ഭൂപരിഷ്കരണം എന്ന സമസ്യ

Wed, 02-01-2013 01:00:00 PM ;

സി.പി.ഐ.എം. ഒരു ഭൂസമരത്തിനു കൂടി തുടക്കം കുറിച്ചു. മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നതാണ് പ്രധാന ആവശ്യം. 1957ലെ ഭൂപരിഷ്കരണ നിയമത്തിന്റെ തുടര്‍ച്ചയാണ് ഈ സമരമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പത്തു ദിവസം 14 ജില്ലകളിലും പ്രവര്‍ത്തകര്‍ മിച്ചഭൂമികളില്‍ പ്രവേശിച്ചു കൊടി നാട്ടാനും അതിനു ശേഷം അനുകൂല സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ കുടില്‍ കെട്ടി സമരം തുടരാനുമാണ് തീരുമാനം. സമരക്കാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിച്ചാല്‍ പതിനയ്യായിയിരത്തിലധികം പേര്‍ ജാമ്യം സ്വീകരിക്കാതെ ജയിലുകളിലേക്ക് പോകും.

 

ഭൂപരിഷ്കരണ നിയമത്തിന്റെ പ്രേതങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. 1970ലെ മിച്ചഭൂമി സമരം മുതല്‍ പലതവണ പാര്‍ട്ടി ഈ വിഷയവുമായി തെരുവിലിറങ്ങി. ഇതിനിടയില്‍ പലതവണ അധികാരത്തിലിരുന്നു.  ഏതു സമരവും ചില ആവശ്യങ്ങള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് നടത്തുക. കേരളത്തിലെ ഏറ്റവും വലിയ, ഏറ്റവും ശക്തമായ രാഷ്ട്രീയ കക്ഷിക്ക് എന്താണ് ഈ പ്രശ്നത്തില്‍ ഇതുവരെ ഒരു പരിഹാരം ഭരണത്തിലൂടെയോ സമരത്തിലൂടെയോ കണ്ടെത്താനാവാത്തത് എന്ന് പരിശോധിക്കേണ്ടതല്ലേ? അതിലും പ്രധാനമായി, ഇക്കാലയളവിനിടയില്‍ ഒഴുകിപ്പോയ വെള്ളം ഭൂമിയെ എങ്ങിനെയാണ് മാറ്റിതീര്‍ത്തത് എന്നെങ്കിലും പരിശോധിക്കേണ്ടതല്ലേ? ഭൂപരിഷ്കരണ നിയമം കര്‍ഷക പ്രധാനമായ ഒരു സമൂഹത്തിലാണ് നടപ്പിലാക്കിയത്. ആ സമൂഹത്തില്‍ ഭൂമി അതിന്റെ പ്രാഥമികമായ ചുമതല, ഉല്‍പ്പാദനം, ആണ് നിര്‍വഹിച്ചിരുന്നത്. ഇന്ന് ഒരു ക്രയവിക്രയ വസ്തു എന്ന നിലയില്‍ ഭൂവിനിയോഗം മാറിയിരിക്കുമ്പോള്‍ ഭൂസമരത്തിലൂടെ എന്താണ് നേടിയെടുക്കുക? ഉല്‍പ്പാദന ഉപാധി എന്ന നിലയില്‍ നിന്ന് ക്രയവിക്രയ ഉപാധി എന്ന നിലയിലേക്കുള്ള ഈ മാറ്റത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ മാനങ്ങള്‍ ആലോചനക്കെങ്കിലും വിധേയമാക്കണ്ട ബാധ്യത കഴിഞ്ഞ ആറു  പതിറ്റാണ്ടോളമായി ഭൂമിയെ കേന്ദ്ര വിഷയമാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സി.പി.ഐ.എമ്മിനില്ലേ?e m s

 

ഇതിലൊക്കെയും പ്രധാനമായൊരു ആകുലത, സി.പി.ഐ.എമ്മിന്റെ സമരങ്ങളില്‍ ഇന്ന് ദൃശ്യമാകുന്ന പ്രകടനപരതയെ കുറിച്ചാണ്. സംഘാടനത്തിലെ മികവും സംഘബലവും ഒക്കെ ഉറപ്പിച്ചു പ്രഖ്യാപിച്ചാണ്, പ്രത്യേകിച്ചും അതിന്റെ തന്നെ അണികളോട്,  ഓരോ സമരവും അവസാനിക്കുന്നത്. എണ്ണയിട്ട യന്ത്രം പോലെ എന്നത് സി.പി.ഐ.എം. സമരങ്ങളെ വിശേഷിപ്പിക്കാനുള്ള ഒരു സ്ഥിരം ഉപമയാണ്. എണ്ണയിട്ട യന്ത്രം പോലെ സ്വയം ചലിച്ചു സി.പി.ഐ.എം. കേരള സമൂഹത്തെ മുന്നോട്ടു കൊണ്ട് പോയിട്ടുണ്ട്. അത് കൊണ്ടാണ് ഈ പാര്‍ട്ടിയെ കേരളത്തിന്റെ ചാലക ശക്തികളില്‍ ഒന്നായി വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് സി.പി.ഐ.എമ്മിന്റെ സമരങ്ങള്‍ അതിന്റെ അണികളെ ചലിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആയൊടുങ്ങുമ്പോള്‍  പാര്‍ട്ടി തിരിഞ്ഞു നടക്കുന്നത് അതിന്റെ തന്നെ ചരിത്രത്തില്‍ നിന്നാണ്. അതിന്റെ നഷ്ടം കേരളീയ സമൂഹത്തിനുമാണ്.

Tags: 

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.
1 + 0 =
Solve this simple math problem and enter the result. E.g. for 1+3, enter 4.