മദ്യനയത്തിന് ലഹരി കൂട്ടാൻ സർക്കാർ ശ്രമം

Glint Staff
Thu, 30-06-2016 05:10:39 PM ;

pinarayi vijayan

 

മദ്യനയത്തിന് ലഹരി കൂട്ടാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ശ്രമം തുടങ്ങിയതിന്റെ സൂചനകളാണ് ഏറ്റവുമൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച നിയമസഭയിൽ നടത്തിയ പ്രസ്താവന. ഒരു നയവുമില്ലാതെ നടപ്പിലായതാണ് യു.ഡി.എഫ് സർക്കാരിന്റെ  മദ്യനയം എന്നിരുന്നാലും മുക്കിന് മുക്കിനുണ്ടായിരുന്ന ബാറുകൾ പൂട്ടിയതിനാൽ പൊതു സ്ഥലങ്ങളിൽ പ്രകടമായ ശാന്തത വ്യക്തമായിരുന്നു. അതുപോലെ വാഹനാപകടങ്ങളുടെ തോതിലും. മദ്യത്തിന് അടിമയായവരും മദ്യപാനം ശീലമായവരും എങ്ങനെയായാലും മദ്യപിച്ചിരിക്കും. സൗദി അറേബ്യയില്‍ വരെ സ്ഥിരം മദ്യം ഉപയോഗിക്കുന്ന മലയാളികൾ തന്നെ ധാരാളം. എന്നാൽ സൗകര്യമൊത്താൽ മദ്യപിക്കുന്ന വിഭാഗത്തിൽ പെട്ടവരുടെ മദ്യപാനം ഗണ്യമായ തോതിൽ കുറഞ്ഞു എന്നുളളത് വസ്തുതയാണ്.

 

മുഖ്യമന്ത്രി വ്യാഴാഴ്ച സഭയിൽ പറഞ്ഞത് മദ്യനിരോധനം കൊണ്ടുവന്നാൽ ജനം മറ്റ് ലഹരി തേടി പോവുകയും ജീവഹാനി സംഭവിക്കുകയും ചെയ്യുമെന്നാണ്. മറ്റ് ലഹരി എന്നു പറയുന്ന വസ്തുക്കളെല്ലാം നിരോധിക്കപ്പെട്ടവയാണ്. നിരോധിക്കപ്പെട്ട അവയുടെ ലഭ്യത ഇല്ലാതാക്കുക സർക്കാരിന്റെ ചുമതലയാണ്. അതിനുള്ള സംവിധാനങ്ങളും സർക്കാരിന്റെ ഭാഗത്തുണ്ട്. പോരായ്മകളുണ്ടെങ്കിൽ അത് പരിഹരിക്കേണ്ടതും സർക്കാരാണ്. സ്ഥിരമായി, മദ്യമല്ലാത്ത ലഹരി പദാർഥങ്ങളെ ആശ്രയിക്കുന്ന നല്ലൊരു ശതമാനം ആൾക്കാരുണ്ട്. അതിനാൽ അവർക്കു വേണ്ടി നിരോധിക്കപ്പെട്ട മയക്കുമരുന്നുകൾ നിയമവിധേയമായി ലഭ്യമാക്കണമെന്നു പറയുന്നതിൽ യുക്തിയില്ല. ആ യുക്തി മദ്യത്തിന്റെ കാര്യത്തിലും ബാധകമാണ്. എന്നിരുന്നാലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമായിരുന്ന കേരളത്തിൽ മദ്യം ഒറ്റയടിക്ക് നിരോധിക്കുന്നത് ഒരുപക്ഷേ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. അതിനാൽ നിരോധനത്തെ കുറിച്ച് ചിന്തിക്കാതെ നിലവിലുള്ള മദ്യലഭ്യത നിലനിർത്തി അവ തന്നെ ക്രമേണ കുറച്ചുകൊണ്ടുവരുന്ന മദ്യനയമാണ് ഉചിതമെന്നു തോന്നുന്നു. കാരണം ഏതുവിധേനെയും മദ്യപിച്ചേ കഴിയൂ എന്നുള്ളവർക്ക് യഥേഷ്ടം മദ്യം ലഭിക്കുന്നതാണ് ഇന്നത്തെ സംവിധാനം. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലറ്റുകളും പഞ്ചനക്ഷത്ര  ബാറുകളും അത് സാധ്യമാക്കുന്നുണ്ട്. ഇടത്തരം മദ്യപാനികൾക്ക് ബിയർ വൈൻ പാർലറുകളുമുണ്ട്.

 

നിലവിലുള്ള അവസ്ഥയിൽ നിന്ന് കൂടുതൽ മദ്യലഭ്യത സുലഭമാക്കുന്ന അവസ്ഥ കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തെ കൂടുതൽ വഷളാക്കാൻ മാത്രമേ ഉപകരിക്കുകയുള്ളു. ഇതോടൊപ്പം പരമ്പരാഗത രീതിയിലുള്ള മദ്യത്തിനെതിരെയുള്ള ബോധവത്കരണ പ്രചാരണ പരിപാടികൾ ഉപേക്ഷിച്ച് ക്രിയാത്മകമായ വിധം ഈ വിഷയത്തെ സമീപിച്ച് പരിഹാരം കണ്ടെത്തേണ്ടതാണ്. സ്വയം ബഹുമാനമില്ലാത്ത, മാനസിക സംഘർഷമനുഭവിക്കുന്നവരാണ് മദ്യത്തിലൂടെ അവരുടെ അലട്ടലിൽ നിന്നും രക്ഷ നേടാൻ ശ്രമിക്കുന്നത്. അല്ലാതെ വായിൽ വച്ചാൽ രുചിയില്ലാത്ത ദ്രാവകത്തോടുള്ള അഭിനിവേശം കൊണ്ടല്ല. ജനജീവിതത്തെ സമഗ്രമായി സാംസ്കാരികതയിലൂടെ മുന്നോട്ടു നയിക്കാൻ പറ്റുന്ന കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. അവിടെ ഉയരുന്ന പ്രശ്നം നിലവിലെ സാംസ്കാരിക പരിപാടികളും കൊഴുക്കണമെങ്കിൽ മദ്യം വേണമെന്ന അവസ്ഥയാണ്. വളരെ അഭിമാനത്തോടെ, വിവാഹാനുബന്ധച്ചടങ്ങുകൾക്കു പോലും പരസ്യമായും യഥേഷ്ടമായും മദ്യം വിളമ്പുന്ന സാംസ്കാരികാവസ്ഥയിലാണ് മലയാളി എത്തി നിൽക്കുന്നത്. എന്തുകൊണ്ട് മലയാളി വിവാഹാനുബന്ധ ചടങ്ങുകൾക്ക് മദ്യം വിളമ്പുന്നു എന്ന് ചിന്തിക്കാൻ തയ്യാറാവുമ്പോഴാണ് പ്രത്യയശാസ്ത്രപരമായ ഭാണ്ഡബാധ്യതയില്ലാതെ സ്വയം വിമർശനത്തിനു തയ്യാറായി ഈ സർക്കാർ ധീരമായ നിലപാടുകൾ സ്വീകരിക്കേണ്ടത്.

 

കാരണം, വിവാഹനുബന്ധ ചടങ്ങുകൾ ഏതു മതത്തിന്റേതാണെങ്കിലും അവയെ പവിത്രമായാണ് കാണപ്പെട്ടിരുന്നത്. അല്ലാതെ വെറും കൂട്ടായ്മയായിട്ടല്ല. പുതുതായി സമൂഹത്തിൽ ജീവിതം ആരംഭിക്കാൻ പോകുന്നവരെ ശ്രദ്ധയുടെ വഴിയിലേക്ക് തിരിയാൻ ഓർമ്മിപ്പിക്കുന്നതാണ് എല്ലാ വിവാഹാനുബന്ധ ചടങ്ങുകളും. ആ പവിത്രമായ ചടങ്ങിൽ എങ്ങനെ മദ്യം കടന്നുകൂടി മദ്യത്തിന് പവിത്രത വന്നു എന്ന ചിന്തയിലേക്ക് തിരിയാൻ സാധ്യമായാൽ മദ്യാസക്തി കുറയ്ക്കുന്നതിനും മദ്യത്തെ അശ്ലീല പദം പോലെ വീണ്ടും ഉപേക്ഷിക്കാനും മലയാളി തയ്യാറാകും. ഏതാണ്ട് മുപ്പതു കൊല്ലം മുൻപു വരെ വിദേശമദ്യവുമായി തട്ടിച്ചു നോക്കുമ്പോൾ ലഹരി കുറഞ്ഞ കള്ള് കുടിക്കാൻ ആൾക്കാർ ഷാപ്പിൽ കയറിയിരുന്നത് തലയിൽ മുണ്ടിട്ടായിരുന്നു. അവിടെ നിന്നാണ് പവിത്രമായ ചടങ്ങുകളിലും ആഢ്യതയുടെ ഭാഗമായും മദ്യം സ്ഥാനം നേടിയത്. ഇത് എങ്ങനെ സംഭവിച്ചു എന്ന വഴിക്കുള്ള ചിന്തയും പദ്ധതികളുമാണ് മദ്യാസക്തി ഒഴിവാക്കുന്നതിന് ആവശ്യം. അല്ലാതെ മദ്യം വിഷമാണ് എന്നുള്ള പ്രചാരണ പരിപാടികൾ സ്കൂളുകളിലും പൊതുവേദികളിലും പ്രചരിപ്പിച്ചതുകൊണ്ട് മദ്യാസക്തിയും ഉപഭോഗവും കൂടുമെന്നല്ലാതെ കുറയില്ല. ഇതുവരെയുളള അനുഭവം എടുത്തുനോക്കിയാൽ അതറിയാൻ കഴിയും.

 

മദ്യനിരോധനം നടപ്പാക്കിയാൽ ആകാശമിടിഞ്ഞുവീഴുന്ന പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയില്ലെന്നുള്ളതും ഓർക്കേണ്ടതാണ്. മുഖ്യമന്ത്രി പറയുന്നതുപോലെ ജീവഹാനി ചിലപ്പോൾ ഒറ്റയടിക്ക് ചില സ്ഥലങ്ങളില് സംഭവിച്ചേക്കാം. എന്നാൽ മദ്യ ഉപയോഗത്താൽ മരിച്ചു ജീവിക്കുന്നവരുടെ എണ്ണവും ഇഞ്ചിഞ്ചായി മരിക്കുന്നവരുടെ എണ്ണവും പരിഗണിക്കേണ്ടതാണ്. മറ്റൊരു കാര്യം ഈ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ കാര്യമാണ്. കേരളത്തിൽ അതിനേക്കാൾ അന്തസ്സുള്ള അനേകം ജോലിക്ക് ആളില്ലാത്ത അവസ്ഥയാണ്. ഏകദേശം നാൽപ്പതു ലക്ഷത്തോളം വരുന്ന മറുനാട്ടുകാരാണ് ആ പണിയൊക്കെ ചെയ്യുന്നത്. അതിനാൽ  മദ്യമേഖലയിൽ തൊഴിലെടുക്കുന്നവരുടെ തൊഴിൽ പ്രശ്നത്തെ സി.പി.ഐ.എം നേതാക്കൾ ചാനൽ ചർച്ചയിലും അല്ലാതെയും ഉയർത്തിക്കാട്ടുന്നതിൽ തെല്ലും യുക്തിയില്ല.

Tags: