സര്‍ക്കാറിന് മേലെയുള്ള ദാമോദര നിഴല്‍

Glint Staff
Wed, 07-09-2016 06:21:15 PM ;

 

മള്ളൂരും ആയിരം രൂപയും ഉണ്ടെങ്കില്‍ ആരെയും കൊല്ലാം എന്നൊരു പറച്ചില്‍ മള്ളൂര്‍ ഗോവിന്ദപ്പിള്ള എന്ന അഭിഭാഷകന്‍റെ തൊഴില്‍മികവിലൂടെയാണ് രൂപപ്പെട്ടത്. പിന്നീട്, ഏത് ആപത്തില്‍ നിന്നും ആരെയും രക്ഷിച്ചെടുക്കാന്‍ സാമര്‍ത്ഥ്യമുള്ളവരെ അഭിനവ മള്ളൂര്‍ എന്ന് വിശേഷിപ്പിക്കുന്നതിലൂടെ ആ പ്രയോഗം മലയാള ഭാഷയിലും ഇടം പിടിച്ചു. എന്നാലിപ്പോള്‍, മള്ളൂരിനെ പകരം വെക്കുന്ന മറ്റൊരു അഭിഭാഷകനെ കേരളം കാണുകയാണ്. രാഷ്ട്രീയ വിവാദമായ ഏത് കേസിലും പ്രതിഭാഗത്തിന്റെ ആവസാന ആശ്രയമായി കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍ മാറുന്ന കാഴ്ചയാണ് കേരളം ഇപ്പോള്‍ കാണുന്നത്.  

 

അധികാരം ദുര്‍വിനിയോഗം ചെയ്ത് നികുതി ഇളവുകള്‍ നല്‍കി ഖജനാവിന് നഷ്ടം വരുത്തിയെന്ന ആരോപണത്തില്‍ വിജിലന്‍സ് എടുത്ത രണ്ട് കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം മാണി കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മാണിയെ പ്രതിനിധീകരിച്ചാണ് കെ.എം ദാമോദരന്‍ ഒടുവില്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ, കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതി കേസുമായി ബന്ധപ്പെട്ട് ഐ.എന്‍.ടി.യു.സി സംസ്ഥാന അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ ആര്‍. ചന്ദ്രശേഖരന് വേണ്ടിയും ദേശാഭിമാനി കടപ്പത്ര വിവാദത്തിന്‍റെ ചരിത്രമുള്ള ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഒരു തട്ടിപ്പ് കേസിലും അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കിയതിനെതിരെ ക്വറി ഉടമകളെ പ്രതിനിധീകരിച്ചും ദാമോദരന്‍ ഹാജരായത് ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയിരുന്നു. ഏത് കേസില്‍ ഹാജരാകണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു അഭിഭാഷകനുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയമോപദേശകനായി നിയമിച്ചിരിക്കെയായിരുന്നു ഈ മൂന്ന്‍ കേസുകളില്‍ ദാമോദരന്‍ ഹാജരായത്. വിഷയം ചര്‍ച്ചയായതും അതുകൊണ്ടുതന്നെ. മുഖ്യമന്ത്രിയുടെ ഉപദേശകന്‍ സര്‍ക്കാറിനെതിരെ വാദിക്കുന്ന സാഹചര്യത്തിന്റെ യുക്തി സി.പി.ഐ.എം വക്താക്കള്‍ ചാനലുകളിരുന്നു എത്ര വിശദീകരിച്ചിട്ടും പൊതുജനത്തിന് മനസിലായില്ല. നിയമനം ചോദ്യം ചെയ്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ, നിയമോപദേശക സ്ഥാനം ദാമോദരന്‍ ഏറ്റെടുക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ച് അന്നുയര്‍ന്ന വിവാദത്തിനു തിരശീല ഇടുകയായിരുന്നു.

 

എന്നാല്‍, പിണറായി വിജയന്‍ സര്‍ക്കാറും ദാമോദരനും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം വെളിച്ചത്ത് വന്നു എന്നുള്ളതാണ് ആ വിവാദത്തിന്റെ ഒരു അനന്തരഫലം. പിണറായി വിജയന് ദാമോദരന്‍ വക്കീലിന്റെ ഉപദേശം തേടാന്‍ അദ്ദേഹത്തെ ഒരു സ്ഥാനത്ത്‌ ഇരുത്തേണ്ട ആവശ്യമില്ലെന്ന് ചില പാര്‍ട്ടി വക്താക്കള്‍ ആശ്വസിച്ചത് ഇത് കൂടുതല്‍ വെളിവാക്കിയതേ ഉള്ളൂ. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് വേണ്ടി വാദിക്കുകയും ജയിക്കുകയും ചെയ്തത് ദാമോദരനാണ് എന്നിരിക്കെ പ്രത്യേകിച്ചും. സമകാലീന കേരള രാഷ്ട്രീയ ചരിത്രത്തില്‍ ലാവ്‌ലിന്‍ കേസിന്റെ പങ്ക് എടുത്തുനോക്കിയാല്‍ പിണറായി വിജയന്‍ ഇന്നിരിക്കുന്ന അധികാര കസേര അദ്ദേഹത്തിന് ഉറപ്പാക്കിയത് ദാമോദരനാണെന്ന് നിസ്സംശയം പറയാം. വീണ്ടും, ഒരു മുഖ്യമന്ത്രി വിദഗ്ധ അഭിപ്രായങ്ങള്‍ തേടുന്നതില്‍ അപാകത ഒന്നുമില്ല. എന്നാല്‍, ജനായത്തത്തെ ശക്തിപ്പെടുത്തുന്നതായിരിക്കണം അത്തരം ഉപദേശങ്ങള്‍. മറിച്ച് അതിനെ ദുര്‍ബ്ബലപ്പെടുത്തുന്നതാകരുത്.

 

ഇക്കാര്യത്തില്‍, പക്ഷെ, സംശയത്തിന്റെ ചില കരിനിഴലുകള്‍ സര്‍ക്കാറിന് മേല്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ദാമോദരന്‍ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അഭിഭാഷക-മാദ്ധ്യമപ്രവര്‍ത്തക സംഘര്‍ഷം ഉടലെടുക്കുന്നത്. ഒരു അഭിഭാഷകന്‍ ഉള്‍പ്പെട്ട പരാതിയില്‍ പോലീസുമായി ഉണ്ടായ തര്‍ക്കം വളരെപ്പെട്ടെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന രീതിയിലേക്ക് മാറുകയായിരുന്നു. സംഘടിതരായ അഭിഭാഷകര്‍ മാദ്ധ്യമങ്ങളുടെ കോടതി റിപ്പോര്‍ട്ടിംഗ് കായികമായി തന്നെ തടയുന്ന രീതിയിലേക്ക് അത് വികസിച്ചു. ആരോഗ്യകരമായ ഒരു ജനായത്തത്തിന്റെ അനിവാര്യ ഘടകമാണ് സ്വതന്ത്ര മാദ്ധ്യമങ്ങള്‍ എന്നത് അവിതര്‍ക്കിതമാണെന്നിരിക്കെ ജുഡീഷ്യറി പോലുള്ള ഒരു നിര്‍ണ്ണായക സ്ഥാപനത്തില്‍ മാദ്ധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിന്റെ പിന്നിലെ താല്‍പ്പര്യം എന്തെന്ന് സംശയം ന്യായവും ഗൗരവമേറിയതുമാണ്.

 

സമകാലീന മാദ്ധ്യമങ്ങളുടെ പ്രവര്‍ത്തന രീതികളെ കുറിച്ച് ഒരുപാട് ആക്ഷേപങ്ങള്‍ സമൂഹത്തിലുണ്ട്. അവയില്‍ പലതും സാധുവുമാണ്‌. വിവാദത്തെ ഒരു വ്യവസായം തന്നെയായി മാറ്റുന്നുവെന്നതാണ് അതിലൊന്ന്‍. എന്നാല്‍, എല്ലാ ആക്ഷേപങ്ങള്‍ക്കിടയിലും പരിമിതികള്‍ക്കിടയിലും ജനായത്തത്തെ നിലനിര്‍ത്തുന്ന അനിവാര്യമായ തടകളും സന്തുലനങ്ങളും അത് നല്‍കുന്നുണ്ട്. അധികാരത്തെ സുതാര്യമാക്കുന്ന ഏറ്റവും നിര്‍ണ്ണായകമായ ഒരു പ്രവര്‍ത്തനം കൊണ്ടുമാത്രം അത് അതിന്റെ ജനായത്ത ദൗത്യം നിര്‍വ്വഹിക്കുന്നു. ദാമോദരന്റെ സ്ഥാനനീക്കത്തിലേക്ക് വഴി തെളിച്ചതും മാദ്ധ്യമങ്ങളിലുയര്‍ന്ന വിവാദമാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായി പിന്‍വാങ്ങേണ്ടിവന്ന ഒരു തീരുമാനമായിരുന്നു അത്.

 

അതിന് മുന്നേ, ആഴ്ചതോറുമുള്ള മന്ത്രിസഭായോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചതിലൂടെ ഈ സര്‍ക്കാറിന്റെ മാദ്ധ്യമങ്ങളോടുള്ള സമീപനം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. പിന്നീട് അഭിഭാഷക-മാദ്ധ്യമ പ്രവര്‍ത്തക സംഘര്‍ഷത്തോടുള്ള സര്‍ക്കാറിന്റെ സമീപനവും പ്രശ്നപരിഹാരത്തിന് ഉതകുന്നതായിരുന്നില്ല. മാദ്ധ്യമങ്ങളിലുയര്‍ന്ന വിവാദം ദാമോദരന്റെ സ്ഥാനനീക്കത്തിന് വഴി തെളിച്ചതിനു പിന്നാലെ അഭിഭാഷകര്‍ മാദ്ധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത് തീര്‍ത്തും വ്യത്യസ്തമായ രണ്ട് സംഭവങ്ങളാണെന്ന് കരുതുക കേവലം ബാലിശമായിരിക്കും. ഇതൊരു കാര്യകാരണ ബന്ധം തന്നെയാണെന്ന് അനുമാനിക്കാന്‍ തക്ക വിവരങ്ങളാണ് പിന്നണി നീക്കങ്ങളെ സംബന്ധിച്ച സ്ഥിരീകരിക്കാനാകാത്ത റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതും. അങ്ങനെയെങ്കില്‍, സര്‍ക്കാറിന് മേലുള്ള ദാമോദരന്‍റെ സ്വാധീനം ഏത് തരത്തിലുള്ളതാണെന്നും എത്രത്തോളം ശക്തമാണെന്നും ഈ സംഭവം വ്യക്തമാക്കുന്നുണ്ട്.

 

ഇപ്പോള്‍, മാണിയ്ക്ക് വേണ്ടി ദാമോദരന്‍ ഹാജരാകുമ്പോള്‍ അതിന്റെ രാഷ്ട്രീയ അനന്തര ഫലങ്ങളും കാണാതിരുന്നുകൂടാ. കഴിഞ്ഞ കുറെ കാലമായി സി.പി.ഐ.എമ്മിന്റെ മാണിയോടുള്ള സമീപനം ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മാനസികാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഒരിടയ്ക്ക് മാണി മുഖ്യമന്ത്രിയാകാന്‍ പോലും യോഗ്യനാകും. പിന്നെ, ബജറ്റ് അവതരിപ്പിക്കാന്‍ പോലും അയോഗ്യനാകും. മാണി യു.ഡി.എഫ് വിട്ടതോടെ വീണ്ടും ഈ ബൈപോളാര്‍ അവസ്ഥ ഉയര്‍ന്നിരിക്കുകയാണ്. സഹകരണത്തിനുള്ള സി.പി.ഐ.എം ക്ഷണം ഒരുവശത്ത് നില്‍ക്കുമ്പോഴാണ് വിജിലന്‍സ് കോടതി ബാര്‍ കോഴ കേസില്‍ തുടരന്വേഷണം പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന്‍ വിജിലന്‍സ് മറ്റ് രണ്ട് കേസുകള്‍ കൂടി മാണിയ്ക്കെതിരെ എടുത്തിരിക്കെ, ഇപ്പോള്‍ ദാമോദരന്‍  വിജിലന്‍സിനെതിരെ ഹാജരാകുന്നു. ദാമോദരന്‍ സി.പി.ഐ.എമ്മിലേക്കുള്ള പാലമാകും എന്ന് മാണിയും കണക്കുകൂട്ടുന്നുണ്ടാകും, രാഷ്ട്രീയമായും നിയമപരമായും. സി.പി.ഐ.എമ്മുമായി രാഷ്ട്രീയ ബന്ധം സൃഷ്ടിക്കാനും ആ ബന്ധത്തെ ആവശ്യമായ സമയം വരെ പുകമറയില്‍ നിര്‍ത്താനും ഉതകുന്നതാണ് കേസിലെ ദാമോദരന്റെ സാന്നിദ്ധ്യം. ഈ വിഷയത്തില്‍ മാദ്ധ്യമങ്ങളില്‍ ഉയരുന്ന ചര്‍ച്ചകള്‍ തന്നെ അതിന് ധാരാളം. ദാമോദരന് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനമാകട്ടെ നിയമയുദ്ധത്തിലെ സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യാം.

 

ഇതില്‍ നിന്നെല്ലാം, സംസ്ഥാനത്തിന്റെ അധികാര കേന്ദ്രം പ്രവര്‍ത്തിക്കുന്നത് എത്രത്തോളം ജനായത്തപരമായാണ്‌ എന്നൊരു ചോദ്യം ഉയരുന്നുണ്ട്. ദാമോദരന്‍ മധ്യവര്‍ത്തിയായി ഒരു രാഷ്ട്രീയ-നിയമ കാര്‍ട്ടല്‍ സംസ്ഥാനത്ത് രൂപം കൊള്ളുന്നതിന്റെ ചിത്രമാണ് കണ്ണികള്‍ ചേര്‍ക്കുമ്പോള്‍ ഇവിടെ തെളിയുന്നത്.     


അഭിപ്രായങ്ങള്‍ എഴുതാം: mail@lifeglint.com

Tags: