ജയറാം രമേഷ് കോണ്‍ഗ്രസ്സിന്റെ ആസന്ന മരണം പ്രവചിച്ചിരിക്കുന്നു

Glint staff
Tue, 08-08-2017 08:00:44 PM ;

jairam ramesh

കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജയറാം രമേഷ് കൊണ്‍ഗ്രസ്സിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഉന്നയിച്ചിരിക്കുന്നത് കാതലായ വിഷയം. കോണ്‍ഗ്രസ്സ് നേരിടുന്നത് അസ്തിത്വ പ്രശ്‌നമാണെന്ന് അദ്ദേഹം പറയുന്നു. സുല്‍ത്താനേറ്റ് നഷ്ടപ്പെട്ടിട്ടും സുല്‍ത്താന്‍മാരെ പോലാണ് കോണ്‍ഗ്രസ്സ് നേതാക്കളെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നരേന്ദ്രമോദിയും ബി ജെ പി അദ്ധ്യക്ഷന്‍ അമിത്ഷായും നടത്തുന്നത് കണ്ടു പരിചയിച്ച രാഷ്ട്രീയ പ്രവര്‍ത്തനമല്ല അതനുസരിച്ച് മാറിയില്ലെങ്കില്‍ അവരുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനാകില്ല. ഇന്ത്യ പഴയ ഇന്ത്യ അല്ല. ഇന്ത്യ മാറിയിരിക്കുന്നു. പഴയ മുദ്രാവാക്യങ്ങളോ സമവാക്യങ്ങളോ ഫലിക്കില്ല. അതനുസരിച്ച് കോണ്‍ഗ്രസ്സ് മാറണമെന്നും ജയറാം രമേഷ് പറഞ്ഞിരിക്കുന്നു.
      

അതിസൂക്ഷ്മതയോടെ കാര്യങ്ങള്‍ പഠിക്കാന്‍ ശേഷിയുള്ള രാഷ്ട്രീയക്കാരനായി മാറിയ പഴയ ഐ.ഐ.ടിക്കാരന്റെ വിശകലനശേഷി ജയറാം രമേഷിന്റെ അഭിപ്രായത്തിലുണ്ട്. ഇന്ത്യ മാറി. അതനുസരിച്ചുള്ള പ്രവര്‍ത്തനം വേണം. മോദിയും ഷായും അതനുസരിച്ചാണ് നീങ്ങുന്നത്. ഭരണം നഷ്ടപ്പെട്ടു എന്ന യാഥാര്‍ഥ്യം അംഗീകരിക്കണം. അസ്തിത്വം നഷ്ടമായി. ജയറാം രമേഷ് പറയുന്നത് മനസ്സിലാക്കാനുള്ള ശേഷി പോലും കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കില്ല. ഈ വര്‍ഷാവസാനം അദ്ദേഹം കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തെത്തുമെന്നുകൂടി ജയറാം രമേഷ് സൂചിപ്പിച്ചു. അതിന്നര്‍ത്ഥം കോണ്‍ഗ്രസ്സിന്റെ സുല്‍ത്താന്‍മാര്‍ക്ക് സുല്‍ത്താനേറ്റ് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത ഗതിയിലേക്കു നീങ്ങുമെന്ന്.
   

 

ഇവ്വിധം രാഷ്ട്രീയ വിശകലനം നടത്താന്‍ ശേഷിയുള്ള ഒരു പ്രവര്‍ത്തകനെ നയിക്കേണ്ട വ്യക്തിയാണ് നേതാവ്. നേതാവിന് പ്രവര്‍ത്തകന്‍ പറയുന്നത് മനസ്സിലാക്കാനുള്ള ശേഷിപോലുമില്ലെങ്കില്‍ ആ പാര്‍ട്ടിയുടെ അവസ്ഥ അസ്തിത്വനഷ്ടമെന്നത് വളരെ എളിയ വിലയിരുത്തലാണ്.  സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ബി.ജെ.പിയെ എതിര്‍ത്തുമുന്നേറുക എന്ന സമീപനം മാത്രം കൊണ്ടും കാര്യമില്ലെന്ന് ജയറാം രമേഷ് ഓര്‍മ്മിപ്പിക്കുന്നു. വളരെ പ്രസക്തമാണത്. കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കാന്‍ അവരുടേതായ രാഷ്ട്രീയ സങ്കല്‍പ്പങ്ങളും പദ്ധതികളും സ്വപ്‌നങ്ങളുമുണ്ടാകണം. എന്നാല്‍ മോദിയേയും അമിത്ഷായേയും വാക്കുകള്‍കൊണ്ട് ദുര്‍ബലമാം വിധം എതിര്‍ക്കുക , ഭാവിയെക്കുറിച്ച് ആശങ്ക പ്രചരിപ്പിക്കുക എന്നതിനപ്പുറം നിലവിലെ കോണ്‍ഗ്രസ്സിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. സോണിയാ ഗാന്ധിയുടെയൊക്കെ ശരീര ഭാഷ കണ്ടിട്ടായിരിക്കാം ജയറാം രമേഷ് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് അധികാരം നഷ്ടമായ കാര്യം ബോധ്യമാകാത്ത പോലെ പെരുമാറുന്നുവെന്ന് പറഞ്ഞത്.
      

 

ദേശീയ തലത്തില്‍ വിശാല പ്രതിപക്ഷ ഐക്യം എന്നുള്ള സങ്കല്‍പ്പം പോകട്ടെ. കോണ്‍ഗ്രസ്സ് ദിനം പ്രതി ശിഥിലമായി മെലിഞ്ഞുവരുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്. അതിന്റെ വലിയൊരു ഉദാഹരണമാണ് കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ്സ് നേരിടുന്ന ഗതികേട്. അമ്പതു വര്‍ഷം മുന്‍പുള്ള തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളെ പോലും ലജ്ജിപ്പിക്കുന്ന വിധമാണ് കര്‍ണ്ണാടകയില്‍ ഭാഷാ പ്രശ്‌നമുയര്‍ത്തി പ്രാദേശിക വികാരം ആളിക്കത്തിച്ച് തങ്ങളുടെ നിലനില്‍പ്പ് ഉറപ്പാക്കാന്‍ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ്  ശ്രമിക്കുന്നത്. അസ്തിത്വം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിന്റെ ഏറ്റവും നല്ല ഉദാഹരണമാണത്.
    

 

കോണ്‍ഗ്രസ്സ് അകപ്പെട്ടിരിക്കുന്ന വിഷമവൃത്തത്തെയും കാണാതിരുന്നുകൂടാ. ഒരു ബൂത്ത് തല നേതാവു പോലും ആകാന്‍ ശേഷിയില്ലാത്ത രാഹുല്‍ ഗാന്ധിയെ അല്ലാതെ കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്ത് കൊണ്ടുവന്നാല്‍ ആ നിമിഷം കോണ്‍ഗ്രസ്സ് ഇല്ലാതാകും.നെഹ്‌റു കുടുംബ സ്വാധീനം ഇപ്പോഴും ഉള്ളതുകൊണ്ടാണ് ഈ വിധം കോണ്‍ഗ്രസ്സ് നിലനില്‍ക്കുന്നത്. ഡോ.ശശി തരൂര്‍, ജയറാം രമേഷ്, ദിഗ് വിജയ് സിംഗ് തുടങ്ങി കഴിവുറ്റ മുതിര്‍ന്ന നേതാക്കളും ഒട്ടേറെ പ്രഗത്ഭരായ യുവ നേതാക്കളും കോണ്‍ഗ്രസ്സിനുണ്ട്. അവര്‍ക്കൊക്കെ നേതൃപാടവവും ഉള്ളവരാണ്. മാറിയ ഇന്ത്യയുടെ സ്പന്ദനം അറിയാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും നയിക്കാനും ശേഷിയുള്ളവരുമാണ്. പക്ഷേ അവര്‍ നേതൃത്വത്തിലേക്ക് വന്നാല്‍, അവര്‍ സ്വീകാര്യമാകാത്ത വിധം നെഹ്രു കുടുംബമഹിമയോടുളള വിധേയത്വം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ഉപബോധമനസ്സില്‍ ശക്തമാണ്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധി നേതൃസ്ഥാനത്തേക്ക് എത്തുമെന്ന് ജയറാം രമേഷ് പറയുന്നത്. രണ്ടായാലും കോണ്‍ഗ്രസ്സ് തകര്‍ച്ചയുടെ വഴിയിലേക്കാണെന്നതാണ് ജയറാം രമേഷ് സൂചിപ്പിക്കുന്നത്. കാരണം അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ല. നേതാവില്ലാതെ എങ്ങനെ നേതൃത്വം സംഭവിക്കും. നേതൃത്വമാണ് നേതാവിനെ സൃഷ്ടിക്കുന്നത്. അല്ലാതെ മറിച്ചല്ല

Tags: