പിണറായി സർക്കാരിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന ജയരാജന്റെ സത്യപ്രതിജ്ഞാ ലംഘനവും അഴിമതിയും

Glint Staff
Fri, 07-10-2016 01:36:20 PM ;

ep jayarajan

 

മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പറയേണ്ട വാചകമാണ് ഭീതിയോ പക്ഷപാതമോ, പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ ജനങ്ങൾക്കും നീതി നടപ്പാക്കുമെന്നത്. പിണറായി വിജയൻ മന്ത്രിസഭയിലെ രണ്ടാമൻ എന്നറിയപ്പെടുന്ന വ്യവസായ വകുപ്പു മന്ത്രി ഇ.പി ജയരാജൻ മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഒരെണ്ണം മാത്രം നടപ്പാക്കി. ഭീതിയില്ലാതെ ഭാര്യയുടെ ചേച്ചിയുടെ മകന് ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായി നിയമനം നൽകി. മാദ്ധ്യമങ്ങൾ വിവാദമാക്കിയപ്പോൾ നിയമനം ലഭിച്ചയാൾക്ക് അസൗകര്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ആ നിയമനം ഒഴിവാക്കി. നേരത്തെ, മുഖ്യമന്ത്രിയുടെ നിയമപോദേശകന്റെ കാര്യത്തില്‍ സംഭവിച്ച പോലെ. മന്ത്രിയായി അധികാരമേൽക്കുന്ന പ്രതിജ്ഞയുടെ പേരു തന്നെ സത്യപ്രതിജ്ഞയെന്നാണ്. അപ്പോൾ നിയമനം നടത്തിയതിലും അതു ഒഴിവാക്കിയ രീതിയിലും ഇ.പി ജയരാജൻ നഗ്നമായ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവരായാലും അല്ലെങ്കിലും തെറ്റു ചെയ്താൽ തെറ്റ് തന്നെയാണ്.

 

മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള വിജിലൻസ് വകുപ്പ് യു.ഡിഎഫ് മന്ത്രിസഭയിലുണ്ടായിരുന്ന കെ. ബാബുവിനെതിരെ അന്വേഷണം നടത്തുന്നത് ഈ നടപടിയിലൂടെ അപ്രസക്തമാകുന്നു. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്സിനും സംഗതി ബുദ്ധിമുട്ടായി. അല്ലെങ്കിൽ എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുന്ന എൽ.ഡി.എഫ് മന്ത്രിസഭ അഴിമതിക്ക് പുതിയ നിർവചനം നൽകണം. സി.പി.ഐ.എമ്മുകാരുടെ നടപടികൾ ഒരിക്കലും അഴിമതിയുടെ പരിധിയിൽ വരില്ലെന്ന്. മിക്ക അഴിമതി ആരോപണങ്ങളോടുമുള്ള പാർട്ടിയുടെയും പാർട്ടി നേതാക്കളുടെയും നിലപാടും ഇതു തന്നെ. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതിനെ തുടർന്നാണ് പി.കെ ശ്രീമതി ടീച്ചർ എം.പിയുടെ മകൻ പി.കെ സുധീർ നമ്പ്യാരെ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള തീരുമാനം മാറ്റിയതെന്നറിയുന്നു. മന്ത്രിയാകുന്നതിനു മുൻപും അതിനു ശേഷവും അഴിമതിയുമായി ബന്ധപ്പെട്ട ഒട്ടേറെ ആളുകളുമായുള്ള ബന്ധത്തിന്റെ പേരിൽ ആരോപണം നേരിടേണ്ടി വന്നിട്ടുള്ള നേതാവാണ് ജയരാജൻ. ജയരാജനെ മുഖ്യമന്ത്രിയെപ്പോലെ അറിയാവുന്നവർ വേറെ ആരുമുണ്ടാവുകയുമില്ല. അതിനാൽ അറിഞ്ഞുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ പിണറായി മുഖ്യമന്ത്രിയാക്കിയത്. ജയരാജനെ പിണക്കിക്കൊണ്ട് തനിക്ക് അധികാരത്തിൽ തുടരാൻ കഴിയില്ലെന്നുള്ളതാണോ അതോ ജയരാജൻ തന്റെ കൂടെ വേണമെന്നുള്ള നിലപാടാണോ ജയരാജന്റെ മന്ത്രിസ്ഥാനത്തിന് കാരണമയാതെന്നറിയില്ല. എന്തായാലും ഇതിൽ രണ്ടിലേതെങ്കിലും ഒന്നായിരിക്കും കാരണമെന്നുള്ളതിൽ സംശയമില്ല.

 

പിഴവും തെറ്റും രണ്ടാണ്. സ്വജനപക്ഷപാതമാണെന്ന് അറിഞ്ഞുകൊണ്ടാണ് ജയരാജൻ സുധീർ നമ്പ്യാരെ നിയമിക്കാൻ തീരുമാനമെടുത്തത്. ഇപ്പോൾ ആ നിയമനം നടന്നില്ല എന്നുള്ളത് ശരി. എന്നാലും ആ തീരുമാനമെടുത്ത ജയരാജന്റെ നിലപാടും സമീപനവും എന്താണെന്ന് വ്യക്തമാണ്. ആ വ്യക്തി മന്ത്രിസഭയിൽ രണ്ടാമനായി തുടരുകയും ചെയ്യുന്നു. പല നടപടികളും ഇതിനകം കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനെ പോലും അമ്പരപ്പിക്കുന്നതുണ്ടായെങ്കിലും ജയരാജൻ ശ്രീമതി ടീച്ചറുടെ മകനെ യോഗ്യതയില്ലാഞ്ഞിട്ടും ആ സ്ഥാനത്ത് നിയമിക്കാൻ തീരുമാനിച്ചതിലൂടെ പിണറായി വിജയൻ മന്ത്രിസഭയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. വ്യാഴാഴ്ച രാത്രിയിലെ ചാനൽ ചർച്ചകളിൽ പേരിനു പോലും ഒരു സി.പി.ഐ.എം നേതാവ് ചർച്ചയ്ക്കു വരാൻ തയ്യാറാകാതെ മാറിനിന്നത് അവർക്ക് ജനത്തെ അഭിമുഖീകരിക്കാനുള്ള മടി കൊണ്ടാണ്. മാതൃഭൂമി ന്യൂസിന്റെ ചർച്ചയിൽ പങ്കെടുത്ത് ദേശാഭിമാനിയുടെ മുൻ റസിഡന്റ് എഡിറ്റർ എസ്.ആർ ശക്തിധരൻ ഈ നടപടിയെ അപലപിക്കുകയുണ്ടായി. ഒരുപക്ഷേ കേരളത്തിന്റെ ചരിത്രത്തിൽ നടന്ന ആദ്യസംഭവമായിരിക്കും അത്. മാത്രവുമല്ല, അദ്ദേഹത്തിന്റെ മുഖഭാവവും ശ്രദ്ധേയമായിരുന്നു. ഇനിയും പിണറായി സർക്കാരിൽ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നുള്ള പ്രസ്താവന പോലും അദ്ദേഹത്തിന് നടത്തേണ്ടി വന്നു. ഏതു സാഹചര്യത്തിലും യുക്തമായ ന്യായങ്ങൾ കൊണ്ട് നേരിടുന്ന ശക്തിധരൻ അതു പറഞ്ഞപ്പോൾ കേരളത്തിൽ കണ്ണൂരിലെ ചില നേതാക്കളുടെ ഏർപ്പാടായി സി.പി.ഐ.എം ചുരുങ്ങിയതു പോലെയായി.

Tags: