ഡോക്ടര്‍! ജലദോഷത്തിന് അര്‍ബുദ ചികിത്സ നല്‍കരുത്!!

Sat, 02-03-2013 03:00:00 PM ;

കൃത്യമായ രോഗനിര്‍ണയമാണ് ഒരു ഡോക്ടറുടെ കഴിവ്. അതിനു കഴിയുന്ന ഡോക്ടര്‍ക്ക് സ്വാഭാവികമായും ആവശ്യമായ മരുന്നു നല്കി രോഗിയെ വിമുക്തിയിലേക്ക് നയിക്കാന്‍ കഴിയും. ഇന്ന് ഡോക്ടര്‍മാര്‍ നേരിടുന്ന വലിയ പ്രശ്‌നം ബാഹ്യോപകരണങ്ങളുടെ ആശ്രയമില്ലാതെ രോഗനിര്‍ണയം ഭാഗികമായിപ്പോലും നടത്താന്‍ കഴിയുന്നില്ല എന്നതാണ്. ചികിത്സാവേളയില്‍ ഡോക്ടറെ നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. രോഗിയും, അയാളുടെ രോഗമുക്തിയുമൊഴിച്ചുള്ള ഘടകങ്ങളുടെ സ്വാധീനത്തിലാണ് തീരുമാനമെല്ലാമെടുക്കുന്നത്. പരിശോധനകളായാലും മരുന്നു നിര്‍ദ്ദേശിക്കലായാലും. ഇത് ക്രമേണ ഡോക്ടര്‍ എന്ന  നിലയില്‍ പൊതുവേ ഡോക്ടര്‍മാരുടെ തൊഴില്‍പരമായ വ്യക്തിവൈശിഷ്ട്യത്തെ കുറച്ചിട്ടുണ്ട്. ഏതു വ്യക്തിയും അയാള്‍ ഏര്‍പ്പെടുന്ന മേഖലയുടെ സൂക്ഷ്മാംശങ്ങളിലേക്കു പോകുമ്പോള്‍ അതനുസരിച്ച് അയാളുടെ ബുദ്ധിക്ക് തെളിച്ചം ഉണ്ടാവുന്നു. ആ തെളിച്ചം ബുദ്ധിയോടൊപ്പം വ്യക്തിയേയും ഗുണകരമായി സ്വാധീനിക്കും. അതുകൊണ്ടാണ് മഹാഭിഷഗ്വരന്മാരായി അറിയപ്പെടുന്നവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അവര്‍ മനുഷ്യസ്‌നേഹികളും ആയിരുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയുന്നത്.

 

ശരിയായ രോഗനിര്‍ണയം നടത്താന്‍ ശേഷിയുള്ള ഡോക്ടര്‍ക്ക് സാമൂഹികമായ ഒരു പ്രശ്‌നമുണ്ടാവുകയാണെങ്കിലും കൃത്യമായ പ്രശ്‌നനിര്‍ണയം നടത്താന്‍ കഴിയും. അതനുസരിച്ച് നടപടികളും സ്വീകരിക്കാന്‍ സാധിക്കും. ചേര്‍ത്തല സര്‍ക്കാര്‍ ആശുപത്രിയിലെ സൂപ്രണ്ടിനെ നാട്ടിലെ ജനാധിപത്യസംവിധാനം നല്‍കുന്ന അധികാരമനുസരിച്ച് ആ ആശുപത്രിയില്‍ നിന്ന് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ. മാര്‍ച്ച് ഒന്നിന് സംസ്ഥാന വ്യാപകമായി പണിമുടക്കി. ഇതറിയാതെ ആശുപത്രികളിലേക്കു വന്ന, സ്വകാര്യ ആശുപത്രികളെ പ്രാപിക്കാന്‍ ശേഷിയില്ലാത്ത സാധാരണ രോഗികള്‍ രോഗത്തിനുപുറമെ, ഈ അസൗകര്യവും സഹിച്ച് കഷ്ടപ്പെടേണ്ടിവന്നു. സ്ഥലം മാറ്റം പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.

 

ഗുരുതരമായ അര്‍ബുദത്തിന് നല്‍കേണ്ട ചികിത്സ വെറും ജലദോഷത്തിന് നിശ്ചയിക്കുന്നതുപോലെയായി മാര്‍ച്ച് ഒന്നിലെ ഡോക്ടര്‍മാരുടെ സമരം. ജലദോഷത്തിന് അര്‍ബുദചികിത്സ നടത്തിയാല്‍ രോഗിയിലുണ്ടാവുന്ന ദൂഷ്യഫലങ്ങള്‍ ആലോചിക്കാവുന്നതേയുള്ളൂ. ഇത്തരത്തിലുള്ള നടപടികള്‍ ഡോക്ടര്‍സമൂഹത്തിനു തന്നെയാണ് മുഖ്യമായും ദോഷം ചെയ്യുക. അതിലുമുപരി, സമരം ഒരു ബ്ലാക്ക്‌മെയില്‍ തന്ത്രമാണ് എന്ന ചിന്താഗതി ആ സംഘടനയ്ക്ക്, നേതൃത്വം കൊടുക്കുന്നവര്‍ക്കും അംഗങ്ങള്‍ക്കും ഒരുപോലെ, ബാധിച്ചിരിക്കുന്നുവെന്നാണ് പണിമുടക്ക് വിജയം സൂചിപ്പിക്കുന്നത്. ഇത് ഡോക്ടര്‍മാരെ പൊതുജനങ്ങളില്‍ നിന്ന്‍ അകറ്റും. ഇപ്പോള്‍ തന്നെ ഡോക്ടര്‍ -രോഗി സംഘട്ടനങ്ങള്‍ വ്യാപകമാണ്.

 

ചേര്‍ത്തല ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റിയതില്‍ അനീതിയുണ്ടെങ്കില്‍ അത് വ്യവസ്ഥാപിതമായ രീതിയില്‍ ചോദ്യം ചെയ്യാനും പരിഹാരത്തിനു ശ്രമിക്കാനും ഡോക്ടര്‍ക്കും സംഘടനയ്ക്കും അവകാശമുണ്ട്. ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് ധൈര്യപൂര്‍വം നടത്തിയത് ജനാധിപത്യം ഉറപ്പാക്കുന്ന സ്വാതന്ത്ര്യത്തിന്റെ ബലത്തിലാണ്. അതു ദുര്‍ബലമാകുന്ന മുറയ്ക്ക് അത്തരം സ്വാതന്ത്ര്യങ്ങള്‍ ക്രമേണ സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമാകും. നഗരസഭയുടെ അധ്യക്ഷന്‍ ജനങ്ങളുടെ പ്രതിനിധിയാണ്. ജനഹിതമനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ്. ചിലപ്പോള്‍ തെറ്റ് പറ്റിയെന്നിരിക്കും. എങ്കിലും ജനാധിപത്യത്തിനോടുള്ള മര്യാദയുടെ പേരില്‍ അസഹിഷ്ണുത പ്രകടിപ്പിക്കാതെ ജനാധിപത്യപരമായ വഴികളിലൂടെയാണ് നീങ്ങേണ്ടത്. ഡോക്ടര്‍മാരെപ്പോലെ വിദ്യാസമ്പന്നരായ സമൂഹം ആലോചനയും ജനാധിപത്യചിന്തയുമില്ലാതെ നടപടികളെടുക്കുമ്പോള്‍ അവരെ സമൂഹത്തിലുളള മറ്റ് വിഭാഗങ്ങളും നോക്കിനില്‍ക്കുന്നുണ്ട്. രോഗികളെ മുന്‍നിര്‍ത്തി ഗവണ്മെന്റിനെ തങ്ങളുടെ വഴിക്കുകൊണ്ട് വരാനുള്ള ഡോക്ടര്‍മാരുടെ ശ്രമത്തെ ദൗര്‍ബല്യമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ഒരു നിസ്സാര സ്ഥലം മാറ്റത്തിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലേയും പ്രവര്‍ത്തനത്തെ മരവിപ്പിച്ച കെ.ജി.എം.ഒ.എ.യ്ക്ക് ഒരു സംഘടന എന്ന നിലയിലുള്ള വിശ്വാസ്യതയും ഉത്തരവാദിത്വവും നഷ്ടമായിരിക്കുന്നു.

Tags: