ജിഹാദി ഭീകരതയുടെ ആശയ വേരുകള്‍

കിരണ്‍ പോള്‍
Sat, 16-07-2016 05:00:50 PM ;

zakir naik

 

ആശയത്തിനു വേണ്ടിയുള്ള അക്രമത്തിന്റെ ഗതി, ഒടുവില്‍ അക്രമം തന്നെ ആശയമായി മാറുന്ന സ്ഥിതിയിലേക്ക് പോകുന്ന കാഴ്ച ചരിത്രത്തില്‍ വേണ്ടുവോളമുണ്ട്. ആഗോള ജിഹാദി ഭീകരവാദം ആ ഘട്ടത്തിലേക്ക് കടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. ഇറാഖിലെ ബാഗ്ദാദില്‍ അങ്ങാടിയില്‍ ട്രക്ക് ബോംബ്‌ പൊട്ടിത്തെറിച്ച് 200-ലധികം പേര്‍, തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വിമാനത്താവളത്തില്‍ 44 പേര്‍, ബംഗ്ലാദേശില്‍ ധാക്കയിലെ കഫെയില്‍ 23 പേര്‍, ഫ്രാന്‍സില്‍ നീസില്‍ ട്രക്ക് ഓടിച്ചുകയറ്റി 84 പേര്‍ - മൂന്നാഴ്ചയ്ക്കുള്ളില്‍ നടന്ന വലിയ, ലോകശ്രദ്ധ നേടിയ ആക്രമണങ്ങള്‍ മാത്രം. എന്നാല്‍, ഏറ്റവും ശ്രദ്ധ നല്‍കേണ്ട ഒരാക്രമണവും ഇതിനിടയില്‍ ഉണ്ടായി. ഇസ്ലാമിലെ വിശുദ്ധ സ്ഥലങ്ങളില്‍ രണ്ടാമത് നില്‍ക്കുന്ന മെദീനയിലെ പ്രവാചകന്റെ പള്ളിയില്‍ നടന്ന ചാവേര്‍ ബോംബാക്രമണം. ഫ്രാന്‍സിലാകട്ടെ, സ്വാതന്ത്ര്യത്തിന്റെ ആഗോള പ്രതീകങ്ങളില്‍ ഒന്നായ ബാസ്റ്റീല്‍ ദിനത്തിലാണ് ആക്രമണം ഉണ്ടായത്. ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം കുറിച്ച ബാസ്റ്റീല്‍ കോട്ടയുടെ പതനത്തിന്റെ വാര്‍ഷികത്തില്‍. ഇവ രണ്ടും കുറിക്കുന്ന പ്രതീകാത്മകത ചെറുതല്ല.

 

മതത്തിന്റെ മൗലികവാദ വ്യാഖ്യാനങ്ങളും നിഷ്ഠാഭ്രാന്തും ചേരുമ്പോള്‍ സംഭവിക്കുന്ന ദുരന്തം, വ്യക്തിയ്ക്കും ആ വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ വഴി മറ്റുള്ളവര്‍ക്കും, അംഗീകരിക്കാന്‍ കഴിയുന്നതല്ലെങ്കിലും മനസിലാക്കാന്‍ കഴിയുന്നതാണ്. മൗലികവാദങ്ങള്‍ നിര്‍വചനപരമായി തന്നെ സ്വാതന്ത്ര്യത്തിന് എതിരാണല്ലോ. ആ അര്‍ത്ഥത്തില്‍ ബാസ്റ്റീല്‍ ദിനാക്രമണം മനസിലാക്കാന്‍ കഴിയുന്നതാണ്. എന്നാല്‍, വിശുദ്ധമെന്ന് തങ്ങള്‍ വിശ്വസിക്കുന്ന റംസാന്‍ മാസത്തില്‍, വിശുദ്ധമെന്ന് തങ്ങള്‍ വിശ്വസിക്കുന്ന മെദീനയില്‍, ആരുടെ പേരിലാണോ തങ്ങള്‍ ആക്രമണത്തിന് മുതിരുന്നത്, ആ പ്രവാചകന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ആരാധനാലയത്തില്‍ ചാവേറായി എത്തുന്ന ഒരാള്‍ എത്തി നില്‍ക്കുന്ന മാനസികാവസ്ഥ സത്യത്തില്‍ അനുകമ്പ കൂടി അര്‍ഹിക്കുന്നുണ്ട്. അങ്ങനെയൊരു ആക്രമണം നടത്താന്‍ സാധിക്കുന്നവര്‍, ലോകത്തെവിടെയും ആക്രമണത്തിന് മുതിരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അങ്ങനെയുള്ളവര്‍ ലോകത്ത് വ്യാപകമായി ഉണ്ടായി വരുന്നതെങ്ങനെയെന്ന ജാഗ്രതയോടെയുള്ള അന്വേഷണം പ്രസക്തമാകുന്നതും അതുകൊണ്ടുതന്നെ.

 

ജിഹാദി ഭീകരവാദത്തിന് ഒരു സാമൂഹ്യ-രാഷ്ട്രീയ ഉറവിടമുണ്ട്. 2001 സെപ്തംബര്‍ 11-ലെ ലോക വ്യാപാര കേന്ദ്രത്തിലെ ആക്രമണത്തിന് ശേഷം ലോക വ്യാപാര കേന്ദ്ര ആക്രമണത്തിന് ശേഷം തീവ്രവാദത്തിനെതിരെയെന്ന പേരില്‍ ആയുധ കമ്പോളം പശ്ചിമേഷ്യയില്‍ നടത്തുന്ന അവസാനമില്ലാത്ത യുദ്ധങ്ങള്‍ അവിടത്തെ നാടുകളില്‍ സൃഷ്ടിക്കുന്ന സാമൂഹ്യ അരക്ഷിതാവസ്ഥ ഒരു വശത്ത്. ഇതേ ആക്രമണത്തിന് ശേഷം, പാശ്ചാത്യ സമൂഹങ്ങളിലെ വര്‍ധിച്ചുവരുന്ന ഇസ്ലാം പേടിയും അതിന്റെ ഫലമായി സര്‍ക്കാര്‍ തലം മുതല്‍ വ്യക്തി തലം വരെയുള്ള ഇടപഴകലുകളില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും വേറൊരു വശത്ത്. ഈ രണ്ട് അരക്ഷിതാവസ്ഥകളും ചേരുമ്പോള്‍ രൂപപ്പെടുന്ന ദൂഷിതവലയം ലോകമാകെ മുസ്ലിം സമൂഹത്തില്‍ വളര്‍ത്തുന്ന ഉപരോധ മന:സ്ഥിതി ജിഹാദി ഭീകരവാദത്തിന് അനുകൂലമായ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, ഭീകരവാദത്തിലേക്ക് എത്തിപ്പെടുന്ന വ്യക്തി ആത്യന്തികമായി തേടുന്നത് താന്‍ നേരിടുന്ന അരക്ഷിതാവസ്ഥകളുടെ വൈകാരിക ആഘാതങ്ങളില്‍ നിന്നുള്ള മോചനമാണ്. മതത്തിന്റെ മൗലികവാദ വ്യാഖ്യാനങ്ങള്‍ നല്‍കുന്നവര്‍, ഉരുദാഹരണമായി നമ്മുടെ നാട്ടിലെ സക്കീര്‍ നായ്കിനെ പോലുള്ളവര്‍, ചെയ്യുന്ന പ്രവൃത്തി ഇവിടെയാണ്‌ അപകടകരമായി മാറുന്നത്.

 

താന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും ഭീകരാക്രമണങ്ങളെ എപ്പോഴും അപലപിച്ചിട്ടുണ്ടെന്നും നായ്ക് പറയുന്നു. എന്നാല്‍, നായ്ക് അടക്കമുള്ളവര്‍ മുന്നോട്ടുവെക്കുന്ന തീവ്രവാദപരമായ ഇസ്ലാമിക ദൈവശാസ്ത്രവും ഭീകരവാദവും തമ്മിലുള്ള ബന്ധം ഇസ്ലാമിക പണ്ഡിതര്‍ വെളിവാക്കിയിട്ടുള്ളതാണ്. പ്രത്യേകിച്ചും നായ്ക് പിന്തുടരുന്ന സലഫി ദൈവശാസ്ത്രത്തിന്റെ. കയ്റോവിലെ അല്‍-അസര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ അഹമ്മദ് അല്‍തയ്യബിനെ പോലുള്ള ആധികാരിക ശബ്ദങ്ങള്‍ തന്നെ ഈ ആശയസംഹിതക്കെതിരെ നിലകൊള്ളുന്നുണ്ട്. ഫ്രാന്‍സിലെ ഭീകരാക്രമണത്തെ അപലപിക്കുന്നു എന്ന് പറഞ്ഞ അതേ വാര്‍ത്താസമ്മേളനത്തില്‍ സലഫി ദൈവശാസ്ത്രജ്ഞരെ കൂട്ടുപിടിച്ച് ചാവേറാക്രമണത്തെ യുദ്ധതന്ത്രമായി ന്യായീകരിക്കാനും നായ്ക് മുതിരുകയാണ് ചെയ്തത്. അരക്ഷിത മനസുകള്‍ക്ക് ഇത്തരം ന്യായീകരണങ്ങളാണ് അക്രമത്തിനുള്ള പ്രത്യക്ഷ ആഹ്വാനങ്ങളേക്കാള്‍ പ്രചോദിതമാകുന്നത് എന്ന്‍ നായ്കിന് അറിയാത്തതല്ല.

 

തീവ്രവാദ ദൈവശാസ്ത്രത്തെയോ തീവ്രവാദ രാഷ്ട്രീയത്തെയോ പിന്തുടരാത്ത മിതവാദ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഭീകരവാദത്തിന് ആശയാടിത്തറ നല്‍കുന്ന മതവ്യാഖ്യാനങ്ങളെ വിശ്വാസികള്‍ക്ക് വേര്‍തിരിച്ചു കാണിച്ചുകൊടുക്കാന്‍ നേതൃത്വപരമായ പങ്ക് ഈ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ട്. കേരളത്തില്‍ മുസ്ലിം ലീഗിന്റെ സവിശേഷ സ്ഥാനം ഇവിടെയാണ്‌. പൊതുവേ മിതവാദ സമീപനമാണ് ബഹുസ്വര ജനായത്തത്തിലെ രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ പ്രതിനിധി സ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ലീഗിന്. എന്നാല്‍, നായ്കിനെ പിന്തുണച്ചും ന്യായീകരിച്ചും കൊണ്ടുള്ള ലീഗിന്റെ പ്രസ്താവന ഈ പൊതുസമീപനത്തിന് നിരക്കുന്നതല്ല. ഈജിപ്ത് സലഫി ദൈവശാസ്ത്രജ്ഞരുടെ ഗ്രന്ഥങ്ങളും ബംഗ്ലാദേശ് നായ്കിന്റെ പീസ്‌ ടി.വിയും നിരോധിക്കുമ്പോഴാണ് ലീഗ് ഇത്തരം സമീപനത്തിലേക്ക് പോകുന്നതെന്ന് കൂടി മനസിലാക്കണം. നിരോധനം ഒരു പോംവഴിയല്ല എന്ന ജനായത്ത സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ നിലപാടുമല്ല ലീഗ് ഉയര്‍ത്തിപ്പിടിക്കുന്നത്. നായ്കിന്റെ പ്രഭാഷണങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്ന താത്വികമായ പിന്തുണ തന്നെയാണ് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ നല്‍കിയത്. പ്രഭാഷണങ്ങളിലെ അന്തര്‍ധാരയായ ദൈവശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നത് എന്തെന്ന ചോദ്യമാണ് പക്ഷെ, നിര്‍ണ്ണായകം.

 

നായ്കിനെ പിന്തുണച്ചതിനെതിരെ ലീഗില്‍ തര്‍ക്കമുയര്‍ന്നു എന്നതാണ് ഇവിടെയുള്ള വെള്ളിവളയം. ഇപ്പോള്‍, തുര്‍ക്കിയില്‍ പ്രസിഡന്റ് എദ്രുവാനെതിരെ ഉയര്‍ന്ന പട്ടാള അട്ടിമറി ശ്രമം തന്നെ എദ്രുവാന്റെ ഏകാധിപത്യ പ്രവണതയോടൊപ്പം തീവ്ര ഇസ്ലാമിക രാഷ്ട്രീയത്തിനെതിരെയുമുള്ള നീക്കമായി കാണാം. കമാല്‍ അത്താതുര്‍ക്കിന്റെ കാലം മുതല്‍ തുര്‍ക്കിയിലെ ശക്തമായ മതേതര സ്ഥാപനമാണ് സൈന്യം. തീവ്രവാദപരമായ ദൈവശാസ്ത്രവും അതില്‍ നിന്ന്‍ ആവിഷ്കൃതമാകുന്ന മതരാഷ്ട്രീയവുമാണ് ജിഹാദി ഭീകരവാദത്തിന് ആശയാടിത്തറയെന്നും അതിന് മതവുമായി ബന്ധമില്ലെന്നും വ്യക്തമായി പറയാനും ആ വഴിയില്‍ നിന്ന്‍ ആളുകളെ തിരിച്ചുനടത്താനും കഴിയുന്ന പ്രസ്ഥാനങ്ങളെ ലോകമാസകലം ഇസ്ലാം ആവശ്യപ്പെടുന്നുണ്ട്. മലയാളി യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായുള്ള സംശയം പുറത്തുവന്ന ഈ അവസരത്തില്‍ കേരളത്തില്‍ ഈ ദൗത്യം അടിയന്തരമായി ഏറ്റെടുക്കാനുള്ള സാമൂഹ്യ ഉത്തരവാദിത്വം കൂടി ലീഗിനുണ്ട്. അതിനുപകരം, പോയ വഴിയേ തെളിക്കാം എന്ന രീതിയില്‍ തീവ്രവാദ നിലപാടിലേക്ക് ലീഗ് പോകുകയാണെങ്കില്‍ അതിന്റെ സാമൂഹ്യ ആഘാതവും വലുതായിരിക്കും.      

Tags: