ഇത്രയും ബുദ്ധി ആവശ്യമുണ്ടോ?

Glint staff
Fri, 20-04-2018 05:52:07 PM ;

Sitaram Yechury, Prakash Karat

ബൗദ്ധിക സാന്നിധ്യത്താല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടംനേടിയ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിയിലെ വലിയ രണ്ട് ബുദ്ധിജീവികളാണ് ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും. ആ പാര്‍ട്ടിയുടെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമായി ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസുമായി ചേര്‍ന്ന് ബി.ജെ.പിയെ നേരിടാണോ വേണ്ടയോ എന്നുള്ളതാണ്. അന്താരാഷ്ട്ര തലത്തിലെയും രാജ്യത്തിനുള്ളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തി, പുതിയ ദിശാബോധം നല്‍കി പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസുകളുടെ പ്രഖ്യാപിത ലക്ഷ്യം.

 

ഇന്ത്യയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നുള്ള ലക്ഷ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ടാവുക എന്നത് സ്വാഭാവികം. സി.പി.എമ്മും  പ്രതിപക്ഷത്തു തന്നെ. എന്നാല്‍ ജെ.എന്‍.യു ബുദ്ധിജീവികളായ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ഈ ബുദ്ധിയെല്ലാം പ്രയോഗിച്ചത് ബി.ജെ.പിക്ക് അനുകൂലമായ നിലപാടെടുക്കണോ പ്രതികൂലമായ നിലപാടെടുക്കണോ എന്നുള്ള കാര്യത്തിലാണ് . എന്ത് താത്വിക, ബൗദ്ധിക യുക്തി നിരത്തിയാലും പ്രകാശ് കാരാട്ടിന്റെ നിലപാട് ബി.ജെ.പിക്ക് ഗുണകരം തന്നെ. ബി.ജെ.പി ആഗ്രഹിക്കുന്നതും അതുതന്നെ. ബി.ജെ.പി ഭയക്കുന്നത് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കൂട്ടായ്മ ഉണ്ടാകുമോ എന്നുള്ളതാണ്.

 

പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞില്ലെങ്കിലും, പ്രധാനമന്ത്രിയെ സൃഷ്ടിക്കാന്‍ ശേഷിയുള്ള നേതാവാണ് യെച്ചൂരി. അത് ബി.ജെ.പിക്കുമറിയാം കാരാട്ടിനുമറിയാം . മഹാരാഷ്ട്രയില്‍ നടന്ന ലോങ്ങ് മാര്‍ച്ചിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ ഇന്ത്യന്‍ മനസ്സില്‍ നിലനില്‍ക്കുന്നത് ചെങ്കൊടിയേന്തിയവരുടെ മുന്നേറ്റമായിട്ടാണ്. നേതൃത്വപരമായി ഒന്നും സി.പി.എമ്മിന് ആ മാര്‍ച്ചില്‍ അവകാശപ്പെടാനില്ലെങ്കിലും അതൊരു അവസരമായിരുന്നു. രാജ്യത്തിന്റെ പലഭാഗത്തും സമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട് അത്തരം സാഹചര്യങ്ങളെ അനുകൂലമാക്കി പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ആ ശക്തിക്ക് പുറമെ തന്ത്രങ്ങളിലൂടെ ബി.ജെ.പിയെ പരാജയപ്പെടുത്താനുമുള്ള ഒരു നീക്കത്തെ പറ്റി ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാവുന്നതുമായിരുന്നു. പക്ഷേ അതുണ്ടായില്ല മറിച്ച് കേരള നേതൃത്വത്തിന്റെ താല്‍പ്പര്യം പോരാട്ടമാക്കി മാറ്റിയ പ്രകാശ് കാരാട്ടും, യെച്ചൂരിയും തമ്മിലുള്ള ബുദ്ധിജീവി വടംവലിയാണ് ഈ പാര്‍ട്ടി കോണ്‍ഗ്രസ് അവശേഷിപ്പിച്ചിരിക്കുന്നത്.

 

വെറും പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള വി.എസ് അച്യുതാനന്ദന്‍ ആലോചിച്ച് അളന്നുതൂക്കി നിലപാടുകളിലൂടെയും പ്രസ്താവനകളിലൂടെയും തന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലേക്ക് കാര്യങ്ങളെ തിരിച്ചു വിടുന്ന പ്രായോഗിക മികവിന് പിന്നിലെ ബുദ്ധിയുടെ ചെറിയ അംശം പോലും ഈ ജെ.എന്‍.യു ബുദ്ധിജീവികളില്‍ നിന്ന് കാണാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായവും  തനത് ബുദ്ധിയുടെ പരിണാമശേഷിയും തമ്മിലുള്ള വേര്‍തിരിവ് അച്യുതാനന്ദനിലൂടെയും യെച്ചൂരി-കാരാട്ട് ബുദ്ധിജീവികളിലൂടെയും പ്രകടമാകുന്നു. 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമായി ചര്‍ച്ചചെയ്ത വിഷയത്തിന് ഇത്രമാത്രമൊക്കെ ബുദ്ധി ആവശ്യമുണ്ടോ എന്നുള്ള ചോദ്യം ഒരിക്കല്‍ക്കൂടി ഉയരുന്നു.

 

Tags: