ചുള്ളിക്കാടിന്റെ പ്രതികരണം കവിയ്ക്ക് ചേര്‍ന്നതല്ല

Glint staff
Tue, 20-03-2018 07:23:20 PM ;

Balachandran Chullikkadu

വേദനയില്‍ നിന്ന് വിഷാദം, വിഷാദത്തില്‍ നിന്ന് വിദ്വേഷം വിദ്വേഷത്തില്‍ നിന്ന് ആക്രമണം, വസന്തത്തിന്റെ ഇടിമുഴക്കം കേട്ട് ഇറങ്ങിത്തിരിച്ച വിപ്ലവകാരികളില്‍ ഈ ഒരു ക്രമം കാണാം. എല്ലാ ആക്രമണത്തിന് പിന്നിലും വേദനയായിരിക്കും, ആ വേദനയില്‍ നിന്നുള്ള മോചനമാര്‍ഗമായിട്ടാണ് അവര്‍ ആക്രമണത്തെ ആശ്രയിക്കുന്നത്. വേദന മറ്റുള്ളവരുടെ അവസ്ഥയുടെ പേരിലാണെങ്കില്‍ അതിന് താത്വികമായ അംഗീകാരം ലഭിക്കും. അതാണ് നക്‌സല്‍ പ്രസ്ഥാനത്തിലേക്ക് ജീവത്യാഗം ചെയ്യാന്‍ പോലും സന്നദ്ധരായി മുന്നോട് വന്ന സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമായ നേതാക്കളിലൂടെ പ്രകടമായത്. അതേ വികാരം തന്നെയാണ് എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളിലും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയിലൂടെ യുവജനങ്ങളെ ഹരം കൊള്ളിച്ചിരുന്നത്. കാതിലൂടെ കേള്‍ക്കുന്നതിന് പകരം ഞരമ്പുകളിലൂടെയാണ് ബാലചന്ദ്രന്റെ കവിതയെ അന്നത്തെ യുവജനത കേട്ടത്. ക്ഷോഭത്തിന്റെ ചിറകുകള്‍ക്ക് പറന്നുയരാന്‍ അത് കാരണവുമായി.

 

ബാലചന്ദ്രന്‍ ചുള്ളിക്കാട് മലയാളത്തിന്റെ പ്രിയകവിയും സര്‍ഗധനനും തന്നെ. അദ്ദേഹത്തിന്റെ ഭാഷാ ശുദ്ധി ഉച്ചയ്ക്ക് പന്ത്രണ്ട് മണി സമയത്ത് കിണറ്റിലെ വെള്ളത്തിനടി എന്നപോലെ തെളിഞ്ഞു കാണാം. കവിയുടെ സമീപനത്തില്‍ എന്നും ആക്രമണോത്സുകത മുന്നിട്ടു നിന്നു, സമൂഹത്തിലെ അനീതിക്കെതിരെയുള്ള രോഷമായി. രോഷം എപ്പോഴും വ്യക്തിഗതമാണ്. ആ വ്യക്തിഗതമായ ഘടകമാണ് കവിയിലെ ഞാനെന്ന ഭാവത്തെക്കൊണ്ട് ഇവ്വിധം പ്രവര്‍ത്തിപ്പിച്ചിരിക്കുന്നത്. കവിയായ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ ഗതിയുടെ ഫലമാണ് ഇന്നത്തെ മലയാളം കോളേജ് അദ്ധ്യാപകര്‍ക്ക് പോലും ഭാഷ ശുദ്ധമായി കൈകാര്യം ചെയ്യാന്‍ കഴിയാതെ വരുന്ന സാഹചര്യം.പടിഞ്ഞാറന്‍ വികസന പരിപ്രേക്ഷ്യം രണ്ടാമതൊരു ചിന്തയില്ലാതെ അടിച്ചേല്‍പ്പിച്ചതിന്റെയും ഏറ്റുവാങ്ങിയതിന്റെയും ഫലം.

 

മലയാളിയുടെ കേരളീയ ജീവിതത്തിന്മേല്‍ അങ്ങനെ രാസവളവും കീടനാശിനിയും വന്നു പതിച്ചു. ഈ രാസവളവും കീടനാശിനിയും വിദേശ സാഹിത്യത്തിന്റെയും വിമര്‍ശനത്തിന്റെയും അതിപ്രസരമായി ഭാഷയില്‍ വര്‍ത്തിച്ച്, മലയാളത്തിന്റെ അവശേഷിക്കുന്ന ജൈവ ഗന്ധം പോലും നേരിട്ടറുക്കാതെ അറുത്തു മാറ്റി. അതിന്റെ ഫലമാണ് ആനന്ദത്തിലെ 'ന്ദ'ക്ക് പകരം ചന്തയുടെ 'ന്ത' എഴുതുന്ന കലാലയ വിദ്യാര്‍ത്ഥികളും മലയാള അദ്ധ്യാപകരും. ഭാഷയില്‍ നോക്കിയാല്‍ അത് ഉപയോഗിക്കുന്നവരുടെ ജീവിതം കാണാന്‍ പറ്റും.  മലയാള ഭാഷയിലേക്ക് നോക്കിയാല്‍ മലയാളിയുടെ ആരോഗ്യവും സന്തോഷവും കേരളത്തിന്റെ ഭൂപ്രകൃതിയും ഭൂവിനിയോഗവും അറിയാന്‍ കഴിയും.

 

കേരളവും മലയാളിയും പിന്നെ ഭാഷയും ഇവിടെ ചരിത്രത്തിലെ ഏറ്റവുമധികം കാരുണ്യമര്‍ഹിക്കുന്ന അവസ്ഥയിലാണ്. ചന്തയുടെ 'ന്ത' കൊണ്ടെങ്കിലും ആനന്ദമെന്നെഴുതുന്ന ആ അദ്ധ്യാപകരിലൂടെയും വിദ്യാര്‍ത്ഥികളിലൂടെയുമാണ്, മുട്ടിയും മുടന്തിയും മലയാള ഭാഷ വീണും എഴുന്നേറ്റും നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത്. അവരിലൂടെയാണ് ഇന്ന് അക്കാദമിക തലത്തിലും ഭാഷയുടെ പ്രവാഹം. അവര്‍ക്ക് തെറ്റ് പറ്റിയിട്ടുങ്കെില്‍ അവരെ അതില്‍ നിന്ന് നേര്‍ വഴിക്ക് നയിക്കുക എന്നതാണ് പരിണിതപ്രജ്ഞനായ ഒരു വ്യക്തിയുടെ ഉത്തരവാദിത്വം. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലുള്ള കവിയുടേതാകുമ്പോള്‍ ആ ഉത്തരവാദിത്വം ഇരട്ടി വര്‍ദ്ധിക്കുന്നു. ആനന്ദത്തിന്റെ 'ന്ദ'യെ ചന്തയുടെ 'ന്ത' യില്‍ നിന്ന് മോചിപ്പിച്ച് ചന്ദനത്തിന്റെ 'ന്ദ' ചേര്‍ത്ത് ആനന്ദത്തിന്റെ ആനന്ദം അനുഭവിപ്പിക്കുവാന്‍ കടപ്പെട്ട വ്യക്തികൂടിയാണ് സാംസ്‌കാരിക നായകന്‍ കൂടിയായ ബാലചന്ദ്രന്‍ ചുള്ളിക്കാട്.

 

തന്റെ കവിത പഠിപ്പിക്കരുത് എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രഖ്യാപിക്കുമ്പോള്‍, പണ്ടത്തെ കവിതയുടെ പേരില്‍ ക്ഷോഭത്തിന്റെ പ്രതീകമെന്ന പരിവേഷം കിട്ടിയത് പോലെ ഇന്നും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നു. ഇതുവഴി അക്കാദമിക തലത്തിലെ ഭാഷയുടെ അവസ്ഥ ഉയര്‍ത്തിക്കാട്ടപ്പെടും എന്നുള്ള യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല. അതൊരുപക്ഷേ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കും, ആനുകാലികങ്ങളില്‍ മലയാള ഭാഷയുടെ ശ്രേഷ്ഠത്വത്തെ കുറിച്ചും അതിന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ചും ലേഖനമെഴുതി ഒരു വിഭാഗം സായൂജ്യമടഞ്ഞെന്നും ഇരിക്കും. മറ്റ് കവികളില്‍ നിന്നും വ്യത്യസ്തനാണ് താനെന്ന ഖ്യാതി ഒരുപക്ഷേ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ലഭ്യമായേക്കാം.

 

ആനന്ദത്തിന്റെ 'ന്ദ' യും ചന്തയുടെ 'ന്ത'യും തിരിച്ചറിയാന്‍ പറ്റാത്ത ഒരു സമൂഹത്തിനെ എങ്ങനെ ശരിയായി ആനന്ദം എഴുതാന്‍ പഠിപ്പിക്കും എന്നതാണ് വിഷയം. പഠിക്കാത്ത വിദ്യാര്‍ത്ഥികളെ തല്ലുക എന്നത് കൊളോണിയല്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് യുദ്ധസംസ്‌കാരമാണ്. അജ്ഞതയില്‍ കിടക്കുന്നവരെ കാരുണ്യത്തോടെ, സ്‌നേഹത്തോടെ വെളിച്ചത്തിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ് ഭാരതത്തിന്റെ ഗുരു-ശിഷ്യ പാരമ്പര്യം. അടിച്ച് പഠിപ്പിക്കുക എന്നുള്ളത് ഭാരതത്തിന്റെ വഴിയല്ല. ബാലചന്ദ്രന്‍ ചുള്ളിക്കാട് അതി കഠിനമായ ഒരു വാക്ക് ചൂരലുകൊണ്ട് തലങ്ങും വിലങ്ങും മലയാളത്തിലെ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും തല്ലിയിരിക്കുകയാണ്. അതവരില്‍ അപകര്‍ഷതാ ബോധവും കുറ്റബോധവും സൃഷ്ടിച്ചേക്കാം, അവരെ വേദനയിലേക്കും വിഷാദത്തിലേക്കും നയിച്ചേക്കാം. അവിടെ നിന്നും ഉണ്ടാകുന്നത് അക്രമത്തിന്റെ വഴിതന്നെയാണ്.

 

സ്വയം ബഹുമാനമില്ലാത്ത ഒരു വ്യക്തിക്കും ജ്ഞാനത്തിന്റെ വഴിലൂടെ നടക്കാനും  ജ്ഞാനത്തിന്റെ ആനന്ദം അറിയുവാനും കഴിയില്ല. അതുകൊണ്ട് ചന്തയുടെ 'ന്ത' പോലും നേരെ എഴുതാന്‍ കഴിവില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ മാത്രമേ ഈ പ്രഹരം സഹായിക്കുകയുള്ളൂ. ഇവിടെ കരുണയോടെ തെറ്റിയ അക്ഷരത്തെ ചൂണ്ടിക്കാട്ടി, തിരുത്തി ശരിയായ അക്ഷരം കാണിച്ചുകൊടുത്ത് മുന്നോട്ട് നയിക്കുകയാണ് വേണ്ടത്. തെറ്റുകളും കുറ്റങ്ങളും ധാരാളം സംഭവിച്ചിട്ടുണ്ടാകാം. അതിനുത്തരവാദികളായവരെ കണ്ടെത്താനും കഴിഞ്ഞേക്കാം. അത് പറഞ്ഞിട്ട് കാര്യമില്ല. മുമ്പോട്ട് നീങ്ങുക എന്നതാണ് ജീവിതം. ആ പാതയില്‍ വെളിച്ചം അനിവാര്യം. ആ വെളിച്ചം അക്ഷരത്തിന്റേതുമാകണം മറിച്ച്  ഉള്ള വെളിച്ചം കെടുത്തുകയുമാകരുത്.

 

 

Tags: