ആക്ടിവിസ്റ്റ് ബജറ്റ്

Fri, 01-03-2013 12:30:00 PM ;

ഇന്ത്യയിലെ ജനസംഖ്യ നൂറ്റിപ്പത്തുകോടിയലധികം. ഇതില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ പത്തുകോടിയില്‍ താഴെ. എന്നിരുന്നാലും ദേശീയ രാഷ്ട്രീയത്തിലും കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും നിര്‍ണായക സ്വാധീനം ഇപ്പോള്‍ ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലുകള്‍ക്കാണ്. രാജ്യത്തിന്റെ വൈകാരികതയെ അമ്മാനമാടും വിധം അജണ്ടകള്‍ സൃഷ്ടിച്ച് മറ്റുള്ളവരെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് ഈ മാധ്യമങ്ങള്‍ക്ക് അനായാസം കഴിയുന്നു. അഞ്ചുവര്‍ഷം അടിസ്ഥാനമേഖലകളില്‍ പ്രവര്‍ത്തിച്ച് ആദിവാസികളുള്‍പ്പടെയുള്ളവരെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു മലയാളി കൂടിയായ രാജഗോപാല്‍ രാഷ്ട്രീയ ഏകതാപരിഷത്തിന്റെ നേതൃത്വത്തില്‍ ഒരുലക്ഷം പേരുമായി ഭോപ്പാലില്‍ നിന്നു ദില്ലിയിലേക്ക് അടിസ്ഥാന ആവശ്യങ്ങളുമുന്നയിച്ച് മാര്‍ച്ച് നടത്തിയത്. പരിഷത്തിന്റെ പ്രവര്‍ത്തനത്തിന് മാധ്യമ സഹായം ഇല്ലായിരുന്നു. നേരിട്ടുള്ള ബോധവല്‍ക്കരണപ്രവര്‍ത്തനമെന്ന രാഷ്ട്രീയ പ്രക്രിയയിലൂടെയാണ് പരിഷത് നേതാക്കള്‍ ഈ മാര്‍ച്ച് സംഘടിപ്പിച്ചത്. അത് ആഗ്രയിലെത്തിയപ്പോള്‍ കേന്ദ്രമന്ത്രി ജയറാം രമേഷ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളുമായെത്തി ചില വ്യക്തമായ ഉറപ്പുകള്‍ നല്‍കി മാര്‍ച്ചിനെ അവിടെവച്ച് അവസാനിപ്പിച്ചു. ഈ സമയം ഗാന്ധിജിയുടെ ഭാവഹാവാദികള്‍ ഏറ്റുവാങ്ങി ഒരു മിമിക്രിഷോപോലെ അണ്ണാ ഹസ്സാരെ ജന്തര്‍മന്ദറില്‍ നടത്തിയ 'സമര'ത്തിന്റെ പ്രചാരണത്തിലായിരുന്നു ഇംഗ്ലീഷ് ചാനലുകള്‍പ്പടെയുള്ള ദേശീയമാധ്യമങ്ങള്‍.

 

രാഷ്ട്രീയത്തിനു മുകളില്‍ ആക്ടിവിസവും ആക്ടിവിസ്റ്റുകളും നേടിയ അപ്രമാദിത്വ പ്രസക്തി വെളിവാക്കുന്നതാണ് പരിഷത് മാര്‍ച്ചും ആ സമയത്ത് നടന്ന അണ്ണാഷോയും. ആക്ടിവിസ്റ്റുകള്‍ ഇംഗ്ലീഷ് ചാനലുകളുടെ അകമ്പടിയോടെ കാര്യങ്ങള്‍ നിശ്ചയിക്കുന്ന സ്ഥിതിയാണിന്ന്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ദില്ലിയില്‍ പെണ്‍കുട്ടി ബസ്സില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം ചാനല്‍ ആക്ടിവിസ ചരിത്രത്തിലെ നാഴികക്കല്ലായി. സുപ്രീംകോടതിയുള്‍പ്പടെ ഉണര്‍ന്നു. സ്ത്രീസുരക്ഷയും വനിതാക്ഷേമവും  സാമൂഹ്യശ്രദ്ധയിലെ കേന്ദ്രബിന്ദുവായി. ദില്ലിയില്‍ കൊടുംതണുപ്പില്‍ ദിവസങ്ങളോളം തടിച്ചുകൂടിയ നഗരയുവതികള്‍ ചാനലുകളുടെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെയും ശക്തി വിളിച്ചറിയിച്ചു. എവിടെയും കൊലവെറി. ആ കൊലവെറിയുടെ സാമൂഹ്യ അന്തീരീക്ഷം ഒരുപക്ഷേ രണ്ട് തൂക്കിക്കൊലകള്‍ക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടാവും.

 

ആക്ടിവിസ്റ്റ് അജണ്ടയ്ക്കു മാത്രമേ ദേശീയ മാധ്യമ, സോഷ്യല്‍ നെറ്റ് വര്‍ക്ക് അംഗീകാരം ലഭിക്കുകയുള്ളുവെന്നും, ആ നിലയ്ക്കു നീങ്ങിയാല്‍ മാത്രമേ തെരഞ്ഞെടുപ്പിലും നേട്ടം സൃഷ്ടിക്കാന്‍ കഴിയുകയുള്ളുവെന്ന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും യു.പി.എ സര്‍ക്കാരും മനസ്സിലാക്കി മുന്നോട്ട് നീങ്ങുന്ന പദ്ധതിയുടെ കൃത്യമായ ആസൂത്രണത്തിന്റെ ഉദാഹരണമാണ് കേന്ദ്രമന്ത്രി ചിദംബംരം ഫെബ്രുവരി 28ന് ലോകസഭയിലവതരിപ്പിച്ച, പൊതു തിരഞ്ഞെടുപ്പിനു മുന്‍പുള്ള സമ്പൂര്‍ണ്ണ ബജറ്റ്. ദില്ലിയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് മാധ്യമങ്ങള്‍ നല്‍കിയ പേര് സ്വീകരിച്ചുകൊണ്ടാണ് ബജറ്റില്‍ വനിതാ ശാക്തീകരണത്തിനും സുരക്ഷയ്ക്കുമായി 1000 കോടി രൂപയുടെ നിര്‍ഭയ നിധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മൂന്ന് മറ്റ് വമ്പന്‍ പ്രഖ്യാപനങ്ങളും. പൊതുമേഖലയില്‍ വനിതകളുടെ സ്വന്തം ബാങ്കിന് 1000 കോടി, വനിതാ ശിശുക്ഷേമത്തിന് 17,700 കോടി. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം തടയാന്‍ 2000 കോടി.

 

അടുത്ത തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട്കൊണ്ടുള്ള ബജറ്റില്‍ ആക്ടിവിസ്റ്റ് അജണ്ടയിലൂടെ വിജയിച്ചുകയറാമെന്ന കണക്കുകൂട്ടലുകളാകാം ചിദംബരത്തേയും യു.പി.എ സര്‍ക്കാരിനേയും ഇത്തരത്തിലൊരു ബജറ്റവതരണത്തിന് പ്രേരിപ്പിച്ചത്. ഒരു കാര്യം ഉറപ്പ്. നിര്‍ഭയയെ അടുത്ത തെരഞ്ഞെടുപ്പ് സാധ്യതയ്ക്കുള്ള മൂലധനമായി യു.പി.എ തീരുമാനിച്ചിരിക്കുന്നു. അഴിമതിക്കെതിരെ ഉറഞ്ഞുതുള്ളുന്ന ദേശീയമാധ്യമങ്ങള്‍ക്ക് വേണമെങ്കില്‍ ചിന്തിക്കാവുന്ന ഒന്നുണ്ട്. രാഷ്ട്രീയത്തെ ഇല്ലായ്മചെയ്ത് ആക്ടിവിസത്തെ പകരം വെക്കുന്നതിനേക്കാള്‍ അഴിമതി ഒരു ജനാധിപത്യസംവിധാനത്തില്‍ എന്താണ്?

Tags: