മരങ്ങള്‍കൊണ്ടൊരു ക്യൂ ആര്‍ കോഡ്

Glint staff
Tue, 19-09-2017 06:53:52 PM ;

q r code trees

മരങ്ങള്‍കൊണ്ട് ക്യൂ ആര്‍ കോഡ് നിര്‍മ്മിച്ച് ചൈനയിലെ ഒരു ഗ്രാമം. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനാണ്  ഹീബി പ്രവിശ്യയിലെ ഷിലിന്‍ഷുയി ഗ്രാമം മരങ്ങളള്‍ കൊണ്ട് ക്യു ആര്‍ കോഡ് നിര്‍മ്മിച്ചിരിക്കുന്നത്. വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് ആകാശത്ത് നിന്ന്  ക്യൂ ആര്‍ കോഡ് സ്‌ക്യാന്‍ ചെയ്‌തെടുക്കാവുന്നതാണ്. അതു വഴി ഷിലിന്‍ഷുയി ഗ്രാമത്തിന്റെ ടൂറിസവുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകാനാകും.

 

വശത്തിന് 227 മീറ്റര്‍ നീളമുള്ള സമചതുരാകൃതിയിലാണ് ക്യു ആര്‍ കോഡിന്റെ നിര്‍മ്മാണം. ഇതിനായി 130,000 ചൈനീസ് ജൂനിപര്‍ ചെടിയാണ് ഉപയോഗിച്ചിട്ടുള്ളത്.80 സെന്റിമീറ്ററിനും 2.5 മീറ്ററിനും ഇടയിലുള്ള ഉയരത്തിലാണ് ചെടി വച്ചു പടിപ്പിച്ചിരിക്കുന്നത്. ക്യൂ ആര്‍ കോഡ് സംവിധാനം ചൈനയില്‍ സാധാരണ കാഴ്ചയാണ്. ചെറുകിട കച്ചവടക്കാര്‍ വരെ ക്യൂ ആര്‍ കോഡ് സംവിധാനം ഉപയോഗിക്കുന്നുണ്ടവിടെ. 2015 ല്‍ ഹീബിയിലെ ഏറ്റവും മനോഹരമായ ഗ്രാമമായി ഷിലുന്‍ഷുയിയെ തെരെഞ്ഞെടുത്തിരുന്നു അന്ന് ഗ്രാന്റായി ലഭിച്ച തുക ഉപയോഗിച്ചാണ് ഈ ഉദ്യമം പൂര്‍ത്തിയാക്കിയത്.

 

 

ചൈനയുടെ വന്‍ മതില്‍ സൃഷ്ടിച്ച സമീപനത്തിന്റെ ജനിതകസ്മൃതിയില്‍ നിന്നാവണം ഈ ഗ്രാമത്തില്‍ ക്യൂ ആര്‍ കോഡിന്റെ ആശയവും പിറന്നുവീണത്. മനുഷ്യന്റെ പുരോഗതിയുടെ ലക്ഷണം എന്നത് പരിധിയില്ലാതെ ചിന്തിക്കാനുള്ള കഴിവാണ്. മനുഷ്യന്റെ മുന്‍പില്‍ അസാധ്യമായതൊന്നുമില്ല. ഈ ഗ്രാമത്തിലെ ജനങ്ങളെ കാണുകയും അവരുമായി ഇടപഴകുകയും ചെയ്യുന്നത് തന്നെ ഭാവിയിലെ ഒരു വലിയ വിനോദസഞ്ചാര ആകര്‍ഷകമായി മാറുമെന്നുള്ളതില്‍ സംശയമില്ല. വിപരീതാത്മകതയെ വെടിയുമ്പോള്‍ കൈവരുന്ന സര്‍ഗ്ഗശേഷിയുടെ ഉത്തമോദാഹരണമാണ് ഈ ക്യൂ ആര്‍ കോഡ്. ആ ക്യൂ ആര്‍ കോഡ് തന്നെ ആ ഗ്രാമത്തിന്റെ വിനോദസഞ്ചാര ആകര്‍ഷണ കേന്ദ്രമായി മാറുന്നു. അതു മാത്രമല്ല ഒരു ഗ്രാമത്തിന്റെ കൂട്ടായ്മ കൂടിയെക്കൂടിയാണ് ആ ക്യൂ ആര്‍ കോഡ് ലോകത്തോട് പറയുന്നത്.

 

ഇന്ന് കോര്‍പ്പറേറ്റ് ലോകം ടീം ബില്‍ഡിംഗിനായി അനേകം കളികളും മറ്റ് രീതികളുമൊക്കെ അവലംബിക്കാറുണ്ട്. എങ്കിലും അവയ്‌ക്കൊന്നും ജൈവ സ്വഭാവമില്ലാത്തതിനാല്‍  ഉദ്ദേശിച്ച ഫലം കാണുന്നില്ല. എന്നാല്‍ ഈ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഒന്നിച്ചു ഒരേ കാര്യം ചിന്തിക്കാനും അതിനു വേണ്ടി പ്രവര്‍ത്തിക്കാനും കഴിഞ്ഞിരിക്കുന്നു. ഇതാണ് പരിഷ്‌കൃതമനുഷ്യന്റെ ലക്ഷണം. ഒരു ശരീരവും മനസ്സുമെന്നപോലെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ നേട്ടം. ഷിലിന്‍ഷുയി നിശബ്ദവും സൗന്ദര്യാത്മകവുമായി ലോകത്തോട് ഉദ്‌ഘോഷിക്കുന്നു ഈ രീതിയിലെ മനുഷ്യജീവിതവും സാധ്യമാണെന്നുള്ളത്. ഗ്രാമത്തില്‍ നിന്നുവേണം നാഗരികതയുടെ ആത്മാവ് കണ്ടെത്തേണ്ടതെന്നുകൂടി ഷിലിന്‍ഷൂയി ഓര്‍മ്മിപ്പിക്കുന്നു.

 

Tags: