മഥുര കലാപം: ആദ്ധ്യാത്മിക-റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറ്റൊരുദാഹരണം

Glint Staff
Sat, 04-06-2016 04:23:53 PM ;

akhilesh yadav and matura riots

 

ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളുടെ മൂല കാരണം ആദ്ധ്യാത്മികതയെ കുറിച്ചുള്ള അജ്ഞതയാണ്. ഈ അജ്ഞത കൊണ്ടാണ് എല്ലാ കപട സന്യാസിമാർക്കും സന്യാസിനിമാർക്കും വിളയാടാനുള്ള വിളഭുമിയായി ഇവിടം മാറുന്നത്. ആദ്ധ്യാത്മികതയും കുമിഞ്ഞുകൂടുന്ന സ്വത്തും ഇന്ന് ഈ മേഖലയിലെ ഒരു പുതിയ സമവാക്യമാണ്. സമ്പത്തുകൊണ്ട് ചില ദാനപ്രവൃത്തികളും സേവനമേഖലയില്‍ ജനോപകാരപ്രദമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന എന്തെങ്കിലുമൊക്കെ ചെയ്താൽ അതിനെ പാടിപ്പുകഴ്ത്താൻ പര്യാപ്തമായ മാദ്ധ്യമലോകം ഈ ആദ്ധ്യാത്മിക കൃഷിക്കു നല്ല രാസവളമാണ് നൽകുന്നത്. ആ അന്തരീക്ഷത്തിന്റെ മറവിൽ തഴച്ച ഒരു പ്രസ്ഥാനം വരുത്തിവച്ച വിനയാണ് ഇരുപത്തിനാലു പേരുടെ മരണത്തിനിടയാക്കിയ ഉത്തർപ്രദേശിലെ മഥുരയിലെ സംഭവം.

 

ആസാദ് വൈദിക് വൈചാരിക് ക്രാന്തി സത്യാഗ്രഹി എന്ന സംഘടന മഥുരയിലെ 260 എക്കർ വിസ്തൃതി വരുന്ന ജവാഹർ പാർക്ക് കൈയ്യേറി അവരുടെ പ്രവർത്തനങ്ങൾ നടത്തി വന്നു. മൂവായിരത്തോളം പേരാണ് ഇവിടെ കൈയ്യേറി പാർത്തുവന്നത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കവേയാണ് പോലീസ് സൂപ്രണ്ടുൾപ്പടെയുള്ള ഇരുപത്തിനാലു പേർ മരിക്കാനിടയായത്. എ.കെ 47 തോക്കുകളും 118 ഗ്രനേഡുകളും അവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. അവരുടെ ആസ്തിയാകട്ടെ പന്ത്രാണ്ടായിരം കോടി രൂപയുടേയും. 1980-90കളിൽ വൻ സ്വാധീന കേന്ദ്രമായിരുന്ന ബാബാ ജയ് ഗുരുദേവിന്റെ അനുയായികളിൽ നിന്ന് തെറ്റിപ്പിരിഞ്ഞവരാണ് ഈ ആസാദ് വൈദിക് വൈചാരിക് ക്രാന്തി സത്യാഗ്രഹി വിഭാഗക്കാർ. ഭരണകൂടത്തിന്റെ അറിവില്ലാതെ ഇങ്ങനെയൊരു കൈയ്യേറ്റം നടന്നുവെന്നു പറയുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കു പോലും ഭീഷണി ഉയര്‍ത്തുന്നതാണ്. കാരണം പന്ത്രാണ്ടായിരം കോടി രൂപയുടെ ആസ്തിയുള്ള സംഘത്തിന്റെ പ്രവർത്തനം വളരെ പരസ്യമായ രീതിയിൽ നടന്നിട്ടും സർക്കാർ സംവിധാനങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ല എന്നുപറഞ്ഞാൽ അത് അയൽ രാജ്യങ്ങളിൽ ഇന്ത്യയെ കുറിച്ചുള്ള ധാരണ എന്താകുമെന്ന് ഊഹിക്കാവുന്നതാണ്.

 

ബാബ ജയ് ഗുരുദേവ് സ്വാധീനശക്തിയായി മാറിയത് അദ്ദേഹത്തിന്റെ അനുഗ്രഹം തേടി കാൽക്കൽ വീണിരുന്ന രാഷ്ട്രീയത്തിലെയും അധികാര കേന്ദ്രങ്ങളിലെയും ഉന്നതരുടെ സാന്നിദ്ധ്യം കൊണ്ടാണ്. ഈ ബാന്ധവമാണ് ഇത്തരത്തിലുള്ള ആദ്ധ്യാത്മിക കച്ചവടക്കാർക്ക് ധനം കുന്നുകൂട്ടാൻ വഴിയൊരുക്കിക്കൊടുക്കുന്നത്. ധനാധിക്യവുമായി ബന്ധപ്പെട്ട എല്ലാ ആദ്ധ്യാത്മിക കേന്ദ്രങ്ങളുടെയും സ്ഥിതി ഇതു തന്നെ. വർത്തമാനകാലത്തിൽ ഇത്തരം ആദ്ധ്യാത്മിക കേന്ദ്രങ്ങൾ റിയൽ എസ്റ്റേറ്റുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്നതും കാണാവുന്നതാണ്. ഒരേ താൽപ്പര്യക്കാരുടെ കൂട്ടായ്മയ്ക്ക് കൂടാരം തീർക്കുകയാണ് ഇത്തരം ആദ്ധ്യാത്മിക കേന്ദ്രങ്ങൾ. എന്തെങ്കിലും കൊടിയ അപരാധ സംഭവത്തിലൂടെ ഇത്തരം സ്ഥാപനങ്ങളുടെ ചെയ്തികൾ പുറത്തുവരുന്നതുവരെ അവ ഇന്ത്യൻ പശ്ചാത്തലത്തിൽ ഭരണഘടനാതീതമായ സ്വാധീനം പുലർത്തിപ്പോരുന്നു എന്നതു വസ്തുതയാണ്.

 

2016 മേയ് 25-ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വളരെ സൂക്ഷ്മവും അതേസമയം കാലികവുമായ ഒരു നിരീക്ഷണം നടത്തുകയുണ്ടായി. ക്ഷേത്രങ്ങളിലേക്ക് കുത്തൊഴുക്കുപോലെ എത്തിക്കൊണ്ടിരിക്കുന്ന ധനത്തിന്റെ കാരണത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. മനുഷ്യൻ കൂടുതൽ തിന്മകളിൽ ഏർപ്പെടുന്നതുകൊണ്ട് പാപമുക്തി ലഭിക്കുമെന്ന പ്രത്യാശയാലാണ് ഇങ്ങനെ ധനം ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നതെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ജീവിതത്തേക്കുറിച്ചുള്ള ധാരണലഭ്യതയില്ലായ്മയാൽ കിടന്ന്‍ പലതിന്റെയും പിന്നാലെ ഓടുന്ന മനുഷ്യൻ ഗത്യന്തരമില്ലാതെ ഉഴലുന്ന കാഴ്ച ഇന്ത്യയുടെ നഗരകേന്ദ്രീകൃത ജിവിതത്തിൽ കാണാൻ കഴിയുന്നുണ്ട്. അവരാണ് ആദ്ധ്യാത്മിക-റിയൽ എസ്റ്റേറ്റ് കൂട്ടായ്മയ്ക്ക് തഴച്ചുവളരാൻ അവസരമൊരുക്കിക്കൊടുക്കുന്നത്. ഇവരുടെ സംഖ്യാബലത്തിലാണ് സ്വയം ദൈവമെന്ന് കരുതുന്ന കപട വ്യക്തിത്വങ്ങൾ സാമ്രാജ്യം കെട്ടിപ്പെടുത്ത് അധികാരവുമായി ചങ്ങാത്തത്തിലായി പരസ്പര സഹായ സംഘങ്ങളായി മാറുന്നത്.

 

ഇന്ത്യൻ മാദ്ധ്യമലോകത്തിന്റെ ഇന്ത്യൻ സംസ്കാരത്തെ കുറിച്ചുള്ള അറിവില്ലായ്മയും തെറ്റിദ്ധാരണയുമാണ് ഈ അന്തരീക്ഷത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കുന്നത്. അത് നിലനിൽക്കുന്നിടത്തോളം കാലം ഇങ്ങനെയുള്ളവർക്ക് ഇന്ത്യ നല്ല കമ്പോളമാണ്. ഈ കമ്പോളത്തിൽ നല്ല മാനേജർമാർ ഉള്ള ആദ്ധ്യാത്മിക-റിയൽ എസ്റ്റേറ്റ് കൂട്ടുകെട്ട് വളരെ ഏറെക്കാലം ആൾക്കാരെയും ലോകത്തെയും കബളിപ്പിച്ചു നിലനിൽക്കുന്നു. അല്ലാതെയുള്ളവർ ഏതെങ്കിലും സന്ദർഭങ്ങളിൽ തകരുന്നു. അപ്പോൾ മാദ്ധ്യമങ്ങൾ സടകുടഞ്ഞ് തകർന്ന ആദ്ധ്യാത്മിക വ്യവസായത്തിന്റെ അവശിഷ്ടങ്ങൾ ജനങ്ങൾക്കു കാട്ടിത്തരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും അദ്ദേഹത്തിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെയും നാടായ ഇടാവാ സ്വദേശിയായിരുന്നു ബാബാ ജയ് ഗുരുദേവ്. അഖിലേഷ് യാദവും അദ്ദേഹത്തിന്റെ അമ്മാവനും ബാബയുടെ അനുയായികളാണ്. ഗംഗയും പ്രയാഗും മഥുരയുമുൾപ്പെടുന്ന ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയുടെ ഈ ആദ്ധ്യാത്മിക നിലവാരമാണ് ഇന്ത്യൻ രാഷ്ട്രീയ രംഗത്തേയും അധികാര കേന്ദ്രങ്ങളിലെയും നായകരുടെയൊക്കെ ആദ്ധ്യാത്മിക നിലവാരം. ഇതിനെ ആദ്ധ്യാത്മികതയെന്ന് തെറ്റിദ്ധരിച്ച് എതിർക്കുന്ന പുരോഗമനവാദികളും മതേതരവാദികളും ഒട്ടും വ്യത്യാസമില്ലാതെ, തെറ്റിദ്ധാരണയുടെ കാര്യത്തിൽ, ഒരേ നുകത്തിന്റെ കീഴിൽ യോഗ്യരാകുന്നു. മാദ്ധ്യമങ്ങൾ ആ നുകം വഹിക്കുന്ന കലപ്പ പിടിക്കുന്നവരുടെ കൈയ്യിൽ പൂട്ടുവടിയും.

Tags: