വിവാഹേതര ബന്ധത്തില്‍ സ്ത്രീയെയും കുറ്റവാളിയാക്കുന്നത് നീതിക്ക് നിരക്കാത്തത്

Glint Staff
Wed, 11-07-2018 06:20:03 PM ;

Extramarital affair

പുരോഗമനത്തിന്റെ പേരില്‍ പടിഞ്ഞാറ് നിന്ന് വരുന്ന എന്തും അത് വിപരീത ഫലത്തിലേക്കാണ് എത്തിക്കുന്നത്. ഈ വൈരുദ്ധ്യാത്മകതയാകട്ടെ സ്വതന്ത്ര ഇന്ത്യക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയി. ഇപ്പോഴും അത്  ശക്തിയോടെ തുടരുന്നു. സ്ത്രീ വിമോചനം ഇവ്വിധം ഇറക്കുമതി ചെയ്യപ്പെട്ട ഒന്നാണ്.  അത് സന്നദ്ധസംഘടനകളും, ആക്ടിവിസ്റ്റുകളും, മാധ്യമങ്ങളും ഏറ്റെടുത്ത് ആഘോഷപൂര്‍വ്വം പ്രചരിപ്പിച്ചു. ലിംഗ സമത്വം എന്ന, പ്രത്യക്ഷത്തില്‍ പുരോഗമനപരവും സ്വീകാര്യവുമായ ആശയത്തെ ഏറ്റുവാങ്ങിയപ്പോള്‍ ഇന്ത്യന്‍ ഭരണഘടന പൗരനെ കേന്ദ്രീകരിച്ച് ഉറപ്പാക്കിയിട്ടുള്ള നീതിയാണ് മറയ്ക്കപ്പെട്ടത്. ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പാക്കുന്ന നീതിയെ പ്രത്യക്ഷത്തില്‍ ആക്രമിക്കാതെ പരോക്ഷമായി നമ്മളിലൂടെ തന്നെ തമസ്‌കരിക്കപ്പെടുന്ന വൈരുദ്ധ്യാത്മക പ്രയോഗമാണ് ഈ സമ്പ്രദായം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം വിവാഹേതര ബന്ധത്തില്‍ പുരുഷനോടൊപ്പം സ്ത്രീയ്ക്കും ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു എന്നുള്ളതാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് ഈ നിയമം കൊണ്ടുവരുന്നത് എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ അത് നടപ്പിലാക്കാന്‍ ഉപയോഗിക്കുന്ന കാഴ്ചപ്പാടാകട്ടെ നൂറ് ശതമാനം പാശ്ചാത്യവും. ലിംഗസമത്വത്തെ മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ വിവാഹേതര ബന്ധത്തില്‍ പുരഷന്‍ മാത്രമല്ല സ്ത്രീയും കുറ്റക്കാരിയാണെന്ന് കാണുന്നത്.

 

ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഏതാനും വര്‍ഷങ്ങളായി സ്ത്രീ കുറ്റവാളികളുടെ എണ്ണം  വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പുരുഷ കുറ്റവാളികള്‍ ഏര്‍പ്പെട്ടിരുന്ന പല കുറ്റകൃത്യങ്ങളിലേക്കും സ്ത്രീകളും കടന്നുവന്നിട്ടുണ്ടെന്ന് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഈ കേസുകളെല്ലാം വിലയിരുത്തുമ്പോള്‍ തെളിയുന്ന ഒരു വസ്തുതയുണ്ട്. ഈ കുറ്റകൃത്യങ്ങളിലെല്ലാം തന്നെ, ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സ്ത്രീകള്‍ ഇരയാവുകയായിരുന്നു. പുരുഷ കുറ്റവാളികളുടെ കെണിയില്‍, അല്ലെങ്കില്‍ ചങ്ങലയില്‍ പെട്ടുപോയ അവസ്ഥ.

 

സ്ത്രീയായാലും പുരുഷനായാലും ലഭ്യമാകേണ്ടത് നീതിയാണ്. അല്ലാതെ നിര്‍വചിക്കാന്‍ അവ്യക്തവും സാമാന്യ യുക്തിക്ക് നിരക്കാത്തതുമായ സമത്വമല്ല. സ്ത്രീയിലേക്ക് ഒരു പുരുഷ കുറ്റവാളിയുടെ സ്വഭാവത്തെ ആവേശിക്കപ്പെടുമ്പോള്‍ പ്രകടമകുന്ന അവസ്ഥാവിശേഷത്തെയാണ് പലപ്പോഴും മാധ്യമങ്ങളും ആക്ടിവിസ്റ്റുകളുമൊക്കെ, സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സ്ത്രീ വിമോചനത്തിന്റെയും ഉദാഹരണങ്ങളായി ഉയര്‍ത്തിക്കാട്ടാറുള്ളത്. അതുകൊണ്ടാണ്, താന്‍ അഭിനയിച്ച സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി രാത്രിയില്‍ പുരുഷന്മാരെ മര്‍ദ്ദിക്കുന്ന യുവതിയെയും തെരുവില്‍ തല്ലുകൂടുന്ന സ്ത്രീകളെയുമൊക്കെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ മുഖമായി കൊട്ടിഘോഷിക്കപ്പെടുന്നത്. പ്രതികരിക്കുകയെന്നാല്‍ വാക്കുകൊണ്ടും കായികമായിട്ടും ആക്രമിക്കുക എന്ന ഒരു സമവാക്യം സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്.

 

പുരുഷനും സ്ത്രീയ്ക്കും രണ്ട് മാനസിക ഘടനയാണുള്ളത്. ജൈവശാസത്രപരമായും മാനസികമായും. അത് നിഷേധിക്കാനാവാത്തതാണ്. ഈ സാഹചര്യത്തിലാണ് സമത്വത്തിന് വേണ്ടിയുള്ള പോരാട്ടം. സ്ത്രീകള്‍ എല്ലാ രംഗങ്ങളിലും അടിച്ചമര്‍ത്തപ്പെടുകയും, എന്തെല്ലാം ദുരിതങ്ങള്‍ ഉണ്ടാകുന്നുവോ അതെല്ലാം ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യുന്നു എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. അത് ലോകത്തെവിടെയാണെങ്കില്‍ തന്നെയും. സ്ത്രീകളുടെ മാനസികാവസ്ഥയുടെ സവിശേഷമായ പ്രത്യേകത നിമിത്തമാണ് പലപ്പോഴും അവര്‍ കുബുദ്ധികളാല്‍ വഞ്ചിതരാകുന്നത്. ജാതി-മത-സാമ്പത്തിക-സാമൂഹ്യ വ്യത്യാസമില്ലാതെ കാണപ്പെടുന്ന വസ്തുതയാണത്. കേരളത്തില്‍ സമീപകാലത്തുണ്ടായ ചില കുറ്റകൃത്യങ്ങളിലേക്ക് നോക്കിയാല്‍ അക്കാര്യം ഒന്നുകൂടി വെളിവായിക്കിട്ടും. കാമുകന്റെ പ്രലോഭനത്താല്‍ ഭര്‍ത്താവിനെയും അച്ഛനെയും സ്വന്തം മക്കളെയും കൊല ചെയ്യാന്‍ തയ്യാറായ സ്ത്രീയുടേതുള്‍പ്പെടെയുള്ളസംഭവങ്ങള്‍. ഇവിടെയെല്ലാം കുറ്റകൃത്യം ചെയ്യുന്നത് സ്ത്രീകളായിരുന്നെങ്കില്‍ അവര്‍ ഒരു പരിധിവരെ ഇരകളാവുകയായിരുന്നു. സ്ത്രീകളുടെ ഈ സവിശേഷാവസ്ഥയെ ബഹുമാനിച്ചുകൊണ്ടാണ് വിവാഹേതര ബന്ധത്തില്‍ ഇന്ത്യന്‍ നിയമം പുരുഷന് മാത്രം ശിക്ഷ നല്‍കി പോന്നിരുന്നത്.

 

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സംരംക്ഷണത്തിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ത്രീയ്ക്കും ശിക്ഷ നല്‍കുന്നതിന് തീരുമാനമെടുക്കുന്നതെന്ന് പറയുമ്പോള്‍ സര്‍ക്കാര്‍ അറിയുന്നില്ല, വിദേശ സംസ്‌കാരത്തെ നിയമത്തിലൂടെ ഇറക്കുമതി ചെയ്ത് പരോക്ഷമായി ഭാരതീയ സംസ്‌കൃതിയെയും, ഭരണഘടനയെയും ദയാവധത്തിന് വിടുകയാണെന്ന്.  ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ സമീപകാലത്തെ വിധി പ്രസ്താവങ്ങളും നിരീക്ഷണങ്ങളും സൂചിപ്പിക്കുന്നത് അദ്ദേഹത്തിലും പാശ്ചാത്യ വീക്ഷണം ആധിപത്യ സ്വഭാവം പുലര്‍ത്തുന്നു എന്നാണ്.

 

സംസ്‌കാരത്തെ സംരക്ഷിക്കാന്‍ സാംസ്‌കാരികമായ തീരുമാനങ്ങള്‍കൊണ്ടും നീക്കങ്ങള്‍കൊണ്ടും മാത്രമേ കഴിയുകയൊള്ളൂ. കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനവുമായി മുമ്പോട്ട് പോകുന്ന പക്ഷം, സ്ത്രീയും പുരുഷനും തമ്മിലുള്ള ജൈവശാസ്ത്ര-മാനസിക വ്യത്യാസങ്ങളെ തിരസ്‌കരിച്ചുകൊണ്ട് ഭാരതീയ സംസ്‌കൃതിയുടെ അന്തസത്തയെ ഇല്ലാതാക്കുന്ന സാംസ്‌കാരിക നീക്കമായി അത് മാറും. ഇന്ത്യന്‍ ജയിലുകളുടെ സെല്ലുകള്‍ കൂടുതല്‍ സ്ത്രീകളെക്കൊണ്ട് നിറയുകമാത്രമായിരിക്കും  അതിന്റെ ഫലം. സ്ത്രീ കുറ്റവാളികളെയും പുരുഷ കുറ്റവാളികളെയും വ്യത്യസ്ഥമായി പരിഗണിക്കുന്ന ഒരു നിയമ നിര്‍മ്മാണം നടത്തുകയാണ്, പുരോഗമന സമൂഹമെന്ന നിലയില്‍ ഇന്ത്യ നിലവില്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ ജയിലുകളിലെ സ്ത്രീകളുടെ അവസ്ഥയും അവര്‍ അവിടെ എത്തിപ്പെടാനിടയായ സാഹചര്യങ്ങളും വസ്തുനിഷ്ഠമായി പഠിക്കുകയാണെങ്കില്‍, അതുവഴി സ്ത്രീകള്‍ നേരിടുന്ന അനീതിയുടെ ആഴം അറിയാന്‍ കഴിയും. അവിടെയാണ് ഇന്ത്യന്‍ ഭരണഘടന നിസ്സഹായമായി സ്ത്രീയ്ക്ക് നീതി ലഭ്യമാക്കാന്‍ കഴിയാതെ അവശേഷിക്കുന്നത്.

 

Tags: