കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കും ന്യൂനപക്ഷ മൗലികവാദത്തിനും വളം ' പുരോഗമന' രാഷ്ട്രീയം

Glint Staff
Thu, 31-08-2017 01:55:42 PM ;

 

വര്‍ഗ്ഗീയതയും മൗലികവാദവും ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും ഒരേ പോലെ വിനാശകരമാണ്. അതു രണ്ടും കേരളത്തില്‍ തഴച്ചു വളര്‍ന്നുകൊണ്ടിരിക്കുന്നു. അതിനു വളം വച്ചു കൊടുക്കുന്നത് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കപടബുദ്ധിജീവികളും മതേതരമെന്ന് സ്വയം അവകാശപ്പെടുകയും അതുച്ചത്തില്‍ പറയുന്നുവരുമാണ്.
     ബി ജെ പിയുടെയും ആര്‍ എസ് എസ്സിന്റെയും വര്‍ഗ്ഗീയ അജണ്ടകളെ എതിര്‍ക്കാനായി മുഖ്യധാരാ പാര്‍ട്ടികള്‍ വിശേഷിച്ചും സി പി എം മുസ്ലീം സമൂഹത്തിന്റെ രക്ഷകരായി സ്വയം അവതരിക്കാന്‍ ശ്രമിക്കുന്നു. ഈ സാഹചര്യം മുതലെടുത്താണ് മുസ്ലീം മൗലികവാദ പ്രസ്ഥാനങ്ങള്‍ കേരളത്തിന്റെ തലങ്ങും വിലങ്ങും അവരുടെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്. സി പി എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കൂടി അധികരാത്തിലുള്ളപ്പോള്‍ ഇത്തരം ശിഥിലീകരണ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടുന്നുവെന്നുള്ളതാണ് സമീപ കാല ദൃഷ്ടാന്തങ്ങള്‍ കാണുന്നത്.
      വൈക്കം സ്വദേശിനി അഖില എന്ന ഹാദിയയുടെ വിവാഹം അസാധുവാക്കിയതിനെ തുടര്‍ന്ന് എറണാകുളം നഗരത്തെ സ്തംഭിക്കുന്ന വിധമായിരുന്നു ഹൈക്കോടതി വിധിക്കെതിരെ മുസ്ലീം സംഘടനകളുടെ ഐക്യവേദി എന്ന പേരില്‍ പ്രകടനം സംഘടിക്കപ്പെടത്. തന്റെ മകളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നാരോപിച്ച് കുട്ടിയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.  ഹൈക്കോടതി വിധിക്കെതിരെ ഇവ്വിധം സംഘടിതമായിപ്രതിഷേധപ്രകടനം നടത്തുന്ന രീതി ഒരു പക്ഷേ രാജ്യത്ത് നടാടെ നടന്ന സംഭവമാണ്. നീതിന്യായ വ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് ആ പ്രകടനം നടത്താന്‍ അതിന്റെ സംഘാടകര്‍ക്ക് നല്‍കിയ ധൈര്യവും അതില്‍ പങ്കെടുത്ത അഭൂതപൂര്‍വ്വമായ ജനസഞ്ചയത്തിനു വീര്യം പകര്‍ന്നതും സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണ സംവിധാനത്തിലുള്ള അവരുടെ ആത്മവിശ്വാസത്തിന്റെ പേരിലാണ്.ഭരണകൂടത്തിന്റെ അനുമതിയെത്തുടര്‍ന്നുമാണ്.  
    ഇത്തരം സമീപനങ്ങളും പരസ്യമായി നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടവും മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പിന്തുണയുമാണ് ബി ജെ പിക്കും ആര്‍ എസ്സ് എസ്സിനും തങ്ങളുടെ അജണ്ടകളുമായി മുന്നേറുന്നതിന് അവസരമൊരുക്കിക്കൊടുക്കുന്നത്. അഖില എന്ന ഹാദിയയുടെ വിവാഹം ഹൈക്കോടതി മേയ് 24ന് റദ്ദാക്കിയതിനെ തുടര്‍ന്ന് ഹാദിയയുടെ ഭര്‍ത്താവ് സുപ്രീംകോടതിയെ സമീപിച്ചു. അതാണ് ഹൈക്കോടതി വിധിയില്‍ ആവലാതിയുണ്ടെങ്കില്‍ ചെയ്യേണ്ടത്. അല്ലാതെ ഹൈക്കോടതി വിധിക്കെതിരെ പ്രകടനം നടത്തുകയല്ല. അത്തരമൊരു പ്രകടനം നടത്താന്‍ ഇടയായതുവഴി സംസ്ഥാന സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ഭരണഘടനാ ലംഘനം തന്നെയാണ് നടത്തിയത്.
        ഹാദിയയെ വിവാഹം ചെയ്തിരുന്ന ഷാഫിന്‍ ജഹാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആ ഹര്‍ജിയെ തുടര്‍ന്ന് ഹാദിയയുടെ മതം മാററവും വിവാഹവും അന്വേഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ അഭിപ്രായപ്രകാരം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുകയാണ്. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി ആ കുട്ടിയെ രക്ഷിതാക്കളുടെ കൂടെ വിടുകയായിരുന്നു. ഇപ്പോള്‍ സംസ്ഥാന വനിത കമ്മീഷന്‍ അദ്ധ്യക്ഷ ജോസഫൈന്‍ പരസ്യമായി പ്രസ്താവന നടത്തിയിരിക്കുന്നു, ഹാദിയ വീട്ടു തടങ്കലിലാണെന്ന്.ജോസഫൈന്‍ സി പി എം നേതാവാണെങ്കിലും ഇപ്പോള്‍ അവരുടെ നിലപാടുകളില്‍ ഉത്തരവാദിത്വവും കീഴ് വഴക്ക സംസ്‌കാരവും ഒരു പരിധിവരെയെങ്കിലും നിഷ്പക്ഷതയും വേണം.
     ജോസഫൈന്‍ പറഞ്ഞിരിക്കുന്നത് ഹൈക്കോടതി ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്നാണ്. തങ്ങളുടെ രാഷ്ട്രീയ നിലപാടിനോട് യോജ്യമല്ലാത്ത വിധി വരുമ്പോള്‍ അതിനെ തള്ളിപ്പറയുകയും കോടതിയെ ഇകഴ്ത്തിക്കാട്ടുകയും ചെയ്യുന്ന രീതി രാഷ്ട്രീയ നേതാക്കളിലും പൊതുസമൂഹത്തിലും കണ്ടു വരുന്നുണ്ട്. എന്തു തന്നെയായാലും തങ്ങളുടെ മുന്നിലെത്തിയ രേഖകള്‍ അവധാനതയോടും സൂക്ഷ്മബുദ്ധിയോടും അനുകമ്പാപൂര്‍വ്വവും പരിഗണിച്ച ശേഷമാണ് കേരളാ ഹൈക്കോടതി ഹാദിയായുടെ വിവാഹം റദ്ദ് ചെയ്തത്.  ആ ഹൈക്കോടതി വിധിക്കെതിരെ പരസ്യമായി നടത്തപ്പെട്ട പ്രതിഷേധവും പ്രകടനത്തിന്റെ സ്വാഭാവവും ഹൈക്കോടതി വിധിയെ കൂടുതല്‍ പ്രസക്തമാക്കുകയും ചെയ്യുന്നുണ്ട്. അതിപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
        ജോസഫൈന്റെ പ്രസ്താവനയുടെ ലക്ഷ്യം എന്താണ്. സുപ്രീംകോടതിയുടെ മുന്നിലിരിക്കുന്ന അതി സങ്കീര്‍ണ്ണവും വൈകാരിക തലങ്ങളുമുള്ള വിഷയത്തില്‍ മുസ്ലീം സമുദായത്തിനോട് ചേര്‍ന്നു നില്‍ക്കുന്നുവെന്ന ധാരണ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനപ്പുറം ആ പ്രസ്താവന മറ്റൊരു പ്രതിഫലനവും ഉണ്ടാക്കുന്നില്ല. ഇപ്പോള്‍ ആ കുട്ടിയുടെ വീട് ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. ഹാദിയയുടെ വീട്ടിനു മുന്നിലേക്ക് സംഘങ്ങള്‍ പ്രകടനം നടത്തുന്നു. ആ പ്രകടനത്തിനെതിരെ ആ കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കുന്നു. പോലീസ് പ്രകടനക്കാരെ പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോകുമ്പോള്‍ നിഷ്‌കളങ്കരെന്ന പോലെ തങ്ങള്‍ ഹാദിയയ്ക്ക് വായിക്കാന്‍ പുസ്തകങ്ങളും മധുരപലഹാരങ്ങളും നല്‍കാനെത്തിയതാണെന്ന് അവര്‍ പറയുന്നു. ജനാലയിലൂടെ തന്നെ രക്ഷിക്കണേ എന്ന ്ഹാദി വിളിച്ചു പറയുന്നതായി അവര്‍ അവകാശപ്പെടുന്നു. ജോസഫൈനെപ്പോലുള്ളവര്‍ പ്രസ്താനവന നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ചിലപ്പോള്‍ ഭൂരിപക്ഷ ഹിന്ദു സമൂദായത്തില്‍ നിന്ന് നഷ്ടമായേക്കാവുന്ന വോട്ട് മുസ്ലീം സമുദായത്തില്‍ നിന്നു കിട്ടുമെന്നു കണ്ടായിരിക്കാം ഇത്തരം പ്രസ്താവനകള്‍. എന്തായാലും ആ കുട്ടിയുടെ വീട് ഇപ്പോള്‍ പൊതുസ്ഥലമായി മാറിയിരിക്കുന്നു. ജനായത്ത സംവിധാനത്തില്‍ വിശ്വസിക്കുന്നിടത്തോളം കാലം കീഴ്‌ക്കോടതി മുതല്‍ സുപ്രീംകോടതി വരുന്ന സംവിധാനത്തില്‍ വിശ്വസിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്.
      ഈ സാഹചര്യത്തില്‍ ആ കുട്ടിയുടെ അച്ഛന് പിന്തുണയും എല്ലാ സഹായങ്ങളുമായി ബി ജെ പിയോ ആര്‍ എസ്സ് എസ്സോ രംഗപ്രവേശം ചെയ്താല്‍ അതില്‍ തെല്ലും അസ്വാഭാവികതയില്ല.  ബി ജെ പിയും ആര്‍  എസ്സ് എസ്സും ഈ അവസരത്തെ പരമാവധി തങ്ങള്‍ക്കനുകൂലമായ വിധം വിനിയോഗിക്കും.മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ മതത്തേയും ജാതിയേയും പരോക്ഷമായി വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുപയോഗിക്കുമ്പോള്‍ ബി ജെ പി അത് പ്രത്യക്ഷമായി ഉപയോഗിക്കുന്നു.  ഇപ്പോള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ നോക്കിയാല്‍ മൂന്നു കൂട്ടര്‍ ഈ വിഷയങ്ങള്‍ അതി തീവ്രമായി ഉപയോഗിക്കുന്നതു കാണാം. ഒന്ന് , മുസ്ലീം തീവ്രവാദ സമീപനത്തോട് ആഭിമുഖ്യമുള്ള എന്നാല്‍ മേതതരത്തിന്റെ പശ്ചാത്തലത്തില്‍ അനീതി ഉയര്‍ത്തിക്കാട്ടുന്നവര്‍, രണ്ടാമത്തേത് ലൗ ജിഹാദ് കേരളത്തില്‍ വന്‍ രീതിയില്‍ നടക്കുന്നുണ്ടെന്നും മുസ്ലീം തീവ്രവാദവും ഐ എസ്സിലേക്ക് ആളെച്ചേര്‍ക്കലും തകൃതിയായി നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ളവര്‍. മൂന്നാമത്തേത്, ഭൂരപക്ഷ വര്‍ഗ്ഗീയതെ ഹിന്ദുത്വമായി കണ്ടുകൊണ്ട് അതിനെ എതിര്‍ത്തുകൊണ്ടു ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്ക് വളവും വെള്ളവും കൊടുക്കുന്നവര്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രഖ്യാപിത നയം തന്നെ ഇതാണ്. അവരാണ് വൈക്കത്ത് ഹാദിയയുടെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനവുമായെത്തിയവരെ നിഷ്‌കളങ്കരായി അവതരിപ്പിക്കുന്നവര്‍. അവരുടെ കാഴ്ചപ്പാടില്‍ പ്രതിഷേധം നടത്താനുള്ള അവകാശം മാത്രമേ ജനായത്ത രീതിയുള്ളു. മറിച്ച് ആ കുട്ടിയുടെ അച്ഛന്‍ അശോകന്‍ പോലീസില്‍ പരാതിപ്പെടുന്നത് ഫാസിസ്റ്റ് നടപടിയാണ് എന്ന നിലയ്ക്കാണ്.
        സുപ്രീം കോടതി മേല്‍നോട്ടത്തിലായിരിക്കണം ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണമെന്ന ഷഫീന്‍ ജഹാന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടുമാണ് അന്വേഷണം നടത്തുന്നത്. ഈ സാഹചര്യത്തില്‍  ആ അന്വേഷണത്തിന്റെ ഫലം വരുന്നതു വരെ കാത്തിരിക്കുക എന്നത് ഏറ്റവും ചുരുങ്ങിയ ജനായത്ത മര്യാദയാണ്. എന്നാല്‍ കോടതിയും ഭരണഘടനയും ജനായത്തവും ഒന്നുമല്ല തങ്ങളുടെ 'പുരോഗമന'  നിലപാടാണ് ശരിയെന്നുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും സ്വയം പ്രഖ്യാപിത ബുദ്ധിജീവികളുടെയും നിലപാട് ജനായത്തത്തിന് ഏറ്റുകൊണ്ടിരിക്കുന്ന മാരകമായ പ്രഹരങ്ങളാണ്. അതിന്റെ വിളഭൂമിയായി കേരളം മാറിയിരിക്കുന്നു. ഇതിന്റെ ഫലമായി ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ മൗലികവാദവും കേരളത്തില്‍ അനുദിനം തഴച്ചുവളരും.

 

 

Tags: