കേരളത്തിൽ ഭാഗികമായ ഭരണസ്തംഭനം

Glint Staff
Tue, 07-02-2017 06:00:18 PM ;

 

സംസ്ഥാനത്ത് ഭരണം മധ്യതലം മുതൽ താഴോട്ടു മാത്രമേ ഇപ്പോൾ ചലിക്കുന്നുള്ളു. അതുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമായ സ്വയംഭരണത്തിന്റെ അതിർത്തിക്കുള്ളിൽ നിന്ന്. സംസ്ഥാനത്തിന്റെ മുകൾത്തട്ടിലെ ഭരണം ഏതാണ്ട് നിശ്ചലാവസ്ഥയിലായി. വകുപ്പദ്ധ്യക്ഷർ തീരുമാനം കൈക്കൊള്ളേണ്ട ഫയലുകളൊക്കെ ഇപ്പോൾ തീരുമാനം കാത്ത് കെട്ടിക്കിടക്കുന്നു. ഐ.എ.എസ്സുകാരും ജേക്കബ് തോമസ്സും തമ്മിലുള്ള യുദ്ധമാണ് ഈ സ്തംഭനത്തിന് കാരണം. കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിധമുള്ള സന്ദിഗ്ധാവസ്ഥയാണ് ഇതിലൂടെ ഉരുത്തുരിഞ്ഞിട്ടുള്ളത്.

 

ഈ ചേരിതിരിഞ്ഞുള്ള പോരാട്ടം ഇപ്പോൾ ഐ.എ.എസ്സുകാരും മുഖ്യമന്ത്രിയുമെന്ന നിലയിലേക്ക് നീങ്ങിയിരിക്കുന്നു. ജേക്കബ് തോമസ്സിനെ മുഖ്യമന്ത്രി പൂർണ്ണമായും പിന്തുണയ്ക്കുന്നതാണ് അതിനു കാരണം. ജേക്കബ് തോമസ്സ് പതിനഞ്ചു കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ധനകാര്യവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസ്സിനെ ആ സ്ഥാനത്തു നിന്നു നീക്കണമെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ശുപാർശ ചെയ്തിരിക്കുന്നു. അതും നടപടിച്ചട്ടങ്ങൾ പ്രകാരമാണ് ആ ശുപാർശ സമർപ്പിച്ചിരിക്കുന്നത്. അതിൻമേൽ മുഖ്യമന്ത്രി ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല. ജനസമക്ഷം ജേക്കബ് തോമസ്സും ഏതാനും ഐ.എ.എസ്സ് ഉദ്യോഗസ്ഥരും ഒരേപോലെ അഴിമതി ആരോപണങ്ങൾ നേരിടുന്ന സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരായി മാറുന്നു. യാഥാർഥ്യം എന്തെന്ന് അറിയാത്ത അവസ്ഥയിൽ ജനവും. ഇതിനിടയിൽ സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടം തകിടം മറിഞ്ഞിരിക്കുന്നു. അഴിമതിയെന്നത് ഒരു സമസ്യപോലെയായി.

 

ധനകാര്യ വകുപ്പിന്റെ സാമ്പത്തിക അന്വേഷണവിഭാഗം തയ്യാറാക്കിയ റിപ്പോർട്ട് ധനകാര്യ വകുപ്പു മന്ത്രി തോമസ് ഐസക്കാണ് മുഖ്യമന്ത്രിക്ക് സമർപ്പിക്കാനായി ചീഫ് സെക്രട്ടറിക്ക് നൽകിയത്. ഇത് ഐ.എ.എസ്സ്-മുഖ്യമന്ത്രി പോരാട്ടത്തിന് രാഷ്ട്രീയമായ മുഖവും ചാർത്തുന്നു. മുഖ്യമന്ത്രി ജേക്കബ് തോമസ്സിനെ പൂർണ്ണമായും പിന്തുണയ്ക്കുന്ന ഘട്ടത്തിൽ തോമസ്‌ ഐസക് പരസ്യമായി മുഖ്യമന്ത്രിയുടെ നിലപാടിനു വിരുദ്ധമായി അഴിമതി ആരോപണം നേരിടുന്ന ഐ.എ.എസ്സ് ഉദ്യോഗസ്ഥരെ പിന്താങ്ങിക്കൊണ്ട് രംഗത്തെത്തിയിരുന്നു. അച്യുതാനന്ദൻ മന്ത്രിസഭയിലെ പ്രവർത്തനത്തിലൂടെ കേരളം കണ്ട ഏറ്റവും മികച്ച ധനമന്ത്രി എന്ന ഖ്യാതി നേടിയ ആളാണ് തോമസ്‌ ഐസക്. എന്നാൽ പിണറായി മന്ത്രിസഭയിൽ അദ്ദേഹം ബോധപൂർവ്വം നിഷ്‌ക്രിയത്വത്തിൽ തുടരുന്നതാണ് തുടക്കം മുതൽ കാണുന്നത്. മുഖ്യമന്ത്രി തന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഹാവാഡ് പ്രൊഫസർ ഗീതാ ഗോപിനാഥിനെ നിയമിച്ചതിലും തോമസ്‌ ഐസക്കിന് അതൃപ്തിയുണ്ടായിരുന്നു. ആ അതൃപ്തിയുടെ വ്യാപ്തിയും കൂടി നോട്ട് നിരോധനത്തെ ആഞ്ഞടിക്കുന്നതിലൂടെ അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി.

 

തോമസ്‌ ഐസക് നിഷ്‌ക്രിയത്വത്തിലേക്കു നീങ്ങുകയും മറ്റ് മന്ത്രിമാരെല്ലാവരും തന്നെ സ്ഥാനത്തിനുതകുന്ന കഴിവില്ലാത്തവരായതിനാലും പൊതുവേ പിണറായി ഉദ്ദേശിച്ച വേഗതയിലോ കാര്യക്ഷമതയിലോ ഭരണം നീങ്ങുന്നില്ലായിരുന്നു. അതിനു പുറമേയാണ് ഐ.എ.എസ്സ് പോരിന്റെ പേരിൽ ഇപ്പോഴുണ്ടായിരിക്കുന്ന ഭരണസ്തംഭനം. ഇ.പി ജയരാജനെതിരെയുള്ള ബന്ധു നിയമനക്കേസ്സിൽ വ്യവസായവകുപ്പു സെക്രട്ടറി പോൾ ആന്റ്ണിയെ മൂന്നാം പ്രതിയാക്കിയതാണ് ഏറ്റവുമൊടുവിൽ ഐ.എ.എസ്സുകാരെ തുറന്ന പോരാട്ടത്തിന് പ്രേരിപ്പിച്ചത്.

 

ഐ.എ.എസ്സ് പോരാട്ടത്തിന്റെ പിന്നിൽ പാർട്ടിയിലെ ചിലരും നല്ല ഒത്താശ നൽകുന്നുണ്ടെന്നുള്ളതാണ് അറിയാൻ കഴിയുന്നത്. നിലവിലെ സാഹചര്യത്തിൽ പിണറായിക്ക് സംസഥാന ഭരണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച് അതിലൂടെ ഒരു മാറ്റം കൊണ്ടുവരികയെന്നതാണ് ഈ പോരിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ലക്ഷ്യം. ഈ സ്തംഭനാവസ്ഥയുടെ മധ്യത്തിലാണ് ലോ അക്കാദമി സമരത്തിൽ പ്രത്യക്ഷമായി അക്കാദമി മാനേജ്‌മെന്റിനെ പിന്തുണച്ചും വിദ്യാർഥി സമരത്തെയും അക്കാദമി മാനേജ്‌മെന്റ് നടത്തിയ അഴിമതിക്കൂമ്പാരത്തെയും കാണാത്ത വിധത്തിലും മുഖ്യമന്ത്രി രംഗത്തു വന്നത്. ഇത് പിണറായി വിജയന്റെ വിശ്വാസ്യതയേയും അഴിമതിക്കെതിരെയുള്ള നിലപാടിനെയും  ചോദ്യം ചെയ്യുന്നു. ഈ നിലപാട് അദ്ദേഹത്തിന്റെയും മുന്നണിയുടെയും  പ്രഖ്യാപിത നിലപാട് അപ്രസക്തമാക്കുന്നു. ഒപ്പം എല്ലാം ശരിയാക്കാമെന്ന പ്രതീക്ഷയിൽ തുടങ്ങിയ ഭരണം നിശ്ചലാവസ്ഥയിലേക്കും നീങ്ങുന്നു. ഇത് പിണറായി വിജയൻ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയായി മാറുകയാണ്.  

Tags: