കല്‍പ്പിത ലോകവും തോമസ്‌ ഐസക്കിന്റെ പൈങ്കിളി കല്‍പ്പനകളും

Glint Staff
Fri, 03-03-2017 01:44:04 PM ;

 

വർത്തമാനകാലത്തിൽ രണ്ടു ലോകങ്ങളുണ്ട്. ഭൗതിക ലോകവും കൽപ്പിത ലോകവും. ഇതിൽ വർത്തമാനകാലത്ത് യഥാർഥ ലോകമെന്നത് വെർച്വൽ ലോകമെന്ന കൽപ്പിത ലോകമാണ്. ഈ യഥാർഥ ലോകത്തിന്റെ ഭൗതികമായ സാന്നിദ്ധ്യമറിയിച്ചപ്പോഴാണ് ഭൗതികവാദികൾ മാത്രമായ കമ്യൂണിസ്റ്റുകാർ കമ്പ്യൂട്ടറിനെ തല്ലിത്തകർത്തു കൊണ്ട് എതിർത്തത്. എന്തായാലും ഇൻറർനെറ്റ് സൗകര്യം പൗരാവകാശമാക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് കെ.എസ്.ഇ.ബിയുടെ പോസ്റ്റുകൾ വഴി കേരളത്തിലെ എല്ലാ വീടുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുമെന്നുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം തിരിച്ചറിവും കാലത്തിനനുസരിച്ചുള്ള പ്രതികരണവുമായി. അഞ്ചു കൊല്ലത്തിനുള്ളിൽ ഗതാഗത വികസനത്തിനായി അമ്പതിനായിരം കോടി ചെലവിടുമെന്നുള്ളതും കൽപ്പിതലോക നിയന്ത്രിതമായ വർത്തമാനകാലാവശ്യ നിവൃത്തിക്ക് യോജിച്ചതായി.

 

ഈ രണ്ട് അടിസ്ഥാനസൗകര്യ വികസന വകയിരുത്തൽ ഒഴിച്ചാൽ തികച്ചും ഭാവനാരഹിതവും കാലത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കാത്തതുമായിപ്പോയി ഇന്ത്യ നിർണ്ണായകമായി തിരിയുന്ന ഈ ഘട്ടത്തിൽ പദ്ധതികളിലൂടെ ദിശാബോധം നൽകേണ്ടിയിരുന്ന ഈ ബജറ്റ്. എല്ലാ വീടുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുമ്പോൾ അവ ഏതു വിധത്തിൽ ക്രിയാത്മകമായി ഉപയോഗിക്കാമെന്നും മാനവവിഭവശേഷിയെ ഏതുവിധത്തിൽ അതുമായി സംയോജിപ്പിക്കാമെന്നും ഉള്ളിടത്ത് ഐസക്കിന്റെ ബജറ്റ് നിർവികാരമാകുന്നു. ഇതോടൊപ്പം കേരളം അഭിമുഖീകരിക്കുന്ന അടിയന്തര ശ്രദ്ധ അർഹിക്കുന്ന വിഷയങ്ങൾ പരിഹരിക്കേണ്ടിടത്തും ഈ ബജറ്റ് പരാജയപ്പെടുന്നു എന്നു മാത്രമല്ല ഫലത്തിൽ ജീവിതശൈലി രോഗങ്ങളെ  പ്രോത്സാഹിപ്പിച്ച് ബഹുരാഷ്ട്ര മരുന്നു നിർമ്മാണ കുത്തക കമ്പനികൾക്ക് ജനങ്ങളെ കൂടുതൽ ചൂഷണം ചെയ്യാൻ പാകത്തിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. ആരോഗ്യം ചികിത്സയിലൂടെ എന്ന സങ്കൽപ്പത്തിൽ നിന്ന് മോചിതനാകാൻ പോലും ധനമന്ത്രിക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് ആരോഗ്യ മേഖലയിൽ 5257 പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചത്. അതുപോലെ 45,000 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുമെന്ന് പ്രഖ്യപിച്ചു. എന്നാൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്ന സൂചനകൾ ഒന്നും കാണുന്നില്ല. ഇവിടെയാണ് ആരോഗ്യം എന്നത് ചികിത്സ എന്ന സമവാക്യത്തിൽ നിന്നു പുറത്തു വരേണ്ടത്. അപ്പോഴാണ് വിദ്യാഭ്യാസവും ആരോഗ്യവും തമ്മിൽ ഇഴപിരിക്കാനാകാത്ത വിധമുള്ള കാഴ്ചപ്പാടും അത് സാധ്യമാക്കുന്ന ഭാവനാത്മകമായ പദ്ധതികളും ആവിഷ്ക്കരിക്കപ്പെടുകയുള്ളു.

 

വ്യക്തിപരമായ അഹന്തയുടെ തടവറയിൽ കിടന്ന്‍ അതാണ് ലോകമെന്ന് കരുതി ആ അഹന്തയെ തൃപ്തിപ്പെടുത്തി ആത്മരതി കണ്ടെത്തുന്നതിനാണ് ഐസക് തന്റെ ബജറ്റ് നിർമ്മാണ വേളയിൽ പ്രാമുഖ്യം നൽകിയത്. മറിച്ച് ഒരു ജനതയും നാടുമെന്ന ശ്രദ്ധ ഐസക്കിന്റെ മുഖ്യ നിർണ്ണായക വീക്ഷണമായില്ല. അഹന്തയുടെ തടവറയിൽ കിടന്ന് ഇക്കിളി സുഖം തേടുകയും നേടിയെന്ന് സ്വയം ആശ്വസിപ്പിക്കുകയും ചെയ്യുന്ന സമീപനത്തെയാണ് പൈങ്കിളി എന്നു പറയുന്നത്. അങ്ങനെ തന്റെ പൈങ്കിളി സംതൃപ്തിക്കുവേണ്ടി ആപാദം ഐസക് ഈ ബജറ്റിനെ ഉപയോഗിച്ചു. അതാണ് 2017-18 കേരളാ ബജറ്റ് മുഴുവൻ എം.ടിയും എ.ടിയുടെ കഥാപാത്രങ്ങളും നിറഞ്ഞു നിൽക്കുന്നത്. അതിലൂടെ തന്റെ ബൗദ്ധിക പ്രാമാണ്യത്തിലേക്കു സമസ്ത ശ്രദ്ധയും ക്ഷണിച്ച് രതി കണ്ടെത്തുവാനാണ് ഐസക് ശ്രമിക്കുന്നത്. എം.ടിയിലൂടെ ഓർമ്മിക്കപ്പെടുന്നത് ഐസക്കിന്റെ പുസ്തക പ്രകാശനവും എം.ടിയുടെ തുഗ്ളക് പരാമർശത്തെ തുടർന്ന് ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണന്റെ പ്രസ്താവനയും അതുയർത്തിവിട്ട കോലാഹലവുമാണ്. അതോർമ്മിപ്പിക്കുന്നത് 'കള്ളപ്പണ വേട്ട, മിഥ്യയും യാഥാർഥ്യവും' എന്ന ഐസക്കിന്റെ പുസ്തകത്തെയാണ്. അതാകട്ടെ നോട്ട് നിരോധനം പ്രഖ്യാപിച്ച ഉടൻ തന്നെ അദ്ദേഹത്തിൽ നിന്നുണ്ടായ പ്രതികരണം ന്യായീകരിച്ച് താൻ തന്നെയാണ് ശരി എന്നു സ്ഥാപിക്കാനും. നോട്ടു നിരോധത്തെ തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യം ധനമന്ത്രിക്ക് ഇത്രയധികം ഉത്തരവാദിത്വവും പ്രവർത്തന ആവശ്യവും നേരിട്ട സന്ദർഭമുണ്ടായിട്ടില്ല. എന്നാൽ ഇന്ത്യയിൽ ഐസക്കിനെ പോലെ ബോധപൂർവ്വം നിഷ്ക്രിയമായ ഒരു ധനമന്ത്രിക്കുണ്ടായില്ല. അദ്ദേഹം രണ്ടാഴ്ച അവധിയിൽ പ്രവേശിച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ വിശ്രമിച്ച് പുസ്തക രചന നടത്തുകയായിരുന്നു. ആ മാനസിക വ്യാപാരത്തിന്റെ തുടർച്ചയായിപ്പോയി എം.ടിയിലൂടെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലുടെയും പൈങ്കിളീകരിച്ച ബജറ്റ്.

 

യു.എസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് എച്ച്.വൺ ബി വിസയിൽ വരുത്തിയ നിയന്ത്രണങ്ങൾ മൂലമുണ്ടാകുന്ന പ്രതിഫലനങ്ങളെ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി ഡിജിറ്റൽ സമൂഹ നിർമ്മിതി സാധ്യമാക്കുന്നതിനെ കുറിച്ചും ഐസക് പ്രായോഗികമായി ചിന്തിച്ചതായി കാണുന്നില്ല. ഈ പൈങ്കിളീകരണത്തിനെല്ലാം പിന്നിൽ മുഖ്യമന്ത്രി തന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഹാർവാഡ് സർവ്വകലാശാലാ പ്രൊഫസർ ഗീതാഗോപിനാഥിനെ നിയമിച്ചതിന്റെ ഈർഷ്യയും പ്രകടമാണ്. ഭരണാധികാരിക്ക് ഭാവന വേണ്ടത് പ്രതിസന്ധികളെ എങ്ങനെ ഉദാത്ത അവസരങ്ങളാക്കി മാറ്റിയെടുക്കാമെന്ന ദിശയിലായിരിക്കണം. എന്നാൽ ഐസക് ബജറ്റ് രൂപകൽപ്പന വേളയിൽ തന്റെ ഭാവന തന്റെ ജൽപ്പന സാധൂകരണത്തിന്റെ ആസ്വാദനാവിഷ്കരണത്തിനായി വിനിയോഗിക്കുകയാണുണ്ടായത്.

 

എന്തു തന്നെയായാലും കൽപ്പിത ലോക അടിസ്ഥാനസൗകര്യ വികസനത്തിൽ എടുത്തിട്ടുള്ള ചുവടുവയ്പ് ശ്ലാഘനീയം തന്നെ.

Tags: