ബി നിലവറ തുറക്കപ്പെടേണ്ടതാണ്; തുറക്കുക തന്നെ വേണം

Glint staff
Sat, 08-07-2017 06:41:58 PM ;

Sree Padmanabhaswami temple

മതേതരത്വത്തെ ബാഹ്യമായി സ്വീകരിക്കുകയും വര്‍ഗ്ഗീയ പ്രീണനത്തെയും വര്‍ഗ്ഗീയ സമവാക്യങ്ങളെയും വോട്ടിനു വേണ്ടി പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുക എന്നതാണ് വര്‍ത്തമാനകാല രാഷ്ട്രീ പ്രസ്ഥാനങ്ങളുടെ മുഖമുദ്ര. ഇന്ത്യയില്‍ മതേതരത്വം നേരിടുന്ന വലിയ ഭീഷണി ഇതാണ്. കാരണം മതേതരത്വത്തിന്റെ കാവലാള്‍ക്കാരായി വരുന്നവര്‍ അതിനെ തകര്‍ക്കുന്നത്. നേരിട്ട് വര്‍ഗ്ഗീയത പ്രയോഗിക്കുന്നവരെ തിരിച്ചറിയാനും പ്രത്യക്ഷത്തില്‍ പ്രതിരോധിക്കാനും അവസരമുണ്ടാകും. മതേതരപ്രസ്ഥാനങ്ങളുടെ ഈ ദ്വന്തവൈരുദ്ധ്യസമീപനമാണ് നീതിയുക്തമായി തീരൂമാനമെടുക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയാതെ പോകുന്നത്. ഇപ്പോള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച നേതാക്കളും അവരുടെ രാഷ്ട്രീയ പാര്‍ട്ടികളും അഴിമതിയെ മറച്ചു വയ്ക്കാനും മതേതരത്വത്തെ ഉപയോഗിക്കുന്നു. ആര്‍ ജെ ഡി നേതാവ് ലല്ലുപ്രസാദ് യാദവിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കാര്യം അതിന് ഏറ്റവും നല്ല ഉദാഹരണമാണ്.
       

കേരളത്തിലും സ്ഥിതി ഏതാണ്ട് അതേ രൂപത്തിലേക്കു മാറിക്കൊണ്ടിരിക്കുന്നതിന്റെ ശക്തമായ സൂചനകളാണ് വര്‍ത്തമാനകാലം കാണിച്ചു തരുന്നത്. ഈ പശ്ചാത്തലത്തിലാണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ  ബി നിലവറ തുറക്കാനുള്ള സുപ്രീം കോടതി തീരുമാനം വന്നിരിക്കുന്നത്. അമിക്കസ് ക്യൂറി രാജകുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി തുറക്കാനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്  നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ എന്തു വന്നാലും ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് തിരുവിതാംകൂര്‍ രാജകുടുംബം എടുത്തിരിക്കുന്നത്.
      

നിലവറ തുറന്നാല്‍ എന്തൊക്കെയോ അപകടം ഉണ്ടാകുമെന്നാണ് രാജകുടുംബം മുന്നറിയിപ്പ് നല്‍കുന്നത്. നിലവറകളിലുണ്ടായിരുന്ന വിലകൂടിയ സ്വര്‍ണ്ണവും വെള്ളിയും രത്‌നങ്ങളുമൊക്കെ കാണാതായിട്ടുണ്ടെന്നും രാജകുടുംബാംഗങ്ങളുടെ നേര്‍ക്ക് ആരോപണത്തിന്റെ നിഴല്‍ വീഴുകയും ചെയ്യുന്നു. ആ സാഹചര്യത്തില്‍ ബി നിലവറ തുറന്ന്  അതിനലെ സൂക്ഷിപ്പുകള്‍ തിട്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകത മറ്റാരേക്കാളും കൂടുതല്‍ രാജകുടുംബാംഗങ്ങള്‍ക്കാണുണ്ടാകേണ്ടത്. ആ സാഹചര്യത്തില്‍ ബി നിലവറ തുറക്കരുതെന്നുള്ള കര്‍ശന നിലപാട് രാജകുടുംബത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമ്പോള്‍ അവരുടെ മേലുളള നിഴലിന്റെ കട്ടി കൂടാനേ അതു സഹായിക്കുന്നുള്ളു.
       

മാര്‍ത്താണ്ഡവര്‍മ്മ രാജ്യമുള്‍പ്പടെ പത്മനാഭന് സമര്‍പ്പിച്ചിട്ട് പതമനാഭന്റെ ദാസനായിട്ടാണ് രാജ്യം ഭരിച്ചത്. പിന്നീടുള്ള കീഴ് വഴക്കവും അതു തന്നെ. അതിനാല്‍ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ നിലവറകളിലുള്ളത് സംസ്ഥാനത്തിന്റെ സമ്പത്തു തന്നെ.അതില്‍ സംശയം വേണ്ട. രാജഭരണം മാറി ജനായത്ത ഭരണം വന്നിട്ടും തിരുവിതാംകൂര്‍ രാജകുടുംബത്തിന് ജനായത്ത സംവിധാനം അര്‍ഹിക്കുന്നതോ അതിലുപരിയോ ബഹുമാന്യത നല്‍കിപ്പോന്നിരുന്നു. ഇപ്പോഴും അങ്ങനെ തുടരുന്നുണ്ട്. എന്തെല്ലാം അസുഖകരമായ വാര്‍ത്തകളും സമീപനങ്ങളും പത്മനാഭ സ്വാമി ക്ഷേത്രം സംബന്ധമായി ഉണ്ടായിരിന്നിട്ടു കൂടി.
    

ഈ സാഹചര്യത്തില്‍ ഔചിത്യത്തിന്റെയും സമവായത്തിന്റെയും സമീപനമാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ബി നിലവറ തുറന്നു തിട്ടപ്പെടുത്തുകയാണെങ്കില്‍ അതു രാജകുടുംബത്തിന്റെ യശസ്സ് വര്‍ധിക്കാനേ കാരണമാവുകയുളളു. രാജകുടുംബം വിസമ്മതിച്ചാലും ബി നിലവറ തുറക്കപ്പെടുമെനനുള്ളത് മനസ്സിലാക്കാനുള്ള വിവേകശാലികള്‍ രാജകുടുംബത്തില്‍ ഉണ്ടാകേണ്ടതാണ്.
      

നിലവറകള്‍ നിര്‍മ്മിക്കുന്നത് ഭാവിയിലേക്കു വേണ്ടിയാണ്. അതു തുറക്കപ്പെടാനുള്ളതും. സംശയം വേണ്ട അതിനു വാതിലുകളുണ്ടായിരിക്കും. അതു തന്നെ സൂചിപ്പിക്കുന്നത് തുറക്കപ്പെടാനുളളത് എന്നാണ്. അത് തുറക്കപ്പെടുക തന്നെ വേണം. അനന്തപത്മനാഭന്റെ വിഗ്രഹത്തിന്റെ താല്‍പ്പര്യത്തെ പഠിച്ചാല്‍ അന്ധവിശ്വാസങ്ങള്‍ ഒഴിവാകും. പക്ഷേ അന്ധവിശ്വാസങ്ങള്‍ ക്ഷേത്ര സംസ്‌കാരവുമായി ബന്ധപ്പെട്ട് ഉടലെടുത്തത് പുരോഹിത വര്‍ഗ്ഗത്തിന്റ ചൂഷണമാരംഭിച്ചതോടെയാണ്. ഇവിടെയും മഹാവിപത്ത് സംഭവിക്കുമെന്ന് പറയുന്നത് സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ വേണ്ടി മാത്രം. രാഷ്ട്രീയ പാര്‍ട്ടികള്‍ മതേതരത്വം പറഞ്ഞ് വര്‍ഗ്ഗീയത പ്രവര്‍ത്തിക്കുന്നതുപോലെ ചില ആചാരവും വിശ്വാസങ്ങളും അതിന്റെ പേരില്‍ ദോഷവും ഉയര്‍ത്തിക്കാട്ടി സ്ഥാപിത താല്‍പ്പര്യം സംരക്ഷിക്കാനാണ് രാജകുടുംബം ശ്രമിക്കുന്നതെന്ന് കരുതപ്പെട്ടാല്‍ കുറ്റം പറയാനാകില്ല. ബി നിലവറ തുറക്കട്ടെ. നിധി തിട്ടപ്പെടുത്തല്‍ ക്ൃത്യമായി നടക്കും എന്നതൊഴിച്ചാല്‍ ഒരു അഹിതവും ഉണ്ടാകാന്‍ പോകുന്നില്ല.

 

Tags: