സാമാന്യം മോശമല്ലാത്ത ശമ്പളമുള്ള ഉദ്യോഗസ്ഥൻ. അദ്ദേഹത്തിന്റെ ഭാര്യയും അതുപോലുള്ള ഉദ്യോഗസ്ഥ. അവരുടെ ജീവിതാഭിലാഷമായിരുന്നു നഗരത്തിൽ ഒരു വീട്. അവർ ഇഷ്ടപ്പെട്ട സ്ഥലവും കണ്ടെത്തി. സ്ഥലമുടമ കുറച്ച് കൂടുതൽ അഡ്വാൻസ് ആവശ്യപ്പെട്ടു. രജിസ്റ്റർ ചെയ്ത പ്രമാണപ്രകാരം അഡ്വാൻസ് കൊടുക്കുകയും ചെയ്തു. ആറ് മാസത്തേക്കായിരുന്നു കരാർ. സ്ഥലമുടമ കരാർ പാലിച്ചില്ല. അഡ്വാൻസ് തിരികെ കൊടുത്തതുമില്ല. ഉദ്യോഗസ്ഥൻ കേസ്സുകൊടുത്തു. കോടതി കേസ്സെടുത്തു. എടുത്ത ഉടൻ തന്നെ വാദിയും പ്രതിയും വന്നിട്ടുണ്ടോ എന്ന് കോടതി നോക്കി. അതിനു ശേഷം അടുത്ത തീയതി പ്രഖ്യാപിച്ചു. ഒമ്പതു മാസം കഴിഞ്ഞുള്ള ഒരു തിയതി. കോടതി വരാന്തയിലേക്കിറങ്ങിയ വാദി അവിടെ നിന്നു ഉറക്കയല്ലെങ്കിലും പൊട്ടിക്കരഞ്ഞു. പതിനൊന്നു വർഷത്തിനു ശേഷമാണ് അദ്ദേഹത്തിന് ആ കേസ്സ് തീർന്നു കിട്ടിയത്. ആ ആവലാതിക്കാരന്റെ കണ്ണുനീരാണ് ഞായറാഴ്ച ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ കണ്ണിലൂടെ പൊടിഞ്ഞത്.
സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ. ഒരു ജനതയുടെ വികാരമാണ് ഠാക്കൂറിന്റെ വിതുമ്പലിലൂടെ പുറത്തു വന്നത്. ചടങ്ങിൽ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം പരിഹരിക്കാമെന്ന് അതേ വേദിയിൽ ഉറപ്പുനൽകുകയും ചെയ്തു. മേയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി അൽപ്പമെങ്കിലും പ്രായോഗികമാകണമെങ്കിൽ ഈ സ്ഥിതിക്ക് മാറ്റം വരാതെ നടക്കില്ല. അതും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മനുഷ്യർ ഇടപെടുന്ന മേഖലകളിൽ വ്യത്യസ്ത താൽപ്പര്യങ്ങൾ തമ്മിൽ സംഘർഷങ്ങളുണ്ടാകും. അതു സ്വാഭാവികമാണ്. അതിനു പരിഹാരമാണ് വ്യവഹാര സംവിധാനം. വിദേശ മൂലധനത്തിനു വേണ്ടി ലോകം മുഴുവൻ മോദി ചുറ്റി നടക്കുമ്പോൾ അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് അൽപ്പമെങ്കിലും അനുകൂല പ്രതികരണമുണ്ടാകണമെങ്കിൽ നിക്ഷേപകർക്ക് ആത്മവിശ്വാസം അനിവാര്യമാണ്. ഏതു നിക്ഷേപകനാണെങ്കിലും ദുർഘട സന്ദർഭങ്ങളുടെ അഥവാ റിസ്ക് ഫാക്ടേഴ്‌സ് സംബന്ധിച്ച പഠനം നടത്താതെ ചില്ലിക്കാശുപോലും ഇറക്കാൻ തയ്യാറാകില്ല.അതിലെ ഒന്നാം നമ്പർ സ്ഥാനമാണ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിലെ നടത്തിപ്പ് താമസം.
ജഡ്ജിമാരുടെ എണ്ണം 21,000ത്തിൽ നിന്ന് അടിയന്തിരമായി 40000 ആയി ഉയർത്തണമെന്നുള്ളതാണ് ചീഫ് ജസ്റ്റിസ് മുന്നോട്ടുവെച്ച പ്രധാന ആവശ്യം. പത്തുലക്ഷം പേർക്ക് പത്തു ജഡ്ജിമാർ എന്നുള്ളതിൽ നിന്ന് അത് അമ്പതു ജഡ്ജിമാർ എന്നതാവണമെന്ന് 1987-ലെ നിയമ കമ്മീഷന്റെ ശുപാർശയാണ്. അത് 1991-ലെ ഉദാരീകരണ തുടക്കത്തിനു മുൻപുള്ള നിർദ്ദേശമാണ്. ഉദാരീകരണവും ആഗോളീകരണത്തിന്റെ പ്രതിഫലനവും പുതുയുഗത്തിന്റെ വെല്ലുവിളികളും എല്ലാം ചേർന്ന് ആ അവസ്ഥയേക്കാൾ സങ്കീർണ്ണമാണ് വർത്തമാനകാല സാഹചര്യം. എന്നിട്ടും 1987-ലെ നിർദ്ദേശം പോലും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ഇന്ത്യൻ ജനായത്തത്തിന്റെ ദൗർബല്യമാണ്. സീസണുകളോളം പാർലമെണ്ട് സ്തംഭിപ്പിക്കപ്പെട്ട ഇന്ത്യൻ പാർലമെന്റിൽ ഈ വിഷയത്തിൽ ഒരു ക്രിയാത്മക ചർച്ച പോലും നടത്തുന്നതിന് പ്രതിപക്ഷത്തിനു പോലും കഴിഞ്ഞിട്ടില്ല.
വ്യവഹാരത്തിന്റെ വഴിയിലേക്കു നീങ്ങിയാൽ കാണുന്ന അനുഭവം അതുകൊണ്ട് ദുരിതത്തിലായ വ്യക്തിയുടെ ജീവിതം ഏതാണ്ട് താറുമാറാവുകയും ആ വ്യവഹാരം ആ വ്യക്തിയുടെ ശിഷ്ടജീവിതത്തെ നിയന്ത്രിക്കുകയും ചെയ്യുന്നതാണ്. ഈ താമസമാണ് വിശേഷിച്ചും 1990കളുടെ അവസാനത്തോടെ രാജ്യമെമ്പാടും അധോലോകം ശക്തി പ്രാപിക്കാൻ കാരണമായത്. അതുവരെ മഹാനഗര കേന്ദ്രീകൃതമായിരുന്ന അധോലോകം പിന്നീട് മറ്റുള്ളിടത്തേക്കും വ്യാപിക്കുകയായിരുന്നു. അതിനെ ആഗോളീകരണത്തിന്റെ പാര്‍ശ്വഫലമെന്ന നിലയ്ക്കാണ് പലപ്പോഴും ഇടതുപക്ഷവും ബുദ്ധിജീവികളും വിശേഷിപ്പിക്കാറുള്ളത്. രാജ്യത്തെ ദേശസാൽകൃത ബാങ്കുകളും അർധ ഔദ്യോഗികമെന്നോണം പാവപ്പെട്ടവന്റെ കൈയ്യിൽ നിന്ന് കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ക്വട്ടേഷൻ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മാർഗ്ഗം അവലംബിക്കുകയുണ്ടായി. കഴിഞ്ഞമാസം ഈ രീതിയിലൂടെയുള്ള വായ്പാതിരിച്ചുപിടിക്കൽ പാടില്ലെന്ന് കോടതി ദേശസാൽകൃത ബാങ്കുകളെ ഓർമ്മിപ്പിക്കുകയുമുണ്ടായി.
ഇന്ന് ഗ്രാമതലങ്ങളിൽ പോലും ക്വട്ടേഷൻ സംഘങ്ങൾ ശക്തിയാർജിച്ചിരിക്കുന്നു. അതിന്റെ പ്രധാനകാരണം നീതിന്യായ നടത്തിപ്പിലെ താമസം തന്നെയാണ്. ഈ പ്രശ്നം ഒരു വിഷയമെന്ന നിലയ്ക്കെങ്കിലും ജനശ്രദ്ധയിലേക്കും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിലേക്കും കൊണ്ടുവരുന്നതിൽ ചീഫ് ജസ്റ്റിസിന്റെ കണ്ണുനീരിന് കഴിയുമെങ്കിൽ അത് ജനായത്ത സംവിധാനത്തിന്റെ വിജയമാണ്. കാരണം ഇവിടെ ജനായത്ത സംവിധാനത്തിലെ ജുഡിഷ്യറിയുടെ വിതുമ്പലിലൂടെ ഇന്ത്യൻ ജനായത്തം വിതുമ്പുന്നതിന്റെ ചിത്രമാണ് തെളിഞ്ഞുവരുന്നത്. കേരളത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുപ്രചരണ രംഗത്തേക്കു നോക്കിയാലും കേൾക്കാതെ പോകുന്ന ജനായത്തത്തിന്റെ വിതുമ്പല്‍, ശ്രദ്ധിക്കുന്ന കാതുകൾക്ക് കേൾക്കാൻ കഴിയും.