ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് ഇന്ത്യന്‍ നേതാക്കളും സി.പി.എം- ആര്‍.എസ്സ്.എസ്സ് നേതാക്കളും തമ്മിലുള്ള ബന്ധം

Glint Staff
Tue, 12-06-2018 03:45:11 PM ;

Kim Jong-un, Donald Trump

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വടക്കന്‍ കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച സിങ്കപ്പൂരില്‍ നടന്നു. ഇരുവരും സമാധാനക്കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. ഭൂമിയിലെ ഓരോ മനുഷ്യനും ആശ്വസിക്കാന്‍ കഴിയുന്ന നിമിഷം. ഈ സംഭവത്തെ നൂറ്റാണ്ടിലെ കൂടിക്കാഴ്ചയെന്നാണ് തെക്കന്‍കൊറിയ പ്രസിഡന്റ് വിശേഷിപ്പിച്ചത്. അതു ശരിയുമാണ്. കരാറിന്റെ വിശദാംശങ്ങളേക്കുപരി ട്രംപ് -കിം കുടിക്കാഴ്ചയ്ക്ക്  പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ ആര്‍.എസ്.എസ് ആസ്ഥാനത്തെ പ്രസംഗവും തമ്മില്‍ എന്താണ് ബന്ധമെന്നു നോക്കാം. ഒപ്പം കണ്ണൂരിലെ കൊലപാതകങ്ങളുമായും.
    

 

വര്‍ത്തമാനലോകത്തിലെ ഏറ്റവും നിരുത്തരവാദിത്വപരമായ സങ്കുചിതത്വത്തിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന ഒരു പരിധിവരെ ഭ്രാന്തുണ്ടോ എന്നു പോലും സംശയിക്കപ്പെടാവുന്ന രണ്ടു നേതാക്കളാണ് ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും. ഉന്നിന്റെ ആണവ പരീക്ഷണങ്ങളും വെല്ലുവിളികളും, ട്രംപിന്റെ അതേ നാണയത്തിലുള്ള പ്രതികരണത്തിന്റെ അലയൊലികളും ലോകാന്തരീക്ഷത്തില്‍ ഇപ്പോഴും വാടാതെ നില്‍പ്പുണ്ട്. അത് ലോകസമാധനത്തിന് പോലും ഭീഷണിയായി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തെക്കന്‍ കൊറിയ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മേഖലയില്‍ സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതും ട്രംപും കിമ്മും തമ്മില്‍ 2018 ജൂണ്‍ 12 ന് സിങ്കപ്പൂരില്‍ വച്ച് നാലുമണിക്കൂര്‍ ചര്‍ച്ച നടന്നതും.
              

 

ലോകനാശത്തിലേക്കു നയിക്കാവുന്ന വിധം ശത്രുതയും വിദ്വേഷവും പുലര്‍ത്തിയിരുന്ന രണ്ടു നേതാക്കള്‍ക്ക് ഇത്ര വേഗം ഒന്നിച്ചിരുന്നു സൗഹൃദത്തോടെ സംഭാഷണം നടത്തുകയും സമാധാനക്കരാര്‍ ഒപ്പിടുകയും ചെയ്യാമെങ്കില്‍, എന്തുകൊണ്ട് ഇന്ത്യയെന്ന ജനായത്ത സംവിധാനത്തില്‍ വ്യത്യസ്ത അഭിപ്രായവും ആശവും പിന്തുടരുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, നേതാക്കള്‍ക്കും രാജ്യതാല്‍പ്പര്യത്തെ മുന്‍ നിര്‍ത്തി സൗഹൃദത്തോടെ സംസാരിച്ചുകൂടാ. പ്രശ്‌നങ്ങള്‍ക്ക് സംയുക്തമായി പരിഹാരങ്ങള്‍ കണ്ടുകൂടാ. ആശയങ്ങള്‍ കൈമാറിക്കൂടാ.വര്‍ത്തമാന ലോകം ആവശ്യപ്പെടുന്ന വ്യക്തി-സാമൂഹ്യ-രാഷ്ടീയ സമീപനമാണത്. ഇന്ത്യയില്‍ ആ സംസ്‌കാരത്തിന്റെ തുടക്കമാണ് മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ നാഗ്പൂരിലെ ആര്‍.എസ്സ്.എസ്സ് ആസ്ഥാനത്തെ പ്രസംഗം. അദ്ദേഹം അവിടെ രാജ്യത്തിന്റെ സംസ്‌കാരത്തെ ഓര്‍മ്മിപ്പിക്കുകയും അതനുസരിച്ച് നാം മുന്നേറേണ്ട രാഷ്ട്രവീക്ഷണത്തെയും ലോകവീക്ഷണത്തെയുമാണ് അവതരിപ്പിച്ചത്.

 

എന്നാല്‍ കോണ്‍ഗ്രസിന് അതു ദഹിക്കുന്നില്ല. വെറും സങ്കുചിതമായ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള തെറ്റിദ്ധാരണകൊണ്ടാണ് കോണ്‍ഗ്രസിനും സി.പി.എമ്മിനും ഇന്ത്യയിലെ ബുദ്ധിജീവി സമൂഹത്തിനും പ്രണാബിന്റെ നടപടി സ്വീകാര്യമാകാത്തത്. മനുഷ്യനും മനുഷ്യനും തമ്മില്‍ തൊട്ടുകൂടായ്മയോ വിവേചനമോ പാടില്ല എന്നു പറയുമ്പോള്‍, അത് പ്രയോഗത്തില്‍ കാണിക്കേണ്ട ഉത്തരവാദിത്വവും ഉണ്ട്. അതാണ് പ്രണാബ് മുഖര്‍ജി പ്രകടമാക്കിയത്. വൈകിയാണെങ്കിലും. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ വേര്‍തിരിവ് കാണിക്കുന്ന അതേ വിദ്വേഷം തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അവ്വിധം പെരുമാറുമ്പോഴും സംഭവിക്കുന്നത്. കാരണം രണ്ടിടത്തും അജ്ഞതയും വിദ്വേഷവും തന്നെയാണ് ഹേതുവാകുന്നത്.
     

 

കോണ്‍ഗ്രസ് പാര്‍ട്ടി ദില്ലിയില്‍ നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ നിന്നും പ്രണാബ് മുഖര്‍ജിയെ ഒഴിവാക്കുമെന്നു പറയപ്പെടുന്നു. ഇഫ്താറിന്റെ സന്ദേശം തന്നെ സാഹോദര്യമാണ്‌. ആ സാഹോദര്യ സന്ദേശം പ്രവഹിക്കേണ്ട ഇഫ്താറിലൂടെ വിദ്വേഷം പരത്തുന്നതാണ് പാതകം. അങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിട്ടുണ്ടെങ്കില്‍ സങ്കുചിതമായ കാഴ്ചപ്പാടാണ് അതിലേക്കവരെ നയിച്ചത്. വര്‍ഗീയതയുടെ കാര്യത്തില്‍ സംഭവിക്കുന്ന അതേ സങ്കുചിതത. അത്തരം തീരുമാനമെടുക്കുന്ന നേതാക്കളും ട്രംപ്-കിം കൂടിക്കാഴ്ചയെ നോക്കേണ്ടതും പാഠം ഉള്‍ക്കൊള്ളേണ്ടതുമാണ്. അതുപൊലെ കേരളത്തില്‍ പരസ്പരം വെട്ടിമരിച്ചുകൊണ്ടിരിക്കുന്ന സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും ആലോചിക്കേണ്ടതാണ് ട്രംപിനും കിമ്മിനും സൗഹൃദത്തില്‍ ഒന്നിച്ചിരുന്ന് സമാധാനക്കരാര്‍ ഒപ്പിടാമെങ്കില്‍,  സൗഹൃദം നിലനിര്‍ത്തിയില്ലെങ്കിലും എന്തുകൊണ്ട് പരസ്പരം കൊല ഒഴിവാക്കിക്കൂടാ എന്ന്.

 

Tags: