ജേക്കബ് തോമസ് അഴിമതിയെ സാര്‍വത്രികമാക്കി

Glint staff
Sat, 10-02-2018 01:41:18 PM ;

jacob-thomas-pvijayan

ഡി.ജി.പി ജേക്കബ് തോമസ് കഴിഞ്ഞ രണ്ട് കൊല്ലം കൊണ്ട് കേരളത്തില്‍ അഴിമതി നടത്തുന്നതിനുള്ള സാര്‍വത്രികത സൃഷ്ടിച്ചെടുത്തു. അഴിമതി സംബന്ധിച്ചുണ്ടായിരുന്ന അധമ പരിവേഷണത്തിന്റെ കുപ്പായത്തിലെ  അവസാന തുന്നല്‍ പൊട്ടിക്കല്‍ ദൗത്യമാണ് ജേക്കബ് തോമസ് നിര്‍വഹിച്ചത്. അതിലൂടെ അഴിമതി സാര്‍വത്രികമായി, സാധാരണമായി. അഴിമതി എന്ന് കേട്ടാല്‍ ആര്‍ക്കും ഒന്നും തോന്നാത്ത അവസ്ഥ, എല്ലാവരും നഗ്‌നരാകുമ്പോള്‍ നാണം തോന്നാത്തത് പോലെ. ജേക്കബ് തോമസ് എന്ന വ്യക്തിയുടെയും അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെയും ഏറ്റവും വലിയ സംഭാവന ഇതാണ്.

 

ഇപ്പോഴത്തെ  ചീഫ് സെക്രട്ടറി പോള്‍ ആന്റണി മുന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം തുടങ്ങി സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എല്ലാം അദ്ദേഹം വിജിലന്‍സ് കേസ്  എടുക്കുകയുണ്ടായി. കെ.എം എബ്രഹാമിന്റെ വീട്ടില്‍ പോലീസ് റെയ്ഡും നടത്തി. അവരാകട്ടെ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ അഴിമതി നടത്തിയതായി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ടും നല്‍കുകയുണ്ടായി. ഇതില്‍ ആരാണ് അഴിമതി നടത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ എടുത്ത നിലപാടും റെയ്ഡും അനുസരിച്ചാണെങ്കില്‍ കെ.എം എബ്രഹാമും, പോള്‍ ആന്റണിയും ഒക്കെ കുറ്റകൃത്യം ചെയ്തവരാണ്. അവര്‍ പറയുന്നത് ശരിയാണെങ്കില്‍ ജേക്കബ് തോമസും അഴിമതി നടത്തിയിരിക്കുന്നു. രണ്ട് കൂട്ടരും സര്‍വീസില്‍ തുടരുന്നു. ജേക്കബ് തോമസ് ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ ആണെങ്കിലും.

 

ഇതില്‍ നിന്ന് സാധാരണ ജനങ്ങള്‍ എന്ത് മനസ്സിലാക്കണം, ബുദ്ധിമുട്ടുള്ള കാര്യമാകുന്നു. ചീഫ് സെക്രട്ടറിമാരാകുന്നവര്‍ അഴിമതിക്കാരാണോ അല്ലയോ ? ഡി.ജി.പി തസ്തികയില്‍ ഇരിക്കുന്നവര്‍ അഴിമതിക്കാരാണോ അല്ലയോ? ജേക്കബ് തോമസിന്റെ പേരിലാണെങ്കിലും സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരില്‍ ആണെങ്കിലും അഴിമതി വിരുദ്ധ നടപടികള്‍ ഉണ്ടായിട്ടും, അവര്‍ക്ക് ഒന്നും നേരിടേണ്ടി വരുന്നില്ല ഒന്നും  സംഭവിക്കുന്നില്ല. ഇത് വ്യക്തമാക്കുന്നത് ജേക്കബ് തോമസിന്റെ നടപടിയും അദ്ദേഹത്തിനെതിരെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടും മുമ്പില്‍ ഉണ്ടായിട്ട് സര്‍ക്കാര്‍ അത് അവഗണിക്കുന്നു എന്നാണ്. അഴിമതി എന്ന സംഞ്ജയോടുള്ള ഉളുപ്പില്ലായ്മ പൂര്‍ണമായി കേരളത്തില്‍ ഇല്ലാതായി എന്ന് അത് വ്യക്തമാക്കുന്നു.

 

അതിനുത്തരവാദി ജേക്കബ് തോമസാണ്. അഴിമതി ആരോപണം നേരിടുന്നത് പുത്തന്‍ അന്തസുപോലെ രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു സാംസ്‌കാരിക അന്തരീക്ഷം അദ്ദേഹം സൃഷ്ടിക്കുകയും ചെയ്തു. ജേക്കബ് തോമസിന്റെ സ്വഭാവത്തിലെ വ്യക്തിപരമായ പ്രത്യേകതയാണ് ഇത്തരമൊരു സാഹചര്യത്തെ സൃഷ്ടിച്ചത്‌. 'Self righteousness' എന്ന് ആംഗലേയത്തില്‍ അറിയപ്പെടുന്ന 'ഞാന്‍ മാത്രം ശരി' തോന്നലിന് അടിപ്പെട്ട വൈകാരികതയാണ് ജേക്കബ് തോമസിനെ വാക്കിലും പ്രവൃത്തിയിലും നയിക്കുന്നത്. അത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ വികലമാക്കുന്നു. മറ്റുള്ളവരില്‍ നിന്നെല്ലാം വിഭിന്നമാണ് താന്‍ എന്ന തോന്നല്‍ അദ്ദേഹത്തെ നയിക്കുന്നു. അത് രണ്ടാമതൊരു വ്യക്തിയോടൊത്ത്  പ്രവര്‍ത്തിക്കുന്നതിന് വിഘാതമാകുന്നു. കാരണം അദ്ദേഹം വിചാരിക്കുന്നു താന്‍ മാത്രമാണ് ശരിയെന്ന് . അതുകൊണ്ടാണ് ഡി.ജി.പി പദവില്‍ ഇരിക്കാന്‍ ഉള്ള അദ്ദേഹത്തിന്റെ യോഗ്യതയെ ഹൈക്കോടതി ചോദ്യം ചെയ്തതും, അദ്ദേഹത്തെ അച്ചടക്കം പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതും. കോടതിയുടെ ചോദ്യവും നിര്‍ദേശവും ജേക്കബ് തോമസിന്റെ കാര്യത്തില്‍  അക്ഷരംപ്രതി ശരി തന്നെയാണ്.

 

സ്വയം ചെറുതാണെന്ന് കരുതുന്ന വ്യക്തിക്ക് ചുറ്റുമുള്ളതെല്ലാം വലുതാണെന്ന് തോന്നും. കടലിലെ ആവാസവ്യവസ്ഥയുടെ ഭാഗമാണ് സ്രാവുകള്‍. സ്രാവുകള്‍ക്ക് അതിന്റേതായ സ്വഭാവ വൈശിഷ്ട്യങ്ങള്‍ ഉണ്ടാകും. ആ സ്രാവുകള്‍ക്കൊപ്പം ചെറു മീനുകള്‍ക്ക് നീന്താന്‍ ആവില്ല. മത്സ്യന്യായം എന്ന ഒന്നുകൂടി ഉണ്ട് കടലില്‍, വലിയ മത്സ്യങ്ങള്‍ ചെറിയ മത്സ്യങ്ങളെ ഭക്ഷണമാക്കുക. എന്നിട്ടും മീന്‍ ചന്തകളിലേക്ക് നോക്കിയാല്‍ നാം കാണുന്ന മത്സ്യങ്ങളില്‍ 90 ശതമാനവും ചെറു മത്സ്യങ്ങളാണ്. അത് ആ ആവാസ വ്യവസ്ഥയില്‍ ചെറുമീനുകള്‍ക്കും ജീവിക്കാന്‍ കഴിയുന്നമെന്നതിന്റെ ഉദാഹരണമാണ്. സ്രാവുകള്‍ക്ക് ഒപ്പം നീന്താന്‍ ആവില്ല എന്ന സാമാന്യ ബോധം  ചെറു മീനുകള്‍ക്ക് ഉള്ളതിന്റെ ഫലമായും അതിനെ കാണാം.

 

വലയില്‍ വീഴാതെയും സ്രാവുകളുടെ മുമ്പില്‍ പെടാതെയും ജീവിക്കുന്ന ചെറു മീനുകളുടെ സമൂഹമാണ് കൂടുതലും കടലില്‍ ഉള്ളത്. ആ അറിവ് ജേക്കബ് തോമസിനും ഉണ്ടാകേണ്ടതാണ് കേരളാ പോലീസ് സേനയിലെ തന്നെ ഐ.ജി ആണ് പി.വിജയന്‍. ജേക്കബ് തോമസ് നിലനിന്ന അതെ ആവാസവ്യവസ്ഥയില്‍ നിന്നുകൊണ്ട് അദ്ദേഹം ചെയ്ത കാര്യങ്ങള്‍, കേരള സമൂഹത്തെ പരിവര്‍ത്തനത്തിലേക്ക് നയിക്കാന്‍ പോന്നതാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ ആരംഭിച്ച 'പുണ്യം പൂങ്കാവനം' പദ്ധതിയെ  പ്രധാനമന്ത്രി തന്റെ 'മന്‍ കി ബാത്തില്‍' എടുത്ത് പറയുകയുണ്ടായി. കുളത്തില്‍ പോലും നീന്താന്‍ അവസരം ഇല്ലാത്ത സാഹചര്യത്തില്‍ നിന്നാണ് പി വിജയന്‍ എന്ന പോലീസ് ഓഫീസര്‍ കടലിലേക്ക് എത്തുന്നത്. സ്രാവുകള്‍ക്ക് പിടിക്കാന്‍ കഴിയാതെ, എന്നാല്‍ സ്രാവുകളില്‍ അത്ഭുതം സൃഷ്ടിച്ചുകൊണ്ട് വിജയന്‍ അച്ചടക്കമുള്ള ഓഫീസറായി കേരളാ പോലീസ് സേനയില്‍ തുടരുന്നു.

 

അഴിമതിരഹിതമായ സമൂഹ സൃഷ്ടിയിലേക്ക് വേണ്ടിയുള്ള വിജയന്റെ സ്റ്റുഡന്റ്‌സ് പോലീസ് എന്ന ആശയവും അതിന്റെ പ്രയോഗവും, ചെറുതാണെങ്കില്‍ പോലും നല്ല കാല്‍വയ്പ്പ് തന്നെ ആണ്. അഴിമതി നടത്തുന്നവരെ, രോഗം വരുമ്പോള്‍ ചികിത്സ നല്‍കുന്നതുപോലെ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതാണ്. അഴിമതി ഇല്ലാതാകേണ്ടതാണ്. ആരോഗ്യം ഉണ്ടാകുമ്പോള്‍ രോഗം അകന്ന് നില്‍ക്കുന്നത് പോലെ. ചികിത്സയിലൂടെ രോഗം മാറ്റം പക്ഷേ ആരോഗ്യത്തെ സൃഷ്ടിക്കാന്‍ പറ്റില്ല, അതിന് വേണ്ടത് അച്ചടക്കമുള്ള ജീവിതവും ഭക്ഷണവും, നല്ല മനോ വ്യാപാരവുമാണ്. ഈ അടിസ്ഥാന ഘടകങ്ങളാണ് 'ഞാന്‍ മാത്രം ശരി' എന്ന തോന്നലില്‍ ജേക്കബ് തോമാസിന് ഇല്ലാതായി പോയത്. കേരളത്തിലെ വിജിലന്‍സ് വകുപ്പിന്റെ ഇന്നത്തെ അവസ്ഥക്ക് പ്രധാന കാരണവും ജേക്കബ് തോമസാണ്.

 

 

 

Tags: