നമ്മെ നമുക്കു കാണിച്ചുതന്ന ഷാവെസ്

Wed, 06-03-2013 10:15:00 AM ;

hugo chavezഹ്യുഗോ ഷാവെസ് അന്തരിച്ചു. അതേ സമയം അദ്ദേഹത്തിന്റെ ഓര്‍മകള്‍ ജ്വലിക്കുന്നു. മലയാളിയെ സംബന്ധിച്ചുപോലും ഒരു അന്യന്റേതല്ലാത്ത മരണവാര്‍ത്തയറിഞ്ഞ വിഷമം. ചാനലുകള്‍ ആ വികാരത്തോടെ അദ്ദേഹത്തിന്റെ ചരമവാര്‍ത്തയ്‌ക്കൊപ്പം ഷാവേസിന്റെ ജീവിത കഥയുടെ രേഖാചിത്രവും ദൃശ്യങ്ങളിലൂടെ വരച്ചുകാട്ടി. അവയ്‌ക്കൊപ്പം കേട്ട വിവരണ ശബ്ദത്തില്‍ ഓര്‍മകള്‍കൊണ്ട് പ്രേക്ഷകരില്‍ അദ്ദേഹത്തിന്റെ അതിമാനുഷത്വം പ്രകടമാക്കി ആസ്വാദ്യത പകരാനുള്ള ശ്രമവും ദൃശ്യമായിരുന്നു.

 

ഷാവെസ് ഊര്‍ജസ്വലനായിരുന്നു. ജീവിതത്തെ ആവേശത്തോടെ കണ്ടു. നിമിഷങ്ങള്‍ ആസ്വദിച്ചു. നീതികേടുകള്‍ അദ്ദേഹത്തിനു സഹിക്കാനായില്ല. അതില്‍ അദ്ദേഹം അസഹിഷ്ണുത പ്രകടിപ്പിച്ചു. അതിനെ അദ്ദേഹം തന്നാല്‍ കഴിയുന്ന വിധത്തില്‍ ആക്ഷേപിച്ചു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് അദ്ദേഹം കണ്ട ഏറ്റവും വലിയ നീതികേട് ജോര്‍ജ് ബുഷിന്റെ കീഴിലുള്ള അമേരിക്കയായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ അദ്ദേഹം അക്കാരണത്താല്‍ ബുഷിനെ ചെകുത്താനെന്നു വിളിച്ചു. ലോകം അല്പം നെറ്റിചുളിച്ചെങ്കിലും അത് ആസ്വദിച്ചു. അമേരിക്കക്കാര്‍ പോലും. അമേരിക്ക ഒബാമയില്‍ ആശ്വാസം കണ്ടെത്താന്‍ പല കാരണങ്ങളില്‍ ഒന്ന് അതു തന്നെയായിരുന്നു.

 

ഷാവെസിന്റെ അമേരിക്കന്‍ വിരോധവും തെറിവിളിയും ചിലപ്പോഴെങ്കിലും അതിര് വഴക്കിലേര്‍പ്പെടുന്നവര്‍ വേലിക്കല്‍ നിന്ന് പരസ്പരം തെറിവിളിക്കുന്നതിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തിയിരുന്നു. അപ്പോഴെല്ലാം കാണാന്‍ കഴിഞ്ഞത് അസ്വസ്ഥതകള്‍ സ്വയം സഹിക്കാനാവാതെ ഉഷ്ണത്താല്‍ പൊറുതിമുട്ടുന്ന, പൊട്ടിത്തെറിക്കാന്‍ വെമ്പുന്ന ഒരു മനുഷ്യനെയാണ്. ഈ പൊട്ടിത്തെറി നിമിഷങ്ങളാണ് അദ്ദേഹത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. അമേരിക്കന്‍ വിരോധം ആ പൊട്ടിത്തെറിയ്ക്ക്  ന്യായീകരണമായപ്പോള്‍ അത് ഉദാത്തീകരിക്കപ്പെട്ടു.

 

ഷാവെസ് ശരിയോ തെറ്റോ എന്നത് വിഷയമല്ല. അദ്ദേഹം അദ്ദേഹത്തിന്റെ വഴിയേ സത്യസന്ധമായി ജീവിച്ചു എന്നതാണ് നമ്മുടെ മുന്നിലുള്ള യാഥാര്‍ഥ്യം. ആ കാപട്യമില്ലായ്മയെ അഥവാ നിഷ്‌കളങ്കതെയാണ് ലോകം സ്‌നേഹിച്ചത്. അത് മനുഷ്യസഹജമാണ്. അത് എല്ലാവരും ഇഷ്ടപ്പെടുന്നു. അതുപോലെ നമ്മളിലുള്ള ദേഷ്യത്തേയും അദ്ദേഹം പുറത്തെടുത്തു. ഇഷ്ടമല്ലാത്തതിനെ എതിര്‍ക്കുക, തകര്‍ക്കുക, ഇല്ലായ്മ ചെയ്യുക എന്ന നമ്മളുടെ ഉള്ളിലുള്ള രോഷത്തേയും അദ്ദേഹം പുറത്തെടുത്തു കാണിച്ചു തന്നു. സുരേഷ്‌ഗോപി സിനിമകളില്‍ നായകന്‍ നേതാക്കളേയും മേലുദ്യോഗസ്ഥരേയും തെറിവിളിക്കുകയും അടിക്കുകയുമൊക്കെ ചെയ്യുന്നതു കാണുമ്പോള്‍ ജനം കൈയ്യടിച്ചതുപോലെയാണ് (vicarious pleasure) ഷാവെസിനെ ടെലിവിഷന്‍ സ്ക്രീനിലൂടെ ലോകപ്രേക്ഷകര്‍ സ്വീകരിച്ചത്.

 

ജനക്കൂട്ടത്തില്‍ അവരിലൊരാളാവുന്ന, ആടുകയും പാടുകയും ചെയ്യുന്ന ഷാവെസാണ് ഏവരുടേയും മനസ്സില്‍ ത്രസിക്കുന്ന ഓര്‍മയാവുന്നത്. അതേ സമയം നാം വെനിസ്വലയെ അറിയുന്നില്ല. ലോക ജനശ്രദ്ധയാകര്‍ഷിച്ച രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ നേതൃത്വ പാടവമെന്തെന്ന് അറിയുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രസങ്കല്പങ്ങള്‍ തന്റെ രാജ്യത്തു കൊണ്ടുവന്ന അടിസ്ഥാന മാറ്റങ്ങള്‍ എന്തെന്ന് ചോദിച്ചാല്‍ ഓര്‍മവരാന്‍ പ്രയാസം. അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ രാജ്യം, അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ദേഹം തുടങ്ങിവച്ചത് തുടര്‍ന്നുകൊണ്ടു പോകുമോ. അത് കണ്ടറിയേണ്ടിയിരിക്കുന്നു.

 

ഒരു ജനതയില്‍ വികാരം  ജനിപ്പിക്കുകയും ആ വികാരത്തിന്റെ വഴിയിലൂടെ തന്റെ വിചാരത്തിന്റെ ദിശയിലേക്കു നയിക്കാന്‍ കഴിയുന്ന വ്യക്തിയാണ് നേതാവ്. അഥവാ നേതാവിന്റെ മാസ്മരികത. ഷാവെസിന് മാസ്മരികതയുണ്ടായിരുന്നു. എന്നാല്‍ ജനക്കൂട്ടത്തെ കാണുമ്പോള്‍ അതിലൊരാളായി, ആള്‍ക്കൂട്ടമാവുകയായിരുന്നു ഷാവെസ്. അവരെ നയിക്കാന്‍ അദ്ദേഹം മറന്നു പോയി. അത് നേതാവിന്റെ ഗുണങ്ങളല്ലെന്ന് ലോകത്തെ ഓര്‍പ്പിക്കുന്നതായിരുന്നു അമ്പത്തിയെട്ടാം വയസ്സില്‍ അരങ്ങൊഴിഞ്ഞുപോകേണ്ടി വന്ന  ഈ നേതാവിന്റെ ദൗത്യം. എങ്കിലും അദ്ദേഹത്തിന്റെ സത്യസന്ധതയും ഊര്‍ജവും, കൗതുകങ്ങളും സൗഹൃദങ്ങളും മനുഷ്യസ്‌നേഹവും  എല്ലാം പ്രണാമമര്‍ഹിക്കുന്നു. സ്‌നേഹത്തോടെ നോക്കി ശാന്തമായി ചിരിക്കുന്ന  ഗാന്ധിജിയുടെ ചിരിയില്‍ നേതൃത്വത്തിന്റെ ഒരിക്കലും അസ്തമിക്കാത്ത സ്ഫുരണങ്ങള്‍ ലോകത്തിലെ ഏതു ജനതയ്ക്കും ഏതു കാലത്തും കാണാന്‍ കഴിയുന്നു എന്നതും ഈ അവസരത്തില്‍ നമുക്ക് ഓര്‍ക്കാം. ഒപ്പം നമ്മുടെ സഹോദരന്മാരിലൊരാളായി മാറിയ ഷാവേസിന്റെ ഓര്‍മകള്‍ക്കു മുന്‍പില്‍ സ്‌നേഹാഞ്ജലികളും അര്‍പ്പിക്കാം.

Tags: