കേന്ദ്രസര്‍ക്കാര്‍ മാറി നില്‍ക്കുന്നത് കുറ്റകരം: ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കണം

Glint staff
Fri, 12-01-2018 06:24:56 PM ;

supreme-court

ലോകത്തെ ഏറ്റവും വലിയ ജനായത്ത സംവിധാനം അപകടത്തിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണ് നാല് സുപ്രീം കോടതി ജഡ്ജിമാര്‍ സംയുക്തമായി ഇന്ത്യയുടെ ചീഫ് ജസ്റ്റിനെതിരെ പത്രസമ്മേളനം നടത്തിയത്. ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞത് സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുന്നില്ല എന്നു പറഞ്ഞ് കാഴ്ചക്കാരായി മാറി നില്‍ക്കുന്നു. ഇന്ത്യന്‍ ജനായത്തം നിലനില്‍ക്കുന്ന സുപ്രധാന തൂണ് ആടുന്നു, എന്നുവച്ചാല്‍ ജനായത്ത സംവിധാനം തന്നെ ആടുന്നു. ആ അവസരത്തില്‍ ഇന്ത്യന്‍ ജനതയെ പ്രതിനിധീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയമാകുന്നത് ആ തൂണിന്റെയും ബലക്ഷയത്തെയാണ് സൂചിപ്പിക്കുന്നത്.
         

ധര്‍മ്മസങ്കടം, വേദന, ഗത്യന്തരമില്ലായ്മ, മനസ്സാക്ഷിയുടെ ശക്തമായ സമ്മര്‍ദ്ദം എന്നിവയാണ് പത്രസമ്മേളനം നടത്തിയ ഇന്ത്യയിലെ മുതിര്‍ന്ന നാല് ജഡ്ജിമാരുടെ മുഖത്തും ശരീരത്തിലും പ്രകടമായിരുന്നത്. ഇന്ത്യന്‍ ജനായത്ത സംവിധാനത്തിലെ നീതിന്യായതൂണ് തകര്‍ന്നിരിക്കുന്നു. ഉള്ളില്‍ നിന്നുകൊണ്ട് ചെയ്യാവുന്നതിന്റെ പരമാവധി ഞങ്ങള്‍ ചെയ്തു,  സത്യത്തോടും രാഷ്ട്രത്തോടുമുള്ള പ്രതിബദ്ധതയാലാണ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം ഈ പത്രസമ്മേളനം നടത്താന്‍  തങ്ങള്‍ നിര്‍ബന്ധിതരായത് എന്നുമാണ് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞത്. കുത്തഴിഞ്ഞുവെന്ന് വിധിക്കപ്പെട്ട ഇന്ത്യന്‍ ജുഡീഷ്യറിയെ കണ്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നടിക്കുകയാണെങ്കില്‍ ജനായത്ത സംവിധാനത്തില്‍ പിന്നെ വഴിയില്ല. തുടര്‍ന്ന് വരുന്നത് അരാജകത്വമാണ്. ഇതുവരെ പരിചിതമില്ലാത്ത സംഭവങ്ങളാണ് ഇന്ത്യന്‍ ജനായത്തത്തില്‍ അരങ്ങേറുന്നത്. അതിനാല്‍ കാഴ്ചക്കാരുടെ അവസ്ഥയിലേക്ക് കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നത് അപകടകരമാണ്.
      

ദില്ലിയില്‍ ചില വിദഗ്ധര്‍ ഇതിനെ പരമോന്നത കോടതിക്കുള്ളിലെ ഒരു ഭരണപ്രശ്‌നമായി കാണാനും ആ രീതിയില്‍ അവതരിപ്പിക്കാനും ശ്രമിക്കുന്നു. ഇത് കോടതിയിലെ ഭരണപ്രശ്‌നമോ ജഡ്ജിമാര്‍ തമ്മിലുളള പ്രശ്‌നമോ അല്ല. ഇപ്പോഴുള്ള ചീഫ്ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയില്‍ ഇന്ത്യന്‍ ജനത വിശ്വാസമര്‍പ്പിക്കരുതെന്നാണ് നാല് സീനിയര്‍ സുപ്രീംകോടതി ജഡ്ജിമാര്‍ പ്രസ്താവിച്ചിരിക്കുന്നത്. അതോടെ ഇന്ത്യന്‍ ജനതയക്ക് അവസാനത്തെ നീതിപ്രതീക്ഷയായിരുന്ന പുകള്‍പെറ്റ ഇന്ത്യന്‍ ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടമായി. അതു പുനസ്ഥാപിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്വമാണ്. എന്നുവെച്ചാല്‍ ജനപ്രതിനിധികളുടെയും അധികാരത്തിലുളള കേന്ദ്രസര്‍ക്കാരിന്റെയും.
        

ഇന്ത്യന്‍ ജനായത്ത സംവിധാത്തിലെ എല്ലാ സംവിധാനങ്ങളിലും പുഴുക്കുത്ത് വീണിട്ട് നാളേറെയായി. സാങ്കേതികതയിലാണ് ഇന്ത്യന്‍ ജനായത്തം ഏറെ നാളായി നിലനില്‍ക്കുന്നത്. ജനായത്തത്തിന്റെ ആത്മാവ് യഥാര്‍ത്ഥത്തില്‍ ധാര്‍മ്മികതയാണ്. ആ ധാര്‍മ്മികത പൂര്‍ണ്ണമായി നഷ്ടപ്പെട്ടതിന്റെ ഉദാഹരണങ്ങളാണ് ഒരുപാടു കാലമായി ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രസാദ് മെഡിക്കല്‍ കോളേജിന്റെ കേസ്സ് കേട്ടുകൊണ്ടിരുന്ന ചെലമേശ്വറിന്റെ ബഞ്ചില്‍ നിന്ന് മാറ്റി ജൂനിയര്‍ ജഡ്ജിയെ ഏല്‍പ്പിച്ചത് വഴി ചീഫ് ജസ്റ്റിസ്സിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. ആ വിഷയത്തില്‍ വലിയ കോലാഹലമുണ്ടാകാതെ പോയത് ഇന്ത്യന്‍ ജനായത്ത സംവിധാനത്തിലെ രാഷ്ട്രീയ കക്ഷികളെ എല്ലാം ഒരേ പോലെ ആ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. സുപ്രീം കോടതിയുടെ മുന്നില്‍ നിന്നല്ലാതെ ഇന്ത്യയില്‍ മറ്റൊരിടത്തു നിന്നും ആ വിഷയത്തില്‍ നീതിയുക്തമായി തീരുമാനമുണ്ടാകാനിടയില്ല. ആ സാധ്യതയും ചീഫ് ജസ്റ്റിസിന്റെ ഇടപെടലിലൂടെ അടയുകയാണുണ്ടായത്.

 

അതുപോലെ കേസ്സുകളിലെ താല്‍പ്പര്യം നോക്കി താന്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വിധി കിട്ടുന്നതിന് വേണ്ടി പ്രത്യേകം ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ഏല്‍പ്പിച്ച് നീതിന്യായ വ്യവസ്ഥയെ തകിടം മറിക്കുന്നുവെന്നാണ് നാല് ജഡ്ജിമാരുടെ പത്രസമ്മേളനത്തില്‍ നിന്നു വ്യക്തമായത്. ചീഫ് ജസ്റ്റിസും രാഷ്ട്രീയ നേതൃത്വത്തെപ്പോലെ സ്വാധീനിക്കപ്പെട്ടിരിക്കുന്നു.അതു മാത്രമല്ല, അദ്ദേഹത്തിന്റെ ചെയ്തികള്‍ക്കൊപ്പം നില്‍ക്കാന്‍ സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാര്‍ തയ്യാറാവുകയും ചെയ്യുന്നു. ഇരുപത്തിമൂന്നു ജഡ്ജിമാരില്‍ നാലു പേര്‍ മാത്രമാണ് ഇന്ത്യന്‍ ജനായത്തത്തിന്റെ മൂലക്കല്ലുകള്‍ ഇളകിവീഴുന്നതു കണ്ട് രംഗത്തുവന്നത്. അവര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാതെ നേരിട്ട് ജനങ്ങളുടെ മുന്നിലേക്കു വന്നതും ശ്രദ്ധേയമാണ്. കാരണം അവിടെയും തങ്ങള്‍, ചീഫ് ജസ്റ്റിസില്‍ നിന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ അടുത്തുനിന്നും നേരിടുന്ന അതേ സമീപനം ഉണ്ടാകുമെന്നുള്ള ഉറപ്പുകൊണ്ടാണ് അവര്‍ ജനങ്ങളുടെ മുന്നിലെത്തിയത്. ഈ സാഹചര്യത്തിലും കൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ വെറും കാഴ്ചക്കാരായുള്ള മാറിനില്‍ക്കല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നടപടി പോലെ തന്നെ ജനായത്തത്തെ അപകടത്തിലാക്കുന്നത്.
        

ഇന്ത്യന്‍ ജനതയുടെ ആവശ്യമാണ് സുപ്രീംകോടതിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത പുനസ്ഥാപിക്കുക എന്നത്. കാരണം അതു നഷ്ടമായി എന്നും ഇന്ത്യന്‍ ജനായത്തം തകര്‍ച്ചയിലേക്കു നീങ്ങുമെന്നുള്ള നാല് ജഡ്ജിമാരുടെ പത്രസമ്മേളനത്തെ സുപ്രീംകോടതി ബഞ്ചിന്റെ വിധിപോലെ മാത്രമേ ഇന്ത്യന്‍ ജനതയ്ക്ക് കാണാന്‍ കഴിയുകയുള്ളൂ.

 

Tags: