പോലീസ് യൂണിഫോമില്‍ നിരീക്ഷണ ക്യാമറകള്‍ അനിവാര്യം

Glint staff
Tue, 10-04-2018 06:45:14 PM ;

varappuzha-custodial-death-sreejith

പെരുമാറ്റത്തിലെ പൈശാചികത പോലീസിന്റെ പൊതുസ്വഭാവമാണ്. അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന് മാത്രം. അത്തരം പൈശാചികതകളുടെ സര്‍ഗാത്മകത ഏറ്റവും കൂടുതല്‍ പ്രകടമാണ് കേരളാ പോലീസില്‍. അത് മലയാളി സമൂഹത്തിന്റെ പൊതുവെയുള്ള ഹിംസാത്മകതയുടെ പ്രതിഭഫലനവുമാണ്. പോലീസ് സേനയിലെ നല്ലൊരു ശതമാനം അംഗങ്ങള്‍ കൊടും കുറ്റവാളികളുടെ മനസ്സിന്റെ ഉടമകളാണ്. കാലാകാലങ്ങളില്‍ മാറിമാറിവരുന്ന രാഷ്ട്രീയ ചായ്‌വിന്റെ ബലത്തില്‍ ഇത്തരം പോലീസ് സേനയിലെ നികൃഷ്ട ജീവികള്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്യാറുണ്ട്. പോലീസ് സേനയുടെ തലപ്പത്തുള്ളവര്‍ മുതല്‍ താഴെക്കിടയിലുള്ള കോണ്‍സ്റ്റബിള്‍മാരില്‍ വരെ ഈ സ്വഭാവക്കാര്‍ ധാരാളമുണ്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുമ്പോള്‍ സേനയിലെ കുറ്റവാളികള്‍ക്ക് അതൊരു  പ്രോത്സാഹനമാകുന്നു. മാത്രമല്ല രാഷ്ട്രീയ നേതൃത്വത്തെ അവര്‍ കൃത്യമായി വായിച്ചെടുക്കുകയും ചെയ്യുന്നു. സേനയിലെ കുറ്റവാളികള്‍ തഴച്ചു വളരാനുള്ള പ്രധാന ഘടകം  ഇതാണ്.

 

ഇരുപത്തിയാറു കാരനായ ഒരു യുവാവ്, ആന്തരിക അവയവങ്ങള്‍ക്ക് കേടു സംഭവിച്ച് മണിക്കൂറുകള്‍ക്കകം കേരളത്തിലെ ഏറ്റവും മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാകുന്ന ആശുപത്രിയില്‍ വച്ച് മരിക്കണമെങ്കില്‍, ആ ആഘാതം എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്വന്തം അമ്മയുടെയും ഭാര്യയുടെയും മുമ്പില്‍ വച്ച് അറസ്റ്റിലാക്കപ്പെട്ട ശ്രീജിത്ത് കൊടും മര്‍ദ്ദനത്തിന് ഇരയായി. ഈ ഒരു സമീപനമാണ് പോലീസ് തെല്ലും മാറിയിട്ടില്ല എന്നുള്ളതിന്റെ പ്രകടമായ സൂചന. ശില്പശാലകളും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ നിര്‍ദേശങ്ങളുമെല്ലാം ഇവിടെ പാഴ് വ്യായാമമാകുന്നു. അതിനു കാരണം നേതൃത്വത്തിന്റെ ഉദ്ധേശശുദ്ധിയില്ലായ്മയാണ്. ഇപ്പോള്‍ ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍  നടപടി എടുത്തതുകൊണ്ട് മാത്രം സേനയെ ബാധിച്ചിരിക്കുന്ന ഈ മഹാ അര്‍ബുദത്തില്‍ നിന്ന് രക്ഷ നേടാനാകില്ല.

 

സെല്ലുകള്‍ക്കത്ത് പോലും ഇപ്പോള്‍ നിരീക്ഷണ ക്യാമറകളുണ്ട്. പോലീസിന്റെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കുന്നതിന് യൂണിഫോമിനൊപ്പം നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കുന്നതിനെക്കുറിച്ചും ആലോചന ഉണ്ടായിരുന്നു. എന്നാല്‍ അതൊരു ആലോചനയായി മാത്രം അവശേഷിക്കുകയാണ്. പോലീസിന്റെ കിരാതത്വം അവസാനിപ്പിക്കേണ്ടത് കേരള ജനതയുടെ ആവശ്യമാണ്. ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ അനുഭാവിയാണ് മരിച്ചത് എന്നുള്ളത് ഇവിടെ  പ്രശ്‌നമല്ല. ശ്രീജിത്തിനെ അവകാശപ്പെട്ടുകൊണ്ട് പല രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ലാഭത്തിനു വേണ്ടി രംഗത്തെത്തിയെന്നുമിരിക്കും. അവിടെ പോലീസിന്റെ കിരാതത്വം എന്ന വിഷയത്തില്‍ നിന്നും മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധമാറുന്നു. ഇതാണ് മിക്കപ്പോഴും സംഭവിക്കുക. കേരള സമൂഹത്തില്‍ പൊതുവെ, വീടിനകത്തായാലും പുറത്തായാലും വ്യക്തികള്‍ അക്രമത്തിന്റെ വക്കിലാണ്. അതിന്റെ ഉദാഹരമാണ് കുറച്ചു ദിവസങ്ങള്‍ക്ക മുമ്പ്. ഒരു കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ പാലക്കാട് വച്ച് ഏതാനും യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. നിരത്തിലും പൊതുസ്ഥലത്തും വീടുകള്‍ക്കുള്ളിലും അക്രമം സര്‍വ്വസാധാരണമായിരിക്കുന്ന ഈ സാഹചര്യത്തില്‍ പോലീസിന്റെ ഇടപെടല്‍ കൂടുതല്‍ ആവശ്യമാണ്.

 

എന്നാല്‍ ജനങ്ങള്‍ക്കിടയിലുള്ള കുറ്റവാളികളേക്കാള്‍ വലിയ കുറ്റവാളിത്തരമുളള പോലീസുകാരില്‍ നിന്നും ഒരിക്കലും നീതി പ്രതീക്ഷിക്കാനാവില്ല. സമീപ ഭാവിലെങ്ങും സ്വഭാവപരമായ പരിവര്‍ത്തനം പോലീസ് സേനയില്‍ ഉണ്ടാകാനുള്ള സൂചനകള്‍ കാണുന്നുമില്ല.അതിനാല്‍ നിലവില്‍ ലഭ്യമായിട്ടുള്ള സാങ്കേതിക സൗകര്യങ്ങളെ പ്രയോജനപ്പെടുത്തി സേനയുടെ പ്രവര്‍ത്തനം സുഗമമാക്കുക എന്നുള്ളതുമാത്രണ് പോംവഴി. അതിനാല്‍ ഓരോ പോലീസുകാരന്റെയും ഡ്യൂട്ടിയിലുള്ള സമയത്തെ പ്രവര്‍ത്തനം റെക്കോര്‍ഡ് ചെയ്യത്തക്ക രീതിയിലുള്ള നിരീക്ഷണ ക്യാമറകള്‍ എത്രയും വേഗം യൂണിഫോമില്‍ ഘടിപ്പിക്കാനുള്ള നടപടികളാണിവിടെ ആവശ്യം. ഈ ആവശ്യത്തിന് ജനകീയമായ ഒരു മുന്നേറ്റവും കൂടി അനിവാര്യമാണ്. അല്ലെങ്കില്‍ അക്രമം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഇതിനേക്കാള്‍ ക്രൂരമായ പല സംഭവങ്ങളും ആവര്‍ത്തിക്കപ്പെടും.

 

 

Tags: