ചരിത്രത്തിലേക്കുള്ള വിടവാങ്ങലും കടന്നുവരവും

Glint Staff
Fri, 13-01-2017 12:28:15 PM ;

obama farewell speech

source

ഭൗമരാഷ്ട്രീയം മുന്നൂറ്റിയറുപതു ഡിഗ്രി തിരിയുന്നതിന്റെ ദിശാസൂചക ദിനമായി 11/1/17. യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗവും അതിനു പിന്നാലെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വാര്‍ത്താസമ്മേളനവുമാണ് ഈ സൂചന തന്ന് യു.എസിന്റെ ചരിത്രത്തിൽ മറ്റൊരു പതിനൊന്നിനെക്കൂടി അവിസ്മരണീയമാക്കുന്നത്.

 

മൂന്ന് കാര്യങ്ങളിലാണ് ഒബാമ ഊന്നൽ നൽകിയത്. ജനായത്തത്തിന്റെ നിലനിൽപ്പിന്റെ ആവശ്യകത, യു.എസ് ജനതയുടെ വൈവിധ്യത എന്ന മുഖമുദ്ര, കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ. കൂടുതൽ സമയവും ഒബാമ നീക്കിവച്ചത് ജനായത്തത്തെ കുറിച്ചു പറയാനാണ്. അതിനെക്കുറിച്ച് ഒബാമ വല്ലാതെ കണ്ട് വാചാലനായി. താത്വികമായും അതിന്റെ പ്രയോഗത്തെ പറ്റിയും. ജനായത്തമെന്നത് ആശയങ്ങളുടെ കലവറയാണ്. അതിന്റെ പശ്ചാത്തലത്തിൽ നിശ്ചയിക്കപ്പെടുന്ന ലക്ഷ്യങ്ങളുടെ നടപ്പിലാക്കലാണ് അതിന്റെ പ്രയോഗം.  അതിനാൽ ജനായത്തത്തെ നിസ്സാരമായി കാണരുത് എന്നതായിരുന്നു വൈകാരികത ഉണർത്തിക്കൊണ്ട് ഷിക്കാഗോയിൽ കണ്ണു തുടച്ചു കൊണ്ട് തന്റെ പ്രസംഗം കേട്ടിരുന്നവരോട് ഒബാമ അഭ്യർഥിച്ചത്. ജനായത്തം ഏതോ വൻഭീഷണിയുടെ തൊട്ടരികിലെത്തി നിൽക്കുന്നു എന്നുള്ള ധാരണ സൃഷ്ടിക്കുന്നതായിരുന്നു അത്. ജനായത്തം ജനങ്ങളുടെ കൺമുന്നിൽ തന്നെ കെണിയിൽപെടുന്നതെങ്ങിനെയെന്നും വിശദീകരിക്കുന്നതായിരുന്നു ഒബാമയുടെ വാക്കുകൾ.

 

യു.എസിലേക്ക് കുടിയേറിയിട്ടുള്ള മുസ്ലീങ്ങളും മറ്റാരെയും പോലെ രാജ്യസ്നേഹികൾ തന്നെയെന്ന് തെളിച്ചു പറയുന്നതിനും ഒബാമ മടി കാട്ടിയില്ല. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രതിഭകളെ സ്വീകരിച്ചതിലുടെയാണ് യു.എസ് ഏറ്റവും വലിയ ശക്തിയായി മാറിയതെന്നും ഒബാമ ഓർമ്മിപ്പിച്ചു. ദോഷകരമല്ലാത്ത അയൽ രാജ്യങ്ങളേയും കൂടെ കൂട്ടി ഉൾക്കൊണ്ടു വേണം അമേരിക്ക കുതൽ ശക്തിയാർജിക്കേണ്ടതെന്നും ഒബാമ ഓർമ്മിപ്പിച്ചപ്പോൾ ആ വാക്കുകളിൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിന്റെ രാഷ്ട്രീയ നിഴലാട്ടവും കാണാമായിരുന്നു.

 

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഭൂമി നേരിട്ടു കൊണ്ടിരിക്കുന്ന വിപത്തുകൾ വരും തലമുറയെ മാത്രമല്ല വർത്തമാനകാല സമൂഹത്തിനും ഭീഷണിയാണെന്ന് വ്യക്തമായ രീതിയിൽ ഒബാമ വിശദീകരിച്ചു. ഒബാമയുടെ നേട്ടങ്ങളിലൊന്നായിരുന്നു ചൈനയെക്കൊണ്ടു പോലും ഒപ്പുവയ്പ്പിക്കാൻ കഴിഞ്ഞ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കരാർ.

 

അമേരിക്കൻ ജനത ജനായത്തത്തെ നിസ്സാരമായി കണ്ടുവെന്നുള്ള കണ്ടെത്തൽ ഒബാമയുടെ മൊത്തം പ്രസംഗത്തിൽ നിന്നും എളുപ്പം വായിച്ചെടുക്കാൻ കഴിയുമായിരുന്നു. ജനായത്തം ഒരു സമീപനമാണെന്നും അത് മനുഷ്യന്റെ ശുദ്ധിയിലൂടെ പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും തലമുറകളും കടന്ന് പരിവർത്തനത്തിലൂടെ സംഭവിക്കുന്നതും സംഭവിക്കേണ്ടതാണെന്നും പറഞ്ഞ ഒബാമ, മാറ്റത്തിന് നിയമങ്ങളല്ല വേണ്ടത് മറിച്ച് ഹൃദയങ്ങളുടെ മാറ്റമാണ് വേണ്ടതെന്നും പറഞ്ഞു.

trump press conference

source

ഒബാമയുടെ വിടവാങ്ങൽ പ്രസംഗം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾ കഴിഞ്ഞാണ് ഡൊണാൾഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തിയത്. തനിക്കെതിരെ സി.എൻ. എന്നും ന്യൂയോർക്ക് ടൈംസുമൊക്കെ അടക്കമുള്ള മാദ്ധ്യമങ്ങള്‍ ഗുരുതരമായ ആരോപണം ഉന്നയിച്ച് വാർത്ത കൊടുത്തതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന് നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജയിച്ച ശേഷമുള്ള തന്റെ ആദ്യ വാര്‍ത്താസമ്മേളനം നടത്തേണ്ടി വന്നത്.  ട്രംപിനെ സ്വാധീനിക്കാനും വിലപേശാനും കഴിയുന്ന നിര്‍ണ്ണായക വിവരങ്ങള്‍ റഷ്യയുടെ പക്കലുണ്ടെന്ന സ്ഥിരീകരിക്കാത്ത വിവരമാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ട്രംപിന്റെ എതിര്‍പക്ഷത്തുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് വേണ്ടി ഒരു സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സി സമാഹരിച്ച വിവരങ്ങളാണിവയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തള്ളിയ ട്രംപ് വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ച സി.എന്‍.എന്നിനെ ‘വ്യാജവാര്‍ത്ത’ എന്ന് വിശേഷിപ്പിക്കാനും മുതിര്‍ന്നു.

 

പ്രസിഡന്റ് പദവിയിലിരിക്കുമ്പോൾ തനിക്ക് താൽപ്പര്യസംഘട്ടനങ്ങൾ ഉണ്ടാവില്ലെന്ന് വ്യക്തമാക്കാനും ട്രoപ് ശ്രമം നടത്തി. അതിന്റെ ഭാഗമായി തന്റെ ബിസിനസ്സ് സാമാജ്യത്തിന്റെ ചുമതല മകനെ ഏൽപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനവും ഉണ്ടായി. മാത്രമല്ല ലീഗൽ ഫേം തയ്യാറാക്കിയ രേഖയും കമ്പനി പ്രതിനിധിയെ കൊണ്ട് ട്രംപ് വായിപ്പിക്കുകയും ചെയ്തു. റഷ്യയുമായുള്ള തന്റെ അടുപ്പത്തെ വരാനിരിക്കുന്ന നാളുകളിലെ മാറ്റവുമായി ട്രംപ് ബന്ധിപ്പിക്കുകയും ചെയ്തു. നാടുനീളെ വ്യവസായശാലകളും മറ്റും സ്ഥാപിച്ച് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനെ പറ്റിയും അദ്ദേഹം വാചാലനായി. തന്റെ ഔദ്യോഗിക സംഘത്തിലെ ഭരണകാര്യത്തിൽ പ്രഗത്ഭമതികളായവരിലൂടെ സംഭവിക്കാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സൂചന നൽകി. യു.എസിലെ ധനികരായ വ്യവസായികളാണ് അദ്ദേഹത്തിന്റെ സംഘത്തിലെ ഭൂരിഭാഗം പേരും. അവയുടെ നടത്തിപ്പിനെയാണ് അദ്ദേഹം അവരുടെ ഭരണശേഷിയായി വിശേഷിപ്പിച്ചത്. ജനുവരി 20നു നടക്കുന്ന തന്റെ സ്ഥാനാരോഹണച്ചടങ്ങ് ഇതുവരെ യു.എസ് കണ്ടിട്ടില്ലാത്ത വിധമുള്ളതായിരിക്കുമെന്നും നിയുക്ത പ്രസിഡന്റ് സൂചന നൽകി. ജനായത്തത്തെ നിസ്സാരമായി പോലും പരാമർശിക്കാൻ ട്രംപ് കൂട്ടാക്കിയില്ല. കാലാവസ്ഥാ വ്യതിയാനമൊന്നും തനിക്ക് പ്രശ്നമല്ല എന്ന നിലപാടും വ്യക്തമാക്കുന്നതായിരുന്നു തൊഴിലവസരം കൂട്ടുമെന്ന് പറഞ്ഞപ്പോൾ പ്രകടമായ ശരീരഭാഷയും.

 

താൽപ്പര്യസംഘട്ടനം ഉണ്ടാവില്ലെന്ന് അദ്ദേഹം പറയുമ്പോഴും അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനം തന്നെ വ്യക്തിപരമായ താൽപ്പര്യസംരക്ഷണത്തിനു വേണ്ടിയായിരുന്നു. അദ്ദേഹം തന്റെ താൽപ്പര്യത്തിന് ജനായത്തത്തെ ഉപാധിയാക്കിയപ്പോൾ ഒബാമ സൂചിപ്പിച്ചതു പോലെ ഭൂരിപക്ഷം അമേരിക്കക്കാർ ജനായത്തത്തെ നിസ്സാരമായി കണ്ടു. അത് ഭൗമരാഷ്ട്രീയത്തേയും ലോകത്തേയും മാറ്റിമറിക്കാൻ പോകുന്നു. വിടവാങ്ങുന്ന പ്രസിഡന്റിന്റെ പ്രസംഗം ചരിത്രപ്രധാനമായത് പോലെ പുതിയ പ്രസിഡന്റിന്റെ വാര്‍ത്താസമ്മേളനവും ഭാവിയിൽ ഒരു പക്ഷേ അമേരിക്കക്കാർ ഓർക്കാൻ ഇഷ്ടപ്പെടാത്ത ചരിത്ര മുഹൂർത്തമാകാനും വഴിയുണ്ട്.

Tags: