ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ കുറ്റകൃത്യം എങ്ങനെ ജുഡീഷ്യറിയുടെ ആഭ്യന്തരപ്രശ്‌നമാകും?

Glint staff
Sat, 13-01-2018 05:49:49 PM ;

supreme court

സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വന്ന് പത്രസമ്മേളനം നടത്തി പറഞ്ഞത് ചീഫ് ജസ്റ്റിസ് ഇന്ത്യന്‍ ജനായത്ത സംവിധാനത്തിന്റെ പരിപാവനതൂണായ ജുഡീഷ്യറിയെ കുത്തഴിഞ്ഞതാക്കി, കളങ്കപ്പെടുത്തി എന്നാണ്. അദ്ദേഹത്തിന് വ്യക്തിപരമായി ചില കേസ്സുകളില്‍ താല്‍പ്പര്യമുണ്ടെന്നും, അതു അദ്ദേഹത്തിന്റെ ഇഷ്ടക്കാരായ ജഡ്ജിമാരെ ഏല്‍പ്പിക്കുന്നു എന്നും. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ സുപ്രീംകോടതി ജഡ്ജി നഗ്നമായ അഴിമതി നടത്തിയിരിക്കുന്നു. അത് വീണ്ടും തെളിച്ചാല്‍ കിട്ടുന്നത് സ്വകാര്യ ലാഭത്തിനായി  കേസ്സുകളെ വിനിയോഗിക്കുന്നു. സ്വകാര്യലാഭം എന്തുതന്നെയായാലും അതു ദ്രവ്യസ്വഭാവത്തിലുള്ളതാണ്. അതിനുള്ള പേര് കോഴ. അതു പണ രൂപത്തിലായാലും , മൂല്യരൂപത്തിലായാലും, പദവിരൂപത്തിലായാലും.
        

 

അറ്റോര്‍ണി ജനറലും ഒരുപക്ഷേ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനുമായ കെ കെ വേണുഗോപാല്‍ പറഞ്ഞിരിക്കുന്നു ,ഇത് വെറും ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്‌നമാണ്. ജഡ്ജിമാര്‍ വിവേകികളാണ്. നയതന്ത്രജ്ഞത ഉണ്ടാകേണ്ടവരാണ്. പത്രസമ്മേളനം നടത്തിയതില്‍ നയതന്ത്രജ്ഞത ഇല്ലാതായിപ്പോയെന്നും, തിങ്കളാഴ്ച വെളുക്കും മുന്‍പ് പ്രശ്‌നങ്ങള്‍ ഒത്തു തീരുമെന്നും. ഒത്തു തീരേണ്ട പ്രശ്‌നമല്ല ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. കുറ്റകൃത്യത്തിലേര്‍പ്പെട്ട ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനാല്‍ നയിക്കപ്പെടുന്ന പരമോന്നത നീതി പീഠത്തില്‍ നിന്ന് നീതി ലഭിക്കുമെന്ന് ജനങ്ങള്‍ക്ക് എങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയും.  അഞ്ഞൂറും ആയിരവും കൈക്കൂലി വാങ്ങി അറസ്റ്റിലാകുന്ന വില്ലേജ് ഓഫീസര്‍മാരുടെയും  മറ്റ്  സര്‍ക്കാരുദ്യോഗസ്ഥരുടെയും ചിത്രങ്ങള്‍ വല്ലപ്പോഴുമെങ്കിലും മാധ്യമങ്ങളില്‍ വരുന്നുണ്ട്. അതിനെ അര്‍ത്ഥശൂന്യമാക്കുന്നതല്ലേ ജുഡീഷ്യറിയുടെ പ്രശ്‌നമായി മാത്രം സുപ്രീംകോടതി നേരിടുന്ന പ്രതിസന്ധിയെ കാണുന്നത്. ആ രീതിയിലേക്ക് വിഷയത്തെ കാണുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പക്ഷം, ആ ശ്രമങ്ങള്‍ സുപ്രീംകോടതി ജഡ്ജിയുടെ മേല്‍ സഹജഡ്ജിമാര്‍ ആരോപിച്ചിരിക്കുന്ന കുറ്റകൃത്യത്തേക്കാള്‍ ഗുരുതരവും അര്‍ബുദത്വമുള്ളതുമാകും.
       

 

ദില്ലി കേന്ദ്രീകൃതമായി, അഭിപ്രായരൂപീകരണത്തെ സ്വാധീനിക്കുന്ന വിധം പ്രവര്‍ത്തിക്കുന്ന ആംഗലേയ ചാനലുകളും ഈ വിഷയത്തെ ജുഡീഷ്യറിക്കകത്തെ ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്‌നമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും അപലപനീയമാണ്. ഇക്കാര്യത്തില്‍ മാധ്യമങ്ങളെ സാധാരണ പൗരന്‍ സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. കാരണം ഈ മാധ്യമങ്ങളുടെയൊക്ക പല വിധ കേസ്സുകള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്നുണ്ട്. ഏതു വിഷയത്തിലും വളരെ ധീരമായ നിലപാടെടുക്കുന്ന ചാനല്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു ഇംഗ്ലീഷ് ചാനലാണ്, അറ്റോര്‍ണി ജനറലിന്റെ അഭിപ്രായത്തിന് വന്‍ പ്രചാരം നല്‍കി, ആ വിഷയത്തെ ജനായത്തം നേരിടുന്ന തകര്‍ച്ചാഭീഷണിയെന്ന തലത്തില്‍ നിന്ന് മാറ്റി ജുഡീഷ്യറിയുടെ ആഭ്യന്തരപ്രശ്‌നമാക്കി ചിത്രീകരിക്കുന്നതിന്, പ്രത്യക്ഷത്തില്‍ നിഷ്‌കളങ്കമെന്നും നിഷ്പക്ഷമെന്നും തോന്നുന്ന വിധം ശ്രമം നടത്തിവരുന്നത്.
      

 

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് സര്‍വ്വീസിലുള്ള ഒരു ഹൈക്കോടതി ജഡ്ജി ശിക്ഷിക്കപ്പെട്ടത്, കോടതിയലക്ഷ്യക്കേസ്സില്‍ ജസ്റ്റിസ് കര്‍ണ്ണന്‍. ആറ് മാസത്തെ ശിക്ഷ കഴിഞ്ഞ് കര്‍ണ്ണന്‍ പുറത്തിറങ്ങി ഒരാഴ്ച കഴിയുംമുന്‍പാണ് അദ്ദേഹത്തെ ശിക്ഷിച്ച ബെഞ്ചിലുണ്ടായിരുന്ന ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനു മേല്‍, അദ്ദേഹം ശിക്ഷ അനുഭവിച്ച കുറ്റകൃത്യത്തേക്കാള്‍ ഗുരുതരമായ കുറ്റാരോപണം നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഒന്നിച്ചുന്നയിച്ചിരിക്കുന്നത്. ഈ വിഷയം ആഭ്യന്തരവിഷയമായി ഒത്തു തീരുന്ന പക്ഷം കര്‍ണ്ണന്‍ ശിക്ഷയനുഭവിച്ചതിന്റെ ന്യായവും പൊന്തിവരുന്നു. അദ്ദേഹം വൈകാരികമായി ഉയര്‍ത്തിക്കാട്ടിയ വിഷയത്തേക്കാള്‍ ഗുരുതരമായതല്ലേ നാല് ജഡ്ജിമാര്‍ ചേര്‍ന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
      

 

ജുഡീഷ്യറിക്കുള്ളിലെ ആഭ്യന്തരപ്രശ്‌നമെന്ന നിലയില്‍ ഈ വിഷയത്തെ ഒത്തുതീരാന്‍ അനുവദിക്കുന്ന പക്ഷം കൊടിയ കുറ്റകരമായ നിലപാടാണ് നാല് ജഡ്ജിമാര്‍ കൈക്കൊണ്ടതെന്ന് കാണേണ്ടിവരും. തങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിനുവേണ്ടി രാജ്യത്തെ പരമോന്നത കോടതിയുടെ വിശ്വാസ്യത ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിച്ചു എന്നുള്ള കുറ്റം. സുപ്രീംകോടതി ബെഞ്ചുപോലെ നാല് ജഡ്ജിമാര്‍ വിധി പ്രസ്താവന നടത്തിയതുപോലെ പറഞ്ഞതിനാലാണ് അന്വേഷണം പോലും നടത്താതെ അവര്‍ പറഞ്ഞതിനെ ഇന്ത്യന്‍ ജനത അംഗീകരിക്കുന്നത്. കാരണം അവര്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നതോ അന്വേഷണം നടത്തുന്നതോ സുപ്രീംകോടതിയുടെ വിശ്വാസ്യതയെ ഇല്ലായ്മ ചെയ്യലും ജനായത്ത സംവിധാനത്തെ അപഹസിക്കലുമാകും. എന്തെന്നാല്‍ ആ നാലു പേര്‍ ഒന്നിച്ചിരുന്നു പറഞ്ഞ കാര്യങ്ങളേക്കള്‍ വിശ്വാസ്യത അര്‍പ്പിക്കാന്‍ കഴിയുന്ന ഒരു സംവിധാനവും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ജനായത്തത്തില്‍ ഇല്ല.

 

Tags: