രാഷ്ട്രീയത്തിലിറങ്ങും മുമ്പേ കമല്‍ അപ്രസക്തനാകുന്നു

Glint staff
Sat, 20-01-2018 06:02:20 PM ;

kamal hassan

ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടായി തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളുടെ അധികാര കൈയാളല്‍ തുടങ്ങിയിട്ട്. വിഗ്രഹാരാധാനയെ തള്ളിപ്പറഞ്ഞ് ആരംഭിച്ച ആ മുന്നേറ്റം വലിയ ചലനങ്ങള്‍ തമിഴ്‌നാട്ടില്‍ സൃഷ്ടിച്ചു. ദേശീയതലത്തില്‍ പ്രബലമായിരുന്നിട്ട് പോലും കോണ്‍ഗ്രസിന്റെ  വേരുകള്‍ തമിഴ്‌നാട്ടില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ടു. വിഗ്രങ്ങള്‍ക്കതിരെ പോരാടിയ അവര്‍ പിന്നീട് ആരാധനയുടെ പാതയിലേക്ക് വന്നു, താരാരാധനയുടെ പാതയിലേക്ക്. അപ്പോഴും ദ്രാവിഡ മുന്നേറ്റ രാഷ്ട്രീയത്തിന് മാറ്റമുണ്ടായിരുന്നില്ല. എം.ജി.ആറില്‍ തുടങ്ങിയ താര രാഷ്ട്രീയം ജയലളിതയിലെത്തി അര്‍ധ വിരാമത്തില്‍ നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് രജനീകാന്തും കമലഹാസനും രംഗത്തെത്തിയിരിക്കുന്നത്.

 

തമിഴ്‌നാട് രാഷ്ട്രീയം ഒരു പ്രത്യേക പ്രതിഭാസമാണ്. സമാനതകളില്ലാത്ത, അഴിമതികളുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ആകെത്തുകയെന്ന് അതിനെ വിശേഷിപ്പിക്കാം. അവിടെ അഴിമതിക്ക് ജനങ്ങളുടെ അംഗീകാരം ഉണ്ട് എന്നുള്ളതാണ് ശ്രദ്ധേയം. ജയലളിതയുടെ ഭരണകാലത്തും, അത്ര ശക്തിയിലല്ലെങ്കില്‍ പോലും ഇപ്പോഴും മന്നാര്‍കുടി കുടുംബത്തിന്റെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും നടക്കുന്നു. ജയലളിതയുടെ സമയത്ത് സമാന്തര സര്‍ക്കാര്‍ എന്ന നിലയിലാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്, തോഴി ശശികലയുടെ നേതൃത്വത്തില്‍. ഇക്കാര്യം തമിഴ് ജനതക്ക് കൃത്യമായി അറിയാവുന്നകാര്യമാണ്. എന്നിട്ടും അവര്‍ പ്രതികരിച്ചില്ല, മറിച്ച് പിന്തുണച്ചു.

 

തമിഴ്‌നാട്ടില്‍ അമ്മയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രിതിസന്ധികള്‍ക്ക് ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. ഭരണപക്ഷവും പ്രതിപക്ഷവും ദ്രാവിഡ പാര്‍ട്ടികള്‍ തന്നെ. ശശികലയുടെയും, ടി.ടി.വി ദിനകരന്റെയും നീക്കങ്ങള്‍ ഇ.പി.എസ്ഒ.പി.എസ് നേതൃത്വത്തിലുള്ള  എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിനെ നന്നേ പ്രതിരോധത്തിലാക്കുന്നുമുണ്ട്.

 

ഈ അവസരത്തിലാണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും ഉലകനായകന്‍ കമലഹാസനും രംഗത്തെത്തിയിരിക്കുന്നത്. ആദ്യ പാര്‍ട്ടി പ്രഖ്യാപനം രജനിയുടെ വകയായിരിന്നു. ആത്മീയതക്ക് ഊന്നല്‍ നല്‍കുന്ന പാര്‍ട്ടായായിരിക്കും തന്റേതെന്ന് അദ്ദേഹം പറയുകയുണ്ടായി. അവസാനം പ്രഖ്യാപനം നടത്തിയ കമലഹാസന്‍ പറഞ്ഞത്, ദ്രാവിഡരെ കേന്ദ്രീകരിച്ചായിരിക്കും തന്റെ പ്രവര്‍ത്തനം എന്നാണ്. എന്നാല്‍ കമലഹാസന്റെ പറച്ചിലില്‍ ചില അപകടങ്ങള്‍ ഉണ്ട്. ദ്രാവിഡര്‍ ഒന്നിച്ചുള്ള പോരാട്ടമാണ് ആഗ്രഹിക്കുന്നത്, കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഒന്നിച്ച് നില്‍ക്കണം, ഡല്‍ഹിയില്‍ പോയി പോരാടണം, അവകാശങ്ങളും പരിഗണനകളും നേടിയെടുക്കണം എന്നീ ആശയങ്ങളൊക്കെയാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ തെക്കേ ഇന്ത്യക്കാരനും വടക്കേ ഇന്ത്യക്കാരനും തമ്മിലുള്ള വേര്‍തിരിവാണ് കമല്‍ അഗ്രഹിക്കുന്നത്.

 

പൊതുവില്‍ ഇന്ത്യന്‍ രാഷ്ട്രീയം ജാതി അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അത് ഉപജാതിയിലേക്ക് കൂടി ചുരുങ്ങുകയാണ്. വ്യത്യസ്തതയില്‍ അഭിമാനം കൊള്ളുന്ന ജനത എന്ന നിലക്കാണ് ലോകം നമ്മെ കാണുന്നത്. ആ വ്യത്യസ്ഥതയെ വെറുപ്പാക്കി, പിന്നീട് വോട്ടാക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. അതിന് തന്നെയാണ് കമലഹാസന്‍ പരോക്ഷമായി ആഹ്വാനം നല്‍കുന്നതും.

 

ദ്രാവിഡതയെ അടിസ്ഥാനമാക്കിയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിക്കണമെന്ന് കമലഹാസന്‍ പറയുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളുടെ ദ്രാവിഡ വികാരങ്ങള്‍ തമ്മില്‍ വലിയ അന്തരമാണുള്ളത്. അതിനെ എങ്ങനെ ഏകീരിക്കാമെന്നാണ് കമലഹാസന്‍ കരുതുന്നത് എന്നറിയില്ല. അത്തരത്തിലൊരു ഏകീകരണം സാധ്യമായാല്‍ തന്നെ ഒരു ഏറ്റുമുട്ടല്‍ ഉറപ്പാണ്, ഉത്തരേന്ത്യയിലെ ആര്യ സംസ്‌കാരവും ദക്ഷിണേന്ത്യയിലെ ദ്രാവിഡ സംസ്‌കാരവും തമ്മില്‍. ഇപ്പോള്‍ ഏതൊരു ഇന്ത്യക്കാരനും, ദക്ഷിണേന്ത്യയെന്നോ ഉത്തരേന്ത്യയെന്നോ വ്യത്യാസമില്ലാതെ സഞ്ചരിക്കാനുള്ള, സംവദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. കമലഹാസന്‍ പറയുന്നത് പോലെ വടക്കെന്നും തെക്കെന്നും ഇന്ത്യയെ രണ്ടാക്കി ചിത്രീകരിച്ചാല്‍ അത് അവകാശസംരക്ഷണത്തിലോ, നമ്മുടെ മുന്നേറ്റത്തിലോ ആയിരിക്കില്ല കലാശിക്കുക. കലാപത്തിലായിരിക്കും. തമിഴ് രാഷ്ട്രീയം വഴിമുട്ടി നില്‍ക്കുകയാണ്, അതിന് പുതിയ ദിശനല്‍കണം. പക്ഷേ വിദ്വേഷത്തെ കൂട്ടുപിടച്ചുകൊണ്ടാവരുത്.

 

Tags: