കോണ്‍ഗ്രസിന്റേത് തയ്യാറെടുപ്പിന് മുന്നേയുള്ള യുദ്ധപ്രഖ്യാപനം

Glint staff
Mon, 19-03-2018 04:25:21 PM ;

Rahul Gandhi-Modi-Yechuri

എ.ഐ.സി.സി പ്ലീനറി സമ്മേളത്തിന് മൂര്‍ത്തമായൊരു പദ്ധതിയുമായി മുന്നോട്ട് വരാന്‍ പറ്റിയിട്ടില്ല. ഉപമകളാലും ഉല്‍പ്രേക്ഷകളാലും നരേന്ദ്രമോഡിയെ നേരിടുന്നതിനുള്ള പതിവ് ശൈലി മാത്രമാണ് സമ്മേളനത്തില്‍ പുറത്തു വന്നിരിക്കുന്നത്. ഇവിടെയാണ് യാഥാര്‍ത്ഥ്യത്തെ മുഖാമുഖം  നേരിടുന്നതില്‍ കൊണ്‍ഗ്രസ് പരാജയപ്പെടുന്നത്. യു.പിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പരാജയപ്പെട്ടു എന്നത് വസ്തുതയാണ്.

 

അഭൂതപൂര്‍വമായ ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി കേന്ദ്രത്തിലും യു.പിയിലും അധികാരത്തില്‍ വന്നത്. അതിന് പുറകെ വന്ന ഉപതിരഞ്ഞെടുപ്പിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലുള്‍പ്പെടെ ബി.ജെ.പി പരാജയപ്പെട്ടത്. അവിടെ സമാജ്‌വാദി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും കൂട്ടുകെട്ടിന് മുന്നില്‍ ബി.ജെ.പിയുടെ അപ്രമാദിത്വം തകരുകയായിരുന്നു. ഈ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള ധാരണയാണ് യു.പിയിലെ ഭൂരിപക്ഷം വോട്ടുകളും എങ്ങോട്ട് പോകണമെന്ന് നിശ്ചയിക്കുന്നത്. ഈ യു.പിയാണ് കേന്ദ്രത്തില്‍ ആര് ഭരിക്കണം എന്ന് സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ തീരുമാനിച്ചുകൊണ്ടിരിക്കുന്നത്.

 

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ് ഫലം മറ്റൊരു സൂചനകൂടി നല്‍കുകയാണ്. ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കാന്‍ കഴിഞ്ഞാല്‍, അവരെ എളുപ്പത്തില്‍ പരാജയപ്പെടുത്താമെന്ന്. കഴിഞ്ഞ യു.പി തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവ് കോണ്‍ഗ്രസുമായിട്ടാണ് സഖ്യമുണ്ടാകിക്കിയത്. അതേ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ മറ്റൊരു സഖ്യത്തിലൂടെ യു.പിയില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടുകയും വിജയം കൈവരിക്കുകയും ചെയ്തത്. അതേ സമയം കോണ്‍ഗ്രസിനാകട്ടെ ദയനീയ പരാജയമാണ് ഈ തിരഞ്ഞെടുപ്പിലും ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍, പാരമ്പര്യത്തിന്റെ ഭാരവും ഭാണ്ഡവും പേറിക്കൊണ്ട് ബി.ജെ.പിയെ നേരിടാം എന്ന ധാരണയില്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയ്യാറെടുക്കുമ്പോള്‍ മൗഢ്യമായിട്ടേ അതിനെ കരുതാന്‍ കഴിയുകയുള്ളൂ.

 

ഏതൊരു ചെറിയ യുദ്ധത്തിനാണെങ്കിലും, തയ്യാറെടുപ്പുകളാണ് അതിന്റെ വിജയവും പരാജയവും നിശ്ചയിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പോരാട്ടമാണ് 2019ല്‍ നടക്കാന്‍ പോകുന്നത്. മുന്നണി എന്നൊന്നില്ലാതെ പല പാര്‍ട്ടികളായി ചിന്നിച്ചിതറി കിടക്കുകയാണ് പ്രതിപക്ഷം. ആ ചിന്നിച്ചിതറിക്കിടക്കുന്ന അവസ്ഥയാണ് ബി.ജെപിക്ക് അല്പം തയ്യാറെടുപ്പോടെ മുന്നേറാന്‍ അവസരം ഒരുക്കുന്നത്. ഈ സാഹചര്യത്തില്‍ യുദ്ധപ്രഖ്യാപനത്തിന് മുമ്പ്, മുന്‍ഗണന കൊടുക്കേണ്ടിയിരുന്നത് തയ്യാറെടുപ്പിനായിരുന്നു.ഈ തയ്യാറെടുപ്പില്‍ ഒട്ടേറെ ഘടകങ്ങള്‍ ശ്രദ്ധിക്കേണ്ടിയും ഇരിക്കുന്നു.

 

എന്ത് തന്നെയാണെങ്കിലും ഇന്ന് ദേശീയ തലത്തില്‍ ജനക്കൂട്ടത്തെ മാസ്മരികതയോടെ, ഏത് പ്രതികൂല ഘട്ടത്തിലും ഒരു പരിധിവരെയെങ്കിലും കൈയിലെടുക്കാനും കൂടെ ചിന്തിപ്പിക്കാനും ശേഷിയുള്ള നേതാവ് തന്നെയാണ് നരേന്ദ്ര മോഡി. 2014ല്‍ ബി.ജെ.പി തങ്ങളുടെ തന്നെ പ്രതീക്ഷയെ മറികടന്ന് അധികാരത്തില്‍ എത്തിയത്, ബി.ജെ.പി എന്ന രാഷ്ട്രീയ കക്ഷിയുടെ വിജമായിരുന്നില്ല മറിച്ച്  മുന്നണിയില്‍ നരേന്ദ്ര മോദിയും പിന്നണിയില്‍ അമിത് ഷായും ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ ഉപയോഗിച്ച് നേടിയ വിജയമായിരുന്നു അത്‌. അതാകട്ടെ വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പിന്റെയും മുന്നൊരുക്കങ്ങളുടെയും ഫലമായിട്ട്. ആ സംവിധാനം ബി.ജെ.പിയില്‍ ഇപ്പോഴും ശക്തം തന്നെ.

 

എ.ഐ.സി.സി പ്ലീനറി സമ്മേളനം നടന്നപ്പോള്‍ മുന്നിലുണ്ടയ ഏക പ്രതീക്ഷ എന്നത് യു.പിയില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ക്കെതിരെ നേടിയ വിജയമാണ്. ഒരു ദേശീയ കക്ഷി എന്ന നിലയില്‍ അല്പം വെള്ളവും വളവും ചെന്നാല്‍ അത്യാവശ്യം ആരോഗ്യത്തോടെ മുളച്ചു പൊന്താന്‍ ശേഷിയുള്ള പാര്‍ട്ടി തന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസ്. ബി.ജെ.പി മുഖ്യ എതിരാളിയായി കാണുന്നതും കോണ്‍ഗ്രസിനെ തന്നെയാണ്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ പ്രധാന ഹിന്ദി മേഖലകളില്‍ കോണ്‍ഗ്രസ് ഇന്നും ശക്തിയായി തുടരുന്നു. ആ ശക്തികൊണ്ട് മാത്രം നേടാന്‍ ശ്രമിച്ച് കഴിഞ്ഞാല്‍ അത് ബി.ജെ.പിയുടെ വിജയമായി പരിണമിക്കുകയും ചെയ്യും.

 

പശ്ചിമ ബംഗാളില്‍ മമതയുടെ തൃണമൂല്‍ കൊണ്‍ഗ്രസ് ഇന്ന് അനിഷേധ്യ ശക്തിയാണ്. എന്നാല്‍ അവര്‍ രാഹുല്‍ ഗാന്ധിയെ അംഗീകരിക്കുന്നില്ല. അതുപോലെ തെക്കേ ഇന്ത്യയിലേക്ക് വരുമ്പോള്‍ പ്രാദേശിക പാര്‍ട്ടികളും. ബി.ജെ.പിയെ എതിര്‍ക്കുന്ന ഹിന്ദി മേഖലയിലെയും തെക്കേ ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയ കക്ഷികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ മാത്രമേ ബി.ജെ.പിക്കെതിരെ, ശക്തമായൊരു പോരാട്ടമെങ്കിലും കാഴചവയ്ക്കാന്‍ കഴിയൂ. അപ്പോഴും മുന്‍ഗണന കൊടുക്കേണ്ടത് തയ്യാറെടുപ്പിനാണ്. ഈ തയ്യാറെടുപ്പിനെ കോണ്‍ഗ്രസ് തെല്ലും പരിഗണിച്ചിട്ടില്ല.

 

ബി.ജെ.പിയെയും  നരേന്ദ്രമോഡിയെയും നേരിടണമെങ്കില്‍ അതേപോലെ മാസ്മരിക പ്രഭാവമുള്ള നേതാവിനെ ഇപ്പുറത്തും ഉയര്‍ത്തിക്കാട്ടാന്‍ ഉണ്ടാകണം. ഇന്നത്തെ അവസ്ഥയില്‍ അതില്ല. എന്നാല്‍ അത്തരം ഒരു നേതാവിന്റെ അഭാവത്തില്‍ ആ മാസ്മരികതെയെ നിഷ്പ്രഭമാക്കാന്‍ ശേഷിയുള്ള ഒരാശയത്തെ മുന്നോട്ട് വച്ച് നേരിട്ടാല്‍, മോഡിക്കും ബി.ജെ.പിക്കും നന്നേ വിഷമിക്കേണ്ടി വരും. ആ ആശയം  വെറും മോഡി വിരുദ്ധതയോ ബി.ജെ.പി വിരുദ്ധതയോ ആയിട്ട് കാര്യമില്ല. രാഷ്ട്രീയ മാര്‍ഗത്തിലൂടെ അധികാരം കൈയാളാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ ക്ഷികളുടെ അവസ്ഥയല്ല ഇന്ത്യന്‍ ജനത ഇന്ന് അഭിമുഖീകരിക്കുന്നത്. കാര്‍ഷിക മേഖലയില്‍, ചെറുകിട ഇടത്തരം തൊഴില്‍ മേഖലയില്‍ , തൊഴില്‍ തേടുന്ന യുവജനതയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന അസ്വസ്ഥതയെ പ്രഖ്യാപനങ്ങള്‍ വഴി വോട്ടാക്കാനുള്ള ശ്രമത്തിന് പകരം,  അവരുടെ ജീവിതത്തെ ഗുണകരമായി പരിണമിപ്പിക്കുന്നതിനുള്ള ആശയത്തെ മുന്നോട്ട് വച്ചെങ്കില്‍ മാത്രമേ ആ വിഭാഗങ്ങളുടെ പിന്തുണ ആര്‍ജിക്കാന്‍ കഴിയുകയുള്ളൂ. അല്ലാത്ത പക്ഷം പ്രലോഭനങ്ങളുടെ നാമ്പുകള്‍ കാട്ടി പ്രാദേശിക കക്ഷികളെയും ഇടഞ്ഞു നില്‍ക്കുന്ന ഘടക കക്ഷികളെയും മറ്റ് പുറത്തുനില്‍ക്കുന്നവരെയും ഒക്കെ തിരഞ്ഞെടുപ്പിന് മുമ്പും പിന്‍പും പാട്ടിലാക്കന്‍ ശേഷിയുള്ള പ്രസ്ഥാനമാണ് ബി.ജെ.പി.

 

അതുകൊണ്ട് രണ്ട് കാര്യങ്ങളാണ് 2019 ലെ തിരഞ്ഞെടുപ്പിനെ നേരിടണമെങ്കില്‍, നേതൃത്വസ്ഥാനത്തേക്ക് ഉയരാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ചെയ്യേണ്ടത്. ഒന്ന്, മൂക്തമായ ഒരു പ്രതിപക്ഷ കൂട്ടായ്മ. രണ്ട്, ഒരേ സമയം പ്രതീക്ഷയിലേയ്ക്ക് നയിക്കുകയും, പ്രതീക്ഷയ്ക്ക് വിഖാതമായി നില്‍ക്കുന്ന ഭരകൂടാതെ അധികാരത്തില്‍ നിന്ന് പിടിച്ചു മറ്റുന്നതിനുമുള്ള ശേഷി വാഗ്ദാനം ചെയ്യുന്ന ആശയത്തിന്റെ അവതരണം.ഈ രണ്ട് ഘടകങ്ങളും സംയോജിക്കുമ്പോള്‍ അതിന് പ്രേരകമായി മാറുന്ന വ്യക്തി സ്വാഭാവികമായും ഉയര്‍ന്നു വരിക തന്നെ ചെയ്യും. ആ വ്യക്തിക്ക് 2019ലെ തിരഞ്ഞെടുപ്പ് യുദ്ധത്തെ നേരിടാനുള്ള ശേഷിയും ഉണ്ടാകും. ഇത് വിജയം ഒരു പരിധിവരെ ഉറപ്പാക്കുകയും ചെയ്യും.

 

ഈ സാഹചര്യത്തിലാണ് ഏകോപന പരിവേഷം ആര്‍ജിക്കാന്‍ കഴിയുന്ന പാര്‍ട്ടിയായി സി.പി.എമ്മിനും അതിന്റെ നേതാവായ സീതാറാം യെച്ചൂരിക്കും നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുന്നത്. ഇന്നത്തെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ നില വച്ചു നോക്കുമ്പോള്‍ പ്രധാനമന്ത്രി പദം കൈയ്യടക്കാന്‍ മോഹമില്ലാത്ത ഒരു നേതാവിന്റെ ഏകോപനത്തില്‍, പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മ സഘടിപ്പിക്കുന്നതിലൂടെ സാധ്യത ഏറുന്നു. ആ തയ്യാറെടുപ്പിന് കൂട്ടായി ഒരാശയം കൂടിയുണ്ടെങ്കില്‍ ബി.ജെ.പിക്കെതിരെ ശക്തമായ ഒരു പോരാട്ടം കാഴ്ചവക്കാന്‍ പ്രതിപക്ഷത്തിന് കഴിയും.

 

 

Tags: