ശ്രീനിവാസന്റെ വാക്കുകള്‍ക്ക് കേരളം കാതോര്‍ക്കുന്നു; പത്രസമ്മേളനതിരക്കഥ സൂപ്പര്‍ താരങ്ങളുടെ?

Gint Staff
Fri, 30-06-2017 06:47:21 PM ;

sreenivasan

മലയാളിയുടെ മാനസികമായ അബോധ പ്രബോധനത്തില്‍ ഗുണകരമായ സ്വാധീനം ചെലുത്തിയ സിനിമകളുടെ സൃഷ്ടാവാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍. ശ്രീനിവാസനെ ജൂണ്‍ 29ന് കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ കണ്ടില്ല. അദ്ദേഹം സ്ഥലത്തില്ലാത്തതോ ശാരീരികമായി പങ്കെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണോ എന്നറിയില്ല. എന്തായാലും ശ്രീനിവാസന്റെ മൗനം അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ സൂപ്പര്‍ സ്റ്റാറുകളായ മമ്മുട്ടിയും മോഹന്‍ലാലും പാലിച്ച മൗനത്തേക്കാള്‍ വാചാലമാണ്. അതിന്നര്‍ഥം മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനം വാചാലമായിരുന്നു എന്നല്ല. അവരുടേത് ജൂഗൂപ് സാവഹം അഥവാ Despicable ആയ വായടച്ചിരിക്കലായിരുന്നു.
         
മലയാള സിനിമയിലെ ക്രിമിനല്‍വത്ക്കരണത്തിനും അനാശാസ്യ പ്രവണതകള്‍ക്കുമെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് ശ്രീനിവാസനായിരുന്നു. ശ്രീനിവാസന്റെ  'കഥ പറയുമ്പോള്‍ 'എന്ന സിനിമയില്‍ ഒരു സംഭാഷണമുണ്ട് ' സിനിമയില്‍ നായകന്മാരായി അഭിനയിക്കുന്നവര്‍ യഥാര്‍ഥ ജീവിതത്തില്‍ വില്ലന്‍മാരും വില്ലന്മാരായി അഭിനയിക്കുന്നവരുടെ കാര്യം നേരേ തിരിച്ചാണെന്നും. അമ്മ ജൂണ്‍ 29ന നടത്തിയ പത്രസമ്മേളന വേദി അതുശരിവയ്ക്കുന്നതായിരുന്നു. മറ്റൊന്നുകൂടി അവിടെ തെളിയിക്കപ്പെട്ടു. സിനിമയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്നവര്‍ യഥാര്‍ഥ ജീവിതത്തില്‍ നേര്‍ വിപരീതമായി പെരുമാറുന്നുവെന്നും .മുകേഷും, ഇന്നസന്റും അതാണോര്‍മ്മിപ്പിച്ചത്
         
സമീപകാലത്ത് ശ്രീനിയുടെ ശബ്ദം സമൂഹം ശ്രദ്ധിച്ചത് കണ്ണൂര്‍ കൊലപാതകങ്ങളെ കുറിച്ചുള്ളതായിരുന്നു.രാഷ്ട്രീയ നേതൃത്വങ്ങളുടെ ജീര്‍ണ്ണതയിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു അവ. ആ ജീര്‍ണ്ണതയുടെ  മറ്റൊരു മുഖമാണ് അമ്മയുടെ പത്രസമ്മേളനത്തിലും കണ്ടത്. രണ്ട് ഭരണകക്ഷി എം.എല്‍.എമാര്‍, ഒരു ഭരണകക്ഷി എം.പി. എന്നിവരാണ് പൊതു സമുഹത്തില്‍ എങ്ങനെ പെരുമാറണമെന്നറിയാതെ സംസ്‌കാര രഹിതമായി പെരുമാറിയത്.ഈ വേദിയില്‍ രണ്ട് എം.എല്‍.എമാരും ഒരു എം.പിയും ഉണ്ടായത് അവരുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെയോ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയോ ഫലമായല്ല. രാഷ്ട്രീയത്തിലെ ജീര്‍ണ്ണതയുടെ ഈര്‍പ്പത്തില്‍ നിന്നും മുളച്ചവരാണവര്‍. സ്വന്തം ജീവിതത്തെ ജനസേവനത്തിനായി മാറ്റി വെച്ച സംശുദ്ധ വ്യക്തിത്വമായ പി.കെ. ഗുരുദാസനെ കാരണമില്ലാതെ ഒഴിവാക്കിയിട്ടാണ് ആ സ്ഥാനത്തേക്ക് നടന്‍ മുകേഷ് കടന്നുവന്നത്. അതുപോലെ ഒട്ടേറെ ക്രിമിനല്‍ സംഭവങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ഗണേഷ് കുമാര്‍. മാധ്യമ ധര്‍മ്മ പരാജയവും കൂടിയാണ് ഗണേഷ് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് . വ്യക്തി എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും അപമാനകരമായ ഭൂതകാലത്തിന്റെ ഉടമയാണ് ഗണേഷ് കുമാര്‍.
           
സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും കേരളത്തില്‍ നടന്ന അതിക്രൂരമായ കുറ്റകൃത്യമാണ് നഗരമധ്യത്തില്‍ വാഹനത്തിനുള്ളില്‍ നടി പീഡിപ്പിക്കപ്പെട്ടത്. ഈ സാഹചര്യത്തില്‍ സാമൂഹ്യ വീക്ഷണം പുലര്‍ത്തുന്ന വ്യക്തി എന്ന നിലയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും മലയാള സിനിമയിലെ ക്രിമിനല്‍വത്ക്കരണത്തെ കുറിച്ചും ശ്രീനിവാസന് പറയാനുള്ളത് കേള്‍ക്കാന്‍ കേരളത്തിന് ആഗ്രഹമുണ്ട്. അതുപോലെ താന്‍ കുടി അംഗമായ 'അമ്മ'യുടെ നിലപാടിനെക്കുറിച്ചും ശ്രീനിവാസന്റെ അഭിപ്രായത്തിന് പ്രസക്തിയുണ്ട്.
          
 രണ്ടര ദശാബ്ദമായി മലയാള സിനിമയുടെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്ന രണ്ടു വ്യക്തികളാണ് മമ്മൂട്ടിയും മോഹന്‍ലാലും . അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതമല്ലാതെ ഒരു ലൈറ്റ് ബോയിക്കു പോലും സിനിമയില്‍ അവസരമുണ്ടാകില്ല. ശക്തനായിരുന്നിട്ടുപോലും തിലകന്‍ മലയാള സിനിമയില്‍ നിന്നു പുറത്തായത് സമീപകാല ചരിത്രമാണ്. ഇവര്‍ രണ്ടു പേരും കഴിഞ്ഞാലുള്ള മലയാള സിനിമയിലെ നിര്‍ണ്ണായക ശക്തിയാണ് ദിലീപും.
       
 അമ്മയുടെ പത്ര സമ്മേളനവും അതിന്റെ സ്വഭാവവും നിര്‍ണ്ണയിച്ചത് വേദിയില്‍ ഒട്ടും മിണ്ടാതിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും സത്യവിരുദ്ധമായ കാര്യം് മാത്രം സംസാരിച്ച ദിലീപുമാണ്. മിണ്ടാതിരുന്നവര്‍ മറ്റുള്ളവരെക്കൊണ്ട് ആക്രോശിപ്പിച്ചു. ഒന്നുമില്ലെങ്കില്‍ നൂറുകണക്കിന് സിനിമകളില്‍ നായകന്മാരായി അഭിനയിച്ചവരല്ലെ ഇവര്‍. അതിന്റെ ചെറു സ്വാധീനത്തിലെങ്കിലും പത്രസമ്മേളന നടത്തിപ്പ് ആശാസ്യമല്ലാത്ത വിധം നീങ്ങുന്നതു കണ്ടപ്പോള്‍ ആക്രോശിക്കുന്നവരെ മെല്ലെയൊന്ന് തട്ടി ഓര്‍മ്മിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു. തങ്ങളുടെ തിരക്കഥയില്‍ രംഗം കൊഴുക്കുമ്പോഴുള്ള വില്ലന്‍ ഭാവമായിരുന്നു സൂപ്പര്‍സ്റ്റാര്‍മാരുടേത്.
          
സൂപ്പര്‍ സ്റ്റാറുകളുടെ തിരക്കഥയില്‍ യഥാര്‍ഥ ജീവിതത്തില്‍ ആടിയില്ലെങ്കില്‍ എം.എല്‍.എ അല്ല, എം.പി. ആയാലും പിന്നെ മലയാള സിനിമയിലുണ്ടാവില്ല. അതുകൊണ്ടാണ് നിര്‍ലജ്ജം അമ്മയ്ക്ക് രണ്ടു മക്കളും ഒരുപോലെയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞത്. ദിലീപ് നിരപരാധിയായിരിക്കാം. അദ്ദേഹം കുറ്റം ചെയ്തുവെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല.ദിലീപ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു എന്നു മാത്രം. ദിലീപനുഭവിക്കുന്ന പീഡനത്തേയും നടി അനുഭവിച്ചതും അനുഭവിക്കുന്നതുമായ പീഡനത്തേയും ഒരേ തട്ടില്‍ കാണുന്ന ഗണേഷ് കുമാറിന്റെയും 'അമ്മ' യുടെയും മനോനില അപകടകരമാണ്.

ദിലീപ് നിരപരാധിയാണെങ്കില്‍ അദ്ദേഹം എന്തിനു പേടിക്കണം. എന്തിനു സംരക്ഷണം വേണം? പക്ഷേ സഹപ്രവര്‍ത്തകരുടെ പെട്ടന്നുള്ള ഫേസ്ബുക്ക്  പിന്തുണയും ആക്രമിക്കപ്പെട്ട നടിയെ അവര്‍ എതിര്‍ പക്ഷത്തു കാണുന്നതും അമ്മയുടെ യുദ്ധോത്സുകതയും കാണുമ്പോള്‍ ദിലീപിനെതിരെയുള്ള സംശയത്തിനാണ് ആക്കം കൂടുന്നത്. ഈ പശ്ചാത്തലത്തില്‍ ശ്രീനിവാസന്റെ അഭിപ്രായത്തിന് സാമൂഹികമായ പ്രസക്തിയുണ്ട്.

 

Tags: