ഇതു മാദ്ധ്യമനിരോധനം; ഉപദേഷ്ടാവിന്റെ ഉപദേശം പ്രകടം

Glint Staff
Sat, 30-07-2016 04:19:09 PM ;

pinarayi vijayan and mk damodaran

 

മാദ്ധ്യമപ്രവർത്തകരം അഭിഭാഷകരും തമ്മിലുള്ള പ്രശ്നം കേരളത്തിൽ മാദ്ധ്യമ നിരോധനത്തിലേക്കു നീങ്ങിക്കഴിഞ്ഞു. കോഴിക്കോട്ട് കോടതി വളപ്പിൽ നിന്നും എഷ്യാനെറ്റ് മാദ്ധ്യമസംഘത്തെ അറസ്റ്റ് ചെയ്ത് ഒ.ബി വാനും പിടിച്ചെടുത്ത നടപടി അതിലെ ആദ്യത്തെ പ്രത്യക്ഷ ഘട്ടം മാത്രം. ഹൈക്കോടതിയിൽ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിന്നാണ് വിഷയം തുടങ്ങിയത്. അത് കേരളത്തിൽ നടപ്പിലാകാൻ പോകുന്ന മാദ്ധ്യമ നിരോധനത്തിനുള്ള നിമിത്ത കാരണം മാത്രമായിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനുള്ള ഒടുവിലത്തെ കാരണം പോലെ.

 

ഇടതുപക്ഷ സർക്കാർ പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരത്തിൽ ഏറിയ ഉടൻ തന്നെ അദ്ദേഹമെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു മന്ത്രിസഭായോഗം കഴിഞ്ഞുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഒഴിവാക്കല്‍. അതിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായെങ്കിലും മാദ്ധ്യമങ്ങളുടെ ഭാഗത്തു നിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. അതിനൊരു പരിധി വരെ മാദ്ധ്യമപ്രവർത്തകരുടെ പെരുമാറ്റത്തിലെ ചില പോരായ്മകള്‍ വരെ പലരാലും ഉയർത്തിക്കാണിക്കപ്പെട്ടിരുന്നു. അതുകൂടിയാകാം ആത്മവിശ്വാസത്തോടെ ജനങ്ങളുടെ പ്രാതിനിധ്യഭാഗം ഏറ്റെടുത്തുകൊണ്ട് ആ അവസരം പുന:സ്ഥാപിക്കുന്നതിനു വേണ്ടി മാദ്ധ്യമപ്രവർത്തകർ നിലപാടെടുക്കാതിരുന്നത്. ആ നടപടിയെപ്പോലും മഹത്വവത്കരിക്കുന്ന വിധമാണ് ചില മാദ്ധ്യമങ്ങൾ ആരാധനാഭാവത്തിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയെ വാഴ്ത്തിയത്.

 

മുഖ്യമന്ത്രിയുടെ ആ നടപടി സംസ്ഥാനത്തിനകത്തും പുറത്തും ഒരു സന്ദേശം പ്രകടമാക്കി. അദ്ദേഹം മാദ്ധ്യമസൗഹൃദം ആവശ്യപ്പെടുന്ന മുഖ്യമന്ത്രിയല്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍,  മാദ്ധ്യമങ്ങളെ വിലകൽപ്പിക്കാത്ത മുഖ്യമന്ത്രിയാണ്. ചുരുക്കത്തിൽ മുഖ്യമന്ത്രി മാദ്ധ്യമലോകത്തിന് എതിരാണ് എന്നുള്ള ധാരണ ഏവരുടെയും ഉള്ളിൽ പതിയുന്നതിന് അതു കാരണമായി. കാരണം, കഴിഞ്ഞ ഒന്നര ദശാബ്ദക്കാലം കേരളത്തിൽ മാദ്ധ്യമങ്ങളാൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടായ വ്യക്തിയാണ് പിണറായി വിജയൻ. വി.എസ് അച്യുതാനന്ദന്റെ താരോദയം പോലും പിണറായിയുടെ പ്രതിഛായയുടെ ചെലവിലായിരുന്നു എന്നു വേണമെങ്കില്‍ പറയാം. ആ കാലഘട്ടങ്ങളിൽ അദ്ദേഹം പരസ്യമായി മാദ്ധ്യമങ്ങളേയും മാദ്ധ്യമപ്രവർത്തകരേയും ആക്ഷേപിക്കാനും വാക്കുകൊണ്ട് ആക്രമിക്കാനും തയ്യാറായിട്ടുണ്ട്. ഈ പശ്ചാത്തലവും മുഖ്യമന്ത്രിയായതിനു ശേഷമുള്ള പിണറായി വിജയന്റെ തീരുമാനത്തിന്റെ അർഥം ജനമനസ്സുകളിൽ പതിയാൻ കാരണമായിട്ടുണ്ട്.

 

പിണറായി വിജയൻ അധികാരമേറ്റ ശേഷം ആദ്യമുയര്‍ന്ന വിവാദം അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവായി അഡ്വ. എം കെ ദാമോദരനെ നിയമിച്ചതായിരുന്നു. വിവാദത്തിനൊടുവില്‍ ആ സ്ഥാനം സ്വീകരിക്കുന്നില്ലെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോൾ ദാമോദരന്‍ പറഞ്ഞ കാര്യം - 'മാദ്ധ്യമങ്ങൾ എന്നോട് അനീതിയോടെ പെരുമാറി' എന്നത് - ശ്രദ്ധേയമാണ്. പ്രതിപക്ഷം കാര്യമായി ഏറ്റെടുക്കാത്ത, എന്നാല്‍ മാദ്ധ്യമങ്ങളില്‍ കത്തിപ്പടര്‍ന്ന ആ വിവാദം നടക്കുന്നതിനിടയിൽ ഒരു ചാനൽ ചർച്ചയിൽ ഒരു സി.പി.ഐ.എം നേതാവ് പറയുകയുണ്ടായി, മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും ദാമോദരൻ വക്കീലിന്റെ ഉപദേശം സ്വീകരിക്കാവുന്നതേ ഉള്ളു. പ്രത്യേകിച്ച് പദവിയുടെ ആവശ്യവുമൊന്നുമില്ല എന്ന്. മാദ്ധ്യമ നിരോധനത്തിന്റെ പിന്നിൽ ആ ഉപദേശം പ്രവർത്തിക്കുന്നുവെന്നു വേണം കേരളത്തിലെ വർത്തമാന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

 

മാദ്ധ്യമപ്രവർത്തകരെ ഹൈക്കോടതിക്കു മുന്നിൽ ആക്രമിക്കാനെത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന യുവനിരയിൽ അഡ്വ. എം. കെ.ദാമോദരന്റെ ശിഷ്യഗണങ്ങളെ കാണാമായിരുന്നു. അദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ട് മുതിർന്ന അഭിഭാഷകനായ കെ.രാംകുമാർ ചാനലുകളിൽ നടത്തിയിരുന്ന വാദങ്ങൾ കോടതിമുറിയിൽ നടത്തുന്ന വാദം പോലെയായിരുന്നു. അഭിഭാഷക-മാദ്ധ്യമ സംഘർഷമുണ്ടായപ്പോൾ രാംകുമാർ ചാനലുകളിൽ ചർച്ചകളിൽ പങ്കെടുത്ത് പറഞ്ഞ അഭിപ്രായങ്ങൾ വിഷയത്തെ വഷളാക്കുന്നതിന് വളരെയധികം ഉപകരിക്കുകയുണ്ടായി. ദാമോദരൻ വക്കീലിന്റെ വക്കാലത്തുമായി ചാനലുകളിൽ എത്തിയ രാംകുമാർ തന്റെ പ്രായത്തിന്റെ സമചിത്തത പോലും പ്രകടമാക്കാൻ തയ്യാറാകാതെ വൈകാരിക പ്രതികരണങ്ങളെ ന്യായീകരിക്കുകയായിരുന്നു. അഡ്വ.ദാമോദരന്റെ അഭിപ്രായവും ഇക്കാര്യത്തിൽ രാംകുമാറിന്റേതിൽ നിന്ന് ഭിന്നമാകാനിടയില്ല. അതിനർഥം ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് സ്വീകാര്യമായതും അഡ്വ.ദാമോദരന്റെ അഭിപ്രായം തന്നെയായിരിക്കും. അത് ഒന്നുകൂടി വ്യക്തമാക്കുന്നതാണ് എറണാകുളത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ചയുണ്ടായിട്ടും അത് ഫലപ്രദമാകാതായിപ്പോയത്.

 

ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഇതുവരെ മാദ്ധ്യമപ്രവർത്തകർക്ക് കിട്ടിയിരുന്ന സംരക്ഷണം ഇനിയുണ്ടാവില്ല എന്ന വ്യക്തമായ സന്ദേശമാണ് കോഴിക്കോട്ട് കോടതിവളപ്പിൽ നിന്നും മാദ്ധ്യമ സംഘം അറസ്റ്റ് ചെയ്യപ്പെടാനിടയായ സംഭവം. അറസ്റ്റ് ചെയ്ത എസ്. ഐയെ തത്ക്കാലത്തേക്ക് ജോലിയിൽ നിന്നു മാറ്റി നിർത്തിയത് ഒരു പരിഹാര പ്രക്രിയയൊന്നുമല്ല. അതൊക്കെ പെട്ടന്ന് വിഷയത്തെ തണുപ്പിക്കാനുള്ള തന്ത്രമാണെന്നു മാത്രം. അതുപോലും ചിലപ്പോൾ അഡ്വ.ദാമോദരന്റെ ഉപദേശമായിക്കൂടായ്കയില്ല. ഇതു നൽകുന്ന സന്ദേശം ആർക്കു വേണമെങ്കിലും മാദ്ധ്യമപ്രവർത്തകരെ നടുറോഡിൽ വച്ച് കൈകാര്യം ചെയ്യാം എന്നുള്ളതാണ്. സ്വാഭാവികമായി അത് ക്രമേണ അസുഖകരമായ വാർത്തകൾ കൊടുക്കുന്നതിൽ നിന്ന് മാദ്ധ്യമപ്രവർത്തകരെ പിന്തിരിപ്പിക്കും.

 

സംസ്ഥാനത്തെ സംബന്ധിക്കുന്ന പല വാർത്തകളിലും അസ്വസ്ഥരാകാൻ പാകത്തിൽ ധാരളം പേര്‍ ഉള്ള അവസ്ഥയാണ് ഇന്ന് കേരളത്തിൽ. അങ്ങനെ അസ്വസ്ഥരാകാൻ പാകമായി നിൽക്കുന്നവർ എല്ലാം തന്നെ കേരളത്തിൽ വലിയ 'വികസന പദ്ധതി'കളുമായി കാത്തു നിൽക്കുന്നവരാണ്. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനം ഒഴിവാക്കിയതു വഴി മുഖ്യമന്ത്രിക്ക് ഒട്ടേറെ അസുഖകരമായ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയുന്നുവെന്നുള്ളത് അഭിഭാഷക-മാദ്ധ്യമപ്രവർത്തക വിഷയത്തിൽ തന്നെ കണ്ടതാണ്. ഒരു ഭാഗത്ത് മാദ്ധ്യമങ്ങളെ നേരിട്ട് ഒഴിവാക്കുക,. മറുഭാഗത്ത് ഇതുവരെ മാദ്ധ്യമപ്രവർത്തകർ അനുഭവിച്ചുകൊണ്ടിരുന്ന സ്റ്റേറ്റ് സംരക്ഷണത്തിൽ നിന്ന് പുറത്താക്കുക. ഇതു നിസ്സാരമായ സംഭവമല്ല. മാദ്ധ്യമപ്രവർത്തനത്തിൽ ച്യുതി വന്നിട്ടുണ്ട് എന്നുള്ളത് വാസ്തവം  തന്നെ. എന്നിരുന്നാലും കൊടിയ അനീതികൾ നേരിടേണ്ടി വരുന്നവർക്കും സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങളെ നശിപ്പിക്കുന്ന പദ്ധതികളിൽ നിന്ന് നിക്ഷിപ്തതാൽപ്പര്യക്കാരെ അകറ്റി നിർത്തുന്നതിനുമുള്ള രക്ഷാകവചം പോലെ മാദ്ധ്യമങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു വരികയായിരുന്നു എന്നുള്ള കാര്യവും മറന്നുകൂടാ. എന്തായാലും ഇത് വളരെ ആസൂത്രിതമായി നടപ്പിലാക്കപ്പെട്ട മാദ്ധ്യമ നിരോധന പദ്ധതിയുടെ ഭാഗമാണ്. അതിന്റെ തുടക്കം മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളന ഉപേക്ഷിക്കലിൽ നിന്നും. ഉപദേശം എവിടെ നിന്നുവെന്നും വ്യക്തമാകുന്നുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി എന്നൊരു റാങ്കിന്റെ നഷ്ടം മാത്രമേ അഡ്വ.ദാമോദരന് സംഭവിച്ചിട്ടുളളു.

Tags: