സെൻകുമാറിന്റെ പുനർനിയമനം മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാകില്ല

Glint Staff
Mon, 08-05-2017 10:47:21 AM ;

pinarayi vijayan and tp senkumar

 

ടി.പി സെൻകുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കുന്നതു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് മുഖം നഷ്ടപ്പെടേണ്ട കാര്യമില്ല. ആർക്കും തിരിച്ചടി ഉണ്ടാകുന്നതുമില്ല. മുഖ്യധാരാ മാധ്യമങ്ങളും പ്രതിപക്ഷവും അവ്വിധം ചിത്രീകരിക്കുന്നത് ജനായത്ത സംസ്കാരത്തിന് നേർവിരുദ്ധമാണ്. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ചതു പോലെ നീതിയുടെയും ജനായത്ത സംവിധാനത്തിലെ സ്ഥാപന ശക്തിയുടെയും വിജയമാണിത്.

 

ഇതിനെ മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയായി മാത്രം കാണുന്നവർ ജനായത്ത സത്തയെ വില കുറച്ച്, മറ്റൊരാളെ മോശമാക്കി ഹീനമായതും വ്യക്തിപരമായതുമായ വൈകാരികതയെ തൃപ്തിപ്പെടുത്തി  ആസ്വദിക്കാൻ ശ്രമിക്കുന്നവരാണ്. വ്യക്തികളുടെ വൈകാരികതയേയും ദൗർബല്യങ്ങളേയും അകറ്റി നീതിബോധത്തിലുറച്ച കാര്യങ്ങൾ നടപ്പാക്കുന്നതിന് അവസരമൊരുക്കുന്ന സാമൂഹ്യ സംവിധാനമാണ് ജനായത്തം. മനുഷ്യന്റെ ഇടപെടലുകൾ എല്ലാം അതിന്റെ ഉത്തമ തലത്തിൽ പ്രായോഗികമാക്കുന്നത് സംസ്കാരത്തിന്റെ പൊതിയലിന് (insulation) ഉള്ളിലാണ്. സംസ്കാരത്തിലൂടെ പ്രയോഗവും പ്രയോഗത്തിലൂടെ സംസ്കാരവും എപ്പോഴും ശക്തി പ്രാപിച്ച് മുന്നോട്ടു നീങ്ങുകയാണ് അഭികാമ്യം. ഓരോ സംഭവങ്ങളേയും ജനം എങ്ങനെ കാണുന്നു എന്നത് സംസ്കാരത്തെ ഒരേസമയത്ത് സൃഷ്ടിക്കുന്ന പ്രക്രിയയും കാഴ്ചപ്പാടുമാകുന്നു.

 

ജനായത്ത സംവിധാനത്തിൽ അധമമായ കാഴ്ചയ്ക്ക് സ്ഥാനമില്ല. അതു കൊണ്ട് ഒരു വ്യക്തിയെ ചെറുതാക്കിക്കൊണ്ട് മറ്റുള്ളവർ വലുതും ശരിയുമാകാൻ ശ്രമിക്കുന്നതും അത്തരം സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അധമ പ്രവൃത്തികൾ തന്നെ. എന്നാൽ തിരുത്തലുകൾക്ക് സഹായകമാകുന്ന ചൂണ്ടിക്കാട്ടലുകൾ ശക്തമായിത്തന്നെ ഉണ്ടാവുകയും വേണം. അവിടെ ഏതെങ്കിലും വ്യക്തിയുടെ വ്യക്തിപരമായ ധാർഷ്ട്യം പൊതുതാൽപ്പര്യത്തിന് അപകടകരമാകുന്നുവെന്ന് കരുതുന്ന പക്ഷം അത് ചൂണ്ടിക്കാണിക്കേണ്ടതുമാണ്. അപ്പോഴും അത്തരം ചൂണ്ടിക്കാട്ടലുകൾ ആ വ്യക്തി വെറുക്കപ്പെടാനാവുന്ന വിധം ആവരുത്. കാരണം ജനമനസ്സുകളിലേക്ക് കിനിഞ്ഞിറങ്ങുന്നത് വെറുപ്പെന്ന വികാരമായിരിക്കും. അത് വ്യക്തിയുടെയും സമൂഹത്തിന്റെയും അഴുകലിന് വഴിവയ്ക്കും.

 

തീരുമാനങ്ങൾ ചിലപ്പോൾ തെറ്റിപ്പോയെന്നിരിക്കും. അതിനെയും ഉൾക്കൊണ്ട് തിരുത്തുന്ന സംവിധാനമാണ് ജനായത്തം. ടി.പി സെൻകുമാറിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നതും അതുതന്നെയാണ്. സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിൽ ഇത്തരം സാഹചര്യമുണ്ടായതിന് പിന്നില്‍ കുറ്റകരമായ എന്തെങ്കിലും സമീപനം ഉണ്ടായിട്ടുണ്ടെങ്കിൽ അതുമന്വേഷിക്കണം. കുറ്റക്കാരായി ആരെയെങ്കിലും കണ്ടെത്തിയാൽ അവർക്കെതിരെ ശിക്ഷാനടപടിയും സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

 

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ മുഴുവൻ ജനതയുടെയും മുഖ്യമന്ത്രിയാണ്. ആ പ്രാതിനിധ്യം അദ്ദേഹത്തിൽ ജനം കാണുന്നതിനാലാണ് തിരുത്തലുകൾ വേണ്ട സമയത്ത് അദ്ദേഹം വിമർശിക്കപ്പെടുന്നത്. അല്ലാതെ അദ്ദേഹത്തെ വ്യക്തിപരമായി വേദനിപ്പിച്ച് രസം കൊള്ളുവാനല്ല. വ്യക്തിപരമായി അദ്ദേഹം അപകർഷതാബോധം അനുഭവിക്കാനും ഇടവരാൻ പാടില്ല. കാരണം ഒരു സംസ്ഥാനത്തെ നയിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. അങ്ങനെയുള്ള വ്യക്തിയിൽ ഊർജ്ജവും പ്രസരിപ്പും അനിവാര്യം. ഭാവനാത്മകമായും ധൈര്യത്തോടും തെളിച്ചത്തോടും തീരുമാനങ്ങൾ കൈക്കൊള്ളാൻ ആ അവസ്ഥ അത്യാവശ്യമാണ്. സംസ്ഥാനത്തിന്റെ ഗതിയും അതനുസരിച്ചിരിക്കും. അത്തരമൊരു സംസ്കാരമാണ് ജനായത്ത സംവിധാനത്തിൽ ഉണ്ടായിരിക്കേണ്ടത്. സെൻകുമാറിനെ പുനർനിയമിക്കുന്നതിലുടെ പിണറായി വിജയൻ അപമാനിതനാകുന്നു എങ്കിൽ മുഴുവൻ മലയാളികളും അപമാനിതരാകുകയാണ്. സ്വയം ബഹുമാനമില്ലാത്ത വ്യക്തിക്കും സമൂഹത്തിനും മാത്രമേ ആ രീതിയിൽ ചിന്തിക്കാൻ കഴിയൂ. പിണറായി വിജയനെയും അദ്ദേഹത്തിന്റെ സംഘത്തേയും കേരളം ഏൽപ്പിച്ചിരിക്കുന്ന ചുമതല സംസ്ഥാനത്തെ മുന്നോട്ടു നയിക്കുക എന്നതാണ്. ആ ലക്ഷ്യം കേന്ദ്രബിന്ദുവാക്കിക്കൊണ്ടു വേണം ഏതു വിമർശനവും  ഉണ്ടാകാൻ. ആ കേന്ദ്രബിന്ദുവിൽ നിന്നു മാറി പിണറായി വിജയനെ ഇകഴ്ത്തി കാണപ്പെടാൻ ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക് സമൂഹ മനസ്സ് പതിക്കുന്നത് വിപത്താണ്.

 

അദ്ദേഹത്തിന്റെ തീരുമാനത്തിൽ ഉണ്ടാവുന്ന തെറ്റുകളിൽ ഓരോ പൗരനും പങ്കാളിയാകുന്നുണ്ട്. അതിനാൽ സ്വയം തിരുത്തിക്കൊണ്ടു മാത്രമേ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിലെയും തെറ്റുകളെ തിരുത്താൻ പാടുള്ളു. അവിടെയാണ് ജനായത്ത സംവിധാനത്തിൽ അതിന്റെ സംസ്കാരം വഹിക്കുന്ന പങ്ക് പ്രസക്തമാകുന്നത്. ഈ സംസ്കാരം ഉണ്ടാക്കുന്നില്ലെങ്കിൽ സെൻകുമാറിന്റെ പുനര്‍നിയമന ശേഷമുള്ള പ്രവൃത്തിയെ ദോഷകരമായി ബാധിക്കുന്ന അന്തരീക്ഷം സംജാതമാകും. സർക്കാരിനെ വെട്ടിലാക്കുന്ന നടപടികളിലോ മുഖ്യമന്ത്രിയും പോലീസ് മേധാവിയും തമ്മിലുള്ള പോരിലോ ആയിരിക്കും മുഖ്യധാരാ മാധ്യമശ്രദ്ധ. സ്വാഭാവികമായും അതിന്റെ പുത്തൻ അദ്ധ്യായങ്ങൾ അറിയുന്നതിന് ജനം ആർത്തിയോടെ പ്രതീക്ഷിച്ചിരിക്കുകയും ചെയ്യും. അപ്പോൾ തകരുന്നത് ഈ സംസ്ഥാനവും ജനായത്തവുമായിരിക്കും. പുനർനിയമനം ലഭിക്കുന്ന സെൻകുമാറിന് ഇതുവരെ കേരളത്തിലുണ്ടായിട്ടുള്ള എല്ലാ പോലീസ് മേധാവികളെക്കാളും നീതിബോധത്തോടെ, തെല്ലും വൈയക്തികമായ ഭൂതകാലവൈകാരികതയില്ലാതെ പ്രവര്‍ത്തിക്കാൻ ബാധ്യതയുണ്ട്. കാരണം ചരിത്രപ്രാധാന്യമുള്ള വിധിയിലൂടെ നീതി വിജയo കണ്ടതിനാലാണ് അദ്ദേഹം പുനർനിയമിതനാകുന്നത്. ആ നീതിയോടുള്ള കൂറ്, ഏറ്റവും കുറഞ്ഞ സമയമേ അദ്ദേഹത്തിനു ലഭിക്കുകയുള്ളുവെങ്കിലും, പുലർത്തേണ്ടതാണ്. ചരിത്ര പ്രാധാന്യമുള്ള ഈ വിധിയോടൊപ്പം സെൻകുമാറിന്റെ പ്രവർത്തനവും ചരിത്രത്താൽ പരിശോധിക്കപ്പെടും. അദ്ദേഹത്തിന്റെ പ്രവർത്തനത്തിലും അതു വിജയിക്കുന്നുവെങ്കിൽ മാത്രമേ നീതിയും ജനായത്തവും വിജയിക്കുകയുള്ളു.

Tags: