്ലീംലീഗ് ഏകപക്ഷീയമായി തങ്ങളുടെ മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതും. ഈ ബുദ്ധി ഈ രീതിയിലൊക്കെ നടപ്പാക്കാൻ കുഞ്ഞാലിക്കുട്ടിയും ശേഷിയുള്ള നേതാവാണ്. എന്നാൽ അദ്ദേഹത്തെക്കാൾ ഒരു പടി മുകളിൽ നിൽക്കുന്നു ഉമ്മൻ ചാണ്ടി. രണ്ടു പേരും കൂടി ചേര്‍ന്നുള്ള ബുദ്ധിയുടെ പ്രയോഗം കേരളം കണ്ടുകൊണ്ടിരിക്കുന്നു. അനുഭവിച്ചുകൊണ്ടിരിക്കുന്നു. മാദ്ധ്യമങ്ങളാവട്ടെ, എല്ലാം തങ്ങളുടെ കുലുക്കത്തിനനുസരിച്ച് കുലുങ്ങിക്കൊണ്ടിരിക്കുന്നു എന്നു വിശ്വസിക്കുകയും ചെയ്യുന്നു.

Tags: