മാഞ്ഞുപോയ ജോര്‍ജ്, ഇടതുമുന്നണിയ്ക്ക് നന്ദി

Glint Staff
Sat, 16-04-2016 04:39:40 PM ;

pc george

 

കാരണം എന്തുതന്നെയായാലും, ഇടതുപക്ഷ ജനാധിപത്യ മുന്നണി ചെയ്ത നല്ലൊരു കാര്യം പി.സി ജോർജിനോട് അദ്ദേഹം അർഹിക്കുന്ന രീതിയിൽ പെരുമാറി എന്നതാണ്. കേരള കോൺഗ്രസ്സിൽ നിന്നു പിളർന്നു വന്ന ഫ്രാൻസിസ് ജോർജ് വിഭാഗത്തിന്റെ സ്ഥാനാർഥിക്കു പൂഞ്ഞാർ കൊടുക്കേണ്ടി വന്നതാകാം ഒരുപക്ഷെ, പ്രധാന കാരണം. വർത്തമാന മാദ്ധ്യമ ലോകത്തിന്റെ പശ്ചാത്തലത്തിൽ വളരെ ദുർബ്ബലമായിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ സാംസ്കാരിക ഭൂമികയ്ക്ക് ഏറെ ദോഷം വരുത്തിവച്ച വ്യക്തിയാണ് പി.സി ജോർജ്. ജനായത്തത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരിൽ സ്വയം വൃത്തികേടുകൾ പറയുകയും മറ്റുള്ളവരെക്കുറിച്ച് ഒരു ബഹുമാനവുമില്ലാത്ത വിധം വൃത്തികേടുകൾ പറയുകയും ചെയ്യുമെന്നുള്ളതാണ് മാദ്ധ്യമങ്ങൾ ജോർജിൽ കണ്ട വിൽപ്പന സാധ്യതയുള്ള വാർത്താമൂല്യം. ആ മൂല്യത്തെ തിരിച്ചറിഞ്ഞ് നാട്ടിൽ നടക്കുന്ന വൃത്തികേടുകളില്‍ തനിക്ക് ഗുണകരമാകുന്നതു മാത്രം വൃത്തിയില്ലാത്ത ഭാഷയിൽ ദൃശ്യമാദ്ധ്യമങ്ങളിലൂടെ വിളിച്ചു പറഞ്ഞുകൊണ്ടാണ് അദ്ദേഹം കേരള രാഷ്ട്രീയത്തിൽ സാന്നിദ്ധ്യമറിയിച്ചത്.

 

മാദ്ധ്യമങ്ങളുടെ പ്രവർത്തനരീതിയെ ജോർജ് മനസ്സിലാക്കിയിരുന്നു എന്നു വേണമെങ്കിലും പറയാം. മുൻപ് എഡിറ്റർ തസ്തിക മാദ്ധ്യമങ്ങളിൽ വളരെ പ്രാധാന്യമുളളതായിരുന്നു. എഡിറ്ററായിരുന്നു പത്രത്തിന്റെ ഉള്ളടക്കത്തിന്റെ അവസാന വാക്ക്. പരിണത പ്രജ്ഞത്വത്തിൽ നിന്നാണ് അവർ തീരുമാനം കൈക്കൊണ്ടിരുന്നത്. അവർ എടുക്കുന്ന തീരുമാനങ്ങളിൽ വ്യക്തിയും സമൂഹവും എന്ന ഘടകം വളരെ മർമ്മപ്രധാനമായിരുന്നു. ഒരു വാക്കിന്റെ പ്രയോഗം പോലും സമൂഹത്തിൽ എന്തു വിധമുള്ള മാറ്റങ്ങളാണ് സൃഷ്ടിക്കുക എന്നതിനെക്കുറിച്ച് പോലും ബോധമുള്ളവരായിരുന്നു അവര്‍. ക്രമേണ എഡിറ്റർ പദവി മാദ്ധ്യമങ്ങളിൽ പേരിൽ മാത്രമായി.

 

ഈ യു.ഡി .എഫ് സർക്കാരിന്റെ കാലത്ത് അനേകം ദിവസങ്ങളിൽ മാദ്ധ്യമങ്ങളിലെല്ലാം എന്തായിരിക്കണം വരേണ്ടതെന്നും ചർച്ച ചെയ്യപ്പെടേണ്ടതെന്നും തീരുമാനിച്ചിരുന്നത് പി.സി ജോർജാണ്. ജനായത്ത സംവിധാനത്തിൽ കൂടുതൽ വോട്ടു നേടി പൂഞ്ഞാർ മണ്ഡലത്തെ പ്രതിനിധീകരിച്ചു എന്നല്ലാതെ ഒരു യോഗ്യതയും അദ്ദേഹത്തിന് അവകാശപ്പെടാനില്ലായിരുന്നു. അയോഗ്യതയുടെ കാര്യം നോക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ പൊതുസമീപനങ്ങളും പ്രവൃത്തികളുമെല്ലാം അത് അക്കമിട്ടു വെളിപ്പെടുത്തുന്നതുമായിരുന്നു.

 

ജോർജിന്റെ രാഷ്ട്രീയം എന്താണ്? ഒറ്റ ഉത്തരമേ ഉള്ളു. തനിക്ക് തോന്നുന്നവരുടെ കൂടെ നിൽക്കും. അതിനുളള മാനദണ്ഡം വ്യക്തിപരം. വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ . അതല്ലാതെ മറ്റൊന്നുമില്ല. ഒരു കാലത്ത് അദ്ദേഹം ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്റെ പ്രിയ വിശ്വസ്ഥനായിരുന്നു. അവിടെ നിന്ന് കേരളാ കോൺഗ്രസ്സ് മാണി ഗ്രൂപ്പിലൂടെ മാണിക്ക് സ്തുതിഗീതം പാടിക്കൊണ്ട് യു.ഡി.എഫിലെത്തി. കാബിനറ്റ് പദവിയോടെ ചീഫ് വിപ്പാവുകയും ചെയ്തു. സംസ്ഥാനത്തിന്റെ ഖജനാവിന് വൻ നഷ്ടവും ദോഷവുമല്ലാതെ ഒരു ഗുണവും അതുകൊണ്ടുണ്ടായിട്ടില്ല. ആ പദവിയും സൗകര്യങ്ങളുമെല്ലാം ഉപയോഗിച്ചുകൊണ്ടാണ് അദ്ദേഹം യു.ഡി.എഫിനെതിരെ തിരിഞ്ഞതും. കാടും മേടും തനിക്ക് പ്രിയപ്പെട്ടവർക്ക് ലഭ്യമാകുന്ന വിധം തീരുമാനമെടുക്കാൻ വിസമ്മതിച്ചതാണ് അദ്ദേഹത്തെ വനം മന്ത്രിയായിരുന്ന കെ.ബി ഗണേഷ് കുമാറിനെതിരെ തിരിക്കാൻ കാരണം. അതുവരെ ഗണേഷിന്റെ രക്ഷാകർത്താവെന്നപോലെയായിരുന്നു ജോർജിന്റെ പെരുമാറ്റം. ഒടുവിൽ ഗണേഷ് കുമാറിന്റെ അച്ഛൻ ആർ. ബാലകൃഷ്ണപിള്ളയായിട്ടു പോലും ചേർന്നുകൊണ്ട് ഗണേഷിനെ മന്ത്രിസ്ഥാനത്തു നിന്നു നീക്കാൻ പ്രയത്നിച്ചു. ആ അവസരങ്ങളിൽ അദ്ദേഹം ഗണേഷ് കുമാറിനെതിരെ ചാനലുകളിലൂടെ നടത്തിയ പ്രസ്താവാനകൾ അദ്ദേഹത്തിന്റെ സംസ്കാരത്തെ വെളിവാക്കുന്നതായിരുന്നു. 

 

ഗണേഷ് കുമാറിനെ ആക്രമിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ സ്ത്രീകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജോർജ് നടത്തിയ ഭാഷാപ്രയോഗങ്ങൾ തെല്ലും വിദ്യാഭ്യാസമില്ലാത്തവർ പോലും പരസ്യമായി ഉപയോഗിക്കാൻ മടിക്കുന്നവയായിരുന്നു. ചാനലുകളിലൂടെ അത്തരം ഭാഷ പ്രയോഗിക്കുന്നത് തന്റെ കേമത്തമായിപ്പോലും ജോര്‍ജ് ധരിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. യു.ഡി.എഫിൽ നിന്നുകൊണ്ട് അവർക്കെതിരെ ആഞ്ഞടിച്ചപ്പോൾ ജോർജ്ജിന്റെ ലക്ഷ്യം ഇടതുപക്ഷ മുന്നണിയിൽ ചേക്കേറുക എന്നതായിരുന്നു. ഒടുവിൽ യു.ഡി.എഫിന് പുറത്തായപ്പോൾ അതിനായി കാത്തു കിടക്കുകയും ചെയ്തു. ജോർജിനെ കൂടെ കൂട്ടണമെന്ന് ഇടതുമുന്നണിക്ക് തോന്നലുണ്ടായാൽ കൂട്ടുക തന്നെ ചെയ്യും. ആ രീതിയിൽ ചിന്തിച്ചില്ലെന്നു മാത്രമല്ല, അതു വേണ്ടെന്നു കൂടി ഇടതുമുന്നണി തീരുമാനിച്ചു. അത് ജോർജിനെ ഇടതുമുന്നണി വ്യക്തമായി മനസ്സിലാക്കിയതിന്റെ ഭാഗമായിട്ടാണ്.

 

തൽക്കാലത്തേക്കെങ്കിലും പി.സി ജോർജിനെ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്താൻ കഴിഞ്ഞു എന്നത് ഇടതു മുന്നണിക്ക് വേണമെങ്കിൽ തങ്ങളുടെ നേട്ടമായിപ്പോലും ഉയർത്തിക്കാണിക്കാവുന്നതാണ്. ഇപ്പോൾ പൂഞ്ഞാർ മണ്ഡലത്തിൽ താൻ ജയിക്കുമെന്നാണ് ജോർജ്ജ് അവകാശപ്പെടുന്നത്. അത് അവകാശവാദം മാത്രമായി അവശേഷിക്കാനാണ് സാധ്യത.

Tags: