ആദരാഞ്ജലിക്കൊല

Glint staff
Tue, 03-04-2018 07:21:05 PM ;

P V Pushpaja

കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ പറയുന്നു തങ്ങളുടെ മനസ്സില്‍ പ്രിന്‍സിപ്പല്‍ മരിച്ചു എന്ന്. പ്രിന്‍സിപ്പല്‍ ഡോ പുഷ്പജ ജീവിച്ചിരിപ്പുണ്ട്. അതിനാല്‍ അവര്‍ മറ്റുള്ളവരുടെ മനസ്സില്‍ മരിക്കുന്നില്ല. മരിക്കണമെങ്കില്‍ അത് ആ മനസ്സുകളുടെ ഉടമകള്‍ അവരെ കെല്ലുകയെ നിവര്‍ത്തിയുള്ളൂ. തങ്ങളുടെ പ്രധാനാദ്ധ്യാപികയെ കൊന്നു എന്നാണ് അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിലൂടെ എസ്.എഫ്.ഐക്കാര്‍ പ്രകടമാക്കിയിരിക്കുന്നത്. തങ്ങളുടെ, മനസ്സിലെ ഗുരുനാഥയെ കൊല്ലാനുപയോഗിച്ചത് വാളോ കോടാലിയോ ആല്ല ആദരഞ്ജലികള്‍ എന്ന വാക്കാണ്. കാരണം ആ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപികയോട് ആദരവുണ്ടായിട്ടല്ല ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഡോ പുഷ്പജ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ക്ക് അഭിലഷണീയമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകില്ല, അതവരെ പ്രീകോപിപ്പിച്ചു. ആ പ്രകോപനത്തിനുള്ള പ്രതികരണമായിട്ടാണ് അവരെ എസ്.എഫ്.ഐക്കാര്‍ തങ്ങളുടെ മനസ്സില്‍ കൊല ചെയ്തത്.

 

ഭൗതികമായ ഏത് കൊലപാതകവും ആദ്യം നടക്കുന്നത് മനസ്സുകളിലാണ്, അതിനെയാണ് കരുതിക്കൂട്ടിയുള്ള കൊല എന്ന് പറയുന്നത്. അപ്രതീക്ഷിതമായ സാഹചര്യത്തില്‍ മനുഷ്യന്‍ മനുഷ്യനെ കൊല ചെയ്യാറുണ്ട്. അത് മുന്‍കൂട്ടി തയ്യാറാക്കിയതല്ല എന്ന് തെളിയിക്കപ്പെടുന്ന പക്ഷം, അത്തരം സംഭവങ്ങളില്‍ പ്രതികള്‍ കുറ്റവിമുക്തരോ കുറഞ്ഞശിക്ഷ നേടുന്നവരോ ഒക്കെ ആയി  മാറുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകത്തെ ഒരു സിവില്‍ സമൂഹത്തിന് അംഗീകരിക്കാന്‍ പറ്റുന്നതല്ല. സ്റ്റേറ്റിനെത്തിയരെയുള്ള കുറ്റകൃത്യമാണ് മറ്റൊരാളുടെ ജീവന്‍ കരുതിക്കൂട്ടി ഇല്ലായ്മ ചെയ്യുക എന്നത്. ഈ കരുതിക്കൂട്ടിയുള്ള തയ്യാറെടുപ്പ് നടന്നിട്ടുണ്ടോ ഇല്ലയോ എന്നാണ് കോടതിമുറികളില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

 

ഇവിടെ പുഷ്പജ ടീച്ചറെ, അവര്‍ പ്രധാന അദ്ധ്യാപികയായിട്ടുള്ള കോളേജിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മനസ്സില്‍ മരിച്ച് കണ്ടു. ആ മരണത്തിന്റെ ഉത്തരവാദികള്‍, ആ മനസ്സിന്റെ ഉടമകളായതിനാല്‍ ഈ സംഭവത്തെ സിവില്‍ സമൂഹത്തിലെ കൊലപാതകത്തിന് സമാനമായേ കാണാന്‍ പാടുള്ളൂ. മലയാളി സമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന രക്തദാഹതീവ്രതയുടെ ലക്ഷണം കൂടിയാണത്. ഈ സംസ്‌കാരത്തില്‍ നിന്നാണ് എന്തിന്റെ പേരിലാണെങ്കിലും കേരളത്തില്‍ അടിക്കടി കൊലപാതകങ്ങള്‍ അരങ്ങേറുന്നത്.

 

അദ്ധ്യാപനവും സര്‍ഗാത്മകമല്ല എന്നുള്ളതും ഈ സംഭവം വിളിച്ചറിയിക്കുന്നു. അജ്ഞരായ വിദ്യാര്‍ത്ഥികളെ ഇരുട്ടില്‍ നിന്നും ജ്ഞാനത്തിന്റ വെളിച്ചത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ മാത്രമേ ഒരു വ്യക്തി അദ്ധ്യാപകനോ അദ്ധ്യാപികയോ ആവുന്നുള്ളൂ. വെളിച്ചത്തിന്റെ ചെറു കിരണം പോലും ഇരുട്ടില്‍ കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക്  പ്രസരിപ്പിക്കാന്‍ അദ്ധ്യാപക സമൂഹത്തിന് കഴിയുന്നില്ല. വിദ്യാര്‍ത്ഥികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചപ്പോഴേ ഡോ.പുഷ്പജക്ക് മുറിവേറ്റു. ഇത് സൂചിപ്പിക്കുന്നത് അദ്ധ്യാപക സമൂഹത്തിന്റെ ദൗര്‍ബല്യമാണ്. ദൗര്‍ബല്യം കൊണ്ടല്ല ഇരുട്ടില്‍ കിടക്കുന്ന കുട്ടികളെ വെളിച്ചത്തിലേക്ക് കൊണ്ടുവരേണ്ടത്. ഇവിടെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു യാന്ത്രിക സംവിധാനത്തിലൂടെ പല ഭാഗങ്ങളായും മാറി. ആ ഭാഗങ്ങളില്‍ ചിലത്  വല്ലാതെകണ്ട് തുരുമ്പ് കയറി ദ്രവിച്ചിരിക്കിരിക്കുകയാണ്.

 

ഇത്തരുണത്തിലാണ് കൊല്ലം എസ്.എന്‍ കോളേജില്‍  എഴുപതുകളുടെ അവസാനം വരെ പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ എം.ശ്രീനിവാസാനെ ഒര്‍ത്തു പോവുക. പണ്ഡിത ശ്രേഷ്ഠനായിരുന്ന  അദ്ദേഹം കുട്ടികളുമൊത്ത് കളിക്കുകയും മറ്റ് വിനോദ പരിപാടികളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ക്ഷിപ്ര കോപിയായ അദ്ദേഹം, ചിലപ്പോള്‍ വിദ്യാര്‍ത്ഥികളെ പരസ്യമായി തല്ലുന്നതിനും മടികാണിച്ചിരുന്നില്ല. പക്ഷേ തല്ലു കൊണ്ട ഒരു വിദ്യാര്‍ത്ഥിക്കുപോലും അദ്ദേഹത്തിനെതിരെ രോഷമോ ദേഷ്യമോ ഉണ്ടായിട്ടിട്ടില്ല. ഒരിക്കല്‍ എസ്.എന്‍ കോളേജ് വളപ്പില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടന്നപ്പോള്‍ എന്റെ കുട്ടികളെ തല്ലരുത് എന്ന് അലറിക്കൊണ്ട് മൈതാനത്തേക്കിറങ്ങിയ ഡോ എം.ശ്രീനിവാസനെ, വിദ്യാര്‍ത്ഥികള്‍ പോലീസിന്റെ അടിയില്‍ നിന്നും രക്ഷനേടാന്‍ കെട്ടിപ്പിടിക്കുകയുണ്ടായി. പക്ഷേ പോലീസ് അപ്പോഴും മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനങ്ങളില്‍ ഒട്ടു മിക്കതും ചെന്ന് പതിച്ചത് ഡോ ശ്രീനിവാസന്റെ ദേഹത്തായിരുന്നു.

 

ഡോ. ശ്രീനിവാസന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അന്ന് അദ്ദേഹം കൊണ്ട അടിയുടെ വേദന .ഇപ്പോഴും ശിഷ്യരുടെ മനസ്സില്‍ വേദനയായി നില്‍ക്കുന്നു. അദ്ദേഹം ശിഷ്യരുടെ മനസ്സില്‍ മരിക്കാതെയും നിലനില്‍ക്കുന്നു. ഇവിടെ ഡോ പുഷ്പജയെയോ, പ്രധാന അദ്ധ്യാപികയെ മനസ്സില്‍ കോല ചെയ്ത വിദ്യാര്‍ത്ഥികളെയോ പ്രതിസ്ഥാനത്ത് കണ്ടിട്ട് കാര്യമില്ല.  കേരള സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന മഹാരോഗത്തിന്റെ ലക്ഷണമാണ് അത്. ഈ ലക്ഷണത്തിന് അലോപ്പതി ചികിത്സ കൊണ്ട് പ്രയോജനം ഉണ്ടാകില്ല. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കുക വഴി, അര്‍ബുദത്തിന് വേദനസംഹാരി കഴിക്കുന്നത് പോലെയുള്ള ഫലമേ ഉണ്ടാവുകയുള്ളൂ. ഇവിടെ രോഗത്തെ തിരിച്ചറിഞ്ഞ് അതിന്റെ കാരണത്തിനുള്ള ചികിത്സയാണ് ആവശ്യം.

 

Tags: