ഫഹദ് ഫാസിലിനെ ലക്ഷ്യമിടുന്നത് ജീര്‍ണ്ണതയുടെ അമ്പുകള്‍

Glint Staff
Mon, 07-05-2018 03:51:58 PM ;

fahad-fazil

യേശുദാസിനെ അധിക്ഷേപിക്കുന്ന അതേ വൈകാരിക രോഗം തന്നെയാണ് ഫഹദ് ഫാസിലിന്റെ ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് ബഹിഷ്‌കരണത്തില്‍ വര്‍ഗീയത കാണുന്നതും. ഫഹദ് ഫാസില്‍ തനിക്ക് കിട്ടിയ ദേശീയ പുരസ്‌കാരത്തിനോട് അനാദരവ് കാട്ടി എന്നുള്ളത് വാസ്തവമാണ്. അത് അനൗചിത്യമാണെങ്കിലും അതിനുള്ള സ്വാതന്ത്ര്യം ഫഹദിനുണ്ട്.  എന്നാല്‍ ആ ബഹിഷ്‌ക്കരണം ഫഹദ് ഒറ്റയ്ക്ക് നടത്തിയതല്ല. പുരസ്‌കാരം ബഹിഷ്‌കരിച്ച അറുപത്തിയഞ്ചു പേരില്‍ ഒരാള്‍ മാത്രമാണ് ഫഹദ്. ബഹിഷ്‌കരണത്തിന്റെ പേരില്‍ ഒരുവിഭാഗം അദ്ദേഹത്തെ മതതീവ്രവാദിയായിപ്പോലും സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രീകരിക്കുന്നു. അദ്ദേഹം അഭിനയിക്കുന്ന സിനിമകള്‍ യഥാര്‍ത്ഥ ഹിന്ദുക്കള്‍ കാണരുതെന്നും ചിലര്‍ ആഹ്വാനം ചെയ്തിരിക്കുന്നു. ഇതുവരെ ഫഹദിനോടുള്ള സ്‌നേഹത്തിന്റെ പേരിലോ, അദ്ദേഹത്തിന്റെ മതനിരപേക്ഷത നോക്കിയോ അല്ല ആരും ആ നടന്‍ അഭിനയിച്ച സിനിമ കണ്ടത്. ഫഹദ് അഭിനയിച്ച നിരവധി സിനിമകള്‍ പരാജയപ്പെട്ടിട്ടുമുണ്ട്.
      

കാലാസ്വാദനത്തിന് പോലും വര്‍ഗീയ വികാരം അവിഭാജ്യഘടകമാണെന്ന നിലയിലേക്ക് മലയാളി സമൂഹത്തിന്റെ ഒരു വിഭാഗം അധപ്പതിച്ചിരിക്കുന്നു, അക്കാര്യം സ്വയം പ്രഖ്യാപിക്കാന്‍ അവര്‍ മടിക്കുന്നുമില്ല. അത് പ്രഖ്യാപിക്കാനുള്ള സാമൂഹ്യാന്തരീക്ഷം കേരളത്തില്‍ ഉണ്ടായി എന്നുള്ളതാണ് തിരിച്ചറിയേണ്ടത്. ഇങ്ങനെയുളളവര്‍ ബി.ജെ.പിക്കു പോലും അപമാനമാണ്. ബി.ജെ.പി നേതാക്കളെല്ലാം മതേതരത്വത്തെപ്പറ്റിയാണ് പൊതുവേദികളില്‍ സംസാരിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും അനുഭാവികള്‍ എന്നവകാശപ്പെടുന്നവരാണ് എന്തിനും ഏതിനും ഇവ്വിധം വര്‍ഗീയത കണ്ടെത്തി അതു പ്രചരിപ്പിക്കുന്നത്. ഇതിനെ ശക്തമായി അപലപിച്ച് ഇത്തരം ജീര്‍ണ്ണസംസ്‌കാരവാഹകരെ ബോധപൂര്‍വ്വം അകറ്റി നിര്‍ത്താന്‍ ബി.ജെ.പി മന്നോട്ടു വരേണ്ടതാണ്. ഐ.ടി നിയമമനുസരിച്ച് പോലും ശിക്ഷാര്‍ഹമായ വിധത്തിലാണ് ചില പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഇവയെ അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നതും സാമൂഹ്യമാധ്യമത്തിന്റെ വിനാശകരമായ ഉപയോഗത്തെ ശക്തിപ്പെടുത്താനേ സഹായകമാവുകയുള്ളൂ. ഇത്തരം ദുരുപയോഗം തുടര്‍ന്നാല്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളനുഭവിക്കുന്ന സ്വാതന്ത്ര്യം ഭാവിയില്‍ ഇല്ലാതാകും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങളെ പൊതുസമൂഹം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന അവസ്ഥ സംജാതമാകും. അങ്ങനെ സംഭവിച്ചാല്‍ പുതുയുഗത്തില്‍ ഏറ്റവും ശക്തമായ മാധ്യമമാണ് സാധാരണ പൗരന് അന്യമാവുക.
             

ഇത്തരം ശക്തികള്‍ ബോധപൂര്‍വ്വമാണ് ഇവ്വിധം പ്രവര്‍ത്തിക്കുന്നത്. എത്ര വിശാല കാഴ്ചപ്പാടുള്ള വ്യക്തിയാണെങ്കിലും ജനിച്ച മതത്തിന്റെയോ ജാതിയുടേയോ ലേബലില്ലാതെ കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുക എന്നുള്ളതാണ് ഇതിന്റെയൊക്കെ പിന്നിലെ ലക്ഷ്യം. അത്തരത്തിലൊരു സാഹചര്യം ഉരുത്തുരിഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണവും കാണുന്നുണ്ട്. ഈ സാഹചര്യസൃഷ്ടിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഭാവനയുണ്ട്. എല്ലാ തീരുമാനങ്ങളുടെയും പിന്നില്‍ ജാതി-മത പരിഗണന വ്യവസ്ഥാപിതമാക്കിയത് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളാണ്. അവര്‍ പരസ്യമായി അതു ചെയ്തുകൊണ്ട് പുറത്ത് പറയാന്‍ മടിച്ചു. ആ രാഷ്ട്രീയസംസ്‌കാരം വര്‍ഗീയ വിഷം പരസ്യമായി വമിപ്പിക്കാന്‍ സുഗമമായ അവസരം ഒരുക്കിക്കൊടുത്തിരിക്കുന്നു.
        

ഒരു വ്യക്തിയുടെ വ്യക്തിത്വം ഒരു പരിധിവരെ അയാളുടെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ നിന്നും വ്യക്തമാകുന്നതാണ്. ഫഹദ് ഫാസില്‍ പുതുതലമുറ സിനിമാസംസ്‌കാരത്തിന്റെ ഭാഗമായാണ് ഇതുവരെ ബോധ്യപ്പെട്ടിട്ടുള്ളത്. ആ പുതുതലമുറ സിനിമാ സംസ്‌കാരത്തിന്റെ മുഖമുദ്രയില്‍ മുഖ്യം, അവര്‍ക്ക് അവരുടെ മുന്‍തലമുറയ്ക്കുള്ളതുപോലുള്ള ഇടുങ്ങിയ വൈകാരികതകളോ വര്‍ഗീയ ചിന്തകളോ ഒന്നുമില്ലെന്നുള്ളതാണ്. അതിനാല്‍ ഫഹദ് ഫാസില്‍ ഇത്തരം ഭീഷണികളിലോ അധിക്ഷേപങ്ങളിലോ തളരേണ്ട കാര്യവുമില്ല.

 

Tags: